പ്രഭാത വാർത്തകൾ
2025 നവംബർ 4 ചൊവ്വ
1201 തുലാം 18 രേവതി
1447 ജ : അവ്വൽ 13
◾ കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും എസ്‌ഐആറിന് ഇന്ന് തുടക്കം. ബൂത്തുതല ഓഫീസര്‍മാര്‍ വീടുകള്‍ കയറി എന്യൂമറേഷന്‍ ഫോറം പൂരിപ്പിക്കുന്ന പ്രക്രിയ ഡിസംബര്‍ നാലുവരെയാണ്. ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഒരുമാസം കരട് പട്ടികയ്ക്കുമേല്‍ ആക്ഷേപങ്ങളും പരാതികളും ബോധിപ്പിക്കാം. മൂന്നുമാസം നീളുന്ന വോട്ടര്‍പട്ടിക ശുദ്ധീകരണപ്രക്രിയ അടുത്തവര്‍ഷം ഫെബ്രുവരി ഏഴിന് പൂര്‍ത്തിയാകും. കേരളത്തിനുപുറമേ തമിഴ്‌നാട്, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, ഗോവ സംസ്ഥാനങ്ങളിലും പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് എസ്‌ഐആര്‍ ഇപ്പോള്‍ നടപ്പാക്കുന്നത്.
◾ അമ്പത്തിയഞ്ചാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മികച്ച ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ചി ഫാത്തിമയെയും തിരഞ്ഞെടുത്തു. പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം. മികച്ച നവാഗത സംവിധായകനായി ഫാസില്‍ മുഹമ്മദിനെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചിദംബരം മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ടൊവിനോ തോമസ്, ആസിഫലി, ജ്യോതിര്‍മയി, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം. മഞ്ഞുമ്മല്‍ ബോയ്സിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പര്‍ വേടന്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം നേടി.
◾ ശബരിമല കട്ടിളപ്പാളി കേസില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംഘം കോടതിയെ അറിയിച്ചത്. കട്ടിളപ്പാളികളില്‍ സ്വര്‍ണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അറിയാമായിരുന്നു. പാളികള്‍ ചെന്നൈയിലെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശു സഹജമായ നിഷ്‌കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വസ്തുതാപരമായ ആവിഷ്‌കാരത്തിനു പ്രസക്തി ഉണ്ട്. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് പുസ്തകമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' പ്രകാശനം ചെയ്ത് കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾dailynews. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലെ അതൃപ്തിയടക്കം തുറന്നു പറയുന്നതാണ് സി പി എം നേതാവ് ഇ പി ജയരാജന്റെ ഇന്നലെ പ്രകാശനം ചെയ്ത ആത്മകഥയായ 'ഇതാണെന്റെ ജീവിതം' എന്ന് റിപ്പോര്‍ട്ടുകള്‍. താന്‍ പങ്കെടുക്കാത്ത സംസ്ഥാന സെക്രട്ടറിയേറ്റില്‍ ആണ് വിഷയം ആദ്യം ചര്‍ച്ച ചെയ്തതെന്നും ഇക്കാര്യത്തിലടക്കം തനിക്ക് നേതൃത്വത്തോട് പരിഭവമുണ്ടെന്നും തന്റെ പ്രയാസം കേന്ദ്ര കമ്മിറ്റിയെ അറിയിച്ചിരുന്നതായും ഇ പി ജയരാജന്‍ ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്. കണ്ണൂര്‍ മൊറാഴയിലെ വൈദേകം ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി നേതൃത്വത്തോട് അമര്‍ഷം പ്രകടിപ്പിച്ചുവെന്നും ആത്മകഥയിലുണ്ട്.
◾ മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചുവെന്ന് ഇ.പി. ജയരാജന്റെ 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥയില്‍ പരാമര്‍ശം. ബിജെപി നേതാവ് പലതവണ മകനെ ഫോണില്‍ വിളിച്ചുവെന്നും എന്നാല്‍, അവന്‍ ഫോണെടുത്തില്ലെന്നും താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ജയരാജന്റെ ആത്മകഥയില്‍ പറയുന്നു.
