പ്രഭാത വാർത്തകൾ
04-02-2026 ബുധൻ
🟨യുഎസ് വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാൻ ഡ്രോൺ വെടിവെച്ചിട്ടു
ദുബായ്: അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ വെടിവെച്ചിട്ടു. യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിന് നേരെ പറന്നുവന്ന ഡ്രോണിനെയാണ് അത്യാധുനിക എഫ്-35സി യുദ്ധവിമാനം തകർത്തത്.
വിമാനവാഹിനി കപ്പലിന് തൊട്ടടുത്തേക്ക് അതിവേഗം പാഞ്ഞടുത്ത ഡ്രോൺ കപ്പലിന്റെയും സൈനികരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പിന്തിരിയാൻ പലതവണ റേഡിയോ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രോൺ ലക്ഷ്യത്തിൽ നിന്ന് മാറിയില്ല.
കപ്പലിൽ നിന്ന് പെട്ടെന്ന് പറന്നുയർന്ന എഫ്-35 വിമാനം ആകാശത്തു വെച്ച് ഡ്രോണിനെ നേരിടുകയായിരുന്നു. ഇറാൻ നിർമ്മിതമായ ഷാഹെദ് വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തതെന്നാണ് പ്രാഥമിക വിവരം. ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ എണ്ണക്കപ്പലിനെ തടയാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയും എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്ക തുരത്തി.
*🟨എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല: റഷ്യ*
മോസ്കോ: എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്.
ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകന്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
*🟨യുദ്ധഭീതിക്കിടെ ആണവ ചർച്ചകൾക്ക് വഴിതുറക്കുന്നു*
ഇസ്താംബൂൾ: പശ്ചിമേഷ്യയിൽ സൈനിക സംഘർഷം പുകയുന്നതിനിടയിലും, ഇറാന്റെ ആണവ പരിപാടിയെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ നിർണായക നയതന്ത്ര നീക്കങ്ങൾ ആരംഭിക്കുന്നു. ഈ വരുന്ന വെള്ളിയാഴ്ച തുർക്കിയിലെ ഇസ്താംബൂളിൽ അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിലാകും ചർച്ചകൾ നടക്കുകയെന്നാണ് സൂചന. 2025-ൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കമാണിത്.
ഇറാനുമായി ഒരു "നല്ല കരാർ" ഉണ്ടാക്കാൻ താൻ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഭീഷണികളില്ലാത്ത സാഹചര്യത്തിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു. തങ്ങളുടെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും ആണവായുധങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ചു.
തുർക്കി, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഈ ചർച്ചകൾക്കുള്ള കളമൊരുങ്ങുന്നത്. മേഖലയിലെ സംഘർഷം ഒരു പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ ഈ ചർച്ചകൾക്ക് സാധിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. അറേബ്യൻ കടലിൽ സൈനിക പ്രകോപനങ്ങൾ തുടരുന്നുണ്ടെങ്കിലും, നയതന്ത്ര തലത്തിൽ ചർച്ചകൾക്ക് വഴിതുറക്കുന്നത് ലോകരാജ്യങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
*🟨"എയിംസ് ഇപ്പോ കിട്ടിപ്പോയി എന്നമട്ടിലായിരുന്നു കേന്ദ്രസമീപനം; ഇ ശ്രീധരൻ മുൻപും പല ഓഫീസ് തുടങ്ങി"*
തൃശൂർ: രാജ്യത്തിന് എല്ലാ അർത്ഥത്തിലും അഭിമാനിക്കാൻ കഴിയുന്ന സംസ്ഥാനമെന്ന നിലയിൽ മുന്നോട്ടുപോകുന്ന കേരളത്തോട്, കേന്ദ്രസർക്കാർ തികഞ്ഞ അവഗണനയാണ് വെച്ചുപുലർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇത് ബോധ്യപ്പെട്ടു. ബജറ്റിൽ കേരളത്തെക്കുറിച്ചുള്ള പരാമർശം പോലും ഇല്ലെന്ന് തന്നെ പറയാം. ബജറ്റിന് തലേദിവസം കേന്ദ്ര ധനകാര്യ വകുപ്പ് പാർലമെന്റിൽ അവതരിപ്പിച്ച ഇക്കണോമിക് സർവെയിൽ കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞിരുന്നു. പക്ഷേ അത്തരം നേട്ടങ്ങൾ ബജറ്റിലുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ ജാഥ ചേലക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എയിംസ് രാജ്യത്ത് പലയിടത്തും വന്നു. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികം വന്നു. കേരളം ദീർഘകാലമായി എയിംസ് ആവശ്യപ്പെടുന്നുണ്ട്. അത് അന്യായമായ ആവശ്യമാണെന്ന് ഒരു കേന്ദ്രസർക്കാരും പറഞ്ഞിട്ടില്ല. നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം നിർദേശിച്ചത്. എവിടെ വേണമെന്നത് പ്രത്യേകമായി ചൂണ്ടിക്കാണിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോൾ കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കാമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. പല തവണ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് ആവശ്യം ഉന്നയിച്ചു. എയിംസ് ആവശ്യപ്പെടുമ്പോഴൊക്കെ ഇപ്പോ കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു കേന്ദ്രസർക്കാരിന്റെ സമീപനം. പക്ഷേ ഓരോ വർഷവും കേരളത്തിന് നിരാശയാണ് ഫലം. അത് തന്നെ ഈ വർഷവും ആവർത്തിച്ചു."
