പ്രഭാത വാർത്തകൾ

2025  നവംബർ 2  ഞായർ 
1201  തുലാം 16  പൂരുരുട്ടാതി 
1447  ജ : അവ്വൽ 11

◾ കേരളത്തിന്റെ ചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനുമുന്നില്‍ നാം ഇന്ന് അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുകയാണെന്നും ഇത് പുതിയ കേരളത്തിന്റെ ഉദയമാണെന്നും നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും അമേരിക്കയിലേതിനെ അപേക്ഷിച്ച് കുറവാണ് എന്നത് ലോകം അംഗീകരിച്ച വസ്തുതയാണെന്നും അവരുടെ ജിഡിപിയുടെ 0.55 ശതമാനം മാത്രമാണ് നമ്മുടേതെന്നും എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായിയെന്നും ഇതാണ് 'യഥാര്‍ത്ഥ കേരള സ്റ്റോറി'യെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥിയായി എത്തിയ ചടങ്ങില്‍ മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു.

◾അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വമാണെന്ന് നടന്‍ മമ്മൂട്ടി. അതിദാരിദ്ര്യത്തില്‍നിന്ന് മാത്രമേ കേരളം മുക്തമായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നും സാമൂഹിക സൂചികകളില്‍ കേരളം ഒരുപാട് മുന്നിലാണെന്നും ഈ നേട്ടങ്ങള്‍ കേരളം സ്വന്തമാക്കിയത് സാമൂഹിക ബോധത്തിന്റേയും ജനാധിപത്യബോധത്തിന്റേയും ഫലമായിട്ടാണെന്നും മമ്മൂട്ടി പറഞ്ഞു. എട്ടുമാസങ്ങള്‍ക്കുശേഷമാണ് താന്‍ പൊതുവേദിയിലെത്തുന്നതെന്നും കേരളത്തിന് തന്നെക്കാള്‍ ചെറുപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു.

◾  തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പിആര്‍ ആണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ പൊള്ളത്തരം പ്രതിപക്ഷം തുറന്നുകാട്ടുമെന്നും നിയമസഭാ സമ്മേളനം സര്‍ക്കാര്‍ പ്രഹസനമാക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രത്യേക നിയമസഭാ സമ്മേളനം ബഹിഷ്‌കരിച്ചതിന് ശേഷമാണ് പ്രതികരണം.

◾  കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 'അതിദാരിദ്ര്യമുക്ത കേരളം' എന്ന ചരിത്രപരമായ പ്രഖ്യാപനത്തെ ഇകഴ്ത്തിക്കാട്ടാനും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില സാമ്പത്തിക വിദഗ്ദ്ധരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പേരില്‍ പുറത്തുവന്ന തുറന്ന കത്തെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരളം കൈവരിച്ച ഒരു ചരിത്രനേട്ടത്തെ രാഷ്ട്രീയലക്ഷ്യങ്ങളോടെ അവഹേളിക്കാനുള്ള ശ്രമമാണിത് എന്നും അദ്ദേഹം വിമര്‍ശിച്ചു.
◾  അതിദാരിദ്ര്യ മുക്ത പ്രഖ്യാപനമടക്കമുള്ള സര്‍ക്കാര്‍ പ്രഖ്യാപനങ്ങളെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതിദാരിദ്ര മുക്ത പ്രഖ്യാപനം സര്‍ക്കാര്‍ പ്രചാരണത്തിനുള്ള ഉപാധിയാക്കിയെന്നും ഇതിനായി കേരളത്തിന് പുറത്ത് പത്ത് കോടി രൂപ പരസ്യത്തിന് ചെലവാക്കിയെന്നും അഡ്വ. സണ്ണി ജോസഫ് ആരോപിച്ചു. അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് നടന്മാര്‍ സര്‍ക്കാരിന്റെ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കരുതായിരുന്നുവെന്നും സണ്ണി ജോസഫ് വിമര്‍ശിച്ചു.

