പ്രഭാത വാർത്തകൾ
🟨"അടുത്ത മാസം വൈദ്യുതിനിരക്ക് കുറയും
തിരുവനന്തപുരം:
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് മാർച്ച് ഒന്നുമുതൽ കുറയും. പ്രതിമാസ ബില്ലിങ് ഉള്ളവർക്ക് മാർച്ചിലെ ബില്ലിൽ യൂണിറ്റിന് രണ്ട് പൈസയും രണ്ടു മാസത്തിലൊരിക്കൽ ബില്ല് ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും കുറയും. ഇന്ധന സർചാർജായി കണക്കാക്കുന്ന തുകയിലാണ് കുറവ് വരുത്തുക. ജനുവരിയിലെ ഇന്ധന സർചാർജ് കണക്കാക്കപ്പെട്ടപ്പോൾ, താപ വൈദ്യുത നിലയങ്ങളിൽനിന്നുള്ള, റെഗുലേറ്ററി കമീഷൻ അംഗീകരിച്ച വൈദ്യുതി വാങ്ങൽ ചെലവ് കുറഞ്ഞതാണ് നിരക്ക് കുറയാൻ കാരണം."
*🟨പോകാം സുവോളജിക്കൽ പാർക്കിലേക്ക്; കാണാം പുതുലോകം*
*പൊതുജനങ്ങൾക്ക് പ്രവേശനം ഇന്ന് (ഫെബ്രുവരി 28) മുതൽ*
പ്രകൃതിയോടൊപ്പം നടക്കാനും വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാനും പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് ഇന്ന് മുതൽ (28-2-26)പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. രാവിലെ എട്ട് മണിക്ക് വനം, വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ, റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ആദ്യ സന്ദർശകരാകും.
രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവേശന സമയം. മറ്റ് മൃഗശാലകളിലെ പോലെ തന്നെ തിങ്കളാഴ്ചകളിൽ സുവോളജിക്കൽ പാർക്കിനും അവധിയായിരിക്കും.
മുതിർന്നവർക്ക് 100 രൂപയും അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്ന പൗരന്മാർക്ക് 50 രൂപയും ഭിന്നശേഷിയുള്ള വ്യക്തികൾക്ക് പ്രവേശനം സൗജന്യവുമായിരിക്കും.
ഹെഡ് മാസ്റ്ററുടെയോ പ്രിൻസിപ്പലിന്റെയോ അനുമതിയോടെ, സ്കൂൾ യൂണിഫോമിൽ ഗ്രൂപ്പായി വരുന്ന വിദ്യാർത്ഥികൾക്ക് ഇളവുകളോടെയുള്ള പാക്കേജുകൾ ഒരുക്കിയിട്ടുണ്ട് . കിന്റർഗാർട്ടൻ,എൽ.കെ.ജി, യു.കെ.ജി തുടങ്ങി നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. അഞ്ച് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികൾക്ക് 30 രൂപ നിരക്കിലും 20 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക അല്ലെങ്കിൽ ജീവനക്കാരൻ എന്ന നിലയിൽ 30 രൂപക്ക് പ്രവേശനം അനുവദിക്കും .
ഇരുചക്രവാഹനങ്ങളുടെ പാർക്കിങ്ങിനായി 25 രൂപയും ഓട്ടോറിക്ഷകൾക്ക് 30 രൂപയും
കാർ അല്ലെങ്കിൽ ജീപ്പ് എന്നിവയ്ക്ക് 100 രൂപയും 32 സീറ്റുകൾ വരെയുള്ള വാൻ അല്ലെങ്കിൽ ടെമ്പോ അല്ലെങ്കിൽ മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസ്സുകൾക്ക് 250 രൂപയും ടിക്കറ്റ് ചാർജ്ജായി നൽകണം .
സ്റ്റിൽ ക്യാമറകൾക്ക് 350 രൂപയും വീഡിയോ ക്യാമറക്ക് 750 രൂപയും ക്ലോക്ക് റൂമീനു 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.
