പ്രഭാത വാർത്തകൾ
⬛ഫുൾട്ടൻ ജെ. ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം സെപ്റ്റംബറിൽ
വത്തിക്കാൻ സിറ്റി: അമേരിക്കൻ ആർച്ച്ബിഷപ്പായിരുന്ന ധന്യൻ ഫുൾട്ടൻ ജെ. ഷീനിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഈവർഷം സെപ്റ്റംബർ 24ന് അമേരിക്കയിലെ മിസോറി സെന്റ് ലൂയിസിൽ നടക്കും.
ലെയോ പതിനാലാമൻ മാർപാപ്പയെ പ്രതിനിധീകരിച്ചു സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാന മധ്യേയായിരിക്കും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം.
2012ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണ് ഫുൾട്ടൻ ജെ. ഷീനിനെ ധന്യനായി പ്രഖ്യാപിച്ചത്. 2019ൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ടവനായും പ്രഖ്യാപിച്ചു.
ഇല്ലിനോയിസിലെ എൽ പാസോയിൽ ഐറിഷ് കുടുംബത്തിൽ 1895 മേയ് എട്ടിനു ജനിച്ച ഫുൾട്ടൻ ജെ. ഷീൻ 1919ൽ പൗരോഹിത്യം സ്വീകരിച്ചു.
വാഷിംഗ്ണിലെ കാത്തലിക് യൂണിവേഴ്സിറ്റ് ഓഫ് അമേരിക്ക, ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റി, റോമിലെ സെന്റ് തോമസ് അക്വീനാസ് പൊന്തിഫിക്കല് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില് പഠിച്ചിട്ടുള്ള ആര്ച്ച്ബിഷപ് ഷീനിന്റെ അറിവും പരിജ്ഞാനവും പ്രഭാഷണങ്ങളുടെ ഉള്ക്കാമ്പും കണക്കിലെടുത്ത് സമകാലീന ലോകം അദ്ദേഹത്തെ വിശുദ്ധിയുള്ള താത്വികനും ദൈവശാസ്ത്രപണ്ഡിതനുമായി അംഗീകരിച്ചുവരുന്നു.
ലോകപ്രശസ്ത ടെലിവിഷന് വചനപ്രഭാഷകനായി അറിയപ്പെടുന്ന അദ്ദേഹം “ജീവന് ജീവിതയോഗ്യമാണ്” (ലൈഫ് ഈസ് വർത്ത് ലിവിംഗ്) എന്ന ടെലിവിഷന് പ്രഭാഷണപരമ്പരയിലൂടെ ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധ്യനായ വചനപ്രബോധകനായി.
1951ല് ന്യൂയോര്ക്ക് അതിരൂപതയുടെ സഹായമെത്രാനായും 1969ൽ ന്യൂപോർട്ട് ആർച്ച്ബിഷപ്പായും നിയമിതനായി. 1979 ഡിസംബർ ഒന്പതിന് 84-ാം വയസിൽ ന്യൂയോർക്കിലായിരുന്നു അന്ത്യം
*⬛സൗദിയിൽ കുടുങ്ങിയവർക്ക് ആശ്വാസം; വിസ കാലാവധി തീർന്നാലും പിഴയില്ലാതെ രാജ്യം വിടാം*
റിയാദ്: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിസ കാലാവധി തീർന്ന് സൗദിയിൽ കുടുങ്ങിയവർക്ക് പിഴയില്ലാതെ രാജ്യം വിടാം. ഏപ്രിൽ 18 വരെ വിസകൾ നീട്ടാനും അവസരമുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എല്ലാത്തരം വിസകൾക്കും പുതിയ ഇളവ് ബാധകമാണ്.
ഉംറ, ട്രാൻസിറ്റ്, വിസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾക്ക് പുതിയ ഇളവ് ബാധകമായിരിക്കും. ഫെബ്രുവരി 25 കാലാവധി തീർന്ന വിസകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ ഏപ്രിൽ 18 വരെ വിസ പുതുക്കാം. ഇതിനായി ആവശ്യമായ ഫീസടയ്ക്കണം.