◾  കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിപിഎം നടത്തിയ പിആര്‍ വര്‍ക്കിന്റെ തുടര്‍ച്ചയാണ് അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്ക് യാതൊരുവിധ ആധികാരികതയും ഇല്ല. സ്വയം സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ അതിദരിദ്രരെ വഴിയില്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾  അതിദാരിദ്ര മുക്ത പ്രഖ്യാപന സമ്മേളനത്തില്‍ ആളെക്കൂട്ടാന്‍ സര്‍ക്കാര്‍ ക്വാട്ട നിശ്ചയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. ഒരോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ആളുകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ചുള്ള ക്വാട്ട നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ കത്തയച്ചു.  തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് ജോയിന്റ് ഡയറക്ടറാണ് കത്ത് അയച്ചിരിക്കുന്നത്. ഒരോ പഞ്ചായത്തില്‍ നിന്നും 200 പേരെ പങ്കെടുപ്പിക്കണമെന്നാണ് നിര്‍ദേശം.

◾  കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡര്‍. ചരിത്രപരമായ നേട്ടത്തില്‍ കേരളത്തെ അഭിനന്ദിക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ഷു ഫെയ്ഹോങ് സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടക്കം പങ്കുവച്ചാണ് പ്രശംസ.
◾  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പി.എം.എ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവനാണെന്നായിരുന്നു പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം. മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലാണ് പിഎംഎ സലാമിന്റെ വിവാദ പ്രസംഗം. പിഎം ശ്രീ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം.

◾  മുഖ്യമന്ത്രി പിണറായി വിജയനെതിരായ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശം തരംതാണ നിലപാടാണെന്നും വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും സിപിഎം മലപ്പുറം ജില്ലാ നേതൃത്വം. രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണെന്നും മുഖ്യമന്ത്രിയെ അധിക്ഷേപത്തിലൂടെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. വിവാദ പരാമര്‍ശം കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തെപ്പോലും കളങ്കപ്പെടുത്തുന്നതാണെന്നും ലീഗിന്റെ സാസ്‌കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായതെന്നും സിപിഎം മലപ്പുറം ജില്ലാ നേതൃത്വം വ്യക്തമാക്കി.

◾  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സമാധാനം ഉണ്ടെന്നും അത് നിലനിര്‍ത്തിപോയാല്‍ കോണ്‍ഗ്രസിന് അത് മതിയെന്നും മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും കോര്‍ കമ്മിറ്റി വന്നത് നല്ല കാര്യമാണെന്നും കോടികളുടെ കൊള്ള നടത്തുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രം മലയാളികള്‍ മോശക്കാരന്‍ അല്ലെന്നും കെ സുധാകരന്‍ പറഞ്ഞു.
◾  തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന ആശാ വര്‍ക്കര്‍മാരുടെ സമര വേദിയില്‍ എത്തിയത് തന്നെ ക്ഷണിച്ചിട്ടാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സമര വേദിയിലെത്തിയ തന്നെ ഇറക്കിവിട്ടു എന്ന മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്കെതിരെയും രാഹുല്‍ ആഞ്ഞടിച്ചു. തന്റെ അമ്മമാരുടെ സമരമാണിതെന്നും ഒരു അമ്മമാരും മക്കളേ ഇറക്കിവിടില്ലെന്നും രാഹുല്‍ പ്രസം?ഗത്തില്‍ പറഞ്ഞു.

◾  ഭാരതാംബ വിവാദത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പ്രമേയം പാസ്സാക്കി. സിന്‍ഡിക്കേറ്റിലെ 22ല്‍ 19 അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ വിയോജിച്ചു. വിയോജിപ്പ് രേഖപ്പെടുത്തിയ വിസി ഡോ മോഹനന്‍ കുന്നുമ്മേല്‍ സിന്‍ഡിക്കേറ്റ് നടപടികളും തീരുമാനങ്ങളും ഗവര്‍ണറുടെ പരിഗണനയ്ക്ക് വിട്ടു.

◾  സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ (സെര്‍വിക്കല്‍ കാന്‍സര്‍) പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൈലറ്റ് അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലയിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കണ്ണൂര്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ വച്ച് നാളെ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

◾  കൊല്ലം കടയ്ക്കലില്‍ സിപിഐ വിട്ടവര്‍ കൂട്ടത്തോടെ സിപിഎമ്മില്‍ ചേരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഐ വിട്ട 700ലധികം പേര്‍ സിപിഎമ്മില്‍ ചേരുമെന്ന് സിപിഐ മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം ജെസി അനില്‍ അവകാശപ്പെട്ടു. കടയ്ക്കലില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചായിരുന്നു പ്രഖ്യാപനം. സിപിഐ ജില്ലാ കൗണ്‍സില്‍ ചേര്‍ന്ന് പുറത്താക്കിയ നേതാവാണ് ജെസി അനില്‍.പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സിപിഐ നേതൃത്വം പരാജപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് ജെ.സി അനില്‍ പറഞ്ഞു.

