ഫ്രഷ് കട്ട് ഇന്ന് തുറക്കില്ല: പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം പ്രവർത്തനം ആരംഭിക്കുമെന്ന് ഉടമകൾ


സംഘര്‍ഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ  ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം ഇന്ന് തുറക്കില്ല. ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പൊലീസ് സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ തുറന്നു പ്രവര്‍ത്തിക്കുകയുളളു. ഇന്നലെ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ന് പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാനുളള അനുമതി കൊടുത്തത്. എന്നാല്‍ ഇന്ന് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് ഉടമകള്‍ അറിയിക്കുകയായിരുന്നു.

ഇന്ന് പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ അക്രമം ഉണ്ടാകാനുളള സാധ്യത കാണുന്നുണ്ടെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കിയശേഷം മാത്രമേ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കുകയുളളു എന്നുമാണ് സ്ഥാപനം അറിയിച്ചത്. അതേസമയം, പ്ലാന്റ് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സമരസമിതി. ഇന്ന് വൈകുന്നേരത്തോടെ ഫാക്ടറിക്കെതിരായ സമരം പുനരാരംഭിക്കും. വൈകുന്നേരം അഞ്ചുമണി മുതല്‍ നേരത്തെ സമരം നടന്ന അമ്പലമുക്ക് ഭാഗത്തായിരിക്കും സമരം ആരംഭിക്കുക. ഫാക്ടറി പരിസരത്ത് സമരമുണ്ടായിരിക്കില്ല.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന  ജില്ലാതല ഫെസിലിറ്റേഷന്‍ കമ്മിറ്റിയാണ് ഫ്രഷ് കട്ടിന് ഉപാധികളോടെ പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണില്‍ നിന്നും 20 ആയി കുറയ്ക്കണം, വൈകിട്ട് ആറ് മുതല്‍ 12 വരെ പ്ലാന്റ് പ്രവര്‍ത്തിക്കാന്‍ പാടില്ല, പഴകിയ അറവD മാലിന്യങ്ങള്‍ പ്ലാന്റില്‍ കൊണ്ടുവരാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് പ്രവര്‍ത്തനാനുമതി നൽകിയത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