പ്രഭാത വാർത്തകൾ
🟨ഇന്ത്യക്ക് 27 കോടി, ന്യൂസിലൻഡിന് 14
ദുബായ്: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് 27.48 കോടി രൂപ (മൂന്നു മില്യണ്‍ ഡോളര്‍).
ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡിന് 14.65 കോടി രൂപയാണ് (1.6 മില്യണ്‍ ഡോളര്‍) ലഭിച്ചത്. സെമി ഫൈനലില്‍ പുറത്തായ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് 7.24 കോടി രൂപ വീതം.
സൂപ്പര്‍ എട്ടില്‍ പുറത്തായ ടീമുകള്‍ക്ക് 3.48 കോടി രൂപ വീതവും പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് 2.29 കോടി രൂപ വീതവുമാണ് ഐസിസിയില്‍നിന്നു ലഭിക്കുന്നത്.
*🟨സ്മൃതി മന്ദാന ഒന്ന്*
ദുബായ്: ഐസിസി വനിതാ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം സ്മൃതി മന്ദാന ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എട്ടാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ ജെമീമ റോഡ്രിഗസ് 12ലേക്ക് ഇറങ്ങി.
*🟨ആവേശം അതിരുവിട്ടു; അർഷ്ദീപ് സിംഗിന് ഐസിസി പിഴ ചുമത്തി*
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിനിടെ കിവീസ് താരം ഡാരിൽ മിച്ചലിനു നേരെ പന്തു വലിച്ചെറിഞ്ഞ സംഭവത്തിൽ പേസർ അർഷ്ദീപ് സിംഗിനെതിരെ നടപടിയുമായി ഐസിസി. മാച്ച് ഫീയുടെ 15 ശതമാനം പിഴയാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.9 അർഷ്ദീപ് ലംഘിച്ചതായി ഐസിസി കണ്ടെത്തി. രാജ്യാന്തര മത്സരത്തിനിടെ അപകടകരമായ രീതിയിൽ ഒരു താരത്തിനു നേരെ പന്തോ മറ്റു ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത് സംബന്ധിച്ച വകുപ്പാണിത്.
ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ 11-ാം ഓവറിലാണ് സംഭവം. ഡാരിൽ മിച്ചൽ അടിച്ച ബോൾ അർഷ്ദീപ് എടുക്കുകയും മിച്ചലിനു നേരെ വലിച്ചെറിയുകയായിരുന്നു. പന്ത് കാലിൽ കൊണ്ടതോടെ രൂക്ഷ പ്രതികരണവുമായി മിച്ചൽ അർഷ്ദീപിന്റെ അടുത്തേക്കെത്തി.
തുടർന്ന് ക്യാപറ്റൻ സൂര്യകുമാർ യാദവ് ഡാരിൽ മിച്ചലിനോടു സംസാരിച്ചാണു പ്രശ്നം പരിഹരിച്ചത്. പിന്നാലെ അർഷ്ദീപിനെ വിളിച്ച് അംപയർ മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു.
*🟨ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായി; വാക്കാല്‍ പരാമര്‍ശിച്ച് സുപ്രീംകോടതി*
ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന് വാക്കാല്‍ പരാമര്‍ശിച്ച് സുപ്രീംകോടതി. 1937 ലെ ശരിഅത്ത് നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റീസിന്റെ ഭാഗത്തുനിന്ന് ഈ പരാമർശം ഉണ്ടായിരിക്കുന്നത്.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് പാർലമെന്റ് പരിഗണിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. മുസ്ലിം സ്ത്രീകൾക്ക് വിവേചനം സൃഷ്ടിക്കുന്ന ശരീഅത്ത് നിയമത്തിന്റെ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയായിരുന്നു സുപ്രീം കോടതിയുടെ പരിഗണനക്കായി വന്നത്.
ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് ജസ്റ്റീസുമാരായ ജോയ്മാല ബാക്സിയ, ആർ. മഹാദേവൻ എന്നിവർ അടങ്ങുന്ന ബെഞ്ച് ഏകീകൃത സിവിൽ നിയമമാണ് ഇത്തരം വിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം എന്ന തരത്തിലുള്ള പരാമർശം നടത്തിയത്.