"എയിംസിൽ മാത്രം ഒതുങ്ങുന്നതല്ല ഈ സമീപം. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഒരു പ്രത്യേക പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലുള്ളവർ പഴയ സ്പീഡിൽ യാത്ര ചെയ്താൽ മതിയെന്ന നിലപാപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതിന് പരിഹാരമായിട്ടാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ എന്ന പദ്ധതി കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അർധഅതിവേഗ ട്രെയിനായിരുന്നു പദ്ധതി. സാധാരണ ഗതിയിൽ കേരളം പോലൊരു സംസ്ഥാനത്തിന് അത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുക. പക്ഷേ, കേരളത്തിന് അംഗീകാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. തുടർന്ന്, കേന്ദ്രം അനുമതി നൽകുമ്പോൾ മുന്നോട്ടുപോകാം എന്ന സമീപനത്തിൽ സംസ്ഥാന സർക്കാരെത്തി. അപ്പോഴാണ് ഇ ശ്രീധരൻ രംഗത്തുവരുന്നത്. ഏത് പദ്ധതിയായാലും വേഗത്തിൽ പോകാനുള്ള ട്രെയിൻ വേണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ശ്രീധരൻ നൽകിയ രൂപരേഖ കേന്ദ്ര റെയിൽവെ മന്ത്രിയെ അറിയിച്ചു. പദ്ധതിയോട് കേന്ദ്രസർക്കാരിന് യോജിപ്പാണോ എന്ന് കേന്ദ്രമന്ത്രിയോട് ചോദിച്ചു. എന്നാൽ ഇതുവരേയേക്കും അതിന് മറുപടി നൽകിയിട്ടില്ല. എന്നാൽ ശ്രീധരൻ ഇപ്പോൾ ഓഫീസ് തുടങ്ങിയതായി കാണുന്നുണ്ട്. അദ്ദേഹം പല ഓഫീസ് മുൻപും തുടങ്ങിയതാണല്ലോ.- മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് അഞ്ച് അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചിട്ടും കേരളം ഇല്ല. എന്ത് തെറ്റാണ് കേരളം ചെയ്തത്? എന്തൊരു പകയാണ് കേരളത്തോട്? കേരളം ബിജെപിയെ അംഗീകരിക്കാത്തതിന്റെ വിദ്വേഷം ഇവിടുത്തെ ജനങ്ങളോട് കാട്ടുകയാണ്. ഫെഡറൽ സംവിധാനമാണ് ഇന്ത്യയിലേത്. എന്നാൽ ഫെഡറൽ തത്വം പൂർണമായും നിരാകരിക്കുകയാണ് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കുള്ള അധികാരം തന്നെ കവർന്നെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു."
*🟨"കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം വേണോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം*
തിരുവനന്തപുരം: ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ലെന്നിരിക്കെ, കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ അഡിക്ഷൻ നിയന്ത്രിക്കുന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്. ലോകത്തെ പല വികസിത രാജ്യങ്ങളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും കുട്ടികൾക്കായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളത്തിലും ഇത്തരം ചർച്ചകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഓടിക്കളിച്ചു വളരേണ്ട കുട്ടിക്കാലം മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങുന്നത് ശാരീരികവും മാനസികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഡിജിറ്റൽ ലോകത്തിന് അടിമപ്പെടുന്ന തലമുറ നാടിന്റെ ഭാവിക്ക് തന്നെ വലിയ വെല്ലുവിളിയാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും തടയുക എന്നതല്ല സർക്കാർ ലക്ഷ്യമിടുന്നത്, മറിച്ച് അതിന്റെ വിവേകപൂർണ്ണമായ ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലെ രീതികളെക്കുറിച്ചാണ് പ്രധാനമായും സർക്കാർ അഭിപ്രായം തേടുന്നത്. കുട്ടികൾക്കായി കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണ നിയമം കൊണ്ടുവരണോ അതോ രക്ഷിതാക്കളിലും കുട്ടികളിലും വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തിൽ പൊതുസമൂഹത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാം. നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താൻ എല്ലാവരുടെയും ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു."
*🟨ഗ്രീൻലാൻഡിൽ ആയുധങ്ങൾ വിന്യസിച്ചാൽ യുഎസിന് തിരിച്ചടി നൽകുമെന്ന് റഷ്യ*
മോസ്കോ: ഗ്രീൻലാൻഡിൽ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക മുന്നോട്ട് പോയാൽ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. ചൊവ്വാഴ്ച ചൈനയിലെ റഷ്യൻ എംബസിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അമേരിക്ക ഈ മേഖലയിലേക്ക് ആയുധങ്ങൾ എത്തിക്കാനോ അവരുടെ ഗോൾഡൻ ഡോം പദ്ധതി വിന്യസിക്കാനോ തീരുമാനിച്ചാൽ, അത് സൈനിക-സാങ്കേതിക പ്രതിരോധ നടപടികൾ ആവശ്യമായ ഒരു സാഹചര്യമായിരിക്കും. ഞങ്ങളുടെ വിദഗ്ധർ അതിന് പൂർണ സജ്ജരായിരിക്കും, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല."- സെർജി റിയാബ്കോവ് പറഞ്ഞു.
അമേരിക്കയുമായുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് റഷ്യയുടെ പ്രതികരണം. 2010ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ഡിമിത്രി മെദ്‌വദേവും ഒപ്പിട്ട 'ന്യൂ സ്റ്റാർട്ട്' കരാറിൽ, ഇരുരാജ്യങ്ങളും വിന്യസിക്കാവുന്ന ആണവവാഹക മിസൈലുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ട്. 2011 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന കരാർ, ജോ ബൈഡൻ അധികാരമേറ്റ ശേഷം 2021ൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
ദേശീയ സുരക്ഷാ കാരണങ്ങളെന്ന പേരിൽ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ആഗ്രഹം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഡെൻമാർക്കും ഗ്രീൻലാൻഡും മറ്റ് യൂറോപ്യൻ സഖ്യകക്ഷികളും ഇതിനെ ശക്തമായി എതിർക്കുകയാണ്. തന്റെ പദ്ധതികളെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു."
*🟨"മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി*
മുംബൈ: മുംബൈ വിമാനത്താവളത്തിൽ റൺവേയിലൂടെ നീങ്ങവെ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനവും ഇൻഡിഗോയുടെ എ320 വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.
എയർ ഇന്ത്യ വിമാനം കോയമ്പത്തൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് എത്തിയതായിരുന്നു ഇൻഡിഗോ വിമാനം. ചിറകുകൾ തമ്മിൽ ഉരസിയതിനെത്തുടർന്ന് രണ്ട് വിമാനങ്ങളും പരിശോധനയ്ക്കായി ബേയിലേക്ക് മാറ്റി.
രണ്ട് വിമാനങ്ങളുടെയും വലതു ചിറകിന്റെ അറ്റങ്ങൾ തമ്മിലാണ് കൂട്ടിമുട്ടിയത്. മുംബൈ ഡിജിസിഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്."
*🟨"ജനുവരിയിൽ മാത്രം കുവൈത്തിൽ നിന്ന് 3,500 പ്രവാസികളെ നാടുകടത്തി*
കുവൈത്ത് സിറ്റി: താമസവും തൊഴിലും സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പരിശോധനാ കാമ്പയിനുകളുടെ ഭാഗമായി, ജനുവരിയിൽ മാത്രം കുവൈത്തിൽ നിന്ന് ഏകദേശം 3,500 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിടിയിലായവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു.
