ഇന്നത്തെ പ്രധാന വാർത്തകൾ


സംസ്ഥാന ബജറ്റ് ഇന്ന്

🟦തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ രാവിലെ ഒൻപത് മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ് ആയതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും.ക്ഷേമപെൻഷൻ വർധിപ്പിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുന്നുണ്ട്. ചില വൻകിട വ്യവസായ പദ്ധതികൾക്കും സാധ്യതയുണ്ട്. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ് എന്നാണ് കരുതുന്നത്.

പേരാമ്പ്രയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കൊടുവള്ളി സ്വദേശികള്‍ അറസ്റ്റില്‍

🟦പേരാമ്പ്രയില്‍ കാറില്‍ കടത്തുകയായിരുന്ന 72.60 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ കൊടുവള്ളി സ്വദേശികളായ അലി ഇര്‍ഷാദ് , സഫ്വാന്‍  എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. കോഴിക്കോട് റൂറല്‍ എസ് പി. ഫറാഷ് ഐപിഎസിന് കിട്ടിയ വിവരപ്രകാരം ഡാന്‍സഫ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പോലിസ് കാറിനെ പിന്‍തുടര്‍ന്ന് എത്തുകയും വാഹനം തടഞ്ഞു നിര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടി പോലിസ് ജീപ്പിലേക്ക് മാറ്റി. ബാംഗ്ലൂരില്‍ നിന്നും കൊടുവള്ളിയിലേക്ക് കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. കാറിനകത്ത് ഡ്രൈവര്‍ സീറ്റിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു.

കന്യാസ്ത്രീകൾ ഉൾപ്പെടെ അർഹരായ സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യം, സുപ്രധാന തീരുമാനവുമായി സർക്കാർ

🟦തിരുവനന്തപുരം: മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ പ്രത്യേക പദ്ധതിക്ക് അംഗികാരം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലേതാണ് തീരുമാനം.

അവിവാഹിതരായ 50 വയസ്സിൽ കൂടുതൽ പ്രായമുള്ള ശമ്പളം, പെൻഷൻ, സർക്കാരിന്‍റെ മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കാത്ത സ്ത്രീകളെ പ്രത്യേക വിഭാഗമായി കണക്കാക്കും. ഇവർക്ക് 2001 ലെ ഉത്തരവ് പ്രകാരം അനുവദിച്ചിട്ടുള്ള പെൻഷൻ അനുവദിക്കുന്നതിന് പൊതുവിൽ നിർബന്ധമാക്കിയിട്ടുള്ള വരുമാന സർട്ടിഫിക്കറ്റ്, അവിവാഹിത സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി നൽകും. പകരം പ്രത്യേക അപേക്ഷ ഫോറം അംഗീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു.

🟦താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് ഓടിച്ചകാർ മൂന്നു വാഹനങ്ങളിൽ ഇടിച്ചു.
താമരശ്ശേരി ച്ചുങ്കം കോപ്പർ കിച്ചണിന് മുൻവശമാണ് അപകടം. അശ്രദ്ധമായി വന്ന കാർ മറ്റൊരു കാറിന് പിന്നിലും,  റോഡരികിൽ ഉണ്ടായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൻ്റെ മുകളിൽ പതിച്ചു.വൈത്തിരി സ്വദേശിയായ യുവാവ് അമ്പായത്തോട് ബാറിൽ നിന്നും മദ്യപിച്ച് ഇറങ്ങിയതാണെന്ന് നാട്ടുകാരോടും, പോലീസിനോടും സമ്മദിച്ചു. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഓടിച്ചകാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കൊടുവള്ളിയിൽ കഞ്ചാവ് ചെടി കണ്ടെത്തി.

🟦കൊടുവള്ളി:കൊടുവള്ളി സർവീസ് സഹകരണ ബാങ്കിന്റെ  സമീപം പണി നടന്നുകൊണ്ടിരിക്കുന്ന ഇരു നില കെട്ടിടത്തിന്റെ പരിസരത്ത് പൊതുസ്ഥലത്തുനിന്ന്   210 cm ഉയരമുള്ള പൂർണ വളർച്ച എത്തിയ കഞ്ചാവ് ചെടി എക്സൈസ് സഘം കണ്ടെത്തി.  

 കഞ്ചാവ് ചെടി  കണ്ടെത്തിയത്.  എക്സൈസ് NDPS കേസ് എടുത്തു.
സംഭവസ്ഥലം പൊതുസ്ഥലം ആയതിനാൽ ആരെയും പ്രതി സ്ഥാനത്ത് ചേർത്തിട്ടില്ല.  തൊണ്ടിമുതലും ,രേഖകളും  താമരശ്ശേരി എക്സൈസ്  റേഞ്ച് ഓഫീസിൽ ഹാജരാക്കി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി  എൻ കെ യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ ഗിരീഷ് കെ , PO(ഗ്രേഡ്) ഷിഞ്ചുകുമാർ,CEO അജിത്ത് എന്നിവരും ഉണ്ടായിരുന്നു