◾ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഇപി ജയരാജന്‍ നടത്തിയ പ്രസ്താവനകളോട് ആദ്യമായി പ്രതികരിച്ച് ഡിസി രവി. മൗനം ഭീരുത്വം അല്ലെന്ന് ഡിസി രവി പറഞ്ഞു. ഞാന്‍ ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ വ്യക്തമാകുന്ന സത്യങ്ങള്‍ മാത്രമേയുള്ളുവെന്നും ഡിസി രവി പറഞ്ഞു. ഇപി ജയരാജന്റെ ആത്മകഥ വിവാദങ്ങളില്‍ ആദ്യമായാണ് ഡിസി രവി പ്രതികരിക്കുന്നത്.
◾ കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് അസാധാരണ നീക്കവുമായി രാജ്ഭവന്‍. സാധാരണഗതിയില്‍ വിജ്ഞാപനം ഇറക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനെ മറികടന്നാണ് ഗവര്‍ണറുടെ നീക്കം.
◾ നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ 4ന് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
◾ എന്‍ഡിഎ പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്ചന്ദ്രശേഖര്‍. നാട് നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കുവെയ്ക്കാനും ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കാനും ബിജെപി അധ്യക്ഷന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
◾ വര്‍ക്കലയില്‍ മദ്യലഹരിയില്‍ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
◾ വര്‍ക്കലയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിന് ഇരയായ 19 വയസ്സുകാരിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍. തലച്ചോറില്‍ ചതവ് ഉണ്ടെന്ന് കണ്ടെത്തിയെന്നും സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളതെന്നും വെന്റിലേറ്ററിന്റെ സഹായം ഇപ്പോഴും നല്‍കുന്നുണ്ടെന്നും പെണ്‍കുട്ടി അപകടനില തരണം ചെയ്തിട്ടില്ലെന്നും ഡോ. ജയചന്ദ്രന്‍ പ്രതികരിച്ചു. ചികിത്സയില്‍ തൃപ്തയല്ലെന്ന് യുവതിയുടെ അമ്മയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്നും എന്തുകൊണ്ടാണ് അങ്ങനെ ഒരു പ്രതികരണം നടത്തിയത് എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തുനല്‍കി. ട്രെയിനില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രിയോടും കെസി വേണുഗോപാല്‍ കത്തിലൂടെ ആവശ്യപ്പെട്ടു
◾ വടക്കാഞ്ചേരി നഗരസഭ ചെയര്‍മാന്‍ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപ്പെട്ടു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്.
◾ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്നും നാളെയും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം. അന്തിമ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പ്രവാസികള്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയും. ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ ഇല്ലാത്തവര്‍ക്കാണ് വോട്ട് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നല്‍കാം.
◾ മൂന്നാറില്‍ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു ടാക്സി ഡ്രൈവര്‍മാര്‍ പിടിയില്‍. മൂന്നാര്‍ സ്വദേശികളായ വിനായകന്‍, വിജയകുമാര്‍ എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീഡിയോവില്‍ നിന്ന് ഇവരെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഈ വീഡിയോ ആണ് പ്രതികളെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്.
◾ സംസ്ഥാനത്ത് ആദ്യമായി വന്യമൃഗാക്രമണം ചെറുക്കുന്നതിനായി സ്വന്തം നിലയില്‍ പ്രതിരോധ സേനയ്ക്ക് രൂപം നല്‍കി അതിരപ്പിള്ളി പഞ്ചായത്ത്. 710 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രദേശവാസികളായ 16 പേരെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ചത്. പ്രത്യേകം അഭിമുഖം നടത്തി തെരഞ്ഞെടുത്ത ഇവര്‍ക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ 15 ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് നിയമിച്ചത്.
◾ കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഷാഫിപറമ്പിലിന്റെയും, കൊടിക്കുന്നില്‍സുരേഷ് എംപിയുടെയും പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റിന്റെ നടപടി.
◾ സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐ വിട്ടുവെന്നും പാര്‍ട്ടിയുടെയും എഐവൈഎഫിന്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഒട്ടനവധി പരാതികള്‍ സിപിഐ സംസ്ഥാന നേതൃത്വത്തിന് നല്‍കിയതാണെന്നും എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു.