◾  ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനം ബലം പ്രയോഗിച്ച് നിര്‍ത്താനുളള പൊലീസിന്റെ ശ്രമം അപകടത്തില്‍ കലാശിച്ചെന്ന് പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റിക്കും പരാതി നല്‍കാനൊരുങ്ങുകയാണ് പരിക്കേറ്റ യുവാവ്.

◾  സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് റിമാന്‍ഡില്‍. എറണാകുളം എസിജെഎം കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കാനാണ് തീരുമാനം.

◾  ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് പൊലീസ് വീഴ്ച മറക്കാനെന്ന് കോടതി. ഗ്രനേഡ് കൈകാര്യം ചെയ്തതിലെ വീഴ്ച മറക്കാനാണ് പൊലീസ് പുതിയ കേസ് എടുത്തതെന്നും കോടതി നിരീക്ഷിച്ചു. യുഡിഎഫ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിയിലാണ് പൊലീസിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

◾  താമരശ്ശേരി ബിഷപ്പിന് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കത്ത് താമരശ്ശേരി പൊലീസിന് കൈമാറി. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.  നിലവില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയല്‍. ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ അബ്ദുല്‍ റഷീദ് എന്നയാളാണ് കത്തയച്ചത്.

◾  സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍ 90 എന്ന പ്രത്യേക രജിസ്ട്രേഷന്‍ ശ്രേണി അനുവദിക്കുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനമിറക്കി. ഇത് ഒരു മാസത്തിനുള്ളില്‍ തന്നെ നടപ്പാകുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.

◾  കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഫീസ് കുറയ്ക്കാന്‍ തീരുമാനം. കൃഷി മന്ത്രി ഇന്ന് സര്‍വ്വകലാശാല അധികൃതരുമായി ചേര്‍ന്ന് ഉന്നതതല യോഗം വിളിച്ചുകൂട്ടിയിരുന്നു. ഈ യോഗത്തിലാണ് ഫീസ് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. യുജി കോഴ്സുകള്‍ക്ക് 50 ശതമാനവും പിജി കോഴ്സുകള്‍ക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.

◾  ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റര്‍ ആഘോഷങ്ങള്‍ നടത്താന്‍മാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങള്‍ എല്ലാ മതക്കാര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിണ്ടിക്കല്‍ ജില്ലയിലെ ഗ്രാമനാഥം മൈതാനത്ത് അന്നദാനച്ചടങ്ങ് നടത്താന്‍ അനുമതി നല്‍കിയത്. ഹിന്ദുക്കള്‍ക്ക് ചടങ്ങുകള്‍ നടത്താന്‍ തഹസില്‍ദാര്‍ അനുമതി നിഷേധിച്ചതിനെതിരേ രാജാമണി എന്നയാളാണ് കോടതിയെ സമീപിച്ചത്. മൈതാനം 100 വര്‍ഷത്തിലേറെയായി ഈസ്റ്റര്‍ ആഘോഷത്തിന് നാടകങ്ങള്‍ക്കും സംഗമത്തിനും വേണ്ടിയാണ് ഉപയോഗിച്ചത്. അതിനാല്‍ വിട്ടുകൊടുക്കാനാവില്ലെന്നും മറ്റു ജാതിക്കാര്‍ ചടങ്ങുകള്‍ നടത്തിയാല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നുമായിരുന്നു ക്രൈസ്തവസമൂഹം വാദിച്ചത്.

◾  ബിഹാറില്‍ വീണ്ടും എന്‍ഡിഎ അധികാരത്തില്‍ വരുമെന്ന് അഭിപ്രായ സര്‍വെ. 243 അംഗ നിയമസഭയില്‍ എന്‍ഡിഎ സഖ്യത്തിന് 120-140 സീറ്റുവരെ ലഭിക്കാമെന്നാണ് സര്‍വെ ഫലം. ടൈംസ് നൗവിന് വേണ്ടി ജെവിസി നടത്തിയ സര്‍വേയിലാണ് എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ ആണെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു.

