പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബൈക്കില്‍ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കയറ്റി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ് വിധിച്ചു. പേരാമ്പ്ര തണ്ടോപാറ സ്വദേശി സായൂജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 17,000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

2024 ഫെബ്രുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷന്‍ ക്ലാസിലേക്ക് പോകാനായി ലാസ്റ്റ് കല്ലോട് ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു എസ്എസ്എല്‍സി വിദ്യാര്‍ഥിനി. ഈ സമയം ബൈക്കിലെത്തിയ സായൂജ്, ട്യൂഷന്‍ സെന്ററില്‍ ഇറക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്.

പേരാമ്പ്ര പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കൃത്യമായ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ വേളയില്‍ 10 സാക്ഷികളെ കോടതി വിസ്തരിച്ചു. 19 പ്രധാന രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മനോജ് അരൂര്‍ കോടതിയില്‍ ഹാജരായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഈ വിധി.