പ്രഭാത വാർത്തകൾ
⬛സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധി ചികിത്സയിലുള്ളത്.
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധന നടത്തിവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജനുവരിയിലും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസതടസവും ചുമയും കാരണമായിരുന്നു സോണിയ ഗാന്ധി ജനുവരിയിൽ ചികിത്സ തേടിയത്.
*⬛പാക്കിസ്ഥാന്‍റെ മധ്യസ്ഥത: ആലിംഗനതന്ത്രം പാളി; വിമർശിച്ച് കോണ്‍ഗ്രസ്*
ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷം പരിഹരിക്കുന്നതിനായി പാക്കിസ്ഥാൻ മധ്യസ്ഥത വഹിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്.
യുഎസ്-ഇസ്രയേലിനും ഇറാനും ഇടയിൽ പാക്കിസ്ഥാനും ഒരു മധ്യസ്ഥനാണെന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യക്കുള്ള ‘കനത്ത തിരിച്ചടിയായി’ അതു കണക്കാക്കപ്പെടുമെന്നും ഇതിനെല്ലാം കാരണഭൂതൻ സ്വയം പ്രഖ്യാപിത വിശ്വഗുരുവാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പാക്കിസ്ഥാനുമേൽ സൈനികവിജയം നേടിയിട്ടും, അതിനുശേഷമുള്ള പാക്കിസ്ഥാന്‍റെ നയതന്ത്ര ഇടപെടലുകളും വ്യാഖ്യാനങ്ങളും മോദി സർക്കാരിനു മുകളിൽ സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ദുഃഖകരമായ യാഥാർഥ്യം.
പഹൽഗാം ഭീകരാക്രമണത്തിനു പശ്ചാത്തലം സൃഷ്ടിക്കുന്നതിനു കാരണമായ വിദ്വേഷകരമായ പരാമർശം നടത്തിയ ആളെ ട്രംപ് തുടർച്ചയായി ആലിംഗനം ചെയ്തതും പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസം മുനീറിനു വൈറ്റ് ഹൗസ് രണ്ട് തവണ ആതിഥേയത്വം വഹിച്ചതും ചൂണ്ടിക്കാട്ടി ട്രംപിന്റെ അടുത്ത വൃത്തത്തിൽ പാക്കിസ്ഥാൻ സുഖകരമായ ബന്ധം വളർത്തിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോദി ഇസ്രയേൽ സന്ദർശനം നടത്തിയത്, നമ്മുടെ രാഷ്ട്രീയ ചരിത്രത്തിലെ വിനാശകരമായ തീരുമാനമായി രേഖപ്പെടുത്തും. മധ്യസ്ഥം വഹിക്കേണ്ട സ്ഥാനത്തുനിന്ന് നമ്മെ താഴേക്കിറക്കിയത് ഈ തീരുമാനമാണ്. പ്രധാനമന്ത്രിയുടെ ആലിംഗനതന്ത്രം തുറന്നുകാട്ടപ്പെട്ടുവെന്നും രാജ്യമാണ് ഇതിന് വില കൊടുക്കേണ്ടി വരുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.
*⬛ഏഴു ശക്തീകരണ ഗ്രൂപ്പുകൾ രൂപീകരിച്ചു: പ്രധാനമന്ത്രി*
ന്യൂഡൽഹി: ഇന്ധനം, വിതരണ ശൃംഖലകൾ, വളങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷത്തിന്റെ ആഘാതം തടയുന്നതിനുമായി കേന്ദ്രസർക്കാർ ഏഴ് ശക്തീകരണ ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പശ്ചിമേഷ്യയിലെ പ്രതിസന്ധി ആശങ്കാജനകമാണെന്നും അഭൂതപൂർവമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും രാജ്യസഭയിൽ ഇന്നലെ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ലോക്സഭയിലും പ്രധാനമന്ത്രി ഇക്കാര്യത്തിൽ പ്രസ്താവന നടത്തിയിരുന്നു.