◾ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരം കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക്. സിഐ റാങ്കിലുള്ള ആസാദ് എം പി, ശിവകുമാര്‍ വി.ആര്‍, സുമേഷ് ടി.പി, ബിനിഷ് ലാല്‍ കെ.വി എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്‌കാരം.
◾ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷന്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി വേര്‍പ്പെട്ട നിലയിലാണ്. സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയില്‍വേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്. ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്. മുണ്ടും ഷര്‍ട്ടും ചെരിപ്പും അസ്ഥികൂടത്തില്‍ നിന്ന് വേര്‍പ്പെട്ടിട്ടില്ല. ഇതാണ് പുരുഷന്റെതാണെന്ന് സംശയിക്കാന്‍ കാരണം. മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.
◾ രജത ജൂബിലി നിറവിലെത്തിയ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ അഥവാ കിഫ്ബിയുടെ ആഘോഷ പരിപാടികള്‍ ഇന്ന് വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിള്‍ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പദ്ധതി നിര്‍വഹണ ഏജന്‍സികള്‍, കരാറുകാര്‍, മത്സര വിജയികള്‍ തുടങ്ങിയവര്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യും.
◾ വിഴിഞ്ഞം കരിച്ചയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. പുല്ലുവിള കരിച്ചല്‍ കല്ലുവിള ശാരദാ സദനത്തില്‍ അര്‍ച്ചനേന്ദ്ര (26) യാണ് മരിച്ചത്. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ ഭുവനേന്ദ്ര(22)നും കിണറ്റില്‍ വീണിരുന്നു. ഇയാളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്ന് 3000 കോടിയിലധികം രൂപ തട്ടിയെടുത്ത ഡിജിറ്റല്‍ അറസ്റ്റ് കേസുകളുടെ വ്യാപ്തിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീം കോടതി. കര്‍ശനവും കഠിനവുമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചില്ലെങ്കില്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നും ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്നും കോടതിവ്യക്തമാക്കി.
◾ കര്‍ണാടകയില്‍ യുവതിക്ക് നേരെ പൊലീസ് അതിക്രമം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ സുന്ദരി ബീവി (34)ക്കാണ് പൊലീസിന്റെ മര്‍ദനമേറ്റത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ വരത്തൂര്‍ പൊലീസിനെതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ പൊലീസ് മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റ സുന്ദരി ബീവി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയുടെ ഓഫീസ് ഇടപെടുകയും കര്‍ണാടക സര്‍ക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.
◾ നഗരത്തിലെ മാലിന്യസംസ്‌കരണം കൂടുതല്‍ ഫലപ്രദമാക്കാന്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള പദ്ധതിക്ക് രൂപം നല്‍കി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ്. തെരുവുകളില്‍ മാലിന്യം തളളുന്നവരുടെ വീഡിയോ പങ്കിടുന്നവര്‍ക്ക് 250 രൂപ പ്രതിഫലം നല്‍കുകയെന്നതാണ് പുതിയ പദ്ധതി.
◾ കര്‍ണാടകയിലെ ചിക്കനായകനഹള്ളിയില്‍ തെരുവ് നായയോട് കൊടും ക്രൂരത. ബെംഗളൂരു ചിക്കനായകനഹള്ളിയിലെ തൊഴിലാളികള്‍ കഴിയുന്ന ഷെഡ്ഡിന് സമീപത്ത് നായയെ ഒരു സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരിലെ മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയലാണ് ക്രൂരത പുറം ലോകം അറിയുന്നത്.
◾ റഷ്യ -യുക്രൈയിന്‍ യുദ്ധത്തില്‍ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിന്‍ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ സാഹില്‍ മജോത്തിയെ തിരിച്ചുകൊണ്ടുവരാന്‍ ഗൗരവമായ നടപടികള്‍ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിര്‍ദ്ദേശം. റഷ്യയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥിയെ വ്യാജ മയക്കുമരുന്ന് കേസില്‍ തടവിലാക്കി ഈ കേസ് ഒഴിവാക്കാന്‍ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്നാണ് വാദം.
