ഫ്രഷ് കട്ട് സംഘര്‍ഷം; മൂന്ന് പേരെ കൂടി കസ്റ്റഡിയിൽ എടുത്ത് പൊലീസ്


താമരശ്ശേരി :കട്ടിപ്പാറ പഞ്ചായത്തിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്. സമരസമിതി പ്രവർത്തകരായ കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദശി മുഹമ്മദ്, മലപ്പുറം മഞ്ചേരി സ്വദേശി സൈഫുള്ള എന്നിവരാണ് പിടിയിലായത്. സഫീറിനെ വയനാട്ടിൽ നിന്നാണ് പിടികൂടിയത്. സൈഫുള്ള പിടിയിലായത് എടപ്പാളിൽ നിന്നാണ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. സംഭവത്തിൽ ഇതോടെ കസ്റ്റഡിയിൽ ആയവരുടെ എണ്ണം അഞ്ച് ആയി.ഫ്രഷ് കട്ട് പ്രതിഷേധത്തില്‍ നേരത്തെ മൂന്ന് എഫ്ഐആറുകളിലായി 361 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.

തിരുവമ്പാടി സ്റ്റേഷനിലെ എഎസ്‌ഐയെ മര്‍ദിച്ചതില്‍ പത്തോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൊബൈലില്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച എഎസ്‌ഐയെ അക്രമിച്ചെന്നും 45000 രൂപയുടെ മൊബൈല്‍ കവര്‍ച്ച ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞദിവസമാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് സംഘർഷത്തിൽ കലാശിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