സംഘർഷം ലഘൂകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങളോടൊപ്പമാണ് ഇന്ത്യ. എത്രയും വേഗം യുദ്ധത്തിനു പരിഹാരമുണ്ടാകണം. ചർച്ചയും നയതന്ത്രവുമാണു പരിഹാരമാർഗമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
*⬛രാജ്യതാത്പര്യം ബലികഴിച്ചു: രാഹുൽ*
ന്യൂഡൽഹി: അമേരിക്കയുടെയും ഇസ്രയേലിന്റെയും അമിത സ്വാധീനത്തിനും സമ്മർദത്തിനും ഇന്ത്യ വഴങ്ങിയെന്നും രാജ്യതാത്പര്യം ബലികഴിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.
വ്യക്തതയില്ലാത്തതും കാലങ്ങളായുള്ള നിലപാടുകളിൽ നിന്നു വ്യതിചലിച്ചുമുള്ള കേന്ദ്രത്തിന്റെ വിദേശനയത്തെ രാഹുൽ നിശിതമായി വിമർശിച്ചു.
സർവകക്ഷി യോഗം നടക്കണം. കേരളത്തിൽ എനിക്കൊരു പരിപാടി ഉള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ല. പക്ഷേ ഒരു ഘടനാപരമായ തെറ്റു സംഭവിച്ചു. ഇതു പരിഹരിക്കാൻ കഴിയില്ല. പ്രത്യേകിച്ച് പ്രധാനമന്ത്രിക്കു കഴിയില്ല.
അമേരിക്ക പറയുന്നതെന്തും അദ്ദേഹം ചെയ്യും. കർഷകരുടെയും രാജ്യത്തിന്റെയും താൽപര്യങ്ങൾക്കായി പ്രവർത്തിക്കില്ല. അമേരിക്കയും ഇസ്രായേലും പറയുന്നതെന്തും അദ്ദേഹം ചെയ്യും.’’- രാഹുൽ കുറ്റപ്പെടുത്തി.
*⬛"യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക; മോദിയുമായി ഫോണിൽ സംസാരിച്ച് ട്രംപ്*
ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകത്തെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ അനിവാര്യത ഇരുനേതാക്കളും ചർച്ചചെയ്തു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുകയും സംഘർഷം ലഘൂകരിക്കുകയും അത്യാവശ്യമാണ്. ഈ വിഷയിത്തിൽ ഇന്ത്യ അമേരിക്കയെ പിന്തുണയ്ക്കുന്നതായി സമൂഹ മാധ്യമത്തിലൂടെ മോദി വ്യക്തമാക്കി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായും തടസ്സമില്ലാതെയും തുറന്നുപ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മോദി കുറിച്ചിട്ടുണ്ട്.
ഇറാനെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചിട്ടുണ്ട്. ഇറാനുമായി സമാധാന ചർച്ചകൾ നടത്തിയെന്നും ഹോർമുസ് കടലിടുക്ക് തുറന്നു നൽകാൻ അഞ്ച് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം അമേരിക്കയുമായി യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് വ്യക്തമാക്കി."
*⬛"വാണിജ്യ എൽപിജി വിഹിതം; അവശ്യമേഖലകളെ പുനർനിർണയിച്ചു*
തിരുവനന്തപുരം : യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പാചകവാതക വിതരണത്തിൽ രാജ്യവ്യാപകമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്ത് എൽപിജി വിതരണത്തിൽ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ഉത്തരവിറങ്ങി. നടപടികൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി കൺവീനർ ആയും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർ മെമ്പർമാർ ആയും സ്റ്റേറ്റ് ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.