സുവോളജിക്കൽ പാർക്കിനകത്തെ യാത്രക്കായി കെ.എസ്.ആർ.ടി.സി.യുടെ രണ്ട് ഇലക്ട്രിക്ക് ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈ നോൺ എ.സി ബസ്സുകളിൽ മുതിർന്നവർക്ക് 50 രൂപയും അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക്
25 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.
*🟨സ്കുഫെ ഉൾപ്പെടെ സമഗ്ര വികസനവുമായി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്*
മാറുന്ന കാലത്തെ പുത്തൻ സാധ്യതകളും ആവശ്യങ്ങളും ഉൾക്കൊണ്ട് വരും സാമ്പത്തിക വർഷത്തേക്ക് മാതൃക ബജറ്റ് തയ്യാറാക്കിയിരിക്കുകയാണ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത്. സമഗ്ര മേഖലകളിലും കാര്യക്ഷമമായ വികസനം ഉറപ്പാക്കുന്ന പദ്ധതികൾക്കൊപ്പം സ്കുഫെ പദ്ധതി ഉൾപ്പെടെയുള്ള വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ സാമൂഹ്യ വികസനത്തിന്റെ പുതിയ സാധ്യതകളാവുകയാണ്. ജില്ലയിലെ ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്കുഫെ പദ്ധതി ഉൾപ്പെടെ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്. കുട്ടികൾക്ക് ആവശ്യമായ ലഘു ഭക്ഷണവും ജ്യൂസ് ഉൾപ്പെടെയുള്ള കുടുംബശ്രീ ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയ്ക്ക് ഇവിടെ ലഭ്യമാകും. കുട്ടികൾ സ്കൂളിൽ നിന്നും പുറത്തുപോയി അലഞ്ഞു തിരിഞ്ഞു നടക്കുന്നത് ഒഴിവാക്കാനും ലഹരിക്ക് അടിമപ്പെടാതിരിക്കുവാനും സ്കുഫെ പദ്ധതിയിലൂടെ സാധിക്കും.
പുനരുപയോഗ ഊർജ്ജ മേഖലയിലും തൊഴിൽ, മാന്യസംസ്കരണം, റോബോ പാർക്ക്, വിജ്ഞാൻ സാഗർ, കൃഷി തുടങ്ങി സമഗ്ര മേഖലയിലും നൂതന സമീപനങ്ങളോടെ പദ്ധതികൾ ആവിഷ്കരിച്ച് സുസ്ഥിരവികസനം സാധ്യമാക്കുകയാണ് ജില്ലാ പഞ്ചായത്ത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ടും ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ടി കെ സുധീഷ് ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഐ സജിത, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി എസ് വിനയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല ജോർജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ആർ മായ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.
*🟨അന്വേഷണം
അജയ് തറയിലിലേക്ക്*
*സ്വർണം നൽകിയത്
സുരേഷ് ഗോപിയുടെ
നിർദേശപ്രകാരമെന്ന് ; കൊടിമരക്കൊള്ളയിൽ സിനിമാതാരങ്ങളുടെ മൊഴി*
തിരുവനന്തപുരം
യുഡിഎഫ് ഭരണത്തിലുള്ള ദേവസ്വം ബോർഡിന്റെ ശബരിമല കൊടിമരക്കൊള്ള അന്വേഷിക്കുന്ന വിജിലൻസ് സംഘത്തിന്റെ മൊഴിയെടുക്കൽ അന്തിമഘട്ടത്തിൽ.