*🟨ജമ്മു കാഷ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; പരാജയപ്പെടുത്തി സൈന്യം*
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. രജൗരി സെക്ടറിലെ ജാംഗർ-നൗഷേര മേഖലയിലാണ് നിയന്ത്രണരേഖ വഴി പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.
ഇതേ തുടർന്നുണ്ടായ സൈന്യത്തിന്റെ വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെ ആയിരുന്നു നിയന്ത്രണരേഖയ്ക്ക് സമീപം പാക് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇതേ തുടർന്നായിരുന്നു സൈന്യം വെടിയുതിർത്തത്.
നേരത്തെ കാഷ്മീരിലേക്ക് പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ഭീകരരാണ് നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചത്. സൈന്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഭീകരനായി മേഖലയിൽ തെരച്ചിൽ തുടരുന്നു.
*🟨ഇന്ധന പ്രതിസന്ധി; ബംഗ്ലാദേശിന് സഹായ ഹസ്തവുമായി ഇന്ത്യ*
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിലേക്ക് ഡീസൽ വിതരണം പുനഃരാരംഭിച്ച് ഇന്ത്യ. ഇന്ത്യ-ബംഗ്ലാദേശ് സൗഹൃദ പൈപ്പ്ലൈൻ വഴിയാണ് ഇന്ധനം നൽകുന്നത്.
ആസാമിലെ നുമാലിഗഡ് റിഫൈനറിയിൽ നിന്ന് 5,000 ടൺ ഡീസൽ ചൊവ്വാഴ്ചയോടെ ബംഗ്ലാദേശിലെത്തുമെന്ന് ബംഗ്ലാദേശ് പെട്രോളിയം കോർപറേഷൻ ചെയർമാൻ മുഹമ്മദ് റൈസാനൂർ റഹ്മാൻ വ്യക്തമാക്കി. ഇന്ത്യ നൽകുന്ന ഇന്ധനം ബംഗ്ലാദേശിലെ നിലവിലെ പ്രതിസന്ധിക്ക് വലിയ ആശ്വാസമാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതാണ് ബംഗ്ലാദേശിലെ കടുത്ത ഇന്ധന പ്രതിസന്ധിക്ക് കാരണമായത്. ആവശ്യമായ പെട്രോളിയം ഉത്പന്നങ്ങളുടെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്.
പ്രതിസന്ധി ആരംഭിച്ചതിന് പിന്നാലെ ബംഗ്ലാദേശിൽ കടുത്ത ഇന്ധന നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു. നിലവിൽ ടു വീലറുകൾക്ക് 10 ലിറ്ററും കാറുകൾക്ക് 40 ലിറ്ററുമായി ഇന്ധന വിതരണം പരിമിതപ്പെടുത്തിയിരുന്നു.
*🟨ലോക്സഭയിൽ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയ ചർച്ച; ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു*
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ പ്രമേയത്തിന്മേലുള്ള ചർച്ച പാർലമെന്റിൽ പുരോഗമിക്കുന്നു. ഭരണഘടനയെ സംരക്ഷിക്കാനാണ് തങ്ങൾ ഈ നീക്കം നടത്തുന്നതെന്ന് ചർച്ചയ്ക്ക് തുടക്കമിട്ടുകൊണ്ട് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി പറഞ്ഞു.
