പ്രഭാത വാർത്തകൾ
🟨ഇറാനെതിരായ ആക്രമണത്തെ പേൾ ഹാർബറിനോട് ഉപമിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇറാനെതിരായ ആക്രമണത്തെ, പേൾ ഹാർബർ സംഭവത്തോടു താരതമ്യം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക സന്ദർശിച്ച ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചിയുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു അപ്രതീക്ഷിത പരാമർശം.
ഇറാനെ ആക്രമിക്കുന്ന കാര്യം എന്തുകൊണ്ട് സഖ്യകക്ഷികളിൽനിന്നു മറച്ചുവച്ചു എന്ന് ജാപ്പനീസ് മാധ്യമപ്രവർത്തകൻ ചോദിച്ചതിനു മറുപടി നല്‍കുകയായിരുന്നു ട്രംപ്. ഞെട്ടൽ നല്‍കുക എന്നതായിരുന്നു ലക്ഷ്യമെന്നു ട്രംപ് മറുപടി നല്കി. “ഏറ്റവും നന്നായി ഞെട്ടിച്ചിട്ടുള്ളത് ജപ്പാനാണല്ലോ? പേൾ ഹാർബറിനെക്കുറിച്ച് നിങ്ങൾതന്നെ പറഞ്ഞാലും” എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
1941 ഡിസംബർ ഏഴിന് ജാപ്പനീസ് സേന അമേരിക്കയിലെ പേൾ ഹാർബർ തുറമുഖത്ത് അപ്രതീക്ഷിത ആക്രമണം നടത്തി 2,390 പേരെ വധിച്ചിരുന്നു. ഇതിന്റെ പിറ്റേന്നാണ് അമേരിക്ക ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമാകുന്നത്. അമേരിക്ക 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് യുദ്ധം ജയിച്ചു.
ട്രംപിന്റെ സമാനതകളില്ലാത്ത താരതമ്യം മാധ്യമപ്രവർത്തകർ തമാശയായി കണ്ടു ചിരിച്ചു. എന്നാൽ, ട്രംപിനൊപ്പമുണ്ടായിരുന്ന ജാപ്പനീസ് പ്രധാനമന്ത്രി സനായി തകായിച്ചി അത്ര സന്തുഷ്ടയല്ലായിരുന്നു.
*🟨വാതക, എണ്ണപ്പാടങ്ങൾക്കു നേരേയുണ്ടായ ആക്രമണം;വരാനിരിക്കുന്നത് വൻ പ്രതിസന്ധി*
ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി കയറ്റുമതി കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ റാസ് ലഫാൻ എൽഎൻജി പ്ലാന്റിനു നേരേയുണ്ടായ ഇറാന്റെ ആക്രമണം ആഗോള വാതക വിപണിയെ തകിടംമറിക്കുമെന്ന് ആശങ്ക.
ഇറാന്റെ ആക്രമണത്തിൽ ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ശേഖരത്തിന്റെ 17 ശതമാനവും നശിപ്പിക്കപ്പെട്ടെന്നും അറ്റകുറ്റപ്പണികൾക്കായി എടുക്കുന്ന മൂന്നുമുതൽ അഞ്ചുവർഷം വരെ പ്രതിവർഷം 12.8 ദശലക്ഷം ടൺ എൽഎൻജി വിതരണം തടസപ്പെടുമെന്നും ഖത്തർ വ്യക്തമാക്കിയതോടെയാണ് ആശങ്കയേറുന്നത്.