വിസ കാലാവധി തീർന്നവർക്ക് പുതുക്കാതെ തന്നെ രാജ്യം വിടാം. പുതുക്കുകയോ ഫീസടയ്ക്കുകയോ വേണ്ടെന്നും ഓവർസ്റ്റേ പിഴ ഈടാക്കില്ലെന്നും അധികൃതര് അറിയിച്ചു. ഏപ്രിൽ 18ന് മുൻപ് രാജ്യം വിടാനാണ് നിര്ദേശം. ഏപ്രിൽ 18 ഓടെ നടപടികളാരംഭിക്കും.
*⬛ട്രംപിന്റെ ചർച്ച തന്നോടുതന്നെ; പരിഹാസവുമായി ഇറാന്*
ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടക്കുന്നു എന്നവകാശപ്പെടുന്ന അമേരിക്കൻ പ്രസിഡന്റ ട്രംപിനെ പരിഹസിച്ച് ഇറാൻ. ആന്തരികസംഘർഷങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ട്രംപ് തന്നോടുതന്നെ ചർച്ച നടത്താൻ തുടങ്ങിയോ എന്ന് ഇറേനിയൻ സൈനിക വക്താവ് ഇബ്രാഹിം സൊൾഫഖാരി ചോദിച്ചു.
നിങ്ങളെപ്പോലുള്ളവരുമായി ഒത്തുപോകാൻ ഞങ്ങൾക്കു കഴിയില്ലെന്നും ഞങ്ങൾ നിങ്ങളുമായി ഒരിക്കലും കരാർ ഉണ്ടാക്കില്ലെന്നും സൊൾഫഖാരി കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി അമേരിക്ക ഇറാന് 15 ഇന നിർദേശങ്ങൾ കൈമാറി എന്ന റിപ്പോർട്ടിനു പിന്നാലെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
ഇറാന്റെ ആണവപദ്ധതികൾ അവസാനിപ്പിക്കൽ, ഹിസ്ബുള്ള പോലുള്ള സായുധ സംഘടനകൾക്കു സഹായം നിർത്തൽ, ഹോർമുസ് കടലിടുക്ക് തുറക്കൽ തുടങ്ങിയ നിർദേശങ്ങളാണ് അമേരിക്ക കൈമാറിയതെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
15 ഇന നിർദേശങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി മാത്രം ട്രംപ് ഭരണകൂടം ഒരു മാസത്തെ വെടിനിർത്തൽ നടപ്പാക്കാൻ പദ്ധതിയിടുന്നതായി ചില ഇസ്രേലി വൃത്തങ്ങൾ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ, ഇറാനും ഇസ്രയേലും പരസ്പരം ആക്രമണം തുടർന്നു. ഇസ്രയേലിലെ ടെൽ അവീവ്, കുവൈറ്റ്, ജോർദാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്തിയതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു.
ഇറേനിയൻ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതായി സൗദിയും കുവൈറ്റും അറിയിച്ചു. കുവൈറ്റ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ ഇന്ധന സംഭരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ വലിയ തീപിടിത്തമുണ്ടായി.
ഇറേനിയൻ തലസ്ഥാനമായ ടെഹ്റാനിലുടനീളം വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ അറിയിച്ചു. നാവിക ക്രൂസ് മിസൈലുകൾ ഉത്പാദിപ്പിക്കുന്ന രണ്ടു കേന്ദ്രങ്ങൾ നശിപ്പിച്ചതായും കൂടിച്ചേർത്തു. എന്നാൽ പാർപ്പിടകേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
*⬛കൂട്ടക്കുഴിമാടത്തിൽ 25 കുട്ടികളുടേതടക്കം 32 മൃതദേഹങ്ങൾ*
നയ്റോബി: കെനിയയിൽ ഒരു കൂട്ടക്കുഴിമാടത്തിൽനിന്ന് 25 കുട്ടികളുടേതടക്കം 32 മൃതദേഹങ്ങൾ കണ്ടെത്തി.
മൃതദേഹങ്ങളിൽ ഭ്രൂണങ്ങളും ശിശുക്കളും ഉൾപ്പെടുന്നു. പടിഞ്ഞാറൻ പട്ടണമായ കെറിക്കോയിലെ ശ്മശാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
ആശുപത്രിയിൽനിന്ന് 13 അജ്ഞാത മൃതദേഹങ്ങൾ ഇവിടെ എത്തിച്ചുവെന്നു രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കോടതിയുടെ അനുമതിയോടെ കുഴി മാന്തുകയായിരുന്നു. അപ്രതീക്ഷിതമായി കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി.
