മയക്കുമരുന്ന് കടത്ത്; കുവൈത്തിൽ രണ്ട് പ്രവാസി ഇന്ത്യക്കാർക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: മാരകമായ മയക്കുമരുന്നുകൾ രാജ്യത്തേക്ക് കടത്തിയ കേസിൽ രണ്ട് ഇന്ത്യക്കാർക്ക് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ജഡ്ജി ഖാലിദ് അൽ താഹൂസ് അധ്യക്ഷനായ ബെഞ്ചാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഇവരിൽ നിന്ന് വൻതോതിൽ ലഹരിമരുന്നുകൾ പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുവൈത്തിലെ ഷുവൈഖ്, കൈഫാൻ എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് 14 കിലോഗ്രാം ശുദ്ധമായ ഹെറോയിൻ, 8 കിലോഗ്രാം മെത്താംഫെറ്റാമൈൻ, ലഹരിമരുന്ന് അളക്കാനുള്ള രണ്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ സഹിതം പ്രതികളെ പിടികൂടുന്നത്. കുവൈത്തിനുള്ളിൽ വിതരണം ചെയ്യാനായി രാജ്യത്തിന് പുറത്തുള്ള സംഘത്തിൽ നിന്നാണ് ഇവർ ലഹരിമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

പിടികൂടിയ ഇന്ത്യക്കാർ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ലഹരിമരുന്ന് കടത്തിനെതിരെ കുവൈത്ത് നടത്തുന്ന ശക്തമായ നിയമനടപടികളുടെ ഭാഗമായാണ് ഈ വിധി. വിദേശത്ത് നിന്നുൾപ്പെടെ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളെ അമർച്ച ചെയ്യാൻ രാജ്യം കർശനമായ പരിശോധനകളും ശിക്ഷാ രീതികളുമാണ് നടപ്പിലാക്കി വരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