◾  രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍ എന്നും ബിഹാറില്‍ എന്‍ഡിഎ 160 സീറ്റുകളില്‍ വിജയിക്കുമെന്നും മിച്ചമുള്ളസീറ്റുകളേ മറ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കുകയുള്ളൂവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാഗഢ്ബന്ധന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജംഗിള്‍ രാജും മടങ്ങിയെത്തുമെന്നും ശ്രദ്ധാപൂര്‍വം വോട്ട് രേഖപ്പെടുത്താന്‍ ബിഹാറിലെ ജനങ്ങളോട് താന്‍ അഭ്യര്‍ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

◾  ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 10 ആയി. സ്ത്രീകളും 12 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടെ മരിച്ചവരിലുണ്ട്. 15 പേര്‍ക്ക് പരിക്കേറ്റു. ഉള്‍ക്കൊള്ളാവുന്നതിന്റെ എട്ട് മടങ്ങിലേറെ ആളുകള്‍ ദര്‍ശനത്തിന് എത്തിയതാണ് കാസി ബുഗ്ഗയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രത്തില്‍ ദുരന്തത്തിന് വഴിവച്ചത്. രാഷ്ട്രപതി ദ്രൌപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.

◾  മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടങ്ങളില്‍ മൂവര്‍ണക്കൊടി സ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ജില്ലകളിലെ നക്സലൈറ്റുകളുടെ കൂട്ടക്കീഴടങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഛത്തീസ്ഗഡിലെ അടല്‍ നഗര്‍-നവ റായ്പുരില്‍ രജത് മഹോത്സവത്തില്‍ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയില്‍ സായുധരായ അജ്ഞാതര്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഫോടകവസ്തു ഉപയോഗിച്ച് തകര്‍ത്തു. തെക്കന്‍ വസീറിസ്ഥാന്‍ അതിര്‍ത്തിയിലുള്ള ലഖി മര്‍വാത്ത് ജില്ലയിലാണ് സംഭവം നടന്നത്. സ്ഫോടനത്തില്‍ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ല.

◾  ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്നും ലോകമെമ്പാടുമുള്ള മഹത്തായ ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലുള്ള അക്രമങ്ങള്‍ എടുത്തുപറഞ്ഞ ട്രംപ്, നൈജീരിയയിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നതിന് തീവ്ര ഇസ്ലാമിസ്റ്റുകളെ കുറ്റപ്പെടുത്തുകയും ചെയ്തു.

◾  ഇന്ത്യന്‍ ടെന്നീസ്ഇതിഹാസം രോഹന്‍ ബൊപ്പണ്ണ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബൊപ്പണ്ണ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ബൊപ്പണ്ണയുടെ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് ഇതോടെ വിരാമമാകുന്നത്. രണ്ട് തവണയാണ് ഇന്ത്യന്‍ താരം ഗ്രാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിട്ടിട്ടുള്ളത്. 2024 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ്, 2017 ഫ്രഞ്ച് ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളാണ് ബൊപ്പണ്ണ സ്വന്തമാക്കിയത്.

◾  വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ  ആദ്യ കീരീടം തേടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഇന്ന് ഏറ്റുമുട്ടും. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. 2005 ല്‍ ഓസീസിനോടും 2017 ല്‍ ഇംഗ്ലണ്ടിനോടും ഇന്ത്യയ്ക്ക് കിരീടം അടിയറവ് പറയേണ്ടി വന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് കിരീടപ്പോരാട്ടം തുടങ്ങുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

◾  രണ്ടാംപാദ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് വന്‍നേട്ടം കൊയ്തു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 168 ശതമാനമാണ് വര്‍ധന. മുന്‍വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 2,297 കോടി രൂപയായിരുന്നു ലാഭം. ഇത് 6,191 കോടി രൂപയായി കുത്തനെ ഉയര്‍ന്നു. മുന്‍ വര്‍ഷം 1,02,785 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. ഇത് 1,04,946 ലക്ഷം കോടി രൂപയായി. എണ്ണ വില കുറഞ്ഞതുമൂലം ചെലവ് വലിയ തോതില്‍ കുറഞ്ഞതാണ് ലാഭം കുതിച്ചുയരാന്‍ കാരണം. 98,268 കോടി രൂപയില്‍ നിന്ന് ചെലവ് 95,185 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ചില്‍ 1,11,230 ലക്ഷം കോടി രൂപയായിരുന്നു വിറ്റുവരവ്. ജൂണ്‍ പാദത്തില്‍ 1,12,551 ലക്ഷം കോടി രൂപയും. ഇതാണ് വലിയതോതില്‍ കുറഞ്ഞത്. ജൂണ്‍ പാദത്തെ അപേക്ഷിച്ച് ലാഭത്തില്‍ 5.20 ശതമാനം കുറവ് വന്നിട്ടുണ്ട്. ജൂണില്‍ അവസാനിച്ച പാദത്തില്‍ ലാഭം 6,839 കോടി രൂപയായിരുന്നു. ബിപിസിഎല്‍ ഇടക്കാല ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്.

