അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം; സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ സമരത്തിലേക്ക്

തൃശൂർ: അടിസ്ഥാന ശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്വകാര്യ ആശുപത്രി നഴ്സുമാർ സമരത്തിലേക്ക്.  കഴിഞ്ഞ എട്ട് വർഷത്തോളമായി ശമ്പളം പരിഷ്കരിക്കാത്തതിൽ പ്രതിഷേധിച്ചാണ് നഴ്സുമാർ സമരത്തിനിറങ്ങുന്നത്. ഫെബ്രുവരി 21 മുതൽ സൂചന പണിമുടക്ക് നടക്കും.

നഴ്സുമാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് സമരം നീങ്ങുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. സമരം നടക്കുന്ന ദിവസം അത്യാഹിത വിഭാഗത്തിലും വാർഡിലും മൂന്നിലൊന്ന് നഴ്സുമാർ മാത്രമായിരിക്കും ഉണ്ടാവുക. 

കഴിഞ്ഞ അഞ്ച് വർഷമായി അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. പുതുക്കിയ ശമ്പളം നൽകാനായി ചില സ്വകാര്യ ആശുപത്രികൾ സമ്മതം അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉത്തരവ് സർക്കാർ പുറത്തിറക്കണമെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. ഈ ഉത്തരവ് പുറത്തിറക്കാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നും യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