◾ ജയ്പൂരിലെ ലോഹ മണ്ഡിയില്‍ ഡംപര്‍ ലോറി 17 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി 12 പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹര്‍മാഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. റോഡ് നമ്പര്‍ 14 ല്‍ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവേ പെട്രോള്‍ പമ്പിനടുത്ത് ലോറി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്.
◾ രാജ്യത്ത് അശ്ലീല വീഡിയോകള്‍ നിരോധിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രധാന പരാമര്‍ശവുമായി സുപ്രീം കോടതി. നേപ്പാളില്‍ ഭരണ അട്ടിമറിയിലേക്ക് നയിച്ച ജെന്‍സി പ്രതിഷേധങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയ നിരോധിച്ചത് കൊണ്ട് നേപ്പാളില്‍ എന്താണ് സംഭവിച്ചതെന്നും എന്തായിരുന്നു അതിന്റെ ഫലമെന്നും എല്ലാവരും കണ്ടതല്ലേ അതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
◾ മുപ്പത്തിരണ്ട് വര്‍ഷം പഴക്കമുള്ള മണി ഓര്‍ഡര്‍ തട്ടിപ്പ് കേസില്‍ വിരമിച്ച സബ് പോസ്റ്റ് മാസ്റ്ററെ മൂന്ന് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. പതിനായിരം രൂപ പിഴയും ചുമത്തി. ഹാപൂരിലെ പില്‍ഖുവ സ്വദേശി മഹേന്ദ്ര കുമാറിനെതിരെയാണ്, നോയിഡ ഗൗതം ബുദ്ധ നഗറിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മായങ്ക് ത്രിപാഠി ശിക്ഷ വിധിച്ചത്. 1993 ഒക്ടോബര്‍ 12 ന് ആരംഭിച്ച കേസിലാണ് വിധി.
◾ മുംബൈ വിമാനത്താവളത്തില്‍ 42 കോടിയിലേറെ വില വരുന്ന കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ബാംങ്കോക്കില്‍ നിന്ന് വന്ന രണ്ട യാത്രക്കാരാണ് ഞായറാഴ്ച അറസ്റ്റിലായത്. വലിയ രീതിയില്‍ ലഹരി എത്തുന്നതായുള്ള രഹസ്യ വിവരത്തേ തുടര്‍ന്ന് ഡിആര്‍ഐ പരിശോധന കര്‍ശനമാക്കിയിരുന്നു.
◾ ഇന്ത്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധിയെയും അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയും കുരങ്ങന്മാരെന്നു വിളിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. ഈ നേതാക്കന്മാരെ പപ്പു, ടപ്പു, അക്കു എന്നീ പേരുകള്‍ വിളിച്ചാണ് ആദിത്യനാഥ് അപമാനിച്ചത്. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ദര്‍ഭംഗയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
◾ രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂര്‍. കുടുംബമഹിമയ്ക്കല്ല, മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തില്‍ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കുടുംബ മഹിമ അടിസ്ഥാനമാക്കി അധികാരം നിര്‍ണയിക്കുമ്പോള്‍ ഭരണത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
◾ ബിഹാറില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ എന്‍ഡിഎ-ഇന്ത്യാ സഖ്യ നേതാക്കള്‍ക്കിടയില്‍ വാക്പോര് കടുക്കുന്നു. പാശ്ചാത്യ ആഘോഷങ്ങള്‍ ഏറ്റെടുക്കുന്ന ആര്‍ജെഡി ഛഠ് പൂജയെ അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. 20 കൊല്ലമായി ബിഹാറില്‍ ഒന്നും ചെയ്യാനാകാത്ത എന്‍ഡിഎ കള്ളപ്രചാരണം നടത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി തിരിച്ചടിച്ചു. തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂര്‍ അടക്കം 121 സീറ്റുകളിലേക്കുള്ള പ്രചാരണമാണ് ഇന്ന് അവസാനിക്കുക.