◾  ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ 25-ാം ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് 'ബള്‍ട്ടി'. പേര് സൂചിപ്പിക്കുന്നതുപോലെ കബഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അമ്മോരെ സെന്നിയോരെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മലയാളി മങ്കീസ് ആണ്. സായ് അഭ്യങ്കറിന്റേതാണ് സംഗീതം. സായ് അഭ്യങ്കറും മലയാളി മങ്കീസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിന്റെയും അതിലെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രം തീപ്പൊരി ആക്ഷന്‍ രംഗങ്ങളാല്‍ സമ്പുഷ്ടമാണ്. ഷെയിന്‍ നിഗത്തിനു പുറമെ വിവിധ മേഖലകളില്‍ പ്രമുഖരായ പലരും ഈ ചിത്രത്തിലുണ്ട്. പൂര്‍ണിമ ഇന്ദ്രജിത്തും ഈ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുന്നുണ്ട്. ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നത് 'അയോധി' എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചതയായ പ്രീതി അസ്രാനിയാണ്.

◾  ഹോളിവുഡിലെ എക്കാലത്തെയും വലിയ ഹൊറര്‍ ഫ്രാഞ്ചൈസികളില്‍ ഒന്നായ 'സ്‌ക്രീം' പരമ്പരയുടെ പുതിയ ഭാഗമായ 'സ്‌ക്രീം 7'-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ട്രെയിലര്‍, ഐക്കോണിക് കഥാപാത്രമായ സിഡ്നി പ്രെസ്‌കോട്ട് വീണ്ടും തിരിച്ചെത്തുന്നതിന്റെ ആവേശം നല്‍കുന്നു. മുന്‍ ഭാഗങ്ങളില്‍ നിന്ന് മാറി നിന്നതിന് ശേഷം, നടി നീവ് കാംപ്‌ബെല്‍ വീണ്ടും സിഡ്നി പ്രെസ്‌കോട്ട് എന്ന കഥാപാത്രമായി എത്തുന്നു എന്നതാണ് 'സ്‌ക്രീം 7'-ന്റെ ഏറ്റവും വലിയ പ്രത്യേകത. സിഡ്നിയുടെ മാതൃജീവിതത്തിലൂടെയാണ് ഇത്തവണ കഥ മുന്നോട്ട് പോകുന്നത്. ശാന്തമായ ഒരു പട്ടണത്തില്‍ മകള്‍ ടേറ്റത്തിനൊപ്പം ഒരു പുതിയ ജീവിതം കെട്ടിപ്പടുത്ത സിഡ്നിയെ തേടി ഗോസ്റ്റ്‌ഫേസ് കൊലയാളി വീണ്ടും എത്തുകയാണ്. റിപ്പോര്‍ട്ടര്‍ ഗെയ്ല്‍ വെതര്‍സ് ആയി കോര്‍ട്ട്നി കോക്സ് , കൊല്ലപ്പെട്ടുപോയ കഥാപാത്രങ്ങളായി ഡേവിഡ് ആര്‍ക്വെറ്റ് , മാത്യു ലില്ലാര്‍ഡ് , സ്‌കോട്ട് ഫോളി എന്നിവരും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യ 'സ്‌ക്രീം' സിനിമയുടെ തിരക്കഥാകൃത്തായ കെവിന്‍ വില്യംസണ്‍ ആണ് 'സ്‌ക്രീം 7' സംവിധാനം ചെയ്യുന്നത്. 'സ്‌ക്രീം 7' 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളില്‍ എത്തും.