രാജ്യത്തെ ജനസംഖ്യാ ക്രമീകരണത്തിന്റെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനകളിൽ താമസ അനധികൃത, തൊഴിൽ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, മറ്റ് നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ശേഷം നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, ഇത്തരം പരിശോധനാ കാമ്പയിനുകൾ വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസ, തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രവാസികൾക്ക് മന്ത്രാലയം വീണ്ടും നിർദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ പിഴ, തടവ്, നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി"
*🟨"ശനിയാഴ്‌ച കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും , കൊച്ചിൻ ക്യാൻസർ സെന്റർമുതൽ കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രംവരെ*
*ആരോഗ്യ മേഖലയിൽ ചരിത്രവികസനം ; 1800 കോടിയുടെ പദ്ധതികൾ
മുഖ്യമന്ത്രി നാടിന് സമർപ്പിക്കും*
തിരുവനന്തപുരം
കേരളത്തിന്റെ ആരോഗ്യമേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 1800 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം നാടിന് സമർപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊച്ചിൻ ക്യാൻസർ സെന്റർമുതൽ കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രംവരെയുള്ള വിപുലമായ പദ്ധതികളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. ഇത്രയേറെ ആരോഗ്യ പദ്ധതികൾ ഒരേസമയം പൂർത്തിയാകുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്‌ച കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. 643.88 കോടി ചെലവിലാണ് നിർമാണം. അവയവദാന രംഗത്തെ ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും പ്രവര്‍ത്തിക്കുക. മധ്യ കേരളത്തിലെ അർബുദ ചികിത്സാ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഒൻപതിന് മുഖ്യമന്ത്രി നിര്‍വഹിക്കും. 387 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് സിസിആര്‍സി യാഥാര്‍ഥ്യമാക്കിയത്.
"ആലപ്പുഴയിലെ ഹോംകോയുടെ രണ്ടാം ഘട്ടമായ ഗുളികകളും ഓയില്‍മെന്റുകളും നിര്‍മിക്കുന്ന 109.82 കോടിയുടെ ഫാക്ടറി 13നും മലപ്പുറം കോട്ടക്കുന്നില്‍ ഒരു കോടി ചെലവിൽ സജ്ജമാക്കിയ ഫുഡ് സ്ട്രീറ്റ് 14നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.
16ന് കോട്ടയം മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ബ്ലോക്കും (257 കോടി) 20ന് കണ്ണൂരിലെ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) യുടെ ഒന്നാംഘട്ടമായ 100 കിടക്കകളുള്ള ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റര്‍, ഔഷധസസ്യ നഴ്‌സറി ആൻഡ് റിസര്‍ച്ച് സെന്റർ എന്നിവയും മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ 242.42 കോടി രൂപ ചെലവഴിച്ച് 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിർമിച്ച 14 നില കെട്ടിടം 23നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും."
*🟨ഫെഡറേഷൻ കപ്പ് വോളി ; ഇന്ത്യൻ സർവകലാശാല
ടീമിൽ എട്ട് മലയാളികൾ*
മലപ്പുറം
ഛത്തീസ്‌ഗഢിലെ റായ്‌പൂരിൽ ആരംഭിച്ച ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ഇന്ത്യൻ സർവകലാശാലാ ടീമിൽ എട്ട് മലയാളികൾ. പുരുഷ ടീമിൽ മൂന്നും വനിതാ ടീമിൽ അഞ്ചും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പരിശീലകനായ നവാസ് വഹാബാണ് വനിതാ ടീമിന്റെ കോച്ച്. ചങ്ങനാശേരി അസംപ്‌ഷൻ കോളേജിലെ പരിശീലകനാണ്.
വനിതാ ടീമിൽ ആർ പവിത്ര, പി അനാമിക, അൽന രാജ്( അസംപ്‌ഷൻ കോളേജ്, ചങ്ങനാശേരി), റെബിറ്റി ജോസഫ്(സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട), ടി വി ചൈത്ര(ചെന്നൈ എസ്‌ആർഎം സർവകലാശാല) എന്നിവരാണുള്ളത്. പവിത്രയും അനാമികയും ചൈത്രയും ജർമനിയിൽ നടന്ന ലോക സർവകലാശാല ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗങ്ങളായിരുന്നു.
പവിത്ര കോഴിക്കോട് എൻഐടി വെള്ളലശേരി സ്വദേശിയും ചൈത്ര കോഴിക്കോട് കക്കോടിക്കാരിയുമാണ്. തലശേരി ന്യൂമാഹിയിലാണ് അനാമിക. അൽന രാജ് എറണാകുളത്താണ്. റെബിറ്റി പാലക്കാട് കിഴക്കഞ്ചേരിയിലാണ്.
പുരുഷ ടീമിൽ മലയാളി താരങ്ങളായ ജോയൽ ജോർജ്, കെ എസ് സുജിത്ത്, അൽജോ സാബു എന്നിവർ അംഗങ്ങളാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാർഥിയായ ജോയൽ -കോടഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് സായി സെന്ററിലെ താരമാണ്. സുജിത്ത് അരുവിത്തറ സെന്റ് ജോർജ് കോളേജിലെയും അൽജോ സാബു മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെയും താരമാണ്."
*🟨വനിതാ പ്രീമിയർ ലീഗ് ; ഡൽഹി x ബംഗളൂരു
ഫെെനൽ*
വഡോദര
വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് കിരീടത്തിനായി ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും നാളെ ഏറ്റുമുട്ടും. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് തുടർച്ചയായി നാലാം തവണയും ഡൽഹി കലാശപ്പോരിനെത്തിയത്.
*സ്-കോർ: ഗുജറാത്ത് 168/7; ഡൽഹി 169/3 (15.4)*
ഓപ്പണർമാരായ ലിസെല്ലെ ലീയും (43) ഷെഫാലി വർമയും (31) വിജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 23 പന്തിൽ 41 റൺ നേടി. ലൗറ വൂൾവാർഡ‍്റ്റ് 32 റണ്ണുമായി പുറത്തായില്ല.
ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്തിനെ ഓപ്പണർ ബെത്‌മൂണിയാണ് ഉയർത്തിയത്. 51 പന്തിൽ ആറ് ഫോർ അടക്കം 62 റണ്ണുമായി പുറത്താകാതെനിന്നു. ജോർജിയ വെയർഹാം 35 റണ്ണുമായി പിന്തുണച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 61 റണ്ണടിച്ചു.
ഡൽഹിക്കായി ചിനെല്ലി ഹെൻറി മൂന്ന് വിക്കറ്റെടുത്തു. നന്ദിനി ശർമക്ക് രണ്ട് വിക്കറ്റുണ്ട്. മിന്നുമണി ഒരു വിക്കറ്റ് നേടി. 25 റണ്ണാണ് ഡൽഹി എക്സ്ട്രാസായി നൽകിയത്.
*🟨"ഇന്ത്യക്ക് ഇന്ന് സെമി ; ഇംഗ്ലണ്ട് ഫൈനലിൽ*
ഹരാരെ
അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 27 റണ്ണിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തി. ഇന്ത്യ ഇന്ന് രണ്ടാം സെമിയിൽ അഫ്‌ഗാനിസ്ഥാനെ നേരിടും.
ഒന്നാം സെമിയിൽ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 277 റണ്ണെടുത്തു. ക്യാപ്‌റ്റൻ തോമസ് റൂ(110) സെഞ്ചുറി നേടി. ഓസീസ് 47.3 ഓവറിൽ 250 റണ്ണിന് പുറത്തായി. ക്യാപ്‌റ്റൻ ഒളിവർ പീക്(100) നേടിയ സെഞ്ചുറി പാഴായി. ഇംഗ്ലണ്ടിന് മൂന്നാം ഫൈനലാണ്. 1998ൽ ജേതാക്കളായി. 2022ൽ ഇന്ത്യയോട് തോറ്റു.
ഒറ്റക്കളിയും തോൽക്കാതെയാണ് അഞ്ച് തവണ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിലെത്തിയത്. അഫ്‌ഗാൻ ഒരു കളി തോറ്റു."
*🟨അലഹബാദ് ഹൈക്കോടതിയിൽ വിരമിച്ച ജഡ്ജിമാർക്ക് വീണ്ടും നിയമനം*
അലഹബാദ്: അലഹബാദ് ഹൈക്കോടതിയിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം. വിരമിച്ച അഞ്ച് ജഡ്ജിമാരെ അഡ്ഹോക്ക് ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം.
ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയിലെ 224 എ അനുച്ഛേദം പ്രയോഗിച്ചാണ് നടപടി. രണ്ട് വർഷത്തേക്ക് താത്കാലികമായാണ് നിയമനം. സുപ്രീംകോടതി കൊളീജിയം ചൊവ്വാഴ്ചയാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
ജസ്റ്റിസ് മുഹമ്മദ് ഫായിസ് ആലം ഖാൻ, ജസ്റ്റിസ് മുഹമ്മദ് അസ്ലം, ജസ്റ്റിസ് സയിദ് അഫ്താബ് ഹുസൈൻ റിസ്വി, ജസ്റ്റിസ് രേണു അഗർവാൾ, ജസ്റ്റിസ് ജ്യോത്സന ശർമ എന്നിവരെയാണ് അഡ്ഹോക്ക് ജഡ്ജിമാരായി നിയമിക്കാൻ തീരുമാനമായത്.
അലഹബാദ് ഹൈക്കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമായതോടെയാണ് നിയമനങ്ങൾ. എന്നാൽ കാലാവധി അവസാനിക്കുന്നതുവരെ അഡ്ഹോക്ക് ജഡ്ജിമാർക്ക് സ്ഥിരം ജഡ്ജിമാരുടെ അധികാരപരിധിയും പ്രത്യേകാവകാശങ്ങളും ഉണ്ടായിരിക്കും.
*🟨ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ അവ്യക്തം*
ന്യൂഡൽഹി: തീരുവയിൽ ആശ്വാസം നൽകുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ അവ്യക്തത. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലയിൽതട്ടി ഒരു വർഷത്തോളം സ്തംഭിച്ചു നിന്നിരുന്ന കരാർ പൊടുന്നനെ ധാരണയിലായതിനു പിന്നിൽ ചില നീക്കുപോക്കുകളുണ്ടോയെന്നാണു കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ സംശയിക്കുന്നത്.
വ്യാപാരക്കരാറിനു കീഴിൽ അമേരിക്ക ഇന്ത്യയിലേക്ക് കൂടുതൽ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നുള്ള അമേരിക്കൻ കാർഷികമേഖലയുടെ സെക്രട്ടറി ബ്രുക്ക് റോളിൻസിന്റെ എക്സിലെ പോസ്റ്റും കരാർ കാർഷികമേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നൽകുന്നുണ്ട്.
രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ ബാധിക്കുന്ന ഏതൊരു നയത്തിനെതിരേയും താൻ മതിൽപോലെ നിൽക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ തുടങ്ങിയ വിളകളും (ജിഎം ക്രോപ്സ്) പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനായി വിപണി തുറന്നുനൽകണമെന്നുള്ള അമേരിക്കയുടെ ആവശ്യത്തിന് ആഭ്യന്തര കാർഷിക-ക്ഷീര കർഷകരുടെ താത്പര്യങ്ങൾ മാനിച്ചായിരുന്നു ഇന്ത്യ മുഖം തിരിച്ചിരുന്നത്.
ഇന്ത്യയുടെ പ്രാദേശിക വിളകളുടെ ആവശ്യത്തിനും നിലനില്പിനും ഭീഷണിയാകുന്ന ജിഎം വിളകളുടെ കടന്നുവരവും ഇന്ത്യയിലെ പാലുത്പന്നങ്ങളിൽ 15 ശതമാനത്തോളം വിലക്കുറവിന് കാരണമാകുന്ന ക്ഷീര മേഖലയുടെ തുറന്നുനൽകലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതാണ്.
റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെ റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യ അതിശക്തമായി സംരക്ഷണം നൽകിയിരുന്ന കാർഷികമേഖല ഭാഗികമായി തുറന്നുനൽകി തെരഞ്ഞെടുത്ത ചില കാർഷികോത്പന്നങ്ങൾക്ക് തീരുവ കുറച്ചിട്ടുണ്ട്.
