പ്രഭാത വാർത്തകൾ
2025 ഒക്ടോബർ 31 വെള്ളി
1201 തുലാം 14 അവിട്ടം
1447 ജ : അവ്വൽ 9
◾ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. കരുത്തരായ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്റെ അപരാജിത സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 93 പന്തില്‍ 119 റണ്‍സെടുത്ത് വെടിക്കെട്ട് സെഞ്ചുറി നേടിയ ഫോബെ ലിച്ച്ഫീല്‍ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. എല്‍സി പെറി 77 റണ്‍സടിച്ചപ്പോള്‍ മധ്യനിരയില്‍ തകര്‍ത്തടിച്ച ആഷ്‌ലി ഗാര്‍ഡ്നര്‍ 45 പന്തില്‍ 63 റണ്‍സടിച്ച് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കി. റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 127 റണ്‍സെടുത്ത ജെമീമ റോഡ്രിഗസിന്റെയും 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും കരുത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം ഫൈനലാണിത്.
◾ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എതിര്‍പ്പുകള്‍ക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് തുടക്കം. സംസ്ഥാനത്തെ എസ്ഐആര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്തു. രാജ് ഭവനിലാണ് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം തുടങ്ങിയത്. എല്ലാവരും സഹകരിക്കണമെന്നും ആരെയും ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കണമെന്നും സമഗ്രവും കൃത്യവും ആയ പട്ടിക വഴി സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് സാധ്യമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
◾ പിഎം ശ്രീയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. രണ്ട് വള്ളത്തില്‍ ചവിട്ടരുതെന്ന് പ്രിയങ്ക വിമര്‍ശിച്ചു. ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കണം. പിഎം ശ്രീയില്‍ സര്‍ക്കാരിന്റെ നിലപാടില്‍ വ്യക്തതയില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവര്‍ത്തിച്ചു.
◾ എന്‍ഇപിയെയും പിഎംശ്രീ പദ്ധതിയെയും എതിര്‍ക്കുന്ന പ്രിയങ്ക ഗാന്ധിയുടെ നിലപാട് രാഷ്ട്രീയ അവസരവാദമാണെന്നും പിഎംശ്രീ സ്‌കൂളുകള്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഭാവിയുടെ പ്രതീകമാണെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇത്തരം നിരുത്തരവാദപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളിലൂടെ വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
◾ പിഎം ശ്രീ വിവാദത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. പി എം ശ്രീയില്‍ ഇത് വരെ സംഭവിച്ച കാര്യങ്ങളെ കുറിച്ച് പോസ്റ്റുമോര്‍ട്ടത്തിനില്ലെന്നും എന്തെല്ലാം ശരിയാണ് തെറ്റാണു എന്നതില്‍ പ്രസക്തിയില്ലെന്നും ഇപ്പോള്‍ ഒരു ഉപസമിതിയെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും പിഎം ശ്രീയില്‍ ഒപ്പിട്ടത് സിപിഎം കേന്ദ്ര നേതൃത്വം പരിശോധിക്കില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.
◾ പിഎം ശ്രീ പദ്ധതിക്കെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ട് ഖേദ പ്രകടനവുമായി എഐവൈഎഫ് രംഗത്ത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കില്‍ ഖേദമുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍ പറഞ്ഞു. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും- എഐവൈഎഫും കൈകൊണ്ട നിലപാടുകള്‍ തികച്ചും ആശയപരം മാത്രമാണെന്നും ടിടി ജിസ്‌മോന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
◾ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് അടുത്ത സര്‍ക്കാരിന്റെ തലയിലിടാനാണെന്ന രമേശ് ചെന്നിത്തലയുടെ വിമര്‍ശനത്തിന് മന്ത്രി വി.എന്‍. വാസവന്റെ മറുപടി. ചെന്നിത്തല ... പ്രയാസപ്പെടേണ്ടതില്ലെന്നും എല്‍ഡിഎഫ് തന്നെ വീണ്ടും അധികാരത്തില്‍വരുമെന്നും പ്രഖ്യാപിച്ച കാര്യങ്ങള്‍ ആരുടെയും തലയിലിടുമെന്ന് പ്രതിപക്ഷം വിഷമിക്കേണ്ടെന്നും അടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇതു ഭംഗിയായി കൈകാര്യം ചെയ്യുമെന്ന ലക്ഷ്യബോധത്തില്‍ നിന്നാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും വാസവന്‍ പറഞ്ഞു.