◾  മഹീന്ദ്രയുടെ ഏഴ് സീറ്റ് ഇലക്ട്രിക് എസ്യുവിയുടെ പേര് എക്സ്ഇവി 9എസ്. നവംബര്‍ 27ന് പുതിയ ഇലക്ട്രിക് എസ്യുവിയെ മഹീന്ദ്ര പ്രദര്‍ശിപ്പിക്കും. എക്സ്ഇവി 9ഇ, ബിഇ 6 എന്നീ ഇലക്ട്രിക് എസ്യുവികള്‍ക്ക് അടിത്തറയേകുന്ന ഇന്‍ഗ്ലോ സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ എസ്യുവിയുടെ നിര്‍മാണം. 'ബോണ്‍-ഇലക്ട്രിക്' എസ്യുവിയായിരിക്കും പുതിയ എസ്യുവി. ഇന്‍ഗ്ലോ സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന 7 സീറ്റര്‍ മോഡല്‍ എന്നതൊഴിച്ചാല്‍, ഇതിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ വിപണിയിലുള്ള എക്സ്ഇവി 900ഇയിലേത് പോലെ കണക്റ്റഡ് എല്‍ഇഡി ഡിആര്‍എല്‍, ബ്ലാക് ഓഫ് ഗ്രീല്‍, ഡ്യുവല്‍-പോഡ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ എന്നിവയുണ്ടാകും. ഇന്റീരിയറിലും 9ഇയുമായി സാമ്യമുണ്ടാകും. ഏഴു സീറ്റ് എസ്യുവിയുടെ ബാറ്ററി പവര്‍ട്രെയിന്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. എന്നാല്‍ 500 കിലോമീറ്ററിലധികം റേഞ്ച് നല്‍കുന്ന വലിയ ബാറ്ററി പായ്ക്ക് പ്രതീക്ഷിക്കാം. എക്സ്ഇവി 9ഇ യ്ക്ക് സമാനമായി ബാറ്ററിയും പവര്‍ട്രെയിനുമായിരിക്കും വാഹനത്തില്‍ എന്നാണ് പ്രതീക്ഷിക്കുന്നത്.

◾  മലയാളികളുടെ ഹൃദയത്തില്‍ അഗാധമായ സര്‍ഗാത്മക പ്രതിഫലനങ്ങളുണ്ടാക്കിയ, നമ്മുടെ കാലത്തെ നിരന്തരവും നിത്യവുമായ പ്രചോദനങ്ങളിലൂടെ കൊണ്ടുപോയ വൈക്കം മുഹമ്മദ് ബഷീര്‍, വി എസ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി ഒരുപാടു പേരെ ജീവന്‍ തുളുമ്പുന്ന വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തുന്ന പുസ്തകം. സ്വന്തം ബാല്യ കൗമാരങ്ങളിലെ കുഞ്ഞുകുഞ്ഞു ഓര്‍മകളില്‍ തുടങ്ങുകയും മലയാളികളുടെയെല്ലാം ആത്മകഥയുടെ ഭാഗമായി മാറിയവരിലേക്ക് പടരുകയും ചെയ്യുന്ന ഈ പുസ്തകം പൂര്‍വ്വ മാതൃകകള്‍ ഇല്ലാത്ത വിധം പുതുമയുള്ളതാണ്. 'കുഞ്ഞു കുഞ്ഞു കഥകളില്‍ ഒരു ആത്മകഥ'. താഹ മാടായി. ഒലീവ് പബ്ളിക്കേഷന്‍സ്. വില 380 രൂപ.