ആക്രമണം മൂലം രാജ്യത്തിന്റെ വാർഷിക വരുമാനത്തിൽ ഏകദേശം 2,000 കോടി ഡോളറിന്റെ നഷ്ടമുണ്ടായതായി ഖത്തർ എനർജി സിഇഒയും ഊർജകാര്യ മന്ത്രിയുമായ സാദ് അൽ കാബി പറഞ്ഞു. റംസാൻ മാസത്തിൽ സഹോദര മുസ്ലിം രാജ്യം ഈ രീതിയിൽ ആക്രമിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഏറ്റവും വലിയ എൽഎൻജി പ്ലാന്റായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെയും മെസൈയീദ് ഇൻഡസ്ട്രിയൽ സിറ്റിയിലെയും കേന്ദ്രങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. പിന്നാലെ ഉത്പാദനം നിർത്തിവയ്ക്കുന്നതായി കമ്പനി അറിയിച്ചിരുന്നു. ആക്രമണങ്ങളിൽനിന്നുള്ള നാശനഷ്ടങ്ങളുടെ വ്യാപ്തി ഈ മേഖലയെ പത്തു മുതൽ 20 വർഷം വരെ പിന്നോട്ടടിച്ചതായി ഖത്തർ ഊർജകാര്യ മന്ത്രി പറഞ്ഞു.
അതേസമയം, എൽപിജി ഉപയോഗിക്കുന്ന ഇന്ത്യയിലെ റസ്റ്ററന്റുകളും വീടുകളും മുതൽ ഹീലിയം ഉപയോഗിക്കുന്ന ദക്ഷിണകൊറിയൻ ചിപ്പ് നിർമാതാക്കൾ വരെ ഖത്തറിലെ നാശനഷ്ടത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഇന്ത്യക്കാവശ്യമായ പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഖത്തറിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഒഴുകുന്ന ഇന്ധനത്തിന്റെ പ്രധാന സ്രോതസാണിത്. ഇവിടെയാണ് കഴിഞ്ഞദിവസം ഇറാൻ ആക്രമണം നടത്തിയത്.
*വർക്ക് ഫ്രം ഹോം നിർദേശിച്ച് അന്താരാഷ്ട്ര ഊർജ ഏജൻസി*
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച് അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) രംഗത്തെത്തി. ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി (വർക്ക് ഫ്രം ഹോം) പരമാവധി പ്രോത്സാഹിപ്പിക്കണമെന്നു റിപ്പോർട്ടിൽ പറയുന്നു. ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും ഇത്തരത്തിൽ ജോലി ചെയ്യുന്നത് ഇന്ധന ഉപഭോഗം കുറയ്ക്കാൻ സഹായിക്കും. വിമാനയാത്രകൾ പരമാവധി ഒഴിവാക്കി ട്രെയിനുകളോ മറ്റു ഗതാഗതമാർഗങ്ങളോ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. അന്താരാഷ്ട്രതലത്തിൽ വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വർധന വിമാനക്കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബിസിനസ് ആവശ്യങ്ങൾക്കായുള്ള വിമാനയാത്രകൾ കുറയ്ക്കുന്നതുവഴി വൻതോതിൽ ഇന്ധനം ലാഭിക്കാൻ സാധിക്കും.
ഹൈവേകളിൽ വാഹനങ്ങളുടെ വേഗം പത്തു കിലോമീറ്ററെങ്കിലും കുറയ്ക്കുന്നത് ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നും ഐഇഎ ചൂണ്ടിക്കാട്ടുന്നു. പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കാനും കാർ പൂളിംഗ് പോലുള്ള രീതികൾ അവലംബിക്കാനും ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
വലിയ നഗരങ്ങളിൽ സ്വകാര്യ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണം കൊണ്ടുവരാനും നിർദേശമുണ്ട്. പാചക ആവശ്യങ്ങൾക്കായി എൽപിജിക്കു പകരം വൈദ്യുതി ഉപയോഗിച്ചുള്ള മാർഗങ്ങൾ തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ധനക്ഷമതയുള്ള ഡ്രൈവിംഗ് രീതികൾ ശീലിക്കുന്നതു വഴി സാധാരണക്കാർക്ക് വലിയ സാമ്പത്തികലാഭം ഉണ്ടാക്കാൻ സാധിക്കും.