അന്നത്തെ ബോർഡിന്റെ നിർദേശപ്രകാരം കൊടിമരത്തിനായി സ്വർണം സംഭാവനയായി നൽകിയ 27 സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും മൊഴിയെടുക്കലാണ് പുരോഗമിക്കുന്നത്. സുരേഷ് ഗോപിയുടെ നിർദേശ പ്രകാരമാണ് സ്വർണം സംഭാവനയായി നൽകിയതെന്നാണ് പലരും വിജിലൻസ് സംഘത്തിന് മൊഴി നൽകിയത്. കഴിഞ്ഞ ദിവസം നടൻ മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴികളും രേഖപ്പെടുത്തിയിരുന്നു. നടൻ സുരേഷ് ഗോപി, സംവിധായകൻ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‍കുമാര്‍ എന്നിവരും മൊഴി നൽകിയിട്ടുണ്ട്. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് വിജിലൻസ് നീക്കം.
കൊടിമര പുനർനിർമാണത്തിന് എത്ര സ്വർണം ലഭിച്ചു എന്നതിൽ വിജിലൻസിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വർണം നൽകിയവർ ഒരുമിച്ചാണ് സ്വർണം സംഭാവന ചെയ്തത്. അതിനാൽ ഒരാൾ എത്ര സ്വർണം തന്നു എന്നത് വിജിലൻസിന് കണ്ടെത്താനായിട്ടില്ല. സ്വർണം നൽകിയവരിൽ പലർക്കും അളവിനെക്കുറിച്ചും ഓർമയില്ല. തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ സ്വർണം ഉരുക്കൽ ചടങ്ങ് നടക്കുമ്പോഴും ചെറുതും വലുതുമായി നിരവധി പേർ സ്വർണം നൽകി. ഇത്തരത്തിൽ ലഭിച്ച പണത്തിനും സ്വർണത്തിനുമൊന്നും ഒരു രേഖകളുമില്ല. കൊടിമരം
പുനർനിർമിക്കാൻ മുഴുവൻ പണവും ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്‌സ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് നൽകിയിട്ടും ബോർഡ് പ്രസിഡന്റ് പ്രായാർ ഗോപാലകൃഷ്ണന്റെയും അംഗം അജയ് തറയിലിന്റെയും നേതൃത്വത്തിൽ വ്യാപകമായി പണപ്പിരിവ് നടത്തിയെന്നാണ് വിവരം.
*അന്വേഷണം
അജയ് തറയിലിലേക്ക്*
കേസിൽ കോൺഗ്രസ് നേതാവായ അജയ് തറയിലിനെയും ഹൈക്കോടതി നിയോഗിച്ച അന്നത്തെ അഭിഭാഷക കമീഷണർ എഎസ്‌പി കുറുപ്പിനെയും ഉടൻ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും.
ഗൂഢാലോചന തെളിഞ്ഞാൽ പ്രതിചേർത്ത് അറസ്റ്റിലേക്ക് കടക്കും. അതിന് മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് വിജിലൻസ് സംഘം. കോടികൾ വിലയുള്ള വാജിവാഹനം തന്ത്രിക്ക് കെെമാറിയതിലും അന്വേഷണം നടക്കുകയാണ്."
*🟨"യുഎൻ രക്ഷാസമിതിയിൽ മെലാനിയ അധ്യക്ഷയാകും*
ഐക്യരാഷ്ട്രസഭ
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് ഐക്യരാഷ്ട്രസഭാ രക്ഷാ സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കും. ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ പ്രഥമ വനിത, രക്ഷാ സമിതി യോഗത്തിൽ അധ്യക്ഷയാകുന്നത്. തിങ്കളാഴ്‌ചയാണ് യോഗം.
15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം മാർച്ച് മാസത്തിൽ അമേരിക്കയ്ക്കാണ്. സഹനശക്തിയും ലോക സമാധാനവും മെച്ചപ്പെടുത്തുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തിലാണ് മെലാനിയ അധ്യക്ഷത വഹിക്കുക. ഐക്യരാഷ്ട്രസഭക്കെതിരെ ട്രംപ് ശക്തമായ വിമർശം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മെലാനിയ അധ്യക്ഷ പദത്തിലെത്തുന്നത്. ലോകാരോഗ്യ സംഘടന, യുനെസ്കോ തുടങ്ങിയ യുഎൻ ഏജൻസികളിൽ നിന്ന് അമേരിക്ക ഇതിനോടകം പിൻവാങ്ങിയിരുന്നു."
