ദേശീയപാത ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അവഗണന.മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന 
ദേശീയപാത ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അവഗണന. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. രാഷ്ട്രീയ നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ചടങ്ങ് ബഹിഷ്കരിച്ചേക്കുമെന്നാണ് സൂചന. നോട്ടിസിലടക്കം റിയാസിന്‍റെ പേര് വച്ചിരുന്നില്ല. സംസ്ഥാനം വലിയതോതില്‍ ഭൂമി ഏറ്റെടുത്ത് നല്‍കുകയും മുന്നിട്ടിറങ്ങുകയും ചെയ്തതിന്‍റെ ഫലമായാണ് 30 മീറ്ററില്‍ നിന്നും 45 മീറ്റര്‍ വീതിയില്‍ ദേശീയപാത യാഥാര്‍ഥ്യമാകുന്നത്. സംസ്ഥാനത്തിന് അവകാശവും അധികാരവും ഉള്ള പദ്ധതിയാണിതെന്നും ദേശീയപാത അതോറിറ്റിയുടെ പിഴവ് കൊണ്ട് പലയിടങ്ങളിലും നിര്‍മാണത്തിനിടെ തന്നെ തകര്‍ന്നപ്പോള്‍ അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതും പൊതുമരാമത്ത് മന്ത്രിയായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ആ സാഹചര്യത്തില്‍ മന്ത്രിയെ വിളിക്കാതിരിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയമാണെന്നും പ്രധാനമന്ത്രി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൂടി നിര്‍വഹിക്കുന്നതിനാല്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടതില്ലെന്നുമാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയപാത 66ലെ തലപ്പാടി–ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്‍റെ വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാതയുമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ദേശീയപാതയ്ക്ക് പുറമെ 10,800 കോടിയുടെ വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി തുടക്കമിടും. ഉച്ചയ്ക്ക് 1.15ന് കലൂര്‍ സ്റ്റേഡിയത്തിലാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടല്‍ ചടങ്ങും നടത്തുക. 5,500 കോടി രൂപ ചെലവിട്ട് ബിപിസിഎലില്‍ നിര്‍മിക്കുന്ന പോളി പ്രൊപ്പിലിന്‍ പ്ലാന്‍റിനും പ്രധാനമന്ത്രി തറക്കല്ലിടും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