◾ ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്ത് സാമൂഹിക ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദത്തിന് മറുപടിയുമായി മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്. നിയമസഭയില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കുടിശിക ഇല്ലെന്ന് ഞാന്‍ പറഞ്ഞു എന്നതാണ് സതീശന്റെ വാദമെന്നും അതിനുശേഷം എത്രയോവട്ടം അത് തിരുത്തി പറഞ്ഞിരിക്കുന്നുവെന്നും തെളിവടക്കം പ്രസ്താവനകളും ഇറക്കിയിരിക്കുന്നുവെന്നും തോമസ് ഐസക് വ്യക്തമാക്കി. സതീശനും കൂട്ടരും എന്നാണ് ഇനി അത് തിരിച്ചറിയുകയെന്നും അദ്ദേഹം ചോദിച്ചു.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കെതിരെ പരസ്യമായി പ്രചാരണത്തിനിറങ്ങുമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വികെ സദാനന്ദന്‍. സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും സമര രൂപം മാറ്റുമെന്നും ആശാ വര്‍ക്കര്‍മാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അവഗണിച്ചവര്‍ക്ക് വോട്ടില്ല എന്ന പ്രചാരണം ഉയര്‍ത്തി വീടുകള്‍ കയറും. കേരളപ്പിറവി ദിനത്തില്‍ ആശമാര്‍ വിജയദിനം നടത്തുമെന്നും സംസ്ഥാനത്തെ മുഴുവന്‍ ആശമാരെയും പങ്കെടുപ്പിക്കുമെന്നും വികെ സദാനന്ദന്‍ പറഞ്ഞു.
◾ ശബരിമലയില്‍ 'അവതാരങ്ങളെ' ഒഴിവാക്കാന്‍ പുതിയ നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മേല്‍ശാന്തിക്കുള്ള സഹായികളെ ബോര്‍ഡ് നേരിട്ട് നല്‍കാന്‍ ആലോചിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ ഇതിനായി തെരഞ്ഞെടുക്കുമെന്നും സഹായികള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത് ചില അവതാരങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടി കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയെ കോടതി റിമാന്‍ഡ് ചെയ്തു. ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ മോഷണക്കേസില്‍ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തത്.
◾ മെസ്സി വരില്ലെന്നുറപ്പായതോടെ കലൂര്‍ സ്റ്റേഡിയം നവീകരണത്തില്‍ മെല്ലെപ്പോക്കെന്ന പരാതിയുമായി സ്റ്റേഡിയത്തിലെ വ്യാപാരികള്‍. നവീകരണം നീണ്ടുപോകുന്നത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. സ്റ്റേഡിയം നവീകരണം 30നകം തന്നെ പൂര്‍ത്തിയാക്കണമെന്ന് സ്പോണ്‍സറോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജിസിഡിഎ. പൂര്‍ത്തിയായതും ബാക്കിയുള്ളതുമായ ജോലികള്‍ ജിസിഡിഎ വിലയിരുത്തും.
◾ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതല്‍ ഈ ആനുകൂല്യങ്ങള്‍ പ്രാബല്യത്തില്‍ വരും. നവംബര്‍ ഒന്നു മുതല്‍ വിവിധതരത്തിലുള്ള പദ്ധതികള്‍ സപ്ലൈകോ നടപ്പാക്കും. 250 കോടി രൂപ പ്രതിമാസ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയില്‍ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കും.
◾ സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ തല ഫെസിലിറ്റേഷന്‍ കമ്മറ്റിയാണ് പ്രവര്‍ത്തനാനുമതി നല്‍കിയത്. പ്രതിദിനം സംസ്‌കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറക്കാന്‍ പ്ലാന്റ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കി.
◾ സിബിഎസ്ഇ 2026-ലെ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ അന്തിമ ടൈംടേബിള്‍ പുറത്തിറക്കി. പത്താം ക്ലാസുകാരുടെ പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയാണ് നടക്കുക. ഫെബ്രുവരി 17-ന് ആരംഭിക്കുന്ന പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് അവസാനിക്കും..