◾ ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഭോപ്പാല്‍ രാജ് ഭോജ് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി. 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്‍ഡിംഗിന് വിട്ടതെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവായുധങ്ങളുടെ പരീക്ഷണം സംബന്ധിച്ച് നല്‍കിയ ഉത്തരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്. ട്രംപിന്റെ ഉത്തരവില്‍ അണുസ്‌ഫോടനങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്നും, പകരം സിസ്റ്റം പരിശോധനകള്‍ മാത്രമാണ് നടത്തുകയെന്നും യുഎസ് വ്യക്തമാക്കി.
◾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പായെങ്കിലും പശ്ചിമേഷ്യയില്‍ യുദ്ധഭീഷണി ഒഴിയുന്നില്ല. ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
◾ താഴ്ന്ന വരുമാനക്കാരായ 42 ദശലക്ഷം അമേരിക്കക്കാര്‍ക്ക് ഭക്ഷ്യസഹായത്തിനുള്ള തുക ഭാഗികമായേ നല്‍കാനാകൂ എന്ന് വൈറ്റ് ഹൗസ് കോടതിയില്‍ അറിയിച്ചു. പൊതു സേവനങ്ങളെ തളര്‍ത്തുന്ന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ റെക്കോര്‍ഡ് ദൈര്‍ഘ്യത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണിത്. നിലവില്‍ 8 അമേരിക്കക്കാരില്‍ ഒരാള്‍ കുടുംബാവശ്യങ്ങള്‍ക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായി കഷ്ടപ്പെടുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
◾ യുപിഐ പ്ലാറ്റ്‌ഫോമിലെ ക്യുആര്‍ കോഡുകളുടെ എണ്ണം 67.8 കോടി കടന്നു. കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഇരട്ടിയിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2025-ന്റെ ആദ്യ പകുതിയില്‍ യുപിഐ വഴി നടന്ന ഇടപാടുകളുടെ മൂല്യം 143.3 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ദ്ധനവാണ് ഇത്. ഈ കാലയളവില്‍ ഇടപാടുകളുടെ എണ്ണം 35 ശതമാനം വര്‍ധിച്ച് 10,636 കോടി കടന്നു. ചെറിയ കടകളിലും ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും മറ്റ് സേവനങ്ങളിലും യു.പി.ഐ വ്യാപകമായതാണ് ഈ വളര്‍ച്ചയ്ക്ക് കാരണം. ഇടപാട് വോളിയത്തിലും കൈകാര്യം ചെയ്യുന്ന തുകയുടെ കാര്യത്തിലും ഫോണ്‍പേ, ഗൂഗിള്‍പേ, പേടിഎം എന്നീ മൂന്ന് യുപിഐ ആപ്പുകളാണ് ആധിപത്യം പുലര്‍ത്തുന്നത്. 2025 ജൂണ്‍ മാസത്തെ കണക്കനുസരിച്ച്, ഈ മൂന്ന് ആപ്പുകളും 90.4 ശതമാനം ഇടപാട് വോളിയം കൈകാര്യം ചെയ്തു.