*🟨"വിവാഹ സൈറ്റുകളിൽ ശാസ്ത്രജ്ഞനായും എഞ്ചിനീയറായും പ്രൊഫൈലുകൾ ; യുവതികളിൽ നിന്ന് ലക്ഷങ്ങൾ കവര്‍ന്നയാൾ പിടിയിൽ*
മുംബൈ:ഐഎസ്ആർഒ ശാസ്ത്രജ്ഞനായും പിഡബ്ല്യുഡി ഉദ്യോഗസ്ഥനായും നടിച്ച് നിരവധി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത 34-കാരനെ നവി മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അലിബാഗ് സ്വദേശിയായ ആദർശ് പ്രശാന്ത് മഹ്ത്രെയാണ് ആണ് പിടിയിലായത്. ഡോക്ടർമാരും എഞ്ചിനീയർമാരും ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയ പ്രൊഫഷണലുകളെയാണ് ഇയാൾ വലയിൽ വീഴ്ത്തിയത്.
*15 ൽ അധികം പ്രൊഫൈലുകൾ*
പതിനഞ്ചിലധികം വ്യാജ പേരുകളിൽ ഷാദി ഡോട്ട് കോം,ഭാരത് മാട്രിമോണി തുടങ്ങിയ സൈറ്റുകളിൽ അക്കൗണ്ടുകൾ ഉണ്ടാക്കി. ഐഎസ്ആർഒയുടെയും പിഡബ്ല്യുഡിയുടെയും വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് പരസ്യം നൽകിയിരുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ സന്ദർശനം ഉൾപ്പെടെയുള്ള ആഡംബര ജീവിതത്തിന്റെ ചിത്രങ്ങൾ അപ് ലോഡ് ചെയ്തു. ഇതുവഴി സ്ത്രീകളുടെ വിശ്വാസം നേടി. സാവകാശം വലയിൽ വീഴ്ത്തിയാണ് തട്ടിപ്പ്. നല്ല വരുമാനവും ജോലിയുമുള്ള സ്ത്രീകളെ പ്രത്യേകമായാണ് ഇയാൾ തെരഞ്ഞെടുത്തിരുന്നത്.
വിവാഹമുറപ്പിച്ച ശേഷം വസ്തുവകകളിലോ വീടുകളിലോ നിക്ഷേപിക്കാനെന്ന പേരിൽ സ്ത്രീകളെക്കൊണ്ട് ബാങ്ക് ലോണുകൾ എടുപ്പിക്കും. ഈ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാൻ സ്നേഹ പൂര്‍വ്വം പ്രേരിപ്പിക്കും. ഇതിനിടെ സ്ത്രീകളെ ലൈംഗികമായും ദുരുപയോഗം ചെയ്യും. നാടകം പിടിക്കപ്പെടും എന്ന ഘട്ടത്തിലാവുമ്പോൾ അപ്രത്യക്ഷനാകുകയുമാണ് ഇയാൾ ചെയ്തിരുന്നത്. ഇതുവരെയായി ഏകദേശം 89.40ലക്ഷം രൂപ ഇത്തരത്തിൽ ഇയാൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്."
*"ചൂതാട്ടവും ആഡംബര യാത്രകളും*
തട്ടിയെടുത്ത പണം ഉപയോഗിച്ച് ഗോവയിലെ കാസിനോകളിൽ ചൂതാട്ടവും ആഡംബര യാത്രകളും പതിവാക്കിയിരുന്നു. പുതിയ ഇരകളിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് മുൻപ് തട്ടിപ്പിനിരയായവരുടെ ലോൺ തിരിച്ചടവുകൾ (EMI)നടത്തിയിരുന്നു. ഇങ്ങനെ ഇയാൾ പിടിക്കപ്പെടാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. നേരത്തെ പരാതി നൽകിയ ഇരകൾ തന്നെ ആശയ കുഴപ്പത്തിലായി പരാതിപ്പെടാൻ മടിച്ച സാഹചര്യവും ഉണ്ടായി.