◾ രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
◾ മുന്‍ മന്ത്രിയും നിലവിലെ എംഎല്‍എമായ ആന്റണി രാജു പ്രതിയായ തൊണ്ടി മുതല്‍ തിരിമറിക്കേസില്‍ പ്രതികള്‍ക്കെതിരെ കുടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇന്ത്യന്‍ പീനല്‍ കോഡിലെ നാനൂറ്റി ഒന്‍പതാം വകുപ്പ് പ്രകാരമുളള പൊതുസേവകര്‍ ഉള്‍പ്പെട്ട വഞ്ചനാക്കേസുകൂടി ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.
◾ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലുണ്ടായ ബോട്ടപകടത്തില്‍ കാണാതായ പിറവം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. പിറവം സ്വദേശിയായ ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് ലഭിച്ചത്. നാളെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
◾ മലപ്പുറത്ത് ആദിവാസി വയോധികന് നേരെ കരടിയുടെ ആക്രമണം. കരുളായിയില്‍ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരനാണ് പരിക്ക് പറ്റിയത്. ഇയാളുടെ രണ്ട് കൈകളിലും കരടി കടിച്ച് പരിക്കേല്‍പ്പിച്ചു. വനത്തില്‍ പച്ചമരുന്ന് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ശങ്കരനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
◾ വീട്ടമ്മയുടെ ക്യാന്‍സര്‍ ഇല്ലാത്ത മാറിടം ഡോക്ടറുടെ പിഴവ് മൂലം മുറിച്ചു മാറ്റിയെന്ന് പരാതി. തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ തൃശൂരിലെ ജീവ ലബോറട്ടറിക്ക് എതിരെയും കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ സര്‍ജന്‍ ഡോ ജോജോ വി ജോസഫിനെതിരെയും നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി ഷീജ പ്രഭാകരന്‍. എന്നാല്‍ പാത്തോളജിസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ജറി നടത്തിയെന്നാണ് ഡോക്ടറുടെ പ്രതികരണം.
◾ നവജാത ശിശുവിന്റെ ജഡം ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ തൃശൂര്‍ ആറ്റൂരില്‍ അമ്മ നീരീക്ഷണത്തില്‍. തുടര്‍ച്ചയായ രക്തസ്രാവത്തെത്തുടര്‍ന്ന് യുവതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. യുവതിയുടെ സഹോദരനാണ് കുഞ്ഞിന്റെ ജഡം പാറക്വോറിയില്‍ ഉപേക്ഷിച്ചത്. സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
◾ ജസ്റ്റിസ് സൂര്യകാന്തിനെ രാജ്യത്തെ അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യയായി നിയമിച്ചു. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് വിരമിക്കുന്നതോടെയാണ് നിയമനം. 53ാമത് ചീഫ് ജസ്റ്റിസ് ആയിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. 2027 ഫെബ്രുവരി 9 വരെയായിരിക്കും കാലാവധി.
◾ ജോലി ചെയ്ത പണം കിട്ടാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണമെന്നാവശ്യപെട്ട് 17 കുട്ടികളെ ബന്ധിയാക്കിയ യുവാവ് വെടിയേറ്റ് മരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഭിനയം പഠിക്കാനെത്തിയ കുട്ടികള്‍ ഉച്ചക്ക് പുറത്തുവരാതിരുന്നതും സ്റ്റുഡിയോയില്‍ നിന്നും എയര് ഗണ്ണിന്റ വെടി പൊട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഭീക്ഷണി മുഴക്കിയ യുട്യൂബറെ മുംബൈ പൊലീസെത്തി ഏറ്റുമുട്ടലിലൂടെ പിടികൂടി.
◾ മുന്‍ നടി മംമ്ത കുല്‍ക്കര്‍ണി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് വിവാദം. ദാവൂദ് ഇബ്രാഹിം ഒരു തീവ്രവാദിയല്ലെന്നും അദ്ദേഹം ഇന്ത്യയില്‍ ഒരു ബോംബ് സ്ഫോടനമോ ദേശവിരുദ്ധ പ്രവര്‍ത്തനമോ നടത്തിയിട്ടില്ലെന്നുമായിരുന്നു വൈറലായ വീഡിയോ ക്ലിപ്പില്‍ മംമ്ത പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ഒരു പരിപാടിയില്‍ നിന്നുള്ളതായിരുന്നു വീഡിയോ.