ഹോട്ടൽ മേഖലയ്‌ക്ക് ആവശ്യമായതിന്റെ 40 ശതമാനം സിലിണ്ടറുകൾ അനുവദിച്ച് ഉത്തരവായി. ആശുപത്രികൾ, അംഗണവാടികൾ അടക്കമുള്ള സ്കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്‌ട്രിയൽ കാന്റീനുകൾ, സ്കൂൾ-കോളേജ് ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചൺ / സുഭിക്ഷ ഹോട്ടൽ, വൃദ്ധസദനങ്ങൾ / അനാഥാലയങ്ങൾ എന്നിവയെ മുൻഗണന മേഖലകളായി നിശ്ചയിച്ചു. ഇവയ്ക്ക് ആവശ്യമുള്ള സിലിണ്ടറുകൾ ലഭ്യമാക്കും.
ഹോട്ടലുകൾ, റെസ്സറോറന്റുകൾ, കാന്റീനുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, സർക്കാർ. തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ, മൈഗ്രന്റ് തൊഴിലാളികൾക്കുള്ള 5 കിലോ LPG തുടങ്ങിയ മേഖലകൾക്ക് ആവശ്യമായതിന്റെ 40 ശതമാനം ലഭ്യമാക്കും. മരുന്ന് കന്പനികൾ, മത്സ്യമേഖല, റെയിൽവേ, എയർലൈൻ കാറ്ററിങ് എന്നിവയ്‌ക്ക് ആവശ്യമായതിന്റെ 70 ശതമാനം ലഭ്യമാക്കും.
എല്ലാ വാണിജ്യ/ഇൻഡസ്‌ട്രിയൽ എൽപിജി ഉപഭോക്താക്കളും അവരുടെ പ്രദേശത്ത് സിറ്റി ഗ്യാസ് (CGD) ലഭ്യമാണെങ്കിൽ ടി സ്ഥാപനങ്ങളിൽ നിന്ന് പൈപ് ലൈൻ നാചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കണം. അടിയന്തര ആവശ്യങ്ങൾക്കായി https://www.lpgtrackerkerala.in എന്ന വെബ് പോർട്ടൽ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
*⬛"ക്രൂഡോയിൽ ശേഖരം
5 ദിവസത്തേക്ക് മാത്രം; സ്ഥിതി കോവിഡ് സമാനമെന്ന് മോദി*
ന്യൂഡൽഹി: പശ്‌ചിമേഷ്യൻ സംഘർഷം തുടരവെ രാജ്യത്ത് ക്രൂഡോയിലിന്റെ കരുതൽ ശേഖരം അഞ്ച് ദിവസത്തേക്ക് മാത്രമാണ് ശേഷിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രാജ്യസഭയിൽ പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി നൽകിയ കണക്കുകളിലാണ് ഇത് വ്യക്തമാകുന്നത്. 33.72 ലക്ഷം ടൺ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നാണ് മന്ത്രി ചോദ്യത്തിന് മറുപടിയായി അറിയിച്ചത്.
ശരാശരി 8 ലക്ഷം ടണ്ണാണ് രാജ്യത്തിന്റെ പ്രതിദിന ഉപയോഗം. ഇതുപ്രകാരം അഞ്ചു ദിവസത്തേക്ക് മാത്രമാണ് കരുതൽ ശേഖരം ശേഷിക്കുന്നത്. പശ്‌ചിമേഷ്യൻ സംഘർഷം നീളുകയും റിഫൈനറികളുടെ പക്കലുള്ള ശേഖരത്തിൽ ഇടിവുണ്ടാകുകയും ചെയ്‌താൽ രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ മറുപടി. ആവശ്യത്തിന് ക്രൂഡ് ഓയിൽ കരുതൽ ശേഖരമുണ്ടെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും അവകാശപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് സഹമന്ത്രിയുടെ ഇൗ വെളിപ്പെടുത്തൽ. എന്നാൽ പ്രധാനമന്ത്രിയും മന്ത്രിമാരും മന്ത്രിമാർ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് രാജ്യസഭയിലെ മറുപടി. ക്രൂഡോയിൽ ശേഖരവും പെട്രോൾ– ഡീസൽ ശേഖരവുമെല്ലാമായി 74 ദിവസത്തെ ഉപയോഗത്തിനുള്ള ഇന്ധനശേഖരം രാജ്യത്തുണ്ടെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞിരുന്നു. ക്രൂഡോയിലുമായി ആവശ്യത്തിന് കപ്പലുകൾ അടുത്ത ദിവസങ്ങളിൽ ഇന്ത്യയിലേക്ക് എത്തിയില്ലെങ്കിൽ ഉൗർജപ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
"കോവിഡ് സമയത്തെന്ന പോലെ രാജ്യം ദീർഘകാല പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും പൗരർ അത് നേരിടാൻ പൂർണസജ്ജരാകണമെന്നും പ്രധാനമന്ത്രി. ഉൗർജവിതരണ ശൃംഖലകളിലെ സ്‌തംഭനവും വിലക്കയറ്റവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കും. പശ്ചിമേഷ്യൻ സംഘര്‍ഷത്തെക്കുറിച്ച് രാജ്യസഭയിൽ നടത്തിയ പ്രസ്‌താവനയിലാണ് നരേന്ദ്ര മോദിയുടെ കുറ്റസമ്മതം.