ഫെബ്രുവരിയിൽ നടന്ന ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ 20 തവണയാണ് സ്പീക്കർ തടസ്സപ്പെടുത്തിയതെന്ന് ഗൊഗോയ് ആരോപിച്ചു. ഇത് മനഃപൂർവമാണെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനാണ് സ്പീക്കർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യക്തിപരമായി ഓം ബിർളയുമായി നല്ല ബന്ധമാണുള്ളതെങ്കിലും സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാൻ ഈ നടപടി അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സഭയിൽ നടന്ന വാഗ്വാദങ്ങൾക്കിടെ ഇടപെട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നിലവിലെ പ്രതിപക്ഷം പാർലമെന്ററി മര്യാദകൾ ലംഘിക്കുകയാണെന്ന് കുറ്റപ്പെടുത്തി. "ഇതുപോലൊരു പ്രതിപക്ഷം മുൻപ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാൽ ഗൗരവ് ഗൊഗോയ്ക്ക് പാർലമെന്ററി കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും, സഭാനടപടികൾ തടസപ്പെടുത്താൻ മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ആദ്യം വിട്ടുനിന്നെങ്കിലും മമത ബാനർജിയുടെ നിർദ്ദേശപ്രകാരം തൃണമൂൽ കോൺഗ്രസ് എംപിമാരും പ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തി. മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ളവർ സ്പീക്കറുടെ നടപടികളെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ നാലാമത്തെ തവണയാണ് ഒരു സ്പീക്കർക്കെതിരെ ഇത്തരത്തിൽ പ്രമേയം വരുന്നത്. 118 പ്രതിപക്ഷ എംപിമാരാണ് പ്രമേയത്തിൽ ഒപ്പിട്ടിരിക്കുന്നത്. നിലവിൽ ജഗദംബിക പാൽ ആണ് സഭാനടപടികൾ നിയന്ത്രിക്കുന്നത്. ഭരണപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ പ്രമേയം പരാജയപ്പെടാനാണ് സാധ്യതയെങ്കിലും, പ്രതിപക്ഷം ഇതിനെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.
*🟨കെ.ജി. സനൽകുമാർ ഇനി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി*
*തിരുവനന്തപുരം* : കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിലവിലെ നിയമവകുപ്പ് സെക്രട്ടറി കെ.ജി. സനൽകുമാറിനെ നിയമിച്ചു. ജുഡീഷ്യൽ സർവീസിലും ഭരണരംഗത്തും ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് അദ്ദേഹം.
2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലായിരുന്നു നിയമനം. തിരുവനന്തപുരം ലോ അക്കാഡമി ലോ കോളേജിൽ നിന്ന് എൽ. എൽ. ബിയും എൽ. എൽ. എമ്മും പാസായശേഷം 1989ലാണ് അഭിഭാഷകനായി സനൽകുമാര്‍ എൻറോൾ ചെയ്തത്. 1998ൽ വൈക്കം മുൻസിഫായി ജോലിയിൽ പ്രവേശിച്ചു. വടക്കഞ്ചരി, തലശേരി, ചേർത്തല, കൊല്ലം മജിസ്ട്രേറ്റ്, ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ്, പത്തനംതിട്ട മുൻസിഫ്, എറണാകുളം സബ് ജഡ്ജ്, സി. ജെ. എം ആലപ്പുഴ, പത്തനംതിട്ട അഡീഷണൽ ജില്ലാ ജഡ്ജി, പത്തനംതിട്ട എം. എ. സി. റ്റി, കോട്ടയം അഡീഷണൽ ജില്ലാ ജഡ്ജി, കോട്ടയം വിജിലൻസ് ജഡ്ജ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
*🟨മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?'; വികസന നേട്ടങ്ങൾ എടുത്തുപറഞ്ഞ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം*
*തിരുവനന്തപുരം* : സംസ്ഥാന സർക്കാരിന്റെ വൻകിട വികസന പദ്ധതികളും ജനക്ഷേമ പ്രവർത്തനങ്ങളും മുൻനിർത്തി 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ?' എന്ന മുദ്രാവാക്യവുമായി എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കേരളത്തിൽ എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിൽ കൈവരിച്ച വിപ്ലവകരമായ മാറ്റങ്ങളും അക്കമിട്ടു നിരത്തിയാണ് എൽഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, സ്ത്രീസുരക്ഷ, ടൂറിസം തുടങ്ങി സർവമേഖലയിലും ഉണ്ടായിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തനങ്ങൾ.
വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസമാണ് പ്രചാരണത്തിലൂടെ എൽഡിഎഫ് പങ്കുവെക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുൻനിർത്തി സംസ്ഥാനത്തുടനീളം വിപുലമായ പ്രചാരണ പരിപാടികളാണ് എൽഡിഎഫ് ആസൂത്രണം ചെയ്തിരിക്കുന്നത്. സർക്കാർ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.