◾ കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ ഉദ്ഘാടനം ചെയ്ത ഏഴ് വിമാനത്താവളങ്ങളില്‍ നാലെണ്ണം 2025 ലെ ശൈത്യകാല ഷെഡ്യൂളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. 2025 ഒക്ടോബര്‍ 26 മുതല്‍ 2026 മാര്‍ച്ച് 28 വരെ പ്രാബല്യത്തില്‍ വരുന്ന 2025 ലെ ശൈത്യകാല ഷെഡ്യൂള്‍ അനുസരിച്ച്, രാജ്യത്തെ 126 വിമാനത്താവളങ്ങളില്‍, ഉത്തര്‍പ്രദേശിലെ അലിഗഡ്, മൊറാദാബാദ്, ചിത്രകൂട്, ശ്രാവസ്തി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളാണ് നിര്‍ത്തിവച്ചിരിക്കുന്നത്.
◾ കര്‍ണാടകയില്‍ ബാങ്കിന്റെ വൈ-ഫൈ നെറ്റ്വര്‍ക്ക് നെയിം 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് കണ്ടതിനെത്തുടര്‍ന്ന് കേസ് ഫയല്‍ ചെയ്ത് പൊലീസ്. ബെംഗളൂരുവിലെ ജിഗാനി കല്ലുബാലു സഹകരണ ബാങ്കിന്റെ വൈ-ഫൈ കണക്ഷനിലാണ് ഇത്തരത്തില്‍ മാറ്റിയ പേര് പ്രത്യക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഗോവര്‍ദ്ധന്‍ സിംഗ് എന്നയാളാണ് സംഭവം ആദ്യം കണ്ടത്തിയത്. ഇയാള്‍ ബാങ്ക് പരിസരത്ത് നിന്ന് വൈഫൈ കണക്ഷനുകള്‍ നോക്കിയപ്പോള്‍ ഇത്തരത്തിലൊരു ഐ ഡി കാണുകയായിരുന്നു. ഇതിന് ശേഷം പൊലീസില്‍ അറിയിക്കുകയായിരുന്നു.
◾ ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വെടിവെയ്പ്പില്‍ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദുലാര്‍ചന്ദ് യാദവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പറ്റ്നയിലെ മൊകാമ മേഖലയില്‍ വാഹന റാലിക്കിടെ കാറില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. വാഹന റാലി കടന്നുപോകുന്നതിനിടെ ഇരുഭാഗത്തു നിന്നും വെടിവെയ്പ്പുണ്ടായെന്നാണ് പൊലീസ് പറയുന്നത്. അക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പിന്നില്‍ ജെഡിയു സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകനുമാണെന്ന് ജന്‍ സുരാജ് പാര്‍ട്ടി ആരോപിച്ചു.
◾ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യപ്പെടുത്തി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ദിരാ ഗാന്ധി ഒരു സ്ത്രീ ആയിരുന്നുവെന്നും അവര്‍ക്ക് ഈ പുരുഷനെക്കാള്‍ ധൈര്യമുണ്ടായിരുന്നെന്നും നരേന്ദ്ര മോദിയെ ഉന്നംവെച്ച് രാഹുല്‍ പറഞ്ഞു. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത്, ഇന്ദിര യുഎസിനെ ഭയപ്പെടുകയോ അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയോ ചെയ്തില്ലെന്നും എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാനുള്ള ധൈര്യവും കാഴ്ചപ്പാടുമില്ലെന്ന് രാഹുല്‍ പറഞ്ഞു. മോദി ഭീരുവാണെന്ന് പറഞ്ഞ രാഹുല്‍ മോദിക്ക് ധൈര്യമുണ്ടെങ്കില്‍, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് കള്ളം പറയുകയാണെന്ന് ബിഹാറിലെ ഏതെങ്കിലും യോഗത്തില്‍ പറയാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
◾ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഭൂട്ടാന്‍ യാത്ര മോശം കാലാവസ്ഥ കാരണം തടസപ്പെട്ടു. മന്ത്രിയും സംഘവും സഞ്ചരിച്ച വിമാനം ശക്തമായ മഴയും കുറഞ്ഞ അന്തരീക്ഷ മര്‍ദ്ദവും നേരിട്ടതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ സിലിഗുരിയിലെ ബാഗ്‌ഡോഗ്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര ഇന്ന് രാവിലെ പുനരാരംഭിക്കും.
