മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി


തിരുവനന്തപുരം: കേരളത്തിലെ ഏക യുനാനി മെഡിക്കല്‍ കോളേജായ മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി നല്‍കാന്‍ തീരുമാനം. കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയിലാണ് യുനാനി മെഡിക്കല്‍ കോളേജ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മെഡിക്കല്‍ കോളേജിന്റെ എയ്ഡഡ് പദവി സംബന്ധിച്ച തീരുമാനമുണ്ടായത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കമാണിതെന്ന നിലയില്‍ അഭിപ്രായം ഉയര്‍ന്നു. സ്വാശ്രയ കോളേജിന് എയ്ഡഡ് പദവി നല്‍കുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടേയും ശമ്പളം അടക്കമുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കേണ്ടി വരും.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചിട്ടില്ലാത്ത 436 ഗ്രാമപഞ്ചായത്തുകളില്‍ കൂടി താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിക്കുന്നത് അടക്കമുള്ള തീരുമാനങ്ങളും മന്ത്രിസഭായോഗത്തിലെടുത്തു. കരാര്‍ അടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് മുഖേന നിയമനം നടത്തുന്നതിനാണ് ഗ്രാമാപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