◾ 'ഞാനൊരു പ്രവാചകനല്ല... പ്രവാചക പുത്രനുമല്ല... ഞാന്‍ ഒരു ആട്ടിടയന്‍ ആകുന്നു'. ജാഫര്‍ ഇടുക്കിയുടെ ഗംഭീര വോയിസ് മോഡുലേഷനോട് കൂടിയ ഈ ഡയലോഗോടെയാണ് 'ആമോസ് അലക്സാണ്ടര്‍ 'എന്ന ചിത്രത്തിന്റെ ട്രെയിലര്‍ തുടങ്ങുന്നത്. ജാഫര്‍ ഇടുക്കിയാണ് ആമോസ് അലക്സാണ്ടറായി ചിത്രത്തില്‍ എത്തുന്നത്. പൂര്‍ണ്ണമായും ഡാര്‍ക്ക് ക്രൈം ത്രില്ലര്‍ ജോണറില്‍ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്ത് മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കല്‍ നിര്‍മ്മിച്ച'ആമോസ് അലക്സാണ്ടര്‍' നവംബര്‍ 14ന് തിയറ്ററുകളില്‍ എത്തും. ഒരു മീഡിയ പ്രവര്‍ത്തകനായി അജു വര്‍ഗീസ് ഈ ചിത്രത്തില്‍ എത്തുന്നു. മാധ്യമപ്രവര്‍ത്തനത്തിനിടയിലാണ് ആമോസ് അലക്‌സാണ്ടറെ ഇയാള്‍ കണ്ടു മുട്ടുന്നത്. പിന്നീടുണ്ടാവുന്ന അവിചാരിത സംഭവങ്ങളാണ് 'ആമോസ് അലക്സാണ്ടര്‍'ലൂടെ പറയുന്നത്. നായികയായെത്തുന്നത് പ്രശസ്ത മോഡലും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ താര അമല ജോസഫ്. കലാഭവന്‍ ഷാജോണ്‍. ഡയാനാ ഹമീദ്, സുനില്‍ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല, നാദിര്‍ഷ എന്നിവര്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
◾ വമ്പന്‍ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത 'എക്കോ'യുടെ ടീസര്‍ പുറത്ത്. കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവയ്ക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി അഭിനയിച്ചിരിക്കുന്നത്. ഏറെ മിസ്റ്ററികള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. കഥാവഴിയില്‍ മൃഗങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം വരുന്ന ഈ ചിത്രത്തിലും മൃഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങള്‍ ഉള്ള ഈ അനിമല്‍ ട്രിയോളജിയിലെ അവസാന ഭാഗം എന്നും 'എക്കോ' യെ വിശേഷിപ്പിക്കാം. 'പടക്കളം' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്.
◾ ഉത്സവ സീസണില്‍ ഹോണ്ട കാര്‍സ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചു. 2025 ഒക്ടോബറില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 15.3 ശതമാനം വര്‍ധിച്ച് 6,394 യൂണിറ്റായി, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിറ്റഴിച്ചത് 5,546 യൂണിറ്റുകളായിരുന്നു. സിറ്റി, അമേസ്, എലിവേറ്റ് തുടങ്ങിയ ഹോണ്ട കാറുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ അതിവേഗം ജനപ്രീതി നേടുന്നുവെന്ന് ഈ വളര്‍ച്ച വ്യക്തമാക്കുന്നു. ഒക്ടോബറില്‍ കമ്പനി 4,124 യൂണിറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ഇതോടെ മൊത്തം വില്‍പ്പന 10,518 യൂണിറ്റുകള്‍ ആയി. തുടര്‍ച്ചയായ രണ്ടാം മാസവും കമ്പനിയുടെ ശക്തമായ ഇരട്ട അക്ക വളര്‍ച്ചയാണിത്. ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ ഹോണ്ട സിറ്റി ഉപഭോക്താക്കളുടെ പ്രിയങ്കരമായി തുടരുന്നു. അതേസമയം, ചെറിയ നഗരങ്ങളിലും രണ്ടാം നിര വിപണികളിലും ഹോണ്ട അമേസ് വിശ്വസനീയമായ ഒരു സെഡാന്‍ ആണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പുതിയ എസ്യുവി മോഡലായ ഹോണ്ട എലിവേറ്റ് പുറത്തിറങ്ങിയതിനുശേഷം ശ്രദ്ധ പിടിച്ചുപറ്റി. മൂന്ന് മോഡലുകള്‍ക്കും ശക്തമായ ഡിമാന്‍ഡ് കമ്പനിയുടെ വില്‍പ്പനയില്‍ ശക്തമായ കുതിച്ചുചാട്ടത്തിന് കാരണമായി.