ചാക്കുകളിൽ നിറച്ചു കൂട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവയ്ക്കു വലിയ പഴക്കമില്ലെന്നാണ് അന്വേഷണസംഘവും ഫോറൻസിക് വിദഗ്ധരും പറഞ്ഞത്.
മൃതദേഹങ്ങൾ തിരിച്ചറിയാൻ നടപടികൾ ആരംഭിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ ഇത്രയും മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിച്ചതിൽ ഊർജിത അന്വേഷണം നടക്കുകയാണ്.
*⬛ഡെന്മാർക്കിൽ മെറ്റെ ഫ്രെഡറിക്സൺ രാജിവച്ചു*
കോപ്പൻഹേഗൻ: പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ രാജി സമർപ്പിച്ചു.
ഫെഡറിക്സണിന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും 21.9 ശതമാനം വോട്ടാണു ലഭിച്ചത്.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടുന്ന ഇടതുസഖ്യത്തിന് ഭൂരിപക്ഷത്തിനു വേണ്ട 90 സീറ്റുകൾ ലഭിച്ചില്ല. രണ്ടുവട്ടം പ്രധാനമന്ത്രിയായ ഫ്രെഡറിക്സണിന്റെ സാധ്യത ഇവിടെ അവസാനിക്കുന്നില്ല.
കൂടുതൽ കക്ഷികളുടെ പിന്തുണയോടെ ഇനിയും സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ അവർ നടത്തിയേക്കും.
*⬛വെടിനിർത്തലിനുള്ള യുഎസിന്റെ ഉപാധികൾ നിരസിച്ച് ഇറാൻ; പകരം വ്യവസ്ഥകൾ മുന്നോട്ടുവച്ചു*
ടെഹ്റാൻ: വെടിനിർത്തലിനായി അമേരിക്ക മുന്നോട്ട് വച്ച അഞ്ച് പ്രധാന ഉപാധികൾ നിരസിച്ച് പകരം വ്യവസ്ഥകൾ വച്ച് ഇറാൻ. യുദ്ധം പൂർണമായും അവസാനിപ്പിക്കണമെന്നും യുദ്ധം വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇതോടെ പാക്കിസ്ഥാന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമാധാന നീക്കങ്ങൾ ഫലം കാണില്ലെന്നാണ് സൂചന.
ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നും ഇറാൻ ആവശ്യം ഉന്നയിച്ചു. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ തങ്ങൾ നിശ്ചയിക്കുന്ന വ്യവസ്ഥകൾ യുഎസ് അംഗീകരിക്കണമെന്നും മുതിർന്ന ഇറാനിയൻ സർക്കാർ പ്രതിനിധി ആവശ്യപ്പെട്ടു.
ജനീവയിൽ നടന്ന രണ്ടാം ഘട്ട ചർച്ചകളിൽ ഇറാൻ അമേരിക്കയോട് നിർദേശിച്ച വ്യവസ്ഥകൾക്ക് പുറമെയാണ് ഈ അഞ്ച് നിബന്ധനകൾ ഇറാൻ ഇന്ന് മുന്നോട്ടുവച്ചത്. വ്യവസ്ഥകൾ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും വെടിനിർത്തൽ എന്നും ഇറാൻ നയം വ്യക്തമാക്കി.
യുഎസിനെതിരായ പ്രതിരോധം തുടരാനാണ് ഇറാൻ ഉദ്ദേശിക്കുന്നത്. കൂടാതെ തങ്ങളുടെ വ്യവസ്ഥകൾ പാലിക്കുന്നത് വരെ എതിരാളികൾക്ക് മേൽ കനത്ത പ്രഹരങ്ങൾ ഏൽപ്പിക്കുമെന്നും ഇറാൻ തിരിച്ചടിച്ചു.
മുമ്പ് രണ്ടു തവണ നടന്ന ഒത്തുതീർപ്പ് ചർച്ചകളിലും ഇറാനെ യുഎസ് വഞ്ചിക്കുകയായിരുന്നു എന്ന് ഇറാൻ പ്രതിനിധി ചൂണ്ടിക്കാട്ടി. അർഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ യുഎസിന് ഒരുകാലത്തും ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വിമർശിച്ചു
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച അഞ്ച് വ്യവസ്ഥകൾ
അമേരിക്കയുടെയും ഇസ്രായേലിൻ്റേയും ആക്രമണത്തിനും കൊലപാതകങ്ങൾക്കും അന്ത്യമുണ്ടാകണം.
ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഭാവിയിൽ സൈനിക നടപടി ഉണ്ടാകാതിരിക്കാൻ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക.
യുദ്ധം മൂലമുണ്ടായ നഷ്ടങ്ങൾക്കും നാശനഷ്ടങ്ങൾക്കും വ്യക്തവും ഉറപ്പുള്ളതുമായ നഷ്ടപരിഹാരം.
മേഖലയിലുടനീളം സജീവമായിരിക്കുന്ന എല്ലാ ചെറുത്തുനിൽപ്പ് ഗ്രൂപ്പുകൾക്കും, എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.
ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരം ദീർഘകാലമായി നിലനിൽക്കുന്ന നിയമപരമായ അവകാശമാണെന്നും, അത് ഔദ്യോഗികമായി അംഗീകരിക്കപ്പെടമെന്നും ഇറാൻ വാദിക്കുന്നു.
*⬛യഹൂദരുടെ ആംബുലൻസുകൾ തകർത്തു; ലണ്ടനിൽ രണ്ടു പേർ അറസ്റ്റിൽ*
ലണ്ടൻ: വടക്കൻ ലണ്ടനിൽ യഹൂദ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകൾ തീവച്ചു നശിപ്പിക്കപ്പെട്ട സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായെന്നു ബ്രിട്ടീഷ് പോലീസ് അറിയിച്ചു.
47, 45 വയസുള്ള ലണ്ടൻ നിവാസികളാണു കസ്റ്റഡിയിലുള്ളത്. തിങ്കളാഴ്ച നാല് ആംബുലൻസുകൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി കീയർ സ്റ്റാർമർ ഞെട്ടൽ പ്രകടിപ്പിച്ചിരുന്നു.
മൂന്നുപേരാണ് ആക്രമണം നടത്തിയത്.ആക്രമണത്തിന് ഇറേനിയൻ ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പോലീസ് നേരത്തേ പറഞ്ഞിരുന്നു.
*⬛ഇറാനും യുഎസിനും ഇടയിൽ സന്ദേശം കൈമാറുന്നത് തുർക്കി*
അങ്കാറ: ഇറാനും അമേരിക്കയ്ക്കും ഇടയിൽ സന്ദേശങ്ങൾ കൈമാറുന്നത് തുർക്കി. സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നു തുർക്കി വൃത്തങ്ങൾ അറിയിച്ചു.
ഇറാന്റെ ആക്രമണം നേരിടുന്ന ഗൾഫ് രാജ്യങ്ങളുമായും തുർക്കി ബന്ധപ്പെടുന്നുണ്ട്.സുഹൃത്തെന്ന നിലയിൽ ഇറാന് ഉപദേശങ്ങൾ നല്കുന്നതായി തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
ഇറേനിയൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായും യുഎസ് ഉദ്യോഗസ്ഥരുമായും ഹാകാൻ ഫിദാൻ സംസാരിക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.
*⬛ലൂക്കാഷെങ്കോ ഉത്തരകൊറിയയിൽ*
പ്യോഗ്യാംഗ്: റഷ്യൻ പ്രസിഡന്റ് പുടിന്റെ വിശ്വസ്ത മിത്രമായ ബെലാറൂസ്യൻ പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോ ഉത്തരകൊറിയ സന്ദർശിക്കുന്നു.
പ്യോഗ്യാംഗിൽ വിമാനമിറങ്ങിയ ലൂക്കാഷെങ്കോയെ ചുവപ്പു പരവതാനി വിരിച്ചാണു സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ച നടത്തി.
അണ്വായുധ പദ്ധതികളുടെ പേരിൽ ഉത്തരകൊറിയയും മനുഷ്യാവകാശ ധ്വംസനങ്ങളുടെ പേരിൽ ബെലാറൂസും ആഗോളതലത്തിൽ ഒറ്റപ്പെടൽ നേരിട്ടിരുന്നു. ഇരു രാജ്യങ്ങളും റഷ്യയുമായി നല്ല അടുപ്പത്തിലാണ്.