ഔദ്യോഗികരേഖകൾ അന്തിമമാകുന്നതേയുള്ളൂവെന്നും കാർഷിക-ക്ഷീര മേഖലകൾക്കു സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര വ്യവസായമന്ത്രി പിയൂഷ് ഗോയൽ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചെങ്കിലും ഇന്ത്യയുടെ ടെക്സ്റ്റൈൽ, ആഭരണ മേഖലകൾക്ക് വലിയ ഊർജമേകുന്ന കരാറിൽ ധാരണയിലെത്തുന്നതിന് രാജ്യത്തെ കാർഷികമേഖലയെ ബലിയാടാക്കിയോയെന്ന ചോദ്യം ബാക്കിയാകുന്നുണ്ട്.
*🟨മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം സർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുന്നു: മാർ താഴത്ത്*
ബംഗളൂരു: ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യ സന്ദർശിക്കാൻ നേരിട്ടും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി മുഖേനയും ക്ഷണിച്ചതായും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
സന്ദർശനത്തിന് വിപുലമായ തയാറെടുപ്പുകൾ അനിവാര്യമാണെന്നും സിബിസിഐ വാർഷിക ജനറൽ ബോഡി സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി മാർ താഴത്ത് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളിൽ ആശങ്കയുണ്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലാണ് ആക്രമണങ്ങൾ. ഇതിലുള്ള ആശങ്ക പ്രധാനമന്ത്രിയെ അടക്കം ധരിപ്പിച്ചിട്ടുണ്ട്. പല സംഭവങ്ങളിലും നീതി നിഷേധിക്കപ്പെടുകയും നീതി വൈകുകയും ചെയ്യുന്നു. പ്രത്യാക്രമണശൈലി ക്രൈസ്തവർക്കു പരിചിതമല്ല. ശത്രുക്കളോടും ക്ഷമിക്കാനാണ് ഈശോമിശിഹാ ഉദ്ബോധിപ്പിച്ചിട്ടുള്ളത്.
സഭയ്ക്ക് ആരോടും വിദ്വേഷമോ പകയോ ഇല്ല. ഇന്ത്യക്കാരായതിൽ രാജ്യത്തെ ക്രൈസ്തവർക്ക് അഭിമാനമുണ്ട്. ദേശീയ ഐക്യത്തിനായാണു സഭ നിലകൊള്ളുന്നത്. ക്രൈസ്തവസഭ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിരവധി സംഭാവനകൾ ചെയ്തിട്ടുണ്ട്. ഇനിയും അതു തുടരും -മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയന് മാർപാപ്പയെ സന്ദർശിക്കാൻ അനുമതി ലഭിച്ചതിനോടു പ്രതികരിക്കവെ, ഇത്തരത്തിൽ ആർക്കും സന്ദർശനാനുമതി ലഭിക്കുമെന്ന് ആർച്ച്ബിഷപ് പറഞ്ഞു. കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ചൊരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ല. വിഷയാധിഷ്ഠിത പിന്തുണയെന്നതാണു സഭയുടെ നിലപാട്. രാജ്യനിർമാണം, ന്യൂനപക്ഷ സംരക്ഷണം, ഭരണഘടനാസംരക്ഷണം എന്നിവ ഉറപ്പുവരുത്തണമെന്നു സഭയ്ക്ക് നിലപാടുണ്ട് -മാർ താഴത്ത് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങളെയും ഭരണഘടനാ മൂല്യങ്ങൾക്കെതിരായ വെല്ലുവിളികളെയും വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമങ്ങളെയുംകുറിച്ചുള്ള ആശങ്കകളും സമ്മേളനം ചർച്ച ചെയ്യുമെന്ന് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
*🟨മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നുണയൻ; ഇംപീച്ച് ചെയ്യണം: യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി മമത ബാനർജി*
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ മമത ബാനർജി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നുണ പറയുകയാണെന്നും അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും പരസ്യമായി ആവശ്യപ്പെട്ടു.
വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ തന്റെ ഭാഗം കേൾക്കാൻ കമ്മീഷൻ തയ്യാറായില്ലെന്ന് ആരോപിച്ചാണ് മമത ബാനർജി യോഗം ബഹിഷ്കരിച്ചത്. തനിക്ക് സംസാരിക്കാൻ അനുവദിച്ച സമയം വെട്ടിക്കുറച്ചതായും അവർ പരാതിപ്പെട്ടു.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മമത, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ 'നുണയൻ' എന്ന് വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ഇതിനായി പാർലമെന്റിൽ നടപടികൾ സ്വീകരിക്കാൻ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെടുമെന്നും മമത വ്യക്തമാക്കി. ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിന് കമ്മീഷൻ കൂട്ടുനിൽക്കുകയാണെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രധാന പരാതി.
വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ മമത ബാനർജി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ് ഈ നാടകീയ നീക്കങ്ങൾ. മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിൽ ഹാജരായി വാദിക്കാൻ തീരുമാനിച്ചതും കമ്മീഷനെതിരെ ഇംപീച്ച്മെന്റ് ആവശ്യപ്പെട്ടതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
*🟨ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ; സുസ്ഥിരമായ ക്ഷമയുടെ ഫലം: മോദി*
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ സുസ്ഥിരമായ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും ഫലമാണെന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി.
ലോകക്രമം മാറിമറിയുകയാണെന്നും അതിന്റെ സഞ്ചാരപഥം ഇന്ത്യയിലേക്ക് കൂടുതൽ ചായുകയാണെന്നും പാർലമെന്റിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.
ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ധാരണയായതിന്റെ പശ്ചാത്തലത്തിൽ നടന്ന യോഗത്തിൽ കരാർ സാധ്യമായതിനു നേതാക്കൾ മോദിയെ അഭിനന്ദിച്ചു. പാർലമെന്റിന്റെ അനക്സ് ബിൽഡിംഗിൽ നടന്ന യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും സന്നിഹിതനായിരുന്നു.
*🟨ബലാത്സംഗക്കുറ്റം നിഷേധിച്ച് ഹോയിബി*
ഓസ്ലോ: ബലാത്സംഗക്കുറ്റം നിഷേധിച്ച് നോർവെ രാജകുമാരിയുടെ മകൻ മാരിയസ് ബോര്‍ഗ് ഹോയിബി. ഓസ്ലോ കോടതിയിൽ ആരംഭിച്ച വിചാരണയുടെ ആദ്യ ദിവസംതന്നെ തനിക്കെതിരായ ബലാത്സംഗക്കുറ്റങ്ങൾ ഹോയ്ബി നിഷേധിച്ചു.
