ബം​ഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം; മഴ കനക്കും; ജാ​ഗ്രത നിർദേശം 

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് തെക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രവചനം. 

ഈ സാഹചര്യത്തിൽ കേരളത്തിൽ ഫെബ്രുവരി 26 വരെ തീയതികളിൽ നേരിയ /ഇടത്തരം  മഴയ്ക്കും, കാറ്റിനും, ഇടിമിന്നലിനും സാധ്യതയുണ്ടെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെയും തെക്കൻ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചു.

ജാഗ്രതാ നിർ  ദേശങ്ങൾ

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