*🟨മറിയ ഉമ്മൻ മത്സരിക്കില്ല, മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ട് ' -ചാണ്ടി ഉമ്മൻ*
*കോട്ടയം:* നിയമസഭ തെരഞ്ഞെടുപ്പിൽ സഹോദരി മറിയ ഉമ്മൻ മത്സരിക്കാനുള്ള സാധ്യത തള്ളി ചാണ്ടി ഉമ്മൻ. മക്കളുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഉമ്മൻചാണ്ടി അതിര് വരച്ചിട്ടുണ്ടെന്നും അത് പാലിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മറിയയുടെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
*🟨പരുമല ആശുപത്രി നഴ്സുമാരുടെ ശമ്പളം 40,000 രൂപയാക്കി; തീരുമാനം മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ*
*പത്തനംതിട്ട* : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാനുള്ള ആവശ്യം അംഗീകരിച്ച് പരുമല ആശുപത്രി. പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ആശുപത്രി സിഇഒ ഫാദർ എം സി പൗലോസ്, സീനിയർ നഴ്സിംഗ് സ്റ്റാഫ് പ്രതിനിധികളായ സുജിത്ത് കെ ജോർജ്, സാം കെ മാത്യു എന്നിവരോട് ശമ്പള വർധനു സംബന്ധിച്ച ധാരണാപത്രം കൈമാറി. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ യൂനിയൻ നഴ്സുമാർ അസോസിയേഷൻ (UNNA)–യുടെ നേതൃത്വത്തിൽ നടത്തിയ സമരം കൂടുതൽ ആരോഗ്യ സേവനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കാതിരിക്കാനുള്ള ഹൈക്കോടതി നിർദേശങ്ങൾക്കിടയിലായിരുന്നു.
*🟨കോവിഡ് വാക്സിൻ പാർശ്വഫലങ്ങൾ; നഷ്ടപരിഹാര നയം രൂപീകരിക്കാൻ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം*
ന്യൂഡൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് പാർശ്വഫലങ്ങൾ അനുഭവപ്പെട്ടവർക്കും ജീവൻ നഷ്ടപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകുന്നതിനായി സമഗ്രമായ ഒരു നയം രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വാക്സിനേഷൻ മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ മരണമോ സംഭവിച്ച കേസുകളിൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വാക്സിൻ എടുത്തതിനുശേഷം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. നിലവിൽ ഇത്തരം കേസുകളിൽ സഹായം നൽകുന്നതിൽ വ്യക്തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്ര രൂപ നഷ്ടപരിഹാരം നൽകണം, ആർക്കൊക്കെയാണ് ഇതിന് അർഹതയുള്ളത് തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ച് സത്യവാംഗ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.
വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഈ ഇടപെടൽ. വാക്സിൻ പാർശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും നിരീക്ഷിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്നും ഹർജിക്കാർ ആരോപിച്ചു. വാക്സിനേഷൻ ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് നടപ്പിലാക്കിയതെന്നും പാർശ്വഫലങ്ങൾ വളരെ അപൂർവമായ കേസുകളിൽ മാത്രമാണ് സംഭവിക്കുന്നതെന്നും സർക്കാർ മുൻപ് കോടതിയെ അറിയിച്ചിരുന്നു.
*🟨നിയമസഭാ തെരഞ്ഞെടുപ്പ്; ടിവികെ സ്ഥാനാർഥികൾക്കായുള്ള അഭിമുഖം ആരംഭിച്ചു*
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ടിവികെ സ്ഥാനാർഥികളെ കണ്ടെത്താൻ അഭിമുഖം ആരംഭിച്ചു. സ്ഥാനാർഥിത്വം ആഗ്രഹിച്ച് നൂറുകണക്കിനു പേരാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ഇവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെ പണയൂരിലെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തിയാണ് അഭിമുഖം നടത്തുന്നത്. 234 മണ്ഡലങ്ങളിലും തനിച്ചു മത്സരിക്കാനാണ് നീക്കമെങ്കിലും ടിവികെയെ എൻഡിഎ സഖ്യത്തിലെത്തിക്കാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.
വിസിൽ ചിഹ്നമാണ് ടിവികെയ്ക്ക് അനുവദിച്ചിട്ടുള്ളത്. പാർട്ടി അധ്യക്ഷൻ വിജയ് പെരമ്പൂര്‍ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വികസനത്തില്‍ പിന്നോക്കം നില്ക്കുന്ന നിമയസഭാ മണ്ഡലത്തില്‍ നിന്നും താന്‍ ജനവിധി തേടുമെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു.
'ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