2025ഓഗസ്റ്റിൽ റബാലെ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പരമ്പരയുടെ ചുരുളഴിയുന്നത്.ഫെബ്രുവരി 20-നാണ് ഇയാൾ അറസ്റ്റിലായത്.
മുംബൈ,നവി മുംബൈ,പുണെ,താനെ തുടങ്ങിയ നഗരങ്ങളിലായി നിലവിൽ ഇയാൾക്കെതിരെ ആറ് കേസുകളുണ്ട്.കൂടാതെ 2019മുതൽ ഫോർജറി,പീഡനം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു."
*🟨ഉപരാഷ്ട്രപതി ശനിയാഴ്ച ചങ്ങനാശേരിയിൽ, ഗതാഗത നിയന്ത്രണം*
കോട്ടയം: ചങ്ങനാശേരി എസ്ബി കോളജ് ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ.
ഉച്ചകഴിഞ്ഞ് 3.15ന് പെരുന്ന എൻഎസ്എസ് കോളജ് മൈതാനത്ത് ഹെലികോപ്റ്ററിലിറങ്ങുന്ന ഉപരാഷ്ട്രപതി അവിടെ നിന്നും കാർ മാർഗം സമ്മേളന നഗരിയായ എസ്ബി കോളജിലെ കാവുകാട്ട് ഹാളിനുമുമ്പിൽ എത്തിച്ചേരും.
കോളജ് രക്ഷാധികാരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ബൊക്കെ നൽകി സ്വീകരിക്കും. കോളജിന്റെ ശതാബ്ദി സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന അത്യന്താധുനിക സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രമായ ഡോ. കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൻവയോൺമെന്റിന്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിർവഹിക്കും. ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിക്കും.
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൻ സുരേഷ് എംപി, ജോബ് മൈക്കിൾ എംഎൽഎ, കോളജ് മാനേജർ മോൺ. ആന്റണി എത്തയ്ക്കാട്ട്, പ്രിൻസിപ്പൽ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരിക്കും.
*ചങ്ങനാശേരിയിൽ ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി*
ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളജ് ശതാബ്ദി ആഘോഷ സമാപനപരിപാടികളിൽ പങ്കെടുക്കുന്നതിനായി ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ശനിയാഴ്ച ചങ്ങനാശേരിയിൽ എത്തിചേരുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
1. എസ്ബി, എൻഎസ്എസ് കോളജുകളും പരിസരപ്രദേശങ്ങളും ഉച്ചകഴിഞ്ഞ് രണ്ടോടു കൂടി രണ്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
2. എംസി റോഡിൽ കൂടി തിരുവല്ല ഭാഗത്തുനിന്നും കോട്ടയത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/ പ്രൈവറ്റ് ബസ് ഉൾപ്പെടെയുളള എല്ലാ വാഹനങ്ങളും ളായിക്കാട് ഭാഗത്ത് നിന്നും ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
3. ആലപ്പുഴയിൽ നിന്നും എസി റോഡിലൂടെ കോട്ടയത്തേയ്ക്ക് കെഎസ്ആർടിസി/പ്രൈവറ്റ് ഉൾപ്പെടെയുളള വരുന്ന വാഹനങ്ങൾ പൂർണമായും റെഡ് സ്ക്വയറിൽ നിന്നും ളായിക്കാട് വഴി ബൈപ്പാസിലൂടെ തിരിഞ്ഞുപോകേണ്ടതാണ്.