◾ മനുഷ്യന്റെ സ്വാഭാവികമായ ജീവിതചര്യകള്‍ക്കുമേല്‍ നിയന്ത്രണങ്ങളുടെ താഴിട്ടു മുറുക്കിയ ആ ഇരുളടഞ്ഞ ദിനങ്ങളില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഈ കഥാപരിസരം ഓര്‍മ്മപ്പെടുത്തുന്നു ഭാര്യയുടെ മരണം തീര്‍ത്ത ഒറ്റപ്പെടലില്‍ നിന്നും സൗഹൃദത്തിന്റെ പിന്‍ബലത്തോടുകൂടി അവളുടെ ഓര്‍മ്മകള്‍ സ്വരുക്കുട്ടിവെച്ച മനസ്സുമായി ഒരു റിസോര്‍ട്ടിന്റെ പണിപ്പുരയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജു എന്ന കഥാപാത്രത്തിലൂടെയാണ് ഈ കഥയുടെ ഉടനീള സഞ്ചാരം, സാമൂഹിക, സാംസ്‌കാരിക ചിന്തകളിലും സാമ്പത്തികനയങ്ങളിലും തുടങ്ങി വിഷയാധിഷ്ഠിതമായ നിരവധി ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ ഒരു കൂട്ടായ്മ ഒട്ടുമേ കലര്‍പ്പില്ലാതെ പങ്കുവെച്ച അവരുടെ സ്നേഹത്തിന്റെ ബാക്കിപത്രമാണീ നോവല്‍. 'അനുരാധ റിസോര്‍ട്ട്'. ഡോ. സി രവീന്ദ്രന്‍ നമ്പ്യാര്‍. ഗ്രീന്‍ ബുക്സ്. വില 218 രൂപ.
◾ നമ്മുടെ ശരീരത്തിലെ മെറ്റബോളിസം, ഇമ്മ്യൂണിറ്റി പ്രതികരണങ്ങള്‍, സമ്മര്‍ദം എന്നിവയെ ക്രമീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോള്‍. ഇവയെ സ്ട്രെസ് ഹോര്‍മോണ്‍ അല്ലെങ്കില്‍ സമ്മര്‍ദ ഹോര്‍മോണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. അഡ്രീനല്‍ ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്ന ഈ ഹോര്‍മോണിന്റെ അളവു വര്‍ധിക്കുന്നത് എന്നാല്‍ ആരോഗ്യ സങ്കീര്‍ണതകള്‍ ഉണ്ടാക്കാം. വിട്ടുമാറാത്ത സമ്മര്‍ദമാണ് ശരീരത്തില്‍ കോര്‍ട്ടിസോള്‍ അളവു അമിതമാകാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ശരീരഭാരം വര്‍ധിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നു എന്നതിന്റെ പ്രകടമായ ഒരു ലക്ഷണമാണ്. വിട്ടുമാറാത്ത ക്ഷീണവും അമിതമായ ഉറക്കവും ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഉയരുന്നതിന്റെ ലക്ഷണമാകാം. ഇത് മാനസികനില അസ്വസ്ഥപ്പെടുത്തുകയും ഉത്കണ്ഠ, വിഷാദം പോലുള്ളവയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്താം. പതിവായി കോര്‍ട്ടിസോള്‍ അളവു കൂടുന്നത് അസുഖങ്ങള്‍ പെട്ടെന്ന് പിടിപ്പെടാന്‍ കാരണമാകുന്നു. ചിലര്‍ക്ക് മുറിവുകള്‍ ഉണങ്ങാനും താമസം ഉണ്ടാകാം. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ശരീരത്തിന് രോഗാണുക്കള്‍, അണുബാധ എന്നിവയെ ചെറുക്കാനുള്ള ശേഷി കുറയ്ക്കുന്നു. ഉയര്‍ന്ന കോര്‍ട്ടിസോള്‍ അളവു ചര്‍മത്തിന്റെയും മുടിയുടെയും പേശികളുടെയും ആരോഗ്യത്തെ ബാധിക്കുന്നു. മുഖക്കുരു കോര്‍ട്ടിസോള്‍ വര്‍ധനവിന്റെ മറ്റൊരു ലക്ഷണമാണ്. മുടിയുടെ കട്ടി കുറയുന്നതും പേശികള്‍ ദുര്‍ബലമാകുന്നതും കോര്‍ട്ടിസോളിന്റെ അളവു വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
