സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി കോഴിക്കോട് മുഖ്യഖാദി
കോഴിക്കോട്: കോഴിക്കോട് മുഖ്യഖാദിയായി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയെ നിയോഗിക്കുവാൻ കുറ്റിച്ചിറ മിശ്കാൽ പള്ളി കമ്മറ്റി തീരുമാനിച്ചു. ആറര നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള ഖാദി ഫക്രുദ്ധീൻ ഉസ്മാനിൽ നിന്ന് ആരംഭിക്കുന്ന കോഴിക്കോട്ടെ ഖാദി പരമ്പരയുടെ തുടർച്ചയായാണ് കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ ഖാദിയെ അവരോധിച്ചു വരുന്നത്.
ഖാദി റമസാൻ, ഖാദി അലിയ്യുൽ നാശിരി, ഖാദി മുഹമ്മദ്, ഖാദി സദഖത്തുല്ല, ഖാദി പി.വി. മാമുക്കോയ, ഖാദി നാലകത്ത് മുഹമ്മദ് കോയ ബാഖവി എന്നിവർ ഈ പരമ്പരയിലെ പ്രധാനികളാണ്. ഖാദി കെ.വി. ഇമ്പിച്ചമ്മദ് ഹാജിയുടെ വിയോഗത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ഈ നിയമനം.
വള്ളിക്കുന്ന് ആനങ്ങാടി സ്വദേശിയായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നിലവിൽ 300 ലേറെ മഹല്ലുകളുടെ ഖാദി കൂടിയാണ്. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിൽ നിന്ന് മൗലവി ഫാസിൽ ഫൈസി ബിരുദം നേടിയ അദ്ദേഹം സമസ്ത നാഷണൽ എഡ്യുക്കേഷണൽ കൗൺസിൽ അംഗം, ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് പ്രസിഡണ്ട്, സുപ്രഭാതം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
മിശ്കാൽ പള്ളി കമ്മറ്റി ആക്ടിങ്ങ് പ്രസിഡണ്ട് പി.ഒ.ഹാഷിമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ബി.വി.സിദ്ധീഖ്, പി.വി.ഹസൻകോയ, അഡ്വ.കെ.വി.അബ്ദുൾ സലാം, സയ്യിദ് ജിഫ്രി ഹാഷിം തങ്ങൾ എന്നിവർ സംസാരിച്ചു. എൻ.ഉമ്മർ സ്വാഗതവും, എം.വി. അബ്ദുള്ളക്കോയ നന്ദിയും പറഞ്ഞു. ഏപ്രിൽ രണ്ടാം വാരം മിശ്കാൽ പള്ളി അങ്കണത്തിൽ ചേരുന്ന ചടങ്ങിൽ വെച്ച് സ്ഥാനാരോഹണം നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