4. പത്തനംതിട്ടയിൽ നിന്നും തിരുവല്ല വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ തിരുവല്ല, പെരുംത്തുരുത്തി, തെങ്ങണാ, ഞാലിയാകുഴി വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
5. കോട്ടയം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന എല്ലാ വാഹനങ്ങളും തുരുത്തി പൂന്നമുട്ടിൽ തിരിഞ്ഞ് മുളക്കാംതുരുത്തി വഴി പോകേണ്ടതാണ്.
6. കറുകച്ചാൽ ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ മാമ്മൂട് – പായിപ്പാട് വഴി തിരിഞ്ഞ് തിരുവല്ല ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
7. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ പറാൽ-വാലടി-മുളക്കാംതുരുത്തി വഴി തുരുത്തി പൂന്നമൂട് ജംഗ്ഷനിലെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
8. ചങ്ങനാശേരി മാർക്കറ്റ് ഭാഗത്ത് നിന്നും തിരുവല്ല ഭാഗത്തേയ്ക്കും കറുകച്ചാൽ ഭാഗത്തേയ്ക്കും പോകുന്ന വാഹനങ്ങൾ പുഴവാതു്, മനയ്ക്കച്ചിറ റോഡ് വഴി എ.സി റോഡിലെത്തി റെഡ് സ്ക്വയറിലൂടെ ളായിക്കാട് വഴി പോകേണ്ടതാണ്.
9. എംസി റോഡിൽ കൂടി കോട്ടയം ഭാഗത്തുനിന്നും തിരുവല്ല ഭാഗത്തേയ്ക്ക് പോകുന്ന കെഎസ്ആർടിസി/പ്രൈവറ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്ക് ലൈറ്റ് വാഹനങ്ങൾ ഒഴികെയുളള വാഹനങ്ങൾ പൂർണമായും പാലാത്ര ജംഗ്ഷനിൽ നിന്നും ബൈപ്പാസിലൂടെ കടത്തി വിടേണ്ടതാണ്.
10. മതൂമൂല, വാഴപ്പളളി ഭാഗത്തേയ്ക്കുളള വാഹനങ്ങൾ മതുമൂല ഭാഗത്ത് യാത്ര അവസാനിപ്പിച്ച് മതൂമൂല, വാഴപ്പള്ളി ഭാഗത്തേയ്ക്ക് തിരിഞ്ഞുപോകേണ്ടതാണ്.
*🟨കൈറ്റ് ഹരിതവിദ്യാലയം 4.0 റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെ ഇന്ന്*
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പങ്കുവയ്ക്കുന്നതിനും വിദ്യാലയങ്ങളുടെ മികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള ഇൻഫ്രാസ്ട്രക്‌ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിച്ച വിദ്യാഭ്യാസ റിയാലിറ്റി ഷോ ‘കൈറ്റ് ഹരിതവിദ്യാലയം 4.0’യുടെ ഗ്രാൻഡ് ഫിനാലെ ഇന്ന് നടക്കും.
തിരുവനന്തപുരം നേമത്തുള്ള അൽ-സാജ് കൺവൻഷൻ സെന്ററിൽ ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും.
മത്സരത്തിൽ ആകെ 50 ലക്ഷം രൂപയുടെ സമ്മാനത്തുകയും ഐസിടി ഉപകരണങ്ങളുമാണ് നൽകുന്നത്. പ്രൈമറി, സെക്കൻഡറി-ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വിദ്യാലയങ്ങൾക്കും കൂടാതെ സ്പെഷ്യൽ ജൂറി അവാർഡ്, ഫൈനലിസ്റ്റ് എന്നീ വിഭാഗങ്ങളിലും പ്രത്യേക പുരസ്കാരങ്ങൾ ലഭിക്കും.
*🟨കേരളം വഴി രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സർവീസ്*
പരവൂർ: മംഗലാപുരത്തുനിന്ന് കേരളം വഴി തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നു. മാർച്ച് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ട്രെയിൻ സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിൽനിന്ന് പ്രത്യേകിച്ച് മലബാർ മേഖലയിൽനിന്ന് രാമേശ്വരത്തേക്കും പഴനിയിലേക്കുമുള്ള തീർഥാടകരുടെ ദീർഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.