◾ കാറിലേക്ക് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തിനെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനും കനേഡിയന്‍ വ്യവസായിയുമായ അര്‍വി സിങ് സാഗൂ (55) ആണ് കൊല്ലപ്പെട്ടത്. കാറിലേക്ക് ഒരാള്‍ മൂത്രമൊഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തോതടെ പ്രകോപിതനായ ആള്‍ അര്‍വിയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അര്‍വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഞ്ച് ദിവസത്തിന് മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് കെയ്ല്‍ പാപ്പിനെ (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
◾ സുഡാനില്‍ കലാപം രൂക്ഷം. വിമത സേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് പിടിച്ചടക്കിയ പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ ആശുപത്രിയില്‍ 460 ല്‍ അധികം ആളുകളെ കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യുഎന്‍ ആരോഗ്യ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.
◾ ഉത്തര കൊറിയയില്‍ ആത്മഹത്യ നിരക്കില്‍ അടുത്ത കാലത്തായി വലിയ വര്‍ദ്ധവ് ഉണ്ടായതിനെ തുടര്‍ന്ന് രാജ്യത്ത് ആത്മഹത്യ നിരോധിച്ച് കൊണ്ട് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചതായി റേഡിയോ ഫ്രീ ഏഷ്യയോട് സംസാരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആത്മഹത്യയെ ''സോഷ്യലിസത്തിനെതിരായ ദ്രോഹം'' എന്നാണ് കിം ജോങ് ഉന്‍ വിശേഷിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ബ്രിട്ടനില്‍ ആന്‍ഡ്രു രാജകുമാരന്റെ രാജകീയ പദവികള്‍ എടുത്തുകളഞ്ഞ് കൊട്ടാരത്തില്‍നിന്ന് പുറത്താക്കാന്‍ ചാള്‍സ് രാജാവ് നടപടി തുടങ്ങി. ബക്കിങ്ങാം കൊട്ടാരമാണ് ഇക്കാര്യം വ്യാഴാഴ്ച ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒരുപാടു വിവാദങ്ങളില്‍ പെട്ട ആന്‍ഡ്രു രാജകുമാരന്‍ രാജകുടുംബത്തിന് പേരുദോഷമുണ്ടാകാതിരിക്കുന്നതിനാണ് നീക്കം.
◾ സംസ്ഥാനത്തെ ബാങ്കിങ് രംഗത്ത് മികച്ച നേട്ടവുമായി കേരള ബാങ്ക്. 23000 കോടിയോളം രൂപയുടെ ബിസിനസാണ് അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിപ്പിക്കാനായത്. 2019ല്‍ 1,01,194.41 കോടി രൂപയായിരുന്ന ബിസിനസ് 1,24,000 കോടി രൂപയായി ഉയര്‍ന്നു. 2024 സെപ്റ്റംബര്‍ മുതല്‍ 2025 സെപ്റ്റംബര്‍ വരെ മാത്രം ബിസിനസില്‍ 7900 കോടി രൂപ വര്‍ധിപ്പിക്കാനായി. ബാങ്കിന്റെ നിക്ഷേപം 2020 മാര്‍ച്ചില്‍ 61037 കോടിയായിരുന്നത് നിലവില്‍ 71877 കോടി രൂപയാണ്. ഒരു വര്‍ഷത്തിനിടെ 5543 കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. പ്രമുഖ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന 50000 കോടി രൂപ വായ്പാ ബാക്കി നില്‍പ് എന്ന നേട്ടം കേരള ബാങ്ക് പിന്നിട്ടു. നിലവില്‍ 52000 കോടി രൂപയാണ് ബാങ്കിന്റെ വായ്പാ ബാക്കി നില്‍പ്. മിതമായ പലിശയില്‍ സ്വര്‍ണവായ്പ ലഭ്യമാക്കുന്ന '100 ഗോള്‍ഡന്‍ ഡേയ്സ് കാമ്പയിന്‍' 93 ദിവസം പിന്നിട്ടപ്പോള്‍ 2374 കോടി രൂപയുടെ വര്‍ധന നേടി. 1500 കോടിയുടെ സ്വര്‍ണപ്പണയ വായ്പാ ബാക്കിനില്‍പ് വര്‍ധനവാണ് ബാങ്ക് ലക്ഷ്യമിട്ടിരുന്നത്. ലക്ഷ്യമിട്ടതിനേക്കാള്‍ 1000 കോടിയോളം അധികം നേടാനായി. കാര്‍ഷിക വായ്പാ ബാക്കി നില്‍പ് 13129 കോടി രൂപയായാണ്.
