വയനാട്ടിൽ നാല് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്: സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ്, വിവരങ്ങളുണ്ടെങ്കില്‍ കൈമാറണം


മാനന്തവാടി: വയനാട് മാനന്തവാടി സ്റ്റേഷന്‍ 
പരിധിയില്‍ നാല് വയസുകാരിയെ സ്‌കൂട്ടറില്‍ തട്ടികൊണ്ടു പോയ സംഭവത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങൾ തേടുന്നു. ഏഴാം തീയ്യതി രാത്രി കമ്മന പുലിക്കാട് എന്ന പ്രദേശത്തെ ഒരു വീട്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടിയെയാണ് സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി തരുവണ പാലിയണ എന്ന സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിലിൻ്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങൾ അന്വേഷിക്കുന്നത്.

ഇക്കഴിഞ്ഞ ഏഴാം തീയ്യതി വൈകീട്ട് ആറു മണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയങ്ങളില്‍ മാനന്തവാടി, പെരുവക, കരിന്തിരിക്കടവ് , പുലിക്കാട്, കമ്മന, കുണ്ടാല, മാനാഞ്ചിറ, മൊക്കം, അഞ്ചാം മൈല്‍, കാരക്കാമല, ചേര്യംകൊല്ലി, മുണ്ടക്കുറ്റി, പാലിയണ, തരുവണ, പടിഞ്ഞാറത്തറ ഭാഗങ്ങളിലൂടെ സഞ്ചരിച്ച സ്വകാര്യ, കെഎസ്ആര്‍ടിസി, ടൂറിസ്റ്റ് ബസുകള്‍, ടാക്‌സി, സ്വകാര്യ കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ ഡാഷ് ക്യാമറകളിലോ ഈ പ്രദേശങ്ങളിലെ കടകളിലേയോ വീടുകളിലേയോ സിസിടിവി ക്യാമറകളിലോ പതിഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് തേടുന്നത്.

റോസ് കളര്‍ ഉടുപ്പ് ധരിച്ച പെണ്‍കുട്ടിയെ മുന്നിലിരുത്തി സഞ്ചരിച്ച കറുത്ത മെറ്റാലിക് കളര്‍ സുസുക്കി ആക്‌സസ്-125 സ്‌കൂട്ടറിൻ്റെ ദൃശ്യങ്ങളാണ് പൊലീസ് തേടുന്നത്. പച്ച കളര്‍ മേല്‍ വസ്ത്രവും വെള്ളകളര്‍ പാന്റ്‌സും ധരിച്ച യുവാവ് സഞ്ചരിക്കുന്ന വീഡിയോ ദൃശ്യം പൊലീസ് പുറത്തുവിട്ടിട്ടുണ്ടെങ്കിലും വാഹനത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്ന തരത്തിലുള്ളതല്ല.

വാഹനം ഓടിച്ചയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. മുടി പിന്നിലേക്ക് അല്‍പ്പം നീട്ടി വളര്‍ത്തിയിട്ടുണ്ട്. മേല്‍ പറഞ്ഞ കളറിലുള്ള വസ്ത്രങ്ങളോ വാഹനമോ ഉപയോഗിക്കുന്നതുമായ ആളുകള്‍ നിങ്ങളുടെ പ്രദേശത്തോ അറിവിലോ ഉണ്ടെങ്കിലും വിവരങ്ങള്‍ കൈമാറണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