16621/16622 ആണ് പുതിയ ട്രെയിനിന്റെ നമ്പർ. പാലക്കാട്, മധുര, മാനാ മധുര വഴിയാണ് ട്രെയിൻ രാമേശ്വരത്തിന് പോകുക. മംഗളൂരു സെൻട്രലിൽ നിന്ന് ശനിയാഴ്ച രാത്രി 7.30ന് പുറപ്പെടുന്ന ട്രെയിൻ ഞായർ രാവിലെ 10.50ന് രാമേശ്വരത്ത് എത്തും. തിരികെയുള്ള സർവീസ് ഞായർ ഉച്ചകഴിഞ്ഞ് 3.30ന് രാമേശ്വരത്തു നിന്ന് പുറപ്പെട്ട് തിങ്കൾ രാവിലെ 6.55ന് മംഗളൂരുവിൽ എത്തും.
2024 മാർച്ച് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ മന്ത്രാലയം ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പാമ്പൻ പാലത്തിന്റെ ഡി കമ്മീഷനിംഗുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളെ തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.
മംഗളൂരു - രാമേശ്വരം പ്രതിവാര എക്സ്പ്രസ് ട്രെയിന് പുറമേ മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ കൂടി പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം. താംബരം -മംഗളൂരു അമൃത് ഭാരത്, കോയമ്പത്തൂർ - ധൻബാദ് അമൃത് ഭാരത്, നാഗർകോവിൽ -ചർലപ്പള്ളി അമൃത് ഭാരത് എന്നീ ട്രെയിനുകളാണ് പുതുതായി ഉദ്ഘാടനം ചെയ്യപ്പെടുക.
*🟨ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: സിബിഐ റെയ്ഡിൽ മൂന്നു പേർ പിടിയിൽ*
കൊച്ചി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുത്ത കേസിൽ ആറു സംസ്ഥാനങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ മൂന്നു പേർ അറസ്റ്റിൽ. കോട്ടയം സ്വദേശിയായ മുതിർന്ന പൗരനിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 1.86 കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പാലക്കാട്, ഗോവ, ബംഗളൂരു, നാഗ്പുർ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. തട്ടിപ്പുസംഘത്തിനായി വ്യാജ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ച വ്യക്തിയെ ഗോവയിലെ ഹോട്ടലിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ക്രിപ്റ്റോ കറൻസി ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. തട്ടിപ്പുകാർക്കുവേണ്ടി കടലാസ് സ്ഥാപനം നടത്തിയ വ്യക്തിയെ നാഗ്പുരിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഡെബിറ്റ് കാർഡുകളും ഡിജിറ്റൽ ഉപകരണങ്ങളും ഇയാളിൽനിന്ന് കണ്ടെടുത്തു.
വ്യാജരേഖകൾ ഉപയോഗിച്ചു സിം കാർഡുകൾ വാങ്ങിയയാളെ ബംഗളൂരുവിൽനിന്നും അറസ്റ്റ് ചെയ്തു. കെവൈസി രേഖകൾ ഉൾപ്പെടെ ദുരുപയോഗിച്ചാണ് തട്ടിപ്പുസംഘങ്ങൾക്ക് സിം കാർഡുകൾ നൽകിയത്. വ്യാജ ബാങ്ക് അക്കൗണ്ടുകളുടെ ശൃംഖല, മൊബൈൽ സിം കാർഡുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
അറസ്റ്റിലായവരുടെയും തട്ടിപ്പിനിരായ കോട്ടയം സ്വദേശിയുടെയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിശദ അന്വേഷണം നടത്തിവരികയാണെന്ന് സിബിഐ അറിയിച്ചു.