സ്ത്രീകളുടെ അശ്ലീലചിത്രങ്ങൾ ചിത്രീകരിച്ചത്, അടുത്ത ബന്ധങ്ങളിലെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചത് തുടങ്ങിയ കുറ്റങ്ങളാണു നിഷേധിച്ചത്. എന്നാൽ ലൈംഗിക അധിക്ഷേപ പെരുമാറ്റം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യം, ഡ്രൈവിംഗ് നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ 29കാരനായ ഹോയ്ബി കോടതിയിൽ സമ്മതിച്ചു. ആകെ 38 കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
ഹോയ്ബിക്കു രാജകുടുംബവുമായി ബന്ധമുണ്ടെങ്കിലും നിയമത്തിനു മുന്നിൽ തുല്യനായിരിക്കുമെന്ന് പ്രോസിക്യൂട്ടർ സ്റ്റുർല ഹെൻറിക്സ്ബോ പറഞ്ഞു. നോര്‍വെയുടെ ഭാവി രാജ്ഞിയായ മെറ്റെ മാരിറ്റ് രാജകുമാരിയുടെ മൂത്ത മകനാണ് ഹോയിബി.
രാജകുമാരിയും അമേരിക്കന്‍ ലൈംഗിക കുറ്റവാളി എപ്സ്റ്റെയിനുമായുള്ള ബന്ധം പുറത്തുവന്നതോടെ രാജകുടുംബം വിവാദത്തിലായിരുന്നു. ഇതിനൊപ്പമാണ്, ബലാത്സംഗം അടക്കമുള്ള കേസുകളില്‍ മകൻ വിചാരണ നേരിടുന്നത്.
*🟨ചർച്ചയ്ക്കു വാതിൽ തുറന്ന് ഇറാൻ*
ടെഹ്റാൻ: സംഘർഷഭീതി നിലനിൽക്കേ അമേരിക്കയുമായി ചർച്ചയ്ക്കു തയാറാണെന്ന് സൂചന നൽകി ഇറാൻ. അമേരിക്കയുമായി ന്യായവും നീതിയുക്തവുമായ ചർച്ചകൾ നടത്താൻ വിദേശകാര്യമന്ത്രിക്കു നിർദേശം നൽകിയതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു.
മേഖലയിലെ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെത്തുടർന്നാണ് തീരുമാനമെന്ന് പെസെഷ്കിയാൻ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ ചർച്ചകൾക്കുള്ള നിർദേശത്തോടു പ്രതികരിക്കാൻ സൗഹൃദരാജ്യങ്ങളുടെ അഭ്യർഥനകളെ മാനിച്ചാണു തീരുമാനം. ഭീഷണിയില്ലാത്ത അന്തരീക്ഷമുണ്ടാകുകയാണെങ്കിൽ മാന്യത, വിവേകം, കാര്യക്ഷമത എന്നിവ മുൻനിർത്തിയുള്ള നീതിയും ന്യായയുക്തവുമായ ചർച്ചകൾക്കു വിദേശകാര്യ മന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
എന്നാൽ, ചർച്ച സംബന്ധിച്ച് അമേരിക്കയുടെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായിട്ടില്ല. നേരത്തേ അമേരിക്കയുമായുള്ള ചർച്ച തള്ളിക്കളഞ്ഞ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്ചർച്ചയ്ക്ക് അനുമതി നൽകിയതിന്റെ സൂചനകൂടിയായി പ്രസിഡന്റിന്റെ പ്രസ്താവന. ഇരു രാജ്യങ്ങളെയും ചർച്ചയുടെ മേശയിലേക്ക് എത്തിക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ചത് തുർക്കിയാണെന്നാണ് അറിയുന്നത്. എന്നാൽ, ഇരു രാജ്യങ്ങളും കരാറിലെത്തുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ജൂണിൽ ഇറാനെതിരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങളിൽ ബോംബിംഗ് നടത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു.
പരോക്ഷ ചർച്ചകളായിരിക്കും ആദ്യം നടക്കുകയെന്നും പിന്നീട് കരാർ സാധ്യമാകുമെന്നു തോന്നിയാൽ നേരിട്ടുള്ള ചർച്ചകളിലേക്കു നീങ്ങുമെന്ന് ഖമനയ്യുടെ സുരക്ഷാ ഉപദേഷ്ടാവ് അലി ഷംഖാനി പറഞ്ഞു. ആണവ വിഷയങ്ങളിൽ മാത്രമായിരിക്കും ചർച്ച കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
ഇറാനുമായി ചർച്ച നടത്തുന്നുണ്ട്. എങ്ങനെ വരുമെന്ന് നമുക്കു കാണാം -ട്രംപ് പറഞ്ഞു. സൈനിക നടപടി സംബന്ധിച്ച ചോദ്യത്തിന് ചർച്ച നടക്കുന്നതു കാണാനാണ് ആഗ്രഹിക്കുന്നത്. ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞാൽ നല്ലത്. ഇല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
*🟨മെൽബണിൽ ഗാന്ധിപ്രതിമ കവർന്നു*
ന്യൂഡൽഹി: ഓസ്ട്രേലിയയിലെ മെൽബണിൽ സ്ഥാപിച്ചിരുന്ന ഗാന്ധിപ്രതിമ കവർച്ച ചെയ്യപ്പെട്ടു.
ഓസ്ട്രേലിയൻ ഇന്ത്യൻ കമ്യൂണിറ്റി സെന്ററിലുണ്ടായിരുന്ന വെങ്കല പ്രതിമയാണ് ജനുവരി 12ന് കവർന്നത്. സംഭവത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചു. 420 കിലോ തൂക്കമുള്ള പ്രതിമ അറത്താണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) സംഭാവന ചെയ്‌ത ഗാന്ധിപ്രതിമ 2021ൽ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ആണ് അനാച്ഛാദനം ചെയ്തത്.
*🟨🌏കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ സ്പെയിൻ*
ദുബായ്: 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നത് നിരോധിക്കുമെന്ന് സ്പെയിന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.
ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയ നിയന്ത്രിക്കാന്‍ വൈകാതെ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
*🟨"അങ്കമാലി – ശബരി റെയിൽ പാത ; സംസ്ഥാനം സ്ഥലമേറ്റെടുത്ത് നൽകും , വ്യവസ്ഥകൾ
അംഗീകരിക്കും : മന്ത്രി വി അബ്ദുറഹിമാൻ*
തിരുവനന്തപുരം
അങ്കമാലി – ശബരി റെയിൽ പാതക്ക് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. അങ്കമാലി –എരുമേലി ശബരി പദ്ധതി, ഗുരുവായൂർ–തിരുനാവായ പദ്ധതികൾ മരവിപ്പിച്ച തീരുമാനം റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. കേരളത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണു ശബരി റെയിൽപാത. രണ്ടു പദ്ധതികൾക്കും വേണ്ട സഹായം കേരളം ചെയ്യും. ശബരി പദ്ധതിയുമായി ബന്ധപ്പെട്ട റെയിൽവേ വ്യവസ്ഥകൾ സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്‌ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ബുധനാഴ്‌ച ചേരും. എത്രയും വേഗം ശബരി- പാത യാഥാർഥ്യമാക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടികൾ തുടങ്ങണമെന്നാണ് കരുതുന്നത്. ഇതിലൂടെ കേരളത്തിന് 12 പുതിയ റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും. രണ്ട് ജില്ലകളെ പുതുതായി റെയിൽവേ കണക്റ്റിവിറ്റിയിൽ ഉൾപ്പെടുത്താനാകും. സംസ്ഥാനത്തിന് സാമ്പത്തികമായി ഗുണം ചെയ്യുന്ന പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.
ഏത് പേരില്‍ അതിവേഗ റെയിൽവേ പദ്ധതി വന്നാലും കേരളത്തിന് പ്രയോജനം ലഭിക്കണം. പദ്ധതിക്കായി മുഖ്യമന്ത്രി, പ്രധാനമന്ത്രിയെ വരെ പോയി കണ്ടു. റാപ്പിഡ് റെയിലുമായി സർക്കാർ മുന്നോട്ടു പോകും. മെട്രോയുമായി ബന്ധിപ്പിക്കാമെന്നതാണു റാപ്പിഡ് റയിലിന്റെ പ്രധാന ആകര്‍ഷണം. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കേരളത്തിന്റെ സമഗ്ര വികസനത്തിനു സഹായിക്കുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
*🟨നാലരവർഷത്തിൽ മൂന്നരലക്ഷം സ്ത്രീകള്‍ക്ക് തൊഴിൽ നൽകി : മന്ത്രി വീണാ ജോർജ്*
തിരുവനന്തപുരം
നാലരവർഷത്തിൽ വനിതാ വികസന കോർപറേഷൻവഴി മൂന്നരലക്ഷത്തോളം വനിതകൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ തൊഴിൽ നൽകിയെന്ന് മന്ത്രി വീണാ ജോർജ്. ജീവിതത്തിൽ പ്രതിസന്ധി വരുമ്പോൾ തളർന്നുപോകരുത്. ആരും ഒറ്റയ്ക്കാണെന്ന ചിന്ത വേണ്ട. സന്തോഷത്തോടെ, ആത്മവിശ്വാസത്തോടെ, ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയും. അതിനെതിരെ നിൽക്കുന്ന വ്യക്തികളെ ഒന്നിച്ച് ചെറുത്തുതോൽപ്പിക്കാം. കനകക്കുന്നില്‍ വനിതാ വികസന കോര്‍പറേഷന്റെ എസ്‌കലേറെ ദി വിമെൻ ഫെസ്റ്റ് 2026 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മന്ത്രി ആർ ബിന്ദു സമ്മാനദാനം നിർവഹിച്ചു. വനിതാ വികസന കോർപറേഷൻ മത്സരവിജയികൾ, പാർവതാരോഹകയായ ഒ എൻ ബിന്ദു തുടങ്ങിയവർക്കാണ് സമ്മാനം വിതരണം ചെയ്തത്. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. വനിതാ വികസനവകുപ്പ് ചെയർപേഴ്സൺ കെ സി റോസക്കുട്ടി, മാനേജിങ് ഡയറക്ടർ വി സി ബിന്ദു, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, വനിതാ ശിശു വികസനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ ഹരിത വി കുമാർ, ബി സന്ധ്യ, പ്ലാനിങ് ബോർഡ് മെമ്പർ മിനി സുകുമാരൻ, ടോണി ജോസ്, ബീന പോൾ, ഡയറക്ടർബോർഡ് അംഗങ്ങളായ എം ഡി ഗ്രേസ്, ഷീബ ലിയോൺ, ആർ ഗിരിജ, പെണ്ണമ്മ തോമസ് എന്നിവർ സംസാരിച്ചു.
വനിതാ ശിശു വികസനവകുപ്പിന്റെ ശിശുവികസന മേഖലയുടെ ഐസിഡിഎസ് അവാർഡ് വിതരണവും മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് വനിതാ ശിശു വികസന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച തൃശൂർ, വയനാട് ജില്ലാ ഭരണകേന്ദ്രങ്ങൾക്കുള്ള പുരസ്‌കാരം, ഐസിഡിഎസ് പദ്ധതിപ്രവർത്തനത്തിൽ മികവ് പുലർത്തിയവർക്കായുള്ള സംസ്ഥാന അവാർഡുകൾ എന്നിവയാണ് വിതരണം ചെയ്തത്.
*🟨"പത്തുവർഷം മുമ്പുള്ള കേരളത്തെയാണോ
യുഡിഎഫ് വീണ്ടെടുക്കുന്നത് : എം വി ഗോവിന്ദൻ*
കണ്ണൂർ
കേരളത്തെ വീണ്ടെടുക്കാനെന്നപേരിൽ ജാഥ നടത്തുന്ന വി ഡി സതീശനും കൂട്ടരും പത്തുവർഷം മുന്പത്തെ പ്രതീക്ഷ നശിച്ച കേരളത്തെയാണോ വീണ്ടെടുക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചോദിച്ചു. എൽഡിഎഫ് വികസനമുന്നേറ്റ ജാഥക്ക് കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകോത്തരമായ പശ്‌ചാത്തല വികസനം വേണ്ടെന്നാണോ സതീശൻ പറയുന്നത്. യുഡിഎഫിന്റെ വീണ്ടെടുക്കൽ എന്നാൽ, ദേശീയപാത വേണ്ട എന്നാണർഥം. ഗെയിൽ പദ്ധതിയും കൂടംകുളം ലൈനും മലയോര, തീരദേശ ഹൈവേയും വേണ്ട എന്നാണർഥം. 96,000 കോടി നിക്ഷേപിച്ച കിഫ്‌ബി മുതൽ അതിദാരിദ്ര്യമുക്തി നേടിയ നാടുവരെയുള്ള കണ്ണഞ്ചിപ്പിക്കുന്ന വികസനമെല്ലാം ഇല്ലാതാകുന്ന വീണ്ടെടുക്കലാണ് യുഡിഎഫ് പറയുന്നത്.