‘യുദ്ധമുണ്ടാക്കുന്ന പ്രതിസന്ധി ദീർഘകാലമുണ്ടാകും. കോവിഡ് കാലത്തേതുപോലെ രൂപീകരിക്കുന്ന ഉന്നതതല സംഘങ്ങൾ ഇന്ധനം, വിതരണശൃംഖലകൾ, വളം വിതരണം, വിലക്കയറ്റം പിടിച്ചുനിർത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട തന്ത്രങ്ങൾക്ക് രൂപം നൽകും. തൊഴിലാളികൾക്കും അവശജനവിഭാഗങ്ങളുമാണ് ക്ലേശങ്ങളുണ്ടാകുക. അവരെ സംസ്ഥാനങ്ങൾ സംരക്ഷിക്കണം. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‍പ്പും തടയണം’– മോദി പറഞ്ഞു. അതിനിടെ ബുധനാഴ്ച സർവകക്ഷിയോഗം ഡൽഹിയിൽ വിളിച്ചുചേർത്തിട്ടുണ്ട്."
*⬛"അരിജിത് സിങ്ങിന്റെ മാസ്മരിക ശബ്ദം; 'ഭൂത് ബംഗ്ല'യിലെ പുതിയ ഗാനം പുറത്ത്*
മുംബൈ: പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ അരിജിത് സിങ് വീണ്ടും തരംഗമാകുന്നു. അക്ഷയ് കുമാർ നായകനാകുന്ന 'ഭൂത് ബംഗ്ല' (Bhoot Bangla) എന്ന ചിത്രത്തിലെ 'തു ഹി ദിസ്ദ' (Tu Hi Disda) എന്ന റൊമാന്റിക് ഗാനമാണ് അരിർജിത് സിങ് ആലപിച്ചിരിക്കുന്നത്.
കഴിഞ്ഞ ജനുവരി 27-ന് താൻ ഇനി പുതിയ പാട്ടുകൾ ഏറ്റെടുക്കില്ലെന്നും പിന്നണി ഗാനരംഗത്തുനിന്ന് വിരമിക്കുകയാണെന്നും അരിജിത് പ്രഖ്യാപിച്ചിരുന്നു. ഇതിനുശേഷം പുറത്തുവരുന്ന ഗാനമായതിനാൽ ആരാധകർക്കിടയിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്.
സംഗീത സംവിധായകൻ പ്രീതവുമായി കൈകോർത്താണ് പുതിയ ഗാനം. ഈ പാട്ടിന്റെ ഈണം ഇഷ്ടപ്പെട്ട അരിജിത് സിംഗ് സ്വയം താല്പര്യം പ്രകടിപ്പിച്ചാണ് ഇതിന്റെ ഭാഗമായതെന്ന് റിപ്പോർട്ടുകളുണ്ട്. അരിജിത് സിങ്ങിന് തന്റെ എക്സ് (X) ഹാൻഡിലിലൂടെ അക്ഷയ് കുമാർ നന്ദി അറിയിച്ചു. അരിജിത്തിന്റെ ശബ്ദം ഗാനത്തിന് മാന്ത്രികത നൽകിയെന്ന് അദ്ദേഹം കുറിച്ചു.