*⬛ആശങ്ക വേണ്ട, ഇന്ധനവുമായി നാല് കപ്പലുകൾ എത്തി, കൂടുതൽ കപ്പലുകൾ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുന്നു*
ന്യൂഡൽഹി: രാജ്യത്ത് ഊർജ സുരക്ഷ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്ന് കേന്ദ്ര സർക്കാർ. രാഷ്ട്രീയപാർട്ടികള്ക്കായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. അസംസ്കൃത എണ്ണ, എൽപിജി തുടങ്ങിയ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കിയതായാണു സർക്കാർ വ്യക്തമാക്കിയത്.
ഇന്ധനവുമായി കൂടുതൽ കപ്പലുകൾ രാജ്യത്തേക്കു വന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. നാലു കപ്പലുകൾ എത്തിയിട്ടുണ്ടെന്നും കൂടുതൽ എത്തുമെന്നും യോഗത്തിൽ ഉദ്യോഗസ്ഥർ അറിയിച്ചു.
രാജ്യത്തെ എൽപിജി ആവശ്യകതയുടെ 60 ശതമാനം പൂർത്തീകരിക്കുന്നത് ആഭ്യന്തര ഉത്പാദനത്തിലൂടെയാണെന്നു പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ സംസാരിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസും യോഗത്തിൽ പങ്കെടുത്തില്ല.
*⬛രാജ്യസഭയും കടന്ന് ട്രാൻസ്ജെൻഡർ അമെൻഡ്മെന്റ് ബിൽ; ചരിത്രപരമായ മാറ്റങ്ങളുമായി പുതിയ നിയമം*
ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവും സുരക്ഷയും ലക്ഷ്യമിട്ടുള്ള 'ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ-2026' പാർലമെന്റ് പാസാക്കി. കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ബില്ലിന് ബുധനാഴ്ച രാജ്യസഭയും അംഗീകാരം നൽകിയതോടെ ബിൽ നിയമമാകുന്നതിലേക്കുള്ള നിർണായക കടമ്പ കടന്നു.
ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ച് ശിക്ഷാ നടപടികൾ ക്രമീകരിക്കാൻ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. ഉപദ്രവത്തിന്റെ തീവ്രതയനുസരിച്ച് കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ നിയമപരമായ നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. തിരിച്ചറിയൽ രേഖകൾ നൽകുന്ന പ്രക്രിയ കൂടുതൽ സുതാര്യമാക്കാനും മെഡിക്കൽ ബോർഡുകളുടെ ഘടന പരിഷ്കരിക്കാനും ബില്ലിൽ നിർദേശമുണ്ട്.
സമൂഹത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം നേരിടുന്ന വിവേചനം അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്ര സാമൂഹിക നീതി മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലിലെ ചില വ്യവസ്ഥകൾ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ സ്വയം നിർണയാവകാശത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശബ്ദവോട്ടോടെ സഭ അത് തള്ളി.
*⬛സൈനികരെ അഭിസംബോധന ചെയ്യാൻ ചീഫ് ജസ്റ്റിസ് ലേയിലേക്ക്; ചരിത്രത്തിലാദ്യമായി ബേസ് ക്യാമ്പ് സന്ദർശനം*
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാർച്ച് 28-ന് ലഡാക്കിൽ ഔദ്യോഗിക സന്ദർശനം നടത്തും. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലാദ്യമായാണ് ഒരു ചീഫ് ജസ്റ്റിസ് ലേയിലെ സൈനിക ബേസ് ക്യാമ്പ് സന്ദർശിക്കാനും ഇന്ത്യൻ സൈനികരെ അഭിസംബോധന ചെയ്യാനും ഒരുങ്ങുന്നത്.
രാജ്യത്തിന്റെ അതിർത്തി കാക്കുന്ന സൈനികരെ നേരിൽ കണ്ട് സംസാരിക്കുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസാകും ജസ്റ്റിസ് സൂര്യകാന്ത്. സന്ദർശനത്തിന്റെ ഭാഗമായി ലേയിലും കാർഗിലിലും നിർമിച്ച പുതിയ ജില്ലാ കോടതി സമുച്ചയങ്ങൾ ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്യും.
ലേ, കാർഗിൽ മേഖലകളിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ നിയമസംവിധാനത്തിന്റെ പുരോഗതി വിലയിരുത്താൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്