*🟨ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം: മലങ്കര കത്തോലിക്കാസഭ സൂനഹദോസ്*
തിരുവനന്തപുരം: ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് ആവശ്യപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അരക്ഷിതാവസ്ഥയ്ക്കു അതിവേഗത്തിൽ പരിഹാരം കാണണമെന്ന് പട്ടം കാതോലിക്കേറ്റ് സെന്ററിൽ സമാപിച്ച എപ്പിസ്കോപ്പൽ സൂനഹദോസ് കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭരണഘടനയും ക്രിസ്തീയ വിശ്വാസവും രാജ്യത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും സൂന്നഹദോസ് അഭിപ്രായപ്പെട്ടു. അധ്യാപക നിമയനത്തിലെ പ്രതിസന്ധി പരിഹരിക്കുവാൻ ഗവൺമെന്റ് എടുത്ത തീരുമാനങ്ങൾ എത്രയും വേഗം നടപ്പിലാക്കണമെന്നും അധ്യാപകരോട് നീതി കാട്ടണമെന്നും സൂനഹദോസ് പറഞ്ഞു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ ചേർന്ന സൂനഹദോസ് ഇന്നലെ സമാപിച്ചു. 2030 മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഒരുക്കമായി 2026 സെപ്റ്റംബർ 20 മുതൽ 2027 സെപ്റ്റംബർ 19 വരെ ജീവകാരുണ്യ-നീതി വർഷമായി ആചരിക്കുവാനും കർമപരിപാടികൾ ആവിഷ്കരിക്കുവാനും തീരുമാനിച്ചു.
വിവിധ സൂനഹദോസ് കമ്മീഷൻ ചെയർമാൻമാരായി ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് (വിശ്വാസ പരീശീലനം), ബിഷപ് മാത്യൂസ് മാർ പക്കോമിയോസ് (ദൈവശാസ്ത്രം, ചരിത്രം, പ്രസിദ്ധീകരണങ്ങൾ), ബിഷപ് വിൻസെന്റ് മാർ പൗലോസ് (ബൈബിൾ), ബിഷപ് തോമസ് മാർ അന്തോണിയോസ് (സുവിശേഷവത്കരണം), ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് (സഭൈക്യം, മതാന്തര സംവാദം), ബിഷപ് മാത്യൂസ് മാർ പോളിക്കാർപ്പോസ് (മലങ്കര കത്തോലിക്ക അസോസിയേഷൻ), ബിഷപ് തോമസ് മാർ യൗസേബിയോസ് (സാമൂഹിക ക്ഷേമം, ദളിത് ക്രൈസ്തവർ), ബിഷപ് യൂഹാനോൻ മാർ അലക്സിയോസ് (യുവജനം, ദൈവവിളി), ബിഷപ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ് (പ്രവാസിക്ഷേമം) എന്നിവരെ സുന്നഹദോസ് നിയമിച്ചു.
അത്മായർക്കു വേണ്ടിയുള്ള വിവിധ സംഘടനകളുടെ ഏകോപന ചുമതലയുള്ള മോഡറേറ്റർ ആയി ബിഷപ് ജോസഫ് മാർ തോമസിനെ നിയമിച്ചു. സുന്നഹദോസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
സുന്നഹദോസ് സെക്രട്ടറി ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് , ബിഷപ്പുമാരായ ജോസഫ് മാർ തോമസ്, സാമുവേൽ മാർ ഐറേനിയോസ്, വിൻസെന്റ് മാർ പൗലോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ തിയോഡോഷ്യസ്, മാത്യൂസ് മാർ പോളിക്കാർപ്പോസ്, മാത്യൂസ് മാർ പക്കോമിയോസ്, ആന്റണി മാർ സിൽവാനോസ്, കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, യൂഹാനോൻ മാർ അലക്സിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, ഏബ്രഹാം മാർ യൂലിയോസ്, ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്നിവർ പങ്കെടുത്തു.
'ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