'തും ഹി ഹോ', 'കേസരിയ', 'അഗർ തും സാത്ത് ഹോ' തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പതിറ്റാണ്ടായി ഇന്ത്യൻ സിനിമയിലെ പകരം വയ്ക്കാനില്ലാത്ത ശബ്ദമായിരുന്നു അരിജിത് സിങ്."
*⬛ക്രൂഡോയിലുമായി 'എംടി ഒയാസിസ്' മംഗലാപുരത്ത് നങ്കൂരമിട്ടു*
മംഗലാപുരം: 99000 മെട്രിക് ടൺ ക്രൂഡോയിലുമായി ഒമാൻ പതാക വഹിച്ച എംടി ഒയാസിസ് എസ്പിഎം കപ്പൽ മംഗലാപുരത്ത് നങ്കൂരമിട്ടു. മംഗലാപുരം റിഫൈനറിക്ക് വേണ്ടി വന്ന ഈ കപ്പലിൽ 3 ലക്ഷം മെട്രിക് ടൺ ഹാൻഡിൽ ചെയ്യാൻ കപ്പാസിറ്റി ഉള്ളതാണ്. കേരള എക്സ്പോർട്ടേഴ്സ് ഫോറം മെമ്പർ കൂടിയായ മംഗലാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് എസ് മാരിടൈം ഷിപ്പിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ശ്രീ മഹാദേവനാണ് ഇക്കാര്യം അറിയിച്ചത്."
ബംഗ്ലാദേശിൽ മുൻ സൈനിക ജനറൽ അറസ്റ്റിൽ*
ധാക്ക : ബംഗ്ലാദേശിൽ 2007ലെ സൈനിക ഇടക്കാല സർക്കാർ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മുൻ സൈനിക ജനറൽ അറസ്റ്റിലായി. 2007ലെ സർക്കാരിനെ താഴെയിറക്കുന്നതിലും തുടർന്നുള്ള രണ്ട് വർഷം ഇടക്കാല മേധാവിയെ നിയമിക്കുന്നതിലും പ്രധാന പങ്കുവഹിച്ച ലെഫ്റ്റനന്റ് ജനറൽ മസൂദ് ഉദ്ദീൻ ചൗധരിയെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശ് പൊലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചാണ് കഴിഞ്ഞ ദിവസം രാത്രി ധാക്കയിലെ ബരിധാരയിലെ വസതിയിൽ നിന്ന് ചൗധരിയെ അറസ്റ്റ് ചെയ്തത്. അഞ്ച് കേസുകളിലായാണ് അറസ്റ്റെന്ന് ബ്രാഞ്ച് മേധാവി ഷഫീഖുൽ ഇസാം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ദേശീയ ഏകോപന സമിതിയുടെ കോർഡിനേറ്ററായിരുന്നു ചൗധരി.
പിന്നീട് ഓസ്‌ട്രേലിയയിലെ ബംഗ്ലാദേശ് അംബാസഡറായി സേവനമനുഷ്ഠിക്കുകയും പിന്നീട് ജാത്യ പാർടിയിൽ നിന്ന് പാർലമെന്റ് അംഗമാവുകയും ചെയ്ത വ്യക്തിയാണ് ചൗധരി. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ, ഇപ്പോൾ പിരിച്ചുവിട്ട അവാമി ലീഗിന്റെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയായിരുന്നു ജതിയ പാർട്ടി."