90 കളുടെ തുടക്കം. സച്ചിനും വിനോദ് കാംബ്ലിയും മുംബയ് ക്രിക്കറ്റില്‍ നിന്ന് വന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങ് വാഴുമ്പോള്‍ ഒരാള്‍ പുറത്ത് അവസരം കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.. അമോല്‍ മജുംദാര്‍... മജുംദാറിന്റെ ക്രിക്കറ്റ് പാഠങ്ങള്‍ ആരംഭിച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറെയും വിനോദ് കാംബ്ലിയേയും രൂപപ്പെടുത്തിയ ഇതിഹാസ പരിശീലകന്‍ രമാകാന്ത് അച്ചരേക്കറില്‍ നിന്ന് തന്നെയായിരുന്നു.. തൊണ്ണൂറുകള്‍ മുതല്‍ രണ്ടു പതിറ്റാണ്ടിലേറെ സ്ഥിരതയോടെ റണ്‍സ് വാരിക്കൂട്ടിയ ആഭ്യന്തര ക്രിക്കറ്റിലെ ഈ രാജകുമാരന് പക്ഷേ, ഒരിക്കല്‍ പോലും ദേശീയ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി അണിയാന്‍ ഭാഗ്യമുണ്ടായില്ല.. 1988 ല്‍ സച്ചിനും കാംബ്ലിയും സ്‌കൂള്‍ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡായ 664 റണ്‍സന്റെ കൂട്ടുകെട്ട് തീര്‍ത്തപ്പോള്‍ അടുത്തതായി ക്രീസിലിറങ്ങാന്‍ പാഡണിഞ്ഞ് കാത്തിരുന്നത് അമോല്‍ മജുംദാറായിരുന്നു.. ബാറ്റുമായുളള ആ അനന്തമായ കാത്തിരിപ്പ് ഒരുപക്ഷേ, അദ്ദേഹത്തിന്റെ കരിയറിന്റെ പ്രതീകമായി മാറി. ഫസ്റ്റ് -ക്ലാസ്സ് ക്രിക്കറ്റിലേക്കുളള അദ്ദേഹത്തിന്റെ അരങ്ങേറ്റം അവിസ്മരണീയമായിരുന്നു. 1993-94 രജ്ഞിട്രോഫിയില്‍ ഹരിയാനക്കെതിരെ ബോംബെക്ക് വേണ്ടിയിറങ്ങിയ മജുംദാര്‍ നേടിയത്, പുറത്താകാതെ 260 റണ്‍സ്. ഫസ്റ്റ് - ക്ലാസ്സ് ക്രിക്കറ്റ് അരങ്ങേറ്റത്തില്‍ ഒരു കളിക്കാരന്‍ നേടുന്ന ലോക റെക്കോര്‍ഡ് ആയിരുന്നു അത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന അദ്ദേഹം രാഹുല്‍ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കുമൊപ്പം ഇന്ത്യ എ ടീമിലും കളിച്ചു. പക്ഷേ, ഒരിക്കല്‍ പോലും ദേശീയ ടീമില്‍ എത്തിയില്ല.. കളിച്ച 171 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിലെ 260 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 11,167 റണ്‍സുകളാണ്.. ഇതില്‍ 30 സെഞ്ച്വുറികളും, 60 അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടും.. 2013 ല്‍ വിരമിച്ച ശേഷം മജുംദാര്‍ പരിശീലക വേഷത്തിലേക്ക് മാറി.. 2023 ഒക്ടോബറില്‍ ഇന്ത്യന്‍ വനിതാ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി അദ്ദേഹം നിയമിതനായി.. അമോല്‍ മജുംദാറിന് ഒരു കളിക്കാരനെന്ന നിലയില്‍ തന്റെ സ്വപ്നം ഒരിക്കലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍ ഇന്ന് അദ്ദേഹം അതിലും വലിയ ഒരു സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ലോക കീരീടം അണിയിക്കാന്‍ പരിശീലകന്‍ എന്ന നിലയില്‍ മജുംദാറിന് സാധിച്ചിരിക്കുന്നു. കാലം ഒന്നും ബാക്കിവെക്കാതെ കടന്നുപോയിട്ടില്ല. അല്പം വൈകിയാണെങ്കിലും കാലം ആ മഹാനായ കളിക്കാരന് നല്‍കിയ നീതിയുക്തമായ പരിഹാരമായിരുന്നു ആ കീരീടം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