◾ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കാന്ത' സിനിമയുടെ ടൈറ്റില്‍ ട്രാക്ക് 'റേജ് ഓഫ് കാന്ത' പുറത്ത്. ജാനു ചന്ദര്‍ സംഗീതം നല്‍കിയ ടൈറ്റില്‍ ട്രാക്ക് ആലപിച്ചരിക്കുന്നത് സിദ്ധാര്‍ഥ് ബസ്റൂര്‍ ആണ്. സെല്‍വമണി സെല്‍വരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം നവംബര്‍ 14 ന് ആഗോള റിലീസായെത്തും. 'കണ്മണീ നീ' എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ആണ് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്ത് വന്നത്. ദുല്‍ഖര്‍ സല്‍മാന്‍, നായിക ഭാഗ്യശ്രീ ബോര്‍സെ എന്നിവര്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങള്‍ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചത്. സമുദ്രക്കനി, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റു നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.
◾ ശ്രീനാഥ് ഭാസിയെ നായകനാക്കി ആക്ഷന് കൂടുതല്‍ പ്രാധാന്യം കൊടുത്തു കൊണ്ട് എ.ബി ബിനില്‍ കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്യുന്ന പൊങ്കാല ഡിസംബര്‍ 5ന് തിയേറ്ററില്‍ എത്തും. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന 'പൊങ്കാല' ശ്രീനാഥ് ഭാസിയുടെ 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു. ഗ്ലോബല്‍ പിക്ചേഴ്സ് എന്റര്‍ടൈന്മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. 2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തില്‍ യാമി സോനാ, ബാബു രാജ്, സുധീര്‍ കരമന, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ് സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
◾ ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കവാസാക്കി തങ്ങളുടെ വെര്‍സിസ്-എക്സ് 300 ന്റെ 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. കമ്പനി അതിന്റെ എക്സ്-ഷോറൂം വിലയില്‍ മാറ്റം വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 3.49 ലക്ഷം രൂപ വിലയില്‍ മോട്ടോര്‍സൈക്കിള്‍ തുടര്‍ന്നും ലഭ്യമാകും. പുതിയ കളര്‍ ഓപ്ഷന്‍ മാത്രമാണ് ഏക മാറ്റം. കറുപ്പും പച്ചയും ചേര്‍ന്ന സിംഗിള്‍ ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമില്‍, പുതുക്കിയ ഗ്രാഫിക്സോടെ ഇത് ലഭ്യമാകും. ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഇരട്ട സിലിണ്ടര്‍ അഡ്വഞ്ചര്‍ ടൂററാണ് വെര്‍സിസ്-എക്സ് 300. ഇത് കെടിഎം 390 അഡ്വഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് 450 എന്നിവയുമായി മത്സരിക്കുന്നു. 38.8ബിഎച്പി കരുത്തും 26എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 296 സിസി, പാരലല്‍-ട്വിന്‍ എഞ്ചിനാണ് ഈ മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മ്മിച്ച ഇത്, ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും മോണോഷോക്ക് സസ്പെന്‍ഷനും ഉപയോഗിച്ച് സസ്പെന്‍ഡ് ചെയ്ത 19-17 ഇഞ്ച് സ്പോക്ക് വീലുകളില്‍ സഞ്ചരിക്കുന്നു. രണ്ട് അറ്റത്തും സിംഗിള്‍ ഡിസ്‌കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഡീആക്ടിവേഷന്‍ ഓപ്ഷന്‍ ഇല്ലാത്ത ഡ്യുവല്‍-ചാനല്‍ എബിഎസും ലഭിക്കുന്നു.