ഇന്ധനശേഖരം വർധിപ്പിക്കുന്നതിനായി ഐഇഎ അംഗരാജ്യങ്ങൾ ഇതിനോടകംതന്നെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരമാണ് ഈ മാസം വിപണിയിലേക്ക് എത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. എങ്കിലും ഉപഭോഗം കുറയ്ക്കാതെ ഈ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തി ബിറോൾ വ്യക്തമാക്കി.
വരും മാസങ്ങളിൽ ഊർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികൾ കർശനമാക്കാൻ അദ്ദേഹം രാജ്യങ്ങളോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സാമ്പത്തികമാന്ദ്യം ഒഴിവാക്കാൻ ഊർജ ഉപഭോഗത്തിൽ അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.
*🟨ഉംബർട്ടോ ബോസി അന്തരിച്ചു*
റോം: പ്രമുഖ് ഇറ്റാലിയൻ രാഷ്ട്രീയ നേതാവ് ഉംബർട്ടോ ബോസി (84) അന്തരിച്ചു. നോർത്തേൺ ലീഗ് പാർട്ടി സ്ഥാപകനായ ബോസി ഇറ്റാലിയൻ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവാണ്.
യൂറോപ്യൻ യൂണിയന്റെ കടുത്ത വിമർശകനായിരുന്ന അദ്ദേഹം 1990കളിൽ ഇറ്റാലിയൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു.
*🟨ഇസ്രയേലിനെയും അമേരിക്കയെയും വെല്ലുവിളിച്ച് മുജ്തബ ഖമനയ്*
ടെഹ്റാൻ: ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ ഇറാൻ നടത്തുന്ന പോരാട്ടം മിസൈലുകളിലോ ഡ്രോണുകളിലോ യുദ്ധക്കളങ്ങളിലോ മാത്രം ഒതുങ്ങുന്നതല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്.
എഴുതി തയാറാക്കി ദേശീയ ടെലിവിഷനിലൂടെ പുറത്തുവിട്ട ഈദ് സന്ദേശത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രക്തസാക്ഷികളായവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം ആഗോള അഹങ്കാരത്തിനെതിരേയാണു ഇറാന്റെ പ്രതിരോധമെന്നും അതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാൻ മൂന്നു യുദ്ധങ്ങൾ നേരിട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിൽ ആദ്യത്തേത് കഴിഞ്ഞ വർഷം നടന്ന ‘ജൂൺ യുദ്ധം’ ആണ്. ഇതിനുശേഷം ഫെബ്രുവരി അവസാന വാരത്തിൽ രാജ്യത്തു നടന്ന പ്രതിഷേധങ്ങളെ ‘രണ്ടാം യുദ്ധം’ എന്നാണ് മുജ്തബ ഖമേനയ് വിശേഷിപ്പിച്ചത്.
ഇറാൻ ഇപ്പോൾ നേരിടുന്നത് മൂന്നാം യുദ്ധമാണ്. ഇറാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മുതലെടുത്ത് ജനങ്ങൾ ശത്രുക്കളുടെ അജൻഡകൾ നടപ്പിലാക്കുമെന്ന് കരുതി അമേരിക്കയും ഇസ്രയേലും തങ്ങളുടെ കൂലിപ്പടയാളികളെ ഉപയോഗിച്ച് രാജ്യത്ത് ആക്രമണങ്ങളുണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
*🟨യുഎഇയിൽ ഇറാന്റെ വൻ ഭീകരശൃംഖല തകർത്തു*
ദുബായ്: രാജ്യത്ത് ഇറാന്റെയും ഹിസ്ബുള്ളയുടെയും പിന്തുണയോടെ പ്രവർത്തിച്ചിരുന്ന വൻ ഭീകര ശൃംഖലയെ യുഎഇ പ്രതിരോധസേന തകർത്തു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താനും സാമ്പത്തികഭദ്രത തകർക്കാനും പദ്ധതിയിട്ട സംഘത്തെയാണു പിടികൂടിയതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാന്റെ റവല്യൂഷണറി ഗാർഡിൽനിന്നു നേരിട്ട് പരിശീലനവും ഫണ്ടിംഗും ലഭിച്ചവരാണ് ഇവരെന്നാണു കണ്ടെത്തൽ. ഇറാൻ-ഇസ്രയേൽ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ യുഎഇയെ ലക്ഷ്യം വച്ചുള്ള ഈ നീക്കം അതീവ ഗൗരവത്തോടെയാണ് അറബ് ലോകം കാണുന്നത്.