*⬛വിവാഹിതയായത് പ്രായപൂർത്തിയായശേഷം; കുപ്രചാരണത്തിന് പിന്നിൽ
ഉപദ്രവിക്കാൻ ശ്രമിച്ച
സംവിധായകൻ: മൊണാലിസ*
കൊച്ചി : കുംഭമേളയിലെ വൈറൽ യുവതി മൊണാലിസ ഹോസ്‌ലെയുടെ ഭര്‍ത്താവ് മുഹമ്മദ് ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യാനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇരുവരും രംഗത്ത്. തനിക്ക് 18 വയസ്സ് പൂര്‍ത്തിയായശേഷമാണ് വിവാഹമെന്നും പ്രായത്തിന്റെ പേരിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾക്ക് പിന്നിൽ തന്റെ ആദ്യസിനിമയുടെ സംവിധായകനാണെന്നും മൊണാലിസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിനിമ ചിത്രീകരണത്തിനിടെ തന്റെ സമ്മതമില്ലാതെ അയാൾ മൂന്നുതവണ സ്പർശിക്കാൻ ശ്രമിച്ചിരുന്നു. മാതാപിതാക്കൾ തടസ്സംനിന്നതിനാലാണ് പരാതിപ്പെടാതിരുന്നതെന്നും മൊണാലിസ വെളിപ്പെടുത്തി. ആ സംവിധായകൻ തുടർന്നും കുഴപ്പങ്ങളുണ്ടാക്കാൻ ശ്ര മിക്കുന്നതിനാലാണ് ചില കാര്യങ്ങൾ മാധ്യമങ്ങളോട് പറയുന്നത്. തങ്ങളെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണം.
നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുണ്ടെങ്കിലും പ്രശ്നങ്ങളെ ഭയന്ന് കേരളത്തിൽത്തന്നെ തുടരാനാണ് തീരുമാനം. ഈ രാജ്യത്ത് ഹിന്ദുവും മുസ്ലിമും സ്നേഹിക്കുന്നതും കല്യാണം കഴിക്കുന്നതും ആദ്യസംഭവമല്ലെന്നും എല്ലാ മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും മുഹമ്മദ് ഫർമാൻ ഖാന്‍ പറഞ്ഞു. അറസ്റ്റ് തടഞ്ഞ് ഹൈ ക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടെന്നും ഇരുവരും പറഞ്ഞു.
*⬛ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍ തെരഞ്ഞെടുപ്പ് കാലത്തെ വലിയ അഴിമതി: കെ.സി. വേണുഗോപാൽ*
ആലപ്പുഴ: ഈ തെരഞ്ഞെടുപ്പ് സമയത്ത് ബാറുകള്‍ക്കെല്ലാം ലൈസന്‍സ് പുതുക്കിക്കൊടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഏറ്റവും വലിയ അഴിമതിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
ബാര്‍ ലൈസന്‍സ് അഞ്ച് വര്‍ഷത്തിലൊരിക്കലാണ് പുതുക്കിക്കൊടുക്കാറുള്ളത്. എന്നാല്‍ മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ കഴിയുന്നത് കേന്ദ്ര ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് കേരള സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കാൻ തീരുമാനമെടുത്തിരിക്കുന്നതെന്നാണ്.
കോടിക്കണക്കിന് രൂപ ബാര്‍ ഉടമകളില്‍ നിന്നു കൈക്കൂലി വാങ്ങിയിട്ടാണ് പുതുക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.
ക്ലാസിഫിക്കേഷന്‍ നടപടികള്‍ക്കു കാത്തിരിക്കാതെ വെബ്സൈറ്റില്‍പോലും പ്രസിദ്ധീകരിക്കാതെ രഹസ്യമായിട്ടാണ് ബാറുകള്‍ക്കല്ലാം ലൈസന്‍സ് പുതുക്കിക്കൊടുത്തിരിക്കുന്നത്. ബാറുകളുടെ സമയപരിധി കൂട്ടിക്കൊടുത്തതും അഴിമതിയായിരുന്നു. ഇത് അതിനെക്കാളും വലുതാണ്.
കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ വേണ്ടി ബാര്‍ ഉടമകള്‍ അവര്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും സര്‍ക്കാർ ചെയ്തുകൊടുക്കുകയാണ്. ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ഇടതുമുന്നണി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി കോടിക്കണക്കിന് രൂപയാണ് ബാര്‍ ഉടമകളില്‍നിന്നു കൈപ്പറ്റിയിരിക്കുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
പിണറായി വിജയന് കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍
മുഖ്യമന്ത്രി പിണറായി വിജയന് കുറെ നാളുകളായി കോംപ്രമൈസ്ഡ് ചീഫ് മിനിസ്റ്റര്‍ ആയി മാറി. സിപിഎമ്മിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ഥി പട്ടിക പരിശോധിച്ചാൽ കൃത്യമായ അന്തര്‍ധാരയുണ്ടെന്ന് മനസിലാകും. തെരഞ്ഞെടുപ്പില്‍ പരസ്പരം സഹായിക്കാനുള്ള അന്തര്ധാരായാണത്. ഇത് ഞങ്ങള്‍ നേരത്തേ വ്യക്തമാക്കിയതാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മോദിയുടെ മുന്നില്‍ ഒന്നും പറയാന്‍ കഴിയുന്നില്ല. ഇഡിയെ പേടിച്ച് ജീവിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്. അക്കാരണത്താല്‍ ഒരു കാര്യത്തിലും കേന്ദ്രവുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം തയാറാകുന്നില്ല. ഏറ്റവും ഒടുവില്‍ ഭരണം കൈവിട്ടു പോകുമെന്നു മനസിലായപ്പോള്‍ അധാര്‍മികമായ രാഷ്ട്രീയ ധാരണയ്ക്കാണ് സിപിഎം നേതൃത്വം കൊടുത്തിരിക്കുന്നത്.
സ്വന്തം അണികളെ വഞ്ചിച്ചുകൊണ്ട് സിപിഎമ്മും ബിജെപിയും നടത്തുന്നത് സ്വാര്‍ഥ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ഡീല്‍ ആണ്. പരാജയം മനസിലായ മുഖ്യമന്ത്രി ഇന്നലെ നടത്തിയത് സമനില തെറ്റിയ പരാമർശമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കൺവൻഷനിൽ സാധാരണ ഒരു പാർട്ടി പ്രവർത്തകന്റെ ചോദ്യമായിരുന്നു മുഖ്യമന്ത്രിയോട്. തങ്ങളോടും രാഷ്ട്രീയ പ്രവർത്തകര്‍ ഇഷ്ടംപോലെ ചോദ്യങ്ങൾ ചോദിക്കാറുണ്ട്. വീട്ടിൽ പോയി ചോദിക്കാൻ ഞങ്ങൾ ആരോടും പറയാറില്ലെന്നും കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമർശം ഇവിടെ ആലപ്പുഴയിൽ സുധാകരനെതിരേയും നടത്തി. ചെറ്റത്തരം എന്ന വാക്ക് ഉപയോഗിച്ചതിനെതിരേ ഇപ്പോൾ സിപിഎം നേതാക്കൾ പലതരത്തിലുള്ള വ്യാഖ്യാനങ്ങൾ സൃഷ്ടിക്കുകയാണ്. പ്രതീക്ഷിച്ചതിനപ്പുറം സീറ്റുകളുമായി ആലപ്പുഴയിൽ യുഡിഎഫ് വിജയിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
*⬛കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല: രാജീവ് ചന്ദ്രശേഖർ*
തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണെന്നു ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയെ ലക്ഷ്യമിട്ട് ഇരുവരും ഡീൽ ആരോപണം ഉന്നയിക്കുന്നതു സാധാരണ ജനങ്ങളെ പറ്റിക്കാനുള്ള പതിവു തന്ത്രമാണ്.