എല്ലാ വികസന പ്രവർത്തനങ്ങളും കേസുകൊടുത്ത് മുടക്കാൻ നോക്കിയവരാണ് യുഡിഎഫ്. കിഫ്‌ബിക്കും കെ ഫോണിനുമെതിരായി കേസുകൊടുത്ത് കോടതിയുടെ വിമർശനം കേട്ടു. വിഴിഞ്ഞത്ത് കലാപമുണ്ടാക്കി പദ്ധതി തടയാൻ നോക്കി. എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾക്ക് പണമെവിടെയെന്നാണ് ഇപ്പോൾ ചോദിക്കുന്നത്.
എല്ലാത്തിനും പണം കണ്ടെത്താൻ ഇച്ഛാശക്തിയുള്ള ഭരണത്തിന് കഴിയും. അവകാശപ്പെട്ട രണ്ടര ലക്ഷം കോടി രൂപ കേന്ദ്രം നിഷേധിച്ചിട്ടും കേരളം വലിയതോതിൽ മാറിയത് അതിനാലാണ്. വർഗീയ കലാപമില്ലാത്ത, വ്യവസായസൗഹൃദമുള്ള സംസ്ഥാനത്ത് മൂന്നുലക്ഷം കോടി രൂപ നിക്ഷേപിക്കാൻ വിദേശ വ്യവസായിവരെ മുഖ്യമന്ത്രിയെ നേരിൽകണ്ടു. ദാവോസ് സാന്പത്തിക ഉച്ചകോടിയിൽ 1.18 ലക്ഷം കോടിയുടെ കരാറായി. ഒന്നും സാധിക്കില്ലെന്ന് പറഞ്ഞിടത്ത് എന്തും സാധിക്കും എന്ന ബദലാണ് എൽഡിഎഫ്. കേരളത്തെ ലോകോത്തര നിലവാരത്തിൽ മുന്നോട്ടുകൊണ്ടുപോകുന്ന സംവിധാനമാണതെന്നും എം വി ഗോവിന്ദൻ
പറഞ്ഞു.
*🟨"രാഹുൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി'; മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്തുവിട്ട് ജസ്ല മാടശേരി*
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. 'നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ' എന്ന് രാഹുൽ അയച്ച മെസേജ് അടക്കമുള്ള സ്ക്രീൻഷോട്ടാണ് ജസ്ല പങ്കുവെച്ചത്. രാഹുൽ വെറും കോഴിയല്ലെന്നും കുരുപ്പ് പിടിച്ച കോഴിയാണെന്നുമാണ് ജസ്ലയുടെ പരിഹാസം.
ലൈംഗികപീഡനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ രാഹുൽ നടത്തിയ ഒരു അഭിമുഖം കണ്ടിട്ടാണ് ചാറ്റുകള്‍ പുറത്തുവിടാന്‍ തോന്നിയതെന്ന് ജസ്ല പറഞ്ഞു. 'ദീര്‍ഘവീക്ഷണം... ഒരാളുടെ പോക്ക് കണ്ടാൽ ഏതറ്റം വരെ എത്തും എന്ന് തിരിച്ചറിയാനുള്ള കഴിവ്... കോഴികളെ കിലോമീറ്ററുകൾ അപ്പുറത്തൂന്ന് മണക്കും. ഇതൊക്കെ എനിക്ക് അല്പം കൂടുതലുണ്ട് എന്ന അഹങ്കാരം ചെറുതായിട്ടുണ്ട്. എവിടെ സ്റ്റോപ്പ് ഇടണം എന്ന് ഭംഗിയായി അറിയാം. ഇതിലൊരു മോശവുമില്ല, രസമായി കാണാനുള്ളതേ ഉള്ളൂ. ഇത്രയും നിഷ്കളങ്കരായ ഏട്ടായിമാർ എത്രയുണ്ടെന്നോ! പെണ്ണുങ്ങളോട് പരിധി വിട്ട് വീമ്പ് കളിച്ചാൽ കൊറേയെണ്ണത്തിന്റെ വൃത്തികെട്ട മുഖമൂടി അഴിച്ചുപറിച്ചു വസ്ത്രാക്ഷേപം നടത്തും.' ജസ്ല കുറിച്ചു.
മാന്യതയുടെയും പാവത്താന്റെയും മുഖംമൂടി അണിഞ്ഞ് നിയമസഭയിലിരിക്കുന്ന മന്ത്രിപുത്രന്മാരുടെ വരെ തനിനിറം പുറത്തുകൊണ്ടുവരാൻ തന്റേടമുള്ള സ്ത്രീകൾ ഇവിടെയുണ്ടെന്ന് ജസ്ല ഓർമ്മിപ്പിച്ചു.
"ആവർത്തിക്കുന്നു, രാഹുൽ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴിയാണ്. മാന്യന്മാരുടെ മഹാസംഗമം കണ്ട് ഓക്കാനം വരുന്നു. ഈ ചാറ്റ് അവിടെ വെച്ച് ഞാൻ നിർത്തിയത് കൊണ്ട് ഇതിൽ മോശമായൊന്നുമില്ല. അവൻ മോശക്കാരനല്ലെന്ന് ന്യായീകരിക്കുന്നവർക്ക് ഇത് ഉപകരിച്ചേക്കാം." സ്ത്രീ പീഡനവീരന്മാരെ യുവ മുഖമുദ്രയായി കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിമാനത്തിന്മേൽ കയറിയാകുമെന്നും ജസ്ല തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കോൺഗ്രസ് സഹയാത്രികയായ എം എ ഷഹനാസും രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുലിന് സ്ത്രീകളെ എങ്ങിനെ മാനിപുലേറ്റ് ചെയ്യണമെന്ന് അറിയാമെന്നും കോൺഗ്രസിനകത്ത് ഒരു കമ്മിറ്റി വെച്ചാൽ പീഡനവീരന്റെ കൂടുതൽ കഥകൾ പുറത്തുവരുമെന്നുമായിരുന്നു ഷഹനാസിന്റെ വാക്കുകൾ."
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