പിടിയിലായവരിൽനിന്ന് അത്യാധുനിക ആശയവിനിമയ ഉപകരണങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. യുഎഇയിലെ എണ്ണക്കമ്പനികളെയും വിദേശ നയതന്ത്ര കാര്യാലയങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.
ലബനൻ ആസ്ഥാനമായ ഭീകരസംഘടനയായ ഹിസ്ബുള്ള വഴിയാണ് ഇവർക്കു പണം കൈമാറിയിരുന്നത്. വിദേശ നിക്ഷേപകർക്കിടയിൽ ഭീതി പടർത്താനും യുഎഇയുടെ ടൂറിസം മേഖലയെ തകർക്കാനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ യുഎഇ തങ്ങളുടെ അതിർത്തികളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിരിക്കുകയാണ്.
യുഎഇയുടെ സുരക്ഷാ ഏജൻസികൾ ദീർഘനാളായി ഈ സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഈ ശൃംഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഇവർക്കു പ്രാദേശികമായി ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. പിടികൂടിയ ഭീകരർക്ക് വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് സൈബർ സുരക്ഷാവിഭാഗം കണ്ടെത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
*🟨ആക്ഷൻ ഹീറോ ചക്ക് നോറിസ് അന്തരിച്ചു*
ന്യൂയോര്‍ക്ക്: വിഖ്യാത ഹോളിവുഡ് ആക്ഷന്‍ ഹീറോ ചക്ക് നോറിസ് (86) അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കുടുംബാംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മരണവിവരം അറിയിച്ചത്. ഹവായില്വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മോറിസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ‘ദ ഡെല്‍റ്റ ഫോഴ്സ്’, ‘മിസിംഗ് ഇന്‍ ആക്ഷന്‍’ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍.
1972ല്‍ പുറത്തിറങ്ങിയ ‘ദി വേ ഓഫ് ദ ഡ്രാഗണ്‍’ എന്ന ചലച്ചിത്രത്തില്‍ ബ്രൂസ് ലീയുടെ കരുത്തനായ എതിരാളിയായുള്ള നോറിസിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. സുഹൃത്തായ ബ്രൂസ് ലീയുടെ ക്ഷണപ്രകാരമാണ് നോറിസ് വില്ലന്‍ വേഷം ചെയ്യാനെത്തിയത്. എഴുപതുകളിലും എണ്‍പതുകളിലും ആക്ഷന്‍ ഹീറോ എന്ന നിലയില്‍ പേരെടുത്തു. ടെലിവിഷന്‍ പരമ്പരകളും ഏറെ ആരാധകരെ നേടിക്കൊടുത്തു.
രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്റർനെറ്റിൽ തരംഗമായ ‘ചക്ക് നോറിസ് ഫാക്ട്സ്’ എന്നറിയപ്പെടുന്ന മീമുകളിലൂടെ യുവതലമുറയ്ക്കും അദ്ദേഹം സുപരിചിതനാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ, തോൽപ്പിക്കാൻ കഴിയാത്ത മനുഷ്യനായി അദ്ദേഹത്തെ ചിത്രീകരിക്കുന്ന മീമുകൾ സമൂഹമാധ്യമങ്ങളിലുണ്ട്.
1940ല്‍ അമേരിക്കയിലെ ഒക്ലഹോമയിലാണ് ചക്ക് നോറിസ് ജനിച്ചത്. കൗമാരകാലത്ത് യുഎസ് വ്യോമസേനയില്‍ അംഗമായി കൊറിയയില്‍ ജോലി ചെയ്യവേയാണ് നോറിസ് ആയോധനകല പരിശീലിച്ചത്. 1960കളില്‍ കരാട്ടെ ചാന്പ്യനായി.