◾ ഗാന്ധിജിയുടെയും ശ്രീനാരായണഗുരുവിന്റെയും ജീവിതത്തെ ആസ്പദമാക്കി എഴുതിയ രണ്ട് നാടകങ്ങള്‍. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കന്‍ ജീവിതവും സത്യാഗ്രഹസമരത്തിന്റെ വളര്‍ച്ചയുമാണ് ഉപ്പ് എന്ന നാടകം. ജാതിമതഭേദങ്ങളെ അംഗീകരിക്കാത്ത ശ്രീനാരായണഗുരുവിന്റെ മതേതരവ്യക്തിത്വത്തെ കണ്ടെടുക്കുന്ന നാടകമാണ് ഗുരു. സാമൂഹിക നവോത്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്ന രണ്ടു മഹാമനീഷികളുടെ ആശയലോകത്തെ സമകാലികതയില്‍ പുനഃപ്രതിഷ്ഠിക്കുകയാണ് സച്ചിദാനന്ദന്‍ രണ്ട് നാടകങ്ങളിലൂടെ. 'രണ്ടു നാടകങ്ങള്‍'. സച്ചിദാനന്ദന്‍. ഡിസി ബുക്സ. വില 152 രൂപ.
◾ രാവിലെ വെറും വയറ്റിലാണ് യോഗ ചെയ്യുന്നതെങ്കില്‍ അതാണ് ഉത്തമം. അതേസമയം, ഉണര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് യോഗയ്ക്കായി സമയം കണ്ടെത്തുന്നതെങ്കില്‍ അത്രയും സമയം വിശന്നിരിക്കുന്നത് പ്രായോഗികമല്ല. അതുകൊണ്ട്, പെട്ടെന്ന് ദഹിക്കുന്ന പഴങ്ങളോ ജ്യൂസോ ഒക്കെ യോഗ തുടങ്ങുന്നതിന് മുമ്പ് കഴിക്കാം. യോഗ ചെയ്യുന്നതിനിടയില്‍ വിശപ്പ് അനുഭവപ്പെട്ടാല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെവരും. യോഗാസനങ്ങള്‍ ശരിയായി ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. അതിനാല്‍, നട്ട്‌സ്, ഡ്രൈ ഫ്രൂട്ട്‌സ് മുതലായവ കഴിക്കാം. രാവിലെ യോഗ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വൈകിട്ട് അത്താഴത്തിന് മുന്‍പുള്ള സമയമാണ് ഏറ്റവും അനുയോജ്യം. രാവിലെ താമസിച്ച് യോഗ ചെയ്യുമ്പോള്‍ പിന്തുടരുന്ന ഭക്ഷണക്രമം തന്നെയാണ് വൈകുന്നേരങ്ങളില്‍ യോഗ ചെയ്യുമ്പോഴും പാലിക്കേണ്ടത്. യോഗ ചെയ്തതിന് ശേഷം അത്താഴം കഴിക്കുമ്പോള്‍ അത് ലഘുവാക്കാന്‍ ശ്രദ്ധിക്കണം. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, തേന്‍ എന്നിവയാണ് യോഗ ചെയ്യുന്നവര്‍ക്ക് കഴിക്കാന്‍ അനുയോജ്യമായ ആഹാരം. കാര്‍ബണേറ്റഡ് പാനീയങ്ങളും എരിവ് കൂടിയതും അമിതമായി ഉപ്പ് ഉപയോഗിച്ച് തയ്യാറാക്കിയതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. എണ്ണയില്‍ വറുത്തെടുത്തവയും യോഗ ചെയ്യുന്നവര്‍ക്ക് യോജിച്ചതല്ല. കാരണം, ഇവ പെട്ടെന്ന് ക്ഷീണവും തളര്‍ച്ചയും തോന്നാന്‍ ഇടയാക്കും. യോഗയ്ക്ക് ശേഷം വിശപ്പ് വര്‍ധിച്ചതായി തോന്നുമെങ്കിലും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇടവേളയിട്ട ശേഷമേ ഭക്ഷണം കഴിക്കാവൂ. യോഗ ചെയ്യുന്നവര്‍ വെള്ളം കുടിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കണം. യോഗ തുടങ്ങുന്നതിന് 15 മിനിറ്റ് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കാം. അതേസമയം, യോഗ ചെയ്യുന്നതിനിടയില്‍ വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം.