ബിജെപിയെ പരാജയപ്പെടുത്താൻ ഇടതും വലതും ഒരുമിച്ചു വോട്ട് ചെയ്ത ഉദാഹരണങ്ങൾ കേരളത്തിലുണ്ടെന്നു മറക്കരുത്. കേരളത്തിനു പുറത്ത് 28 സംസ്ഥാനങ്ങളിലും എട്ടു കേന്ദ്രഭരണപ്രദേശങ്ങളിലും കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ചാണെന്നു മലയാളികൾക്കറിയാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തദ്ദേശ തെരഞ്ഞടുപ്പു കഴിഞ്ഞപ്പോൾ നിയമസഭയിൽ തങ്ങൾക്ക് 120 സീറ്റ് കിട്ടും എന്നൊക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാൽ അതൊന്നും കിട്ടാൻ പോകുന്നില്ലെന്ന് അവർക്ക് കൃത്യമായി മനസിലായിട്ടുണ്ട്. ഇപ്പോൾ മുസ്ലിം വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കിമാറ്റാനുള്ള ശ്രമമാണു സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്.
സിപിഎമ്മിനു പോകുന്ന മുസ്ലിം വോട്ട് പിടിക്കാൻ സിപിഎം ബിജെപിയുടെ ബി-ടീമാണെന്നു കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. മറുവശത്തു മുഖ്യമന്ത്രി പറയുന്നത് രാഹുൽ ഗാന്ധിയാണു ബിജെപിയുടെ ബി-ടീം എന്നാണ്. പണ്ടത്തെ പോലെ ഈ തെരഞ്ഞെടുപ്പിൽ മുസ്ലിം സഹോദരങ്ങളെ ഇരകളാക്കാൻ കഴിയില്ല. നുണ പ്രചരിപ്പിക്കുന്നതു കോണ്‍ഗ്രസും സിപിഎമ്മും അവസാനിപ്പിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തന്നോടുള്ള കോണ്‍ഗ്രസിന്റെ പകയ്ക്കു കാരണം 2 ജി അഴിമതി പുറത്തുവിട്ടത്
തന്നോടുള്ള കോണ്‍ഗ്രസിന്റെ പകയ്ക്കു കാരണം 2 ജി അഴിമതി പുറത്തുവിട്ടതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്നു വരുന്പോൾ കോണ്‍ഗ്രസ് നടത്തുന്ന പതിവു ദുഷ്ടപ്രചാരണമാണു സ്വത്തു മറച്ചുവച്ചുവെന്ന ആരോപണം.
2008മുതൽ 18 കൊല്ലമായി കോണ്‍ഗ്രസ് തെരഞ്ഞുപിടിച്ചുതന്നെ ആക്രമിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടതാണ്. കോണ്‍ഗ്രസിന്റെ പരാതി പതിവു പോലെ ഇത്തവണയും തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനു പത്തു ദിവസം മുന്‍പു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു കോണ്‍ഗ്രസ് പതിവു പോലെ ശ്രമിക്കുന്നത്. വികസനത്തെക്കുറിച്ചു ചർച്ച ചെയ്യാൻ കോണ്‍ഗ്രസും സിപിഎമ്മും തയാറാവണം. നുണപ്രചാരണം നടത്തി ഭയപ്പെടുത്താൻ നോക്കേണ്ട.
തോൽക്കുമെന്നു നൂറു ശതമാനം പേടിയുള്ളതുകൊണ്ടാണു കോണ്‍ഗ്രസിന്റെ ഈ പതിവു തന്ത്രം. കോണ്‍ഗ്രസിനു പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകണം. നേരിടാൻ താൻ തയാറാണ്. ആരോപണത്തിൽ പറയുന്ന വീടും ഭൂമിയും തന്റെ പേരിലല്ല. വീട് തന്റെ മാത്രം ഉടമസ്ഥതയിലുള്ളതല്ല. താൻ കൂടി ഭാഗമായുള്ള കന്പിനിയുടേതാണ്. താമസിക്കുന്ന വീടിനെക്കുറിച്ചുള്ള വിവരം മറച്ചുവയ്ക്കാൻ താൻ അത്രയ്ക്കു വിഡ്ഢിയാണോയെന്നും രാജീവ് പറഞ്ഞു.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