സ്വന്തമായി ഒരു കരാട്ടെ ശൈലി അദ്ദേഹം രൂപവത്കരിച്ചു. ലോക കരാട്ടെ ചാമ്പ്യനായി വിരമിച്ച ശേഷമാണു നോറിസ് അഭിനയത്തിലേക്കു തിരിഞ്ഞത്. തായ്ക്വാൻഡോ, ജൂഡോ, ജിയു ജിറ്റ്സു എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഭാര്യ ജെന ഒ കെല്ലി.
*🟨കല്യാണമുണ്ടോ ക്ഷണക്കത്ത് കരുതണം, ഓഡിറ്റോറിയം ബുക്കിംഗിന് പ്രൂഫ് വേണം; തെരഞ്ഞെടുപ്പ് പരിശോധന കർശനം*
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിനായി പരമാവധി ചെലവഴിക്കാവുന്ന തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് സാമഗ്രികളുടെയും വാഹനങ്ങളുടെയും വാടക സംബന്ധിച്ച കൃത്യമായ റേറ്റ് ചാർട്ട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കാലയളവിൽ കല്യാണമണ്ഡപങ്ങളും കമ്മ്യൂണിറ്റി ഹാളുകളും കേന്ദ്രീകരിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ നിരീക്ഷിക്കും
ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്യുന്നത് വിവാഹാവശ്യങ്ങൾക്കാണെങ്കിൽ അത് തെളിയിക്കാൻ വിവാഹ ക്ഷണക്കത്ത് കൈവശം കരുതണം. ഹാളുകളിലെ ബുക്കിംഗ് വിവരങ്ങൾ വരണാധികാരികൾ ദിവസേന പരിശോധിക്കും. വ്യാജ പാർട്ടികൾ വഴി വോട്ടർമാരെ ആകർഷിക്കുന്നത് തടയാനാണിത്. ആരാധനാലയങ്ങൾക്ക് പുറത്ത് വലിയ തോതിൽ ഭക്ഷണം വിതരണം ചെയ്യുന്നത് പരിശോധിക്കും. വോട്ടർമാരെ സ്വാധീനിക്കാൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ജനപ്രാതിനിധ്യ നിയമപ്രകാരവും ഐപിസി പ്രകാരവും കുറ്റകരമാണ്.
*പണം കൈവശം വയ്ക്കുന്നവർ ശ്രദ്ധിക്കുക*
യാത്രയ്ക്കിടയിൽ കൃത്യമായ രേഖകളില്ലാതെ 50,000 രൂപയ്ക്ക് മുകളിൽ തുക കൈവശം വയ്ക്കാൻ പാടില്ല. അല്ലാത്തപക്ഷം ഫ്ലൈയിംഗ് സ്ക്വാഡോ സ്റ്റാറ്റിക് സർവൈലൻസ് ടീമോ ഈ തുക പിടിച്ചെടുക്കും. നിലവിൽ എലത്തൂർ മണ്ഡലത്തിൽ നിന്നും രണ്ട് ലക്ഷം രൂപയോളം പിടിച്ചെടുത്തിട്ടുണ്ട്. മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ കടത്തും കർശനമായി തടയും. പിടിച്ചെടുത്ത പണം സംബന്ധിച്ച് പരാതിയുള്ളവർക്ക് കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ അധ്യക്ഷനായ അപ്പീൽ കമ്മിറ്റിയെ സമീപിക്കാവുന്നതാണ്.
മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ, നിയമാനുസൃതമല്ലാത്ത രീതിയിലുള്ള മദ്യം എന്നിവയുമായി യാത്ര ചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.
*🟨രാഹുൽ ഗാന്ധിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു”- ഷമ മുഹമ്മദ്*
*തിരുവനന്തപുരം:* കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി രേഖപ്പെടുത്തി എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്നതിൽ സ്ത്രീകളെ തഴഞ്ഞതിൽ കടുത്ത നിരാശയാണ് ഷമ ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്. രാഹുൽ ഗാന്ധിയെ മെൻഷൻ ചെയ്ത പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ‘നിരസിക്കപ്പെട്ടു, പക്ഷേ പരാജയപ്പെട്ടില്ല.