*ശുഭദിനം*
*കവിത കണ്ണന്‍*
വൃദ്ധനായ അയാളുടെ അടുത്താണ് അവള്‍ക്ക് സീറ്റ് കിട്ടിയത്. വലിയ ബാഗും മടിയില്‍ വെച്ചാണ് അവള്‍ ഇരിക്കുന്നത്. യാത്രയ്ക്കിടയില്‍ ബസ്സ് വളവുതിരിഞ്ഞപ്പോള്‍ ആ ബാഗ് അയാളുടെ ദേഹത്തു തട്ടി. ഒന്നും പ്രതികരിച്ചില്ലെങ്കിലും അയാള്‍ക്ക് നന്നായി വേദനിച്ചതായി അവള്‍ക്ക് മനസ്സിലായി. താങ്കള്‍ക്ക് വേദനിച്ചുവല്ലേ, താങ്കള്‍ എന്താണ് ഒന്നും പറയാഞ്ഞത്. അവള്‍ ചോദിച്ചു. അയാള്‍ പറഞ്ഞു: നിങ്ങള്‍ ഇത് മനഃപൂര്‍വ്വം ചെയ്തതൊന്നുമല്ലല്ലോ.. ഇത്രയും ചെറിയ കാര്യത്തിന് എന്തിനാണ് വഴക്കുണ്ടാക്കുന്നത്. വളരെ കുറച്ച് ദൂരം മാത്രമേ നമ്മളൊന്നിച്ച് യാത്ര ചെയ്യൂ.. ഞാന്‍ അടുത്ത സ്റ്റൊപ്പില്‍ ഇറങ്ങുകയും ചെയ്യും. അയാള്‍ പുഞ്ചിരിച്ചു. ഒന്നും അധികദൂരമില്ല.. ആര്‍ക്കും അധിക നേരവുമില്ല.. ഉള്ള സമയം വഴക്കടിക്കാതെ ഒപ്പമുളളവരുടെ കൂടെ ആഘോഷിക്കണം.. വിരിഞ്ഞതൊന്നും കൊഴിയാതിരുന്നിട്ടില്ല. ഇനി വിരിയാനുളളവയും ഒരിക്കല്‍ കൊഴിയും. പൊഴിയും മുമ്പ് എത്രപേരുടെ മനസ്സിന് സന്തോഷം നല്‍കി, എത്ര പേര്‍ക്ക് സുഗന്ധം പകരാനും എത്ര ജീവിതങ്ങളെ ആകര്‍ഷണീയമാക്കാനും സാധിച്ചു എന്നതിലാണ് മുഖ്യം. കൂടെയുളളവരൊക്കെ എന്നും ഒപ്പമുണ്ടാകും എന്നത് ഒരു മിഥ്യാധാരണയാണ്. എല്ലാവരും അവരവരുടേതായ യാത്രകളിലാണ്. ഇടയക്കെപ്പോഴോ കണ്ടുമുട്ടുന്നു.. അല്പനേരം ഒരുമിച്ച് ചിലവഴിക്കുന്നു.. അതുകഴിയുമ്പോള്‍ ഓരോരുത്തരും തങ്ങളുടേതായ ലോകത്തേക്ക് മടങ്ങും. ജനിക്കുന്നതും മരിക്കുന്നതും ഒറ്റക്കാണ്,. അതിനിടയ്ക്കുളള സമയം ആരൊക്കെയോ കൂടെ ചേരുന്നു എന്ന് മാത്രം. ഒത്തിരനേരമുണ്ടായിട്ടും ഇത്തിരി ഓര്‍മ്മകള്‍പോലും നിറയ്ക്കാതെ കടന്നുപോയവരുണ്ട്.. ഇത്തിരി നേരമുണ്ടായിട്ടും ഒത്തിരി ഓര്‍മ്മകള്‍ നിറച്ചുപോയവരുമുണ്ട്. ഇതൊരു ചെറുയാത്രയാണ്.. ഈയാത്രയില്‍ ചുരുങ്ങിയ നേരത്ത് കണ്ടുമുട്ടുന്നവരില്‍ പോലും നമുക്ക് ചിരിയോര്‍മ്മകള്‍ നിറയ്ക്കാം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