◾  ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ബ്ലോട്ടിങ്. വയറു വീര്‍ക്കുക, ഗ്യാസ്, ഏമ്പക്കം, വയറ്റില്‍ അസ്വസ്ഥത എന്നിവയെല്ലാം ബ്ലോട്ടിങ്ങിന്റെ ലക്ഷണങ്ങളാണ്. അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നീണ്ടും ഉപവാസത്തിന് ശേഷം അമിതമായ ഭക്ഷണം കഴിക്കുന്നതും ബ്ലോട്ടിങ്ങിന് കാരണമാകാറുണ്ട്. ദിവസവും അഞ്ച് മുതല്‍ ആറ് നേരം വരെ ചെറിയ അളവില്‍ ഭക്ഷണം കഴിച്ചു ശീലിക്കാം. ഇത് ദഹനം മെച്ചപ്പെടുത്തും. നാരുകള്‍ അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വയറ്റില്‍ ബ്ലോട്ടിങ്, ഗ്യാസ് എന്നിവയ്ക്ക് കാരണമാകാം. ഭക്ഷണത്തില്‍ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് ശരീരത്തില്‍ അമിതമായി ജലാംശം നിലനില്‍ക്കാന്‍ കാരണമാകും. ഇത് വയറ്റില്‍ ഗ്യാസ്, ബ്ലോട്ടിങ് തുടങ്ങിയവയിലേക്ക് നയിക്കും. പാക്കറ്റുകളില്‍ ലഭിക്കുന്ന സ്നാക്കുളിലും പ്രോസസ്ഡ് ഭക്ഷണങ്ങളിലും സോഡിയം അമിതമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ജലാംശം ക്രമീകരിക്കുന്നതിന് ഉപ്പ് പരിമിതപ്പെടുത്താം. ദഹനം മെച്ചപ്പെടുന്നതിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം ശരീരത്തിലെ അമിതമായ സോഡിയം ഒഴിവാക്കാനും ദഹനം ക്രമമാക്കാനും സഹായിക്കുന്നു. പ്രോബയോടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലില്‍ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കുടലില്‍ ഇത്തരം ബാക്ടീരിയ കുറയുന്നതും വയറ്റില്‍ ബ്ലോട്ടിങ് ഉണ്ടാക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
സന്യാസി വഞ്ചിയില്‍ യാത്രചെയ്യുകയാണ്.  കൂടെ കുറച്ച് ചെറുപ്പക്കാരുമുണ്ട്.  അവര്‍ അദ്ദേഹത്തെ കളിയാക്കാനും ശല്യപ്പെടുത്താനും ദേഹത്ത് താളമിടാനും ആരംഭിച്ചു. അദ്ദേഹം എല്ലാം സഹിച്ചു.  അപ്പോഴാണ് ഒരു അശരീരി കേട്ടത്.  ഈ ക്രൂരവിനോദം ഏറിപ്പോകുന്നു. ക്ഷമക്കും ഒരതിരില്ലേ? ഞാനീ വള്ളം മുക്കാന്‍ പോവുകയാണ്.  സന്യാസി മാത്രം രക്ഷപ്പെടും.  കുറച്ച് കഴിഞ്ഞപ്പോള്‍ ആകാശം ഇരുണ്ടു, കാറ്റും കോളും  ഉണ്ടായി.  തിരമാലകള്‍ ഉയര്‍ന്നു.  പരിഭ്രാന്തരായ യാത്രക്കാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.  അപ്പോള്‍ സന്യാസി പറഞ്ഞു:  ഞാനിതില്‍ ഉള്ളിടത്തോളം ആര്‍ക്കും എന്തെങ്കിലും സംഭവിക്കാന്‍ അനുവദിക്കില്ല.  പെട്ടെന്ന് മഴക്കാറ് മാറി.  അന്തരീക്ഷം തെളിഞ്ഞു.  യുവാക്കള്‍ സന്യാസിയോട് മാപ്പ് ചോദിച്ചു.  അപമാനിക്കുന്നവര്‍ക്കും ആ്തമപ്രകാശം നല്‍കുന്നവരാണ് വിശുദ്ധര്‍.  ആശ്ലേഷിക്കുന്നവരേയും അഭിനന്ദിക്കുന്നവരേയും എല്ലാവരും ഒപ്പം നിര്‍ത്തും. അവിശ്വാസം രേഖപ്പെടുത്തുന്നവരേയും വിപരീത ചിന്തയുളളവരേയും അടുപ്പിക്കാന്‍ ആര്‍ക്കും അത്രക്ക് ഇഷ്ടമല്ല.  പക്ഷേ, അഭിനന്ദിക്കുന്നവര്‍ മാത്രമല്ല, പരിഹസിക്കുന്നവരും അടുത്തുണ്ടാകണം.  അവരുടെ നിരീക്ഷപാടവവവും വിമര്‍ശനബുദ്ധിയും പല ആത്മസുഹൃത്തുക്കള്‍ക്കും ഉണ്ടാകണമെന്നില്ല.  നേരിടുന്ന അധിക്ഷേപങ്ങളും പരിഹാസങ്ങളും ചില ഗുണങ്ങള്‍ നമുടെ ജീവിതത്തിന് നല്‍കുന്നുണ്ട്.  അവ ആത്മവിമര്‍ശനത്തിനുളള വാതിലുകളാണ്. സ്വയം നവീകരിക്കാനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്.  പ്രതികൂലസാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുളള പരിശീലനം കൂടിയാണ്.  അപ്രിയസാഹചര്യങ്ങളില്‍ എതിര്‍ത്തുനില്‍ക്കാനും ഇറങ്ങിപ്പോകാനും എളുപ്പമാണ്. സമചിത്തതയോടെ അതിനെ നേരിടാനാണ് നാം ശീലിക്കേണ്ടത് - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