ഞാൻ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ നേതാവ് രാഹുൽ ഗാന്ധിയോട് കേരളത്തിലെ കോൺഗ്രസ് സ്ത്രീകളെ സഹായിക്കാൻ ഞാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു.
92 ടിക്കറ്റുകളിൽ 9 ടിക്കറ്റുകൾ മാത്രമാണ് സ്ത്രീകൾക്ക് നൽകിയത്. 24 ലോക്സഭകളിൽ, വിതരണം ചെയ്ത 16 ടിക്കറ്റുകളിൽ 1 സ്ത്രീക്ക് മാത്രമേ നൽകിയിട്ടുള്ളൂ. സ്ത്രീ കഴിവുള്ളവളാണെങ്കിൽ, സ്ഥിതി വളരെ മോശമാണ്. വളരെ വളരെ സങ്കടകരമാണ്.’- ഷമ ഫേസ്ബുക്കിൽ കുറിച്ചു.
*🟨രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു; ലിറ്ററിന് 2.35 രൂപ വരെ വർധന*
രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. പ്രീമിയം പെട്രോൾ ലിറ്ററിന് 2.35 രൂപ വരെയാണ് കൂടിയത്. പുതുക്കിയ വില ഇന്നുമുതൽ നിലവിൽ വരും. എന്നാൽ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. വിലവർധന സാധാരണക്കാരെ ബാധിക്കില്ലെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു.
ബിപിസിഎല്ലിന്റെ സ്പീഡ്, എച്ച്പിസിഎല്ലിന്റെ പവർ, ഐഒസിഎല്ലിന്റെ എക്സ്പി95 എന്നീ പ്രീമിയം പെട്രോളുകൾക്കെല്ലാം വില വർധന ബാധകമാണ്. ലിറ്ററിന് 2.9 രൂപ മുതൽ 2.35 രൂപ വരെയായിരിക്കും വില വർധിക്കുക.
വില വർധനവിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നുമാണ് സൂചന. അതേസമയം രാജ്യത്ത് ഗാർഹിക എൽപിജി ആവശ്യത്തിന് ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഏഴായിരം വാണിജ്യ ഉപഭോക്താക്കൾ പിഎൻജിയിലേക്ക് മാറി.
11,000 ടൺ വാണിജ്യ എൽപിജി ഒരാഴ്ചയ്ക്കിടെ വിതരണം ചെയ്തുവെന്നും മന്ത്രാലയം വ്യക്തമാക്കി.
പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ പരിശോധന തുടരുകയാണ്. ഇന്നലെ നാലായിരത്തിൽ അധികം റെയ്ഡുകൾ നടത്തിയെന്നും മന്ത്രാലയം അറിയിച്ചു. എൽപിജി ഇതര മാർഗങ്ങൾ കൂടുതലായി ഉപയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്
*🟨പിറന്നാൾ ദിനത്തിൽ യുവാവിന്റെ മൃതദേഹം ക്വാറിയിൽ; ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം*
തൃശൂർ: മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ക്വാറിയിൽ യുവാവിന്റെ മൃതദേഹം. കുണ്ടന്നൂർ പുഞ്ചയിൽ സധുൽകൃഷ്ണന്റെ മൃതദേഹമാണ് പിറന്നാൾ ദിനത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വടക്കാഞ്ചേരി കുണ്ടന്നൂരിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിലെ പ്ലാന്റ് നോക്കുവാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സമീപത്തെ പറമ്പിൽനിന്ന് ബൈക്ക് കണ്ടെത്തിയതോടെയാണ് മൃതദേഹം സാധുലിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്പാണ് സാധുൽ അവസാനമായി വീട്ടിൽ എത്തിയതെന്നും സാധുൽ ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു. പാറയുടെ മുകളിൽനിന്ന് വീണുള്ള മരണമെങ്കിലും ആത്മഹത്യ എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയിട്ടില്ല. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മരണത്തിലെ ദുരൂഹത നീക്കാൻ പോലീസ് ഊർജിത അന്വേഷണം നടത്തുന്നുണ്ട്.
*🟨തിരുവനന്തപുരത്ത് മുരളീധരന്റെ കാലുവാരുന്നവർ ഉണ്ട്; പത്മജ*
*തൃശൂര്‍* : തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ കാലുവാരുന്നവര്‍ ഉണ്ടെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍. തൃശൂരില്‍ കരുണാകരന്റെ വോട്ടുകള്‍ കുറേ തനിക്ക് ലഭിക്കുമെന്നും എല്ലാം കൊണ്ടുപോകാമെന്ന് വിചാരിക്കേണ്ടെന്നും അവര്‍ പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേരിടണം. യുഡിഎഫ് കാലത്ത് എയര്‍പോര്‍ട്ടിന് അച്ഛന്റെ പേര് ഇടാതിരുന്നതിന് കാരണം മക്കള്‍ക്ക് അതിന്റെ ലെഗസി കിട്ടുമെന്ന് പേടിച്ചാണ്. തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമ്പോഴൊക്കെ കരുണാകരന് വേദനിച്ചിരുന്നു. അച്ഛന്റെ പേരില്‍ എന്തെങ്കിലും തൃശൂരില്‍ തുടങ്ങണമെന്നുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ കുത്ത് ഇത്തവണ തനിക്ക് ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.
*🟨തിരുവനന്തപുരം സെൻട്രലിൽ സുധീർ കരമന എൽ.ഡി.എഫ് സ്ഥാനാർഥി*
*തിരുവനന്തപുരം:* തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ ചലച്ചിത്രതാരം സുധീർ കരമനയെ എൽ.ഡി.എഫ് സ്വാതന്ത്രനായി മത്സരിപ്പിക്കും. എന്നാൽ, സ്ഥാനാർഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എം.എൽ.എ ആന്റണി രാജുവിന് പകരക്കാരനായി സുധീറിനെ രംഗത്തിറക്കാനാണ് ഇടത് കേന്ദ്രങ്ങളിലെ ആലോച്ചന.
കഴിഞ്ഞ തദേശ സ്വയം തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് സുധീർ കരമന. ജനപ്രീതിയും രാഷ്ട്രീയ പശ്ചാത്തലവുമുള്ള സുധീറിന് രാഷ്ട്രീയത്തിനപ്പുറം കൂടുതൽ വോട്ടുകൾ ലഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്.
അതേസമയം, ജനാധിപത്യ കേരള കോൺഗ്രസ് തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സി.പി.എം സ്ഥാനാർഥിയെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നേതാക്കളുടെ പ്രതിഷേധം. നാമനിർദേശ പത്രിക സമർപ്പണത്തിന് രണ്ടു പ്രവൃത്തി ദിവസം മാത്രം ശേഷിക്കെ സ്ഥാനാർഥിയെ തീരുമാനിക്കാൻ പറ്റാത്തതിൽ സി.പി.എമ്മിനും ഇടത് മുന്നണിക്കും കടുത്ത അതൃപ്തിയുണ്ട്. നടൻ കരമന ജനാർദനൻ നായരുടെ മകനാണ്.
*🟨നമ്മുടെ ആളുകൾ മരിക്കുകയാണ്; മാർപാപ്പയോട് നൈജീരിയന്‍ മെത്രാന്മാര്*
വത്തിക്കാൻ സിറ്റി: തുടരുന്ന ഭീകരാക്രമണങ്ങൾക്കിടയിൽ രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കുമുന്നിൽ വിവരിച്ച് നൈജീരിയൻ മെത്രാന്മാർ.
ആദ്ലിമ്ന സന്ദര്‍ശനത്തിന്റെ ഭാഗമായി വത്തിക്കാനിലെത്തിയ മെത്രാന്മാർ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ നിലവിലുള്ള അവസ്ഥ വിശദീകരിച്ചു.
നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥ ആശങ്കാജനകമാണെന്ന് കർദിനാൾ പീറ്റർ ഒക്പലെകെ പറഞ്ഞു. ഫെഡറൽ ഭരണഘടനയിൽ നൈജീരിയൻ ക്രൈസ്തവര്‍ വിവേചനം നേരിടുന്നുവെന്ന് ഒവേരിയിലെ ആർച്ച് ബിഷപ് ലൂഷ്യയസ് ഇവെജുരു ഉഗോർജിയും ചൂണ്ടിക്കാട്ടി.
ഭരണഘടന പരിശോധിക്കുമ്പോൾ, അത് ഇസ്ലാമിന് അനുകൂലമായി ഒരു വശത്തേക്ക് മാറിയിരിക്കുന്നത് കാണാൻ കഴിയും. ക്രൈസ്തവർ പലപ്പോഴും ഒഴിവാക്കപ്പെടുന്നു.
ഫുലാനി തീവ്രവാദികള്‍ നിരവധി സമൂഹങ്ങളെ പിഴുതെറിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ കഴിവില്ലായ്മയോ നടപടിയെടുക്കാൻ തയാറാകാത്തതോ കാരണം ഈ തീവ്രവാദ ഗ്രൂപ്പുകൾ അഴിഞ്ഞാടുകയാണെന്നും ആർച്ച്ബിഷപ് ലൂഷ്യയസ് കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ജനങ്ങളുടെ നിലവിളി മാർപാപ്പയ്ക്കു മുന്നില്‍ അവതരിപ്പിക്കാനും രാജ്യത്തെ ക്രൈസ്തവര്‍ നേരിടുന്ന സാഹചര്യത്തെക്കുറിച്ച് സർക്കാർ ഉദ്യോഗസ്ഥരിൽനിന്നുള്ള തെറ്റായ വിവരണങ്ങളെ ചെറുക്കാനുമുള്ള അവസരമായാണ് നൈജീരിയൻ ബിഷപ്പുമാർ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.
തങ്ങളുടെ സന്ദർശനം ലെയോ മാർപാപ്പയുമായുള്ള പുത്രബന്ധത്തിന്റെ പ്രകടനമാണെന്നും തങ്ങളുടെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ വിശ്വാസം മാർപാപ്പയ്ക്കു മുന്നില്‍ സ്ഥിരീകരിക്കാനുള്ള അവസരമാണെന്നും നൈജീരിയൻ ബിഷപ്പുമാർ പറഞ്ഞു.
ലോകത്തു ക്രൈസ്തവർക്കെതിരേ നടക്കുന്ന കൊലപാതകങ്ങളുടെ 72ശതമാനവും നൈജീരിയയിലാണെന്നാണ് ഓപ്പൺ ഡോർസിന്റെ 2026ലെ വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
*🟨ഗൾഫിൽ ആറ് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നു കേന്ദ്രം*
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഗൾഫ് മേഖലയിലുടനീളമുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ ആറ് ഇന്ത്യൻ പൗരന്മാർ മരിച്ചെന്നും ഒരാളെ കാണാതായെന്നും വിദേശകാര്യമന്ത്രാലയം.
കാണാതായ വ്യക്തിയെ കണ്ടെത്തുന്നതിനുവേണ്ടി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ അറിയിച്ചു.
കഴിഞ്ഞ 18ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു ഇന്ത്യൻ പൗരൻകൂടി കൊല്ലപ്പെട്ടതോടെയാണ് ഗൾഫ് മേഖലയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ആറായി ഉയർന്നത്.
അതേസമയം പ്രദേശത്തുനിന്ന് ഫെബ്രുവരി 28 മുതൽ ഇതുവരെ മൂന്നു ലക്ഷം ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിൽനിന്ന് അധിക വിമാനസർവീസുകൾ ക്രമീകരിച്ചു. സ്ഥിതിഗതികൾ മെച്ചപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