പ്രഭാത വാർത്തകൾ
🟨പാചകവാതകം സംബന്ധിച്ച് ചിലർ ഭീതിവിതയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക പ്രതിസന്ധി സംബന്ധിച്ച് പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എൽപിജിയെക്കുറിച്ച് ഇന്ന് ധാരാളം ചർച്ചകൾ നടക്കുന്നുണ്ടെന്നും ചിലർ ഭീതി വിതയ്ക്കാനും സ്വന്തം ലക്ഷ്യങ്ങൾ നേടാനും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയപരമായി അവരെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. കോവിഡ് പോലെ രാജ്യം മറ്റൊരു വെല്ലുവിളിയെ അഭിമുഖീകരിക്കുന്നു. അത് നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. ദേശീയ താൽപ്പര്യങ്ങൾ പരമപ്രധാനമായി നിലനിർത്തിക്കൊണ്ട് നമ്മുടെ കടമകൾ നിറവേറ്റണമെന്നും മോദി പറഞ്ഞു.
ഭീതി പരത്തുന്നതിലൂടെ രാജ്യത്തിന് വലിയ നാശനഷ്ടം വരുത്തുകയുമാണ് ചെയ്യുന്നത്. യുദ്ധം മൂലമുള്ള ആഗോള പ്രതിസന്ധിയിൽ നിന്ന് ഒരു രാജ്യവും മുക്തമായിട്ടില്ല. പ്രതിസന്ധി ഏതെങ്കിലും തരത്തിൽ ഏറിയും കുറഞ്ഞും എല്ലാ രാജ്യങ്ങളേയും ബാധിക്കുന്നുണ്ട്.
ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനായി ഇന്ത്യയും യാതൊരു വിട്ടുവീഴ്ചയും വരുത്തുന്നില്ല. വിവിധ തലങ്ങളിൽ ഞങ്ങൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ഉന്നത നേതാക്കളുമായി താൻ ഇത് ചർച്ച ചെയ്തിട്ടുണ്ട്. വിതരണ ശൃംഖലയിലെ തടസങ്ങളെ മറികടക്കുന്നതിനായി തുടർച്ചയായ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
*🟨"ചീഫ് ഇലക്ഷൻ കമ്മീഷണറെ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിൽ നോട്ടീസ്*
ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസിൽ 130 ലോക്സഭാ എംപിമാരും 63 രാജ്യസഭാ എംപിമാരും ഒപ്പു വെച്ചു. നോട്ടീസ് വെള്ളിയാഴ്ച പാർലമെന്റിൽ സമർപ്പിക്കും. ഇന്ത്യ കൂട്ടായ്മയിലെ എല്ലാ കക്ഷികളിൽ നിന്നുമുള്ള എംപിമാരും എഎപി എംപിമാരും നോട്ടീസിൽ ഒപ്പുവച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം.
പദവിയിലെ പക്ഷപാതപരമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണം തടസ്സപ്പെടുത്തൽ, വൻതോതിൽ വോട്ടർമാരെ അയോഗ്യരാക്കൽ എന്നിവയുൾപ്പെടെ ഏഴ് ആരോപണങ്ങളാണ് നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുടർന്നുകൊണ്ടിരിക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിൽ (എസ്ഐആർ) ചീഫ് ഇലക്ഷൻ കമ്മീഷണർ ഭരണകക്ഷിയായ ബിജെപിയെ സഹായിക്കുന്നുവെന്ന വ്യാപക പരാതകൾക്കിടെയാണ് പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള ശക്തമായ നീക്കം.
ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കണമെന്ന ആവശ്യം ഉന്നയിക്കാൻ ലോക്സഭയിൽ 100 എംപിമാരുടെ ഒപ്പ് വേണം. രാജ്യസഭയിൽ 50പേരുടെ ഒപ്പാണ് വേണ്ടത്. സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ നടപടിക്രമമാണ് ആവശ്യം. തെളിയിക്കപ്പെട്ട നടപടിദൂഷ്യത്തിന്റെയും വീഴ്ചകളുടെയും അടിസ്ഥാനത്തിലെ ഇത്തരമൊരു നീക്കം സാധ്യമാകൂ."
"പാർലമെന്റിന്റെ ഏതെങ്കിലും ഒരു സഭയിൽ നീക്കത്തിനുള്ള പ്രമേയം അവതരിപ്പിക്കണം. സഭയിലെ ആകെ അംഗങ്ങളുടെ ഭൂരിപക്ഷവും ഹാജരിലുള്ളവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും ആവശ്യമാണ്.
ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാനുള്ള നോട്ടീസ് ഒരേ ദിവസം രണ്ട് സഭകളിലും നൽകിയാൽ,രണ്ട് സഭകളിലും പ്രമേയം അംഗീകരിക്കപ്പെട്ടതിന് ശേഷം മാത്രമേ അന്വേഷണ സമിതി രൂപീകരിക്കൂ. ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയർമാനും ചേർന്നാണ് ഈ സമിതി രൂപീകരിക്കുക.
*വിവാദ നടപടിക്ക് ശേഷം ആദ്യമായി പദവിയിൽ*
സെലക്‌ഷൻ കമ്മിറ്റിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമനിർമാണം നടത്തിയശേഷം ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യതെരഞ്ഞെടുപ്പ് കമീഷണറാണ് ഗ്യാനേഷ് കുമാർ.
1988 കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്‌തനായാണ് അറിയപ്പെട്ടിരുന്നത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ വിരമിച്ചതോടെ 2025 മാര്‍ച്ച് 15 നാണ് ചുമതലയേറ്റത്. ചീഫ് ഇലക്ഷൻ കമ്മീഷണര്‍ പദവിയിലെത്തുന്ന ഇരുപത്തി ആറാമത് വ്യക്തിയാണ്.
ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് ഇലക്ഷൻ കമ്മീഷണർമാരും (നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി) നിയമം, 2023, ജഡ്ജസ് (അന്വേഷണ) നിയമം, 1968 എന്നിവ പ്രകാരമാണ് ഇംപീച്ച്മെന്റ് നടപടിക്രമം നിർവചിച്ചിരിക്കുന്നത്. പ്രമേയം അംഗീകരിച്ചാൽ ആരോപണങ്ങൾ അന്വേഷിക്കാൻ സ്പീക്കറോ ചെയർമാനോ മൂന്നംഗ സമിതി രൂപീകരിക്കും. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അല്ലെങ്കിൽ സുപ്രീം കോടതിയിലെ ഒരു ജഡ്ജി, ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഒരു പ്രമുഖ നിയമവിദഗ്ദ്ധൻ എന്നിവരായിരിക്കും സമിതി അംഗങ്ങൾ.
പാർലമെന്റിന്റെ ഇരുസഭകളും പ്രമേയം വിജയകരമായി പാസാക്കിയാൽ, അത് രാഷ്ട്രപതിക്ക് അയച്ചുകൊടുക്കും. ഇരുസഭകളുടെയും പ്രമേയത്തിന്മേൽ, ചീഫ് ഇലക്ഷൻ കമ്മീഷണറെ പദവിയിൽ നിന്ന് നീക്കം
ചെയ്തുകൊണ്ടുള്ള അന്തിമ ഉത്തരവ് രാഷ്ട്രപതി പുറപ്പെടുവിക്കുന്നതാണ് നടപടി ക്രമം.
*🟨"എൽപിജിക്ക് പ്രതിസന്ധിയില്ലെന്ന കേന്ദ്ര വാദം പൊളിയുന്നു ; ബുക്കിങ്ങിന് ഇനി 45 ദിവസത്തെ സമയപരിധി*
ന്യൂഡൽഹി :പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ നിര്‍ദേശ പ്രകാരം, ഗ്രാമപ്രദേശങ്ങളിൽ എൽപിജി സിലിണ്ടറുകൾ ഇപ്പോൾ 45 ദിവസത്തിന് ശേഷം മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. അതേസമയം നഗരപ്രദേശങ്ങളിൽ 25 ദിവസത്തെ സമയപരിധിക്ക് ശേഷം ബുക്കിംഗ് നടത്താൻ കഴിയും.
രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയ്ക്ക് മതിയായ കരുതൽ ശേഖരമുണ്ടെന്നും കേന്ദ്രം വാദിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നത്.
രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും മന്ത്രി പറയുന്നു. ഗാർഹിക പാചകവാതകം ബുക്ക് ചെയ്യുന്നതിന് ഒരു തടസവുമില്ലെന്നും എല്ലാവർക്കും യഥേഷ്ടം ലഭ്യമാകുമെന്നുമാണ് കേന്ദ്രം വാദിക്കുന്നത്.
"എന്നാൽ നിലവിൽ രാജ്യത്തിന്റെ അവസ്ഥ അങ്ങനെയല്ല എന്നതാണ് വാസ്തവം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ ക്ഷാമം മൂലം നിരവധി ഹോട്ടലുകളാണ് ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള കോളേജ് ഹോസ്റ്റലുകളിൽ പലതും പൂർണമായും അടയ്ക്കുകയും മറ്റിടങ്ങളിൽ വിഭവങ്ങൾ പരിമിതമായി വെട്ടിച്ചുരുക്കുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. വീടുകളിൽ പോലും പാചക വാതകം ബുക്ക് ചെയ്യാൻ 25, 90 ദിവസങ്ങളുടെ ഇടവേള നിർബന്ധമാക്കിയിരിക്കുകയാണ്.
രാജ്യത്ത് ഇത്തരത്തിൽ ഒരു ക്ഷാമവുമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോൾ, പിന്നെന്തിനാണ് പാചകവാതകം ബുക്ക് ചെയ്യാൻ ഇത്തരത്തിൽ ഇടവേള നിർബന്ധമാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല. ഡൽഹിയിൽ പാചകവാതക വിതരണ ഏജൻസികൾക്ക് മുൻപിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരുന്നു. യാഥാർഥ്യം ഇങ്ങനെയാണ് എന്നിരിക്കെയാണ് കേന്ദ്രം പാർലമെന്റിൽ ഇത്തരത്തിൽ നുണകൾ പറയുന്നത്."
*🟨പാചകവാതക പ്രതിസന്ധി: ഇൻഡക്ഷൻ കുക്ക്ടോപ്പുകൾക്ക് ആവശ്യക്കാരേറുന്നു; വൈദ്യുതി മേഖലയേയും ബാധിച്ചേക്കും*
തിരുവനന്തപുരം : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ പാചകവാതക പ്രതിസന്ധി രാജ്യത്ത് ഇൻഡക്ഷൻ കുക്ക്ടോപ്പുകളുടെ ആവശ്യകത വർധിപ്പിച്ചതായി റിപ്പോർട്ട്. റീട്ടെയിൽ ഷോപ്പുകളിലും ഇ-കൊമേഴ്സ് സൈറ്റുകളിലും ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ അതിവേഗം വിറ്റുതീരുകയാണ്.
പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആളുകൾ കൂട്ടമായി ഇൻഡക്ഷൻ കുക്ക്ടോപ്പിലേക്ക് തിരിയുകയാണ്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വിൽപനയിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇൻഡക്ഷനിൽ ഉപയോഗിക്കുന്ന പാത്രങ്ങൾക്കും ആവശ്യക്കാർ കൂടിയിട്ടുണ്ട്.
പാചകവാതകത്തിന് പകരം വ്യാപകമായി ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ ഉപയോഗിക്കുമ്പോൾ ഗാർഹിക വൈദ്യുതി ബില്ലിൽ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. മാത്രമല്ല, ഇൻവേർട്ടറുകളിൽ സാധാരണ ഇൻഡക്ഷൻ കുക്കറുകൾ പ്രവർത്തിപ്പിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. വൈദ്യുതി ഉപയോഗം കൂടുന്നതും നിലവിലെ സാഹചര്യത്തിൽ പ്രശ്നമാണ്. ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തിന്റെ 18 ശതമാനം ഉപയോഗിക്കുന്നത് വൈദ്യുതി ഉൽപ്പാദനത്തിനാണ്.
അന്താരാഷ്ട്ര വിപണിയിൽ പ്രകൃതിവാതകത്തിന്റെ വില കൂടുമ്പോൾ ഇന്ത്യയിലെ പ്രകൃതിവാതക വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളെ ഇത് ബാധിക്കും. ഇത് വൈദ്യുതി ഉൽപാദന ചെലവ് വർധിപ്പിക്കും. വേനൽ കനക്കുന്നതോടെ സ്വാഭാവികമായും വൈദ്യുതി ഉപയോഗം വർധിക്കുന്ന ഘട്ടത്തിലാണ് പാചതവാതക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമായത്. ഇന്ത്യയുടെ ഊർജ മേഖല ഗുരുതരമായ വെല്ലുവിളി നേരിടുകയാണ്.
"പശ്ചിമേഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണയും പാചകവാതകവും ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണ്. എന്നാൽ യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ ആക്രമണം തുടരുന്നതിനാൽ ഹോർമുസ് കടലിടുക്ക് അടച്ചു. ഇതേത്തുടർന്ന് ചരക്കുനീക്കം തടസപ്പെട്ടു. ഇന്ത്യക്കാവശ്യമായ പ്രകൃതിവാതകത്തിന്റെ 65 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. പശ്ചിമേഷ്യൻ സംഘർഷം നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമാണെങ്കിലും മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തത് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്.
കേരളം രാജ്യത്തിന് മാതൃകയാകുന്നു
ഗുണമേന്മയും സുസ്ഥിരതയുമാർന്ന ഊർജോൽപ്പാദനം ഉറപ്പാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം. പ്രതിസന്ധിയുണ്ടാകാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി കേരളത്തിൽ കെഎസ്‌ഇബി നേരത്തെ പൂർത്തിയാക്കിയിരുന്നു. സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിലും വർധനവുണ്ടായിട്ടുണ്ട്.
ഇതിനുപുറമേ വേനൽക്കാലത്ത് പീക്ക് സമയത്തുള്ള അധികവൈദ്യുതി ഉപയോഗം നിറവേറ്റുന്നതിന് ദീർഘകാല അടിസ്ഥാനത്തിൽ 2956 മെഗാവാട്ടിന്റെ കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലത്തെ വര്‍ധിച്ച ഉപഭോഗം കണക്കിലെടുത്ത് പ്രതീക്ഷിക്കാവുന്ന അധിക വൈദ്യുത കമ്മി കെഎസ്‌ഇബി മുന്‍കൂട്ടി വിലയിരുത്തുകയും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോടെ ഹ്രസ്വകാല വൈദ്യുതി വാങ്ങല്‍ കരാറിലൂടെ പരമാവധി നികത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
ആഭ്യന്തര ജലവൈദ്യുത നിലയങ്ങളില്‍ നിന്നുളള വൈദ്യുത ഉല്‍പ്പാദനം കാര്യക്ഷമമായി ക്രമീകരിച്ചുകൊണ്ടും, മറ്റ് സംസ്ഥാനങ്ങളുമായി ബാങ്കിംഗ് കരാറുകളില്‍ കെഎസ്ഇആർസി അനുമതിയോടെ ഏര്‍പ്പെട്ടത് കൊണ്ടും ദൈനംദിന ആവശ്യങ്ങള്‍ക്ക് വേണ്ടി വരുന്ന അധിക വൈദ്യുതി പവര്‍ എക്സ്ചേഞ്ചുകളിൽ നിന്ന് താരതമ്യേന
കുറഞ്ഞ നിരക്കില്‍ വാങ്ങുന്നുമുണ്ട്.
*🟨🌍ജാർഖണ്ഡിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; നൂറോളം പേർ ചികിത്സയിൽ*
റാഞ്ചി: ജാർഖണ്ഡിൽ നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയെന്ന് റിപ്പോർട്ട്. പലാമു ജില്ലയിലെ ബോഹിത ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഒരു വിവാഹ വിരുന്നിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്തതകൾ അനുഭവപ്പെട്ടത്.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടവരെ ചികിത്സിക്കാൻ ഗ്രാമത്തിലെ സ്കൂളിൽ താത്കാലിക മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. പത്ത് പേരുടെ നില ഗുരുതരമാണെന്നും മെച്ചപ്പെട്ട ചികിത്സയ്ക്കായി അവരെ മേദിനിനഗർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബോഹിത സ്വദേശിയായ ഹരിശങ്കർ ചന്ദ്രവംശിയുടെ മകൻ ലവ്കുഷ് ശർമയുടെ വിവാഹ സത്കാരത്തിൽ പങ്കെടുത്തവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവാഹ ചടങ്ങിൽ പഞ്ചസാര ചേർത്ത വറുത്ത മധുരപലഹാരമായ 'ബുണ്ടിയ'യിൽ നിന്നാണ് ഭക്ഷ്യ വിഷബാധയെന്നാണ് നിഗമനം.
ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ നിരവധി ആളുകൾക്ക് ഛർദ്ദി, വയറിളക്കം, തലകറക്കം, കഠിനമായ വയറുവേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെയോടെ ഭക്ഷ്യവിഷബാധയുടെ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തു. ലെസ്ലിഗഞ്ച് ആശുപത്രിയിലും മേദിനിറായ് മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരവധിയാളുകൾ ചികിത്സയിലുണ്ട്."
*🟨"ഫാറൂഖ് അബ്ദുള്ളയ്ക്കെതിരായ വധശ്രമം: സുരക്ഷാ വീഴ്ചയിലെ നടുക്കം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ*
തിരുവനന്തപുരം : ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമം അതീവ ഗൗരവകരമായ വാർത്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്സഡ് പ്ലസ് സുരക്ഷയുള്ള ഒരു നേതാവിന് നേരെ ഇത്തരമൊരു സുരക്ഷാ വീഴ്ച ഉണ്ടായത് വലിയ ആശങ്കകൾക്ക് ഇടയാക്കുന്നുവെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ഫാറൂഖ് സാഹബിനും കുടുംബത്തിനും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. ഇത്തരം അക്രമങ്ങൾക്ക് നമ്മുടെ ജനാധിപത്യത്തിൽ സ്ഥാനമില്ലെന്നും അദ്ദേഹത്തിന് നല്ല ആരോഗ്യവും സുരക്ഷയുമുണ്ടാകട്ടെയെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
ബുധനാഴ്‌ച രാത്രി കശ്‌മീരിലെ ഗ്രേറ്റർ കൈലാശിൽ നടന്ന ഒരു വിവാഹചടങ്ങിനിടെയായിരുന്നു ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമമുണ്ടായത്. ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ അക്രമി പിറകേയെത്തി തലയ്‌ക്ക് പിന്നിൽ തോക്കൂചൂണ്ടി വെടിവയ്‌ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ തോക്ക് തട്ടി മാറ്റിയതിനാൽ വെടിയേറ്റില്ല. ജമ്മു കശ്‌മീർ ഉപമുഖ്യമന്ത്രി സുരീന്ദ്രർ ചൗധരിയും ഫാറൂഖിനൊപ്പമുണ്ടായിരുന്നു. ആക്രണത്തിന്റെ ഉദ്ദേശ്യം വ്യക്തമായിട്ടില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഫാറൂഖിന്റെ മകനും ജമ്മു കശ്‌മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള എക്‌സിൽ പങ്കുവച്ചു. ഇസ്സഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്കടുത്തേക്ക് അക്രമിക്ക് എങ്ങനെ എത്താനായെന്നതടക്കമുള്ള ചോദ്യവും ഉയരുന്നുണ്ടെന്നും ഒമർ പ്രതികരിച്ചു. ഫാറൂഖ് സുരക്ഷിതനാണെന്നും ഒമർ വ്യക്തമാക്കി."
*🟨"ദിനംപ്രതി നിരവധി ഹോട്ടലുകൾ പൂട്ടുമ്പോഴും രാജ്യത്ത് പാചകവാതക ക്ഷാമമില്ലെന്ന വിചിത്ര വാദവുമായി കേന്ദ്രം*
ന്യൂഡൽഹി : പാചകവാതകത്തിന്റെ ക്ഷാമംമൂലം നിരവധി ഹോട്ടലുകൾ പൂട്ടിത്തുടങ്ങിയ സാഹചര്യത്തിലും, രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് പാർലമെന്റിൽ ആവർത്തിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. ഇന്ത്യയിൽ ആവശ്യത്തിന് പാചകവാതകവും പെട്രോളിയവും ഡീസലും മണ്ണെണ്ണയും ലഭ്യമാണെന്നും ഇന്ത്യയുടെ ക്രൂഡ് ഓയിൽ വിതരണം സുരക്ഷിതമാണെന്നുമാണ് കേന്ദ്രമന്ത്രിയുടെ ന്യായീകരണം.
രാജ്യത്ത് പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയ്ക്ക് ക്ഷാമമില്ലെന്നും ഇന്ധന ലഭ്യത സുരക്ഷിതമാണെന്നും കേന്ദ്രസർക്കാർ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചു. രാജ്യത്തെ റിഫൈനറികൾ പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ആവശ്യമായ സ്റ്റോക്ക് രാജ്യത്തുണ്ടെന്നും മന്ത്രി പറയുന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ആഭ്യന്തര എൽപിജി വിതരണം പൂർണമായും സുരക്ഷിതമാണെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യയ്ക്ക് മതിയായ കരുതൽ ശേഖരമുണ്ടെന്നുമാണ് മന്ത്രിയുടെ വാദം. ഗാർഹിക പാചകവാതകം ബുക്ക് ചെയ്യുന്നതിന് ഒരു തടസവുമില്ലെന്നും എല്ലാവർക്കും യഥേഷ്ടം ലഭ്യമാകുമെന്നുമാണ് കേന്ദ്രം വാദിക്കുന്നത്.
"എന്നാൽ നിലവിൽ രാജ്യത്തിന്റെ അവസ്ഥ അങ്ങനെയല്ല എന്നതാണ് വാസ്തവം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാചകവാതകത്തിന്റെ ക്ഷാമം മൂലം നിരവധി ഹോട്ടലുകളാണ് ദിനംപ്രതി പൂട്ടിക്കൊണ്ടിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള കോളേജ് ഹോസ്റ്റലുകളിൽ പലതും പൂർണമായും അടയ്ക്കുകയും മറ്റിടങ്ങളിൽ വിഭവങ്ങൾ പരിമിതമായി വെട്ടിച്ചുരുക്കുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. വീടുകളിൽ പോലും പാചക വാതകം ബുക്ക് ചെയ്യാൻ 25, 90 ദിവസങ്ങളുടെ ഇടവേള നിർബന്ധമാക്കിയിരിക്കുകയാണ്.
രാജ്യത്ത് ഇത്തരത്തിൽ ഒരു ക്ഷാമവുമില്ലെന്ന് കേന്ദ്രം വാദിക്കുമ്പോൾ, പിന്നെന്തിനാണ് പാചകവാതകം ബുക്ക് ചെയ്യാൻ ഇത്തരത്തിൽ ഇടവേള നിർബന്ധമാക്കിയിരിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയില്ല. ഡൽഹിയിൽ പാചകവാതക വിതരണ ഏജൻസികൾക്ക് മുൻപിൽ സുരക്ഷയ്ക്കായി പൊലീസിനെ വിന്യസിച്ചിരുന്നു. യാഥാർഥ്യം ഇങ്ങനെയാണ് എന്നിരിക്കെയാണ് കേന്ദ്രം പാർലമെന്റിൽ ഇത്തരത്തിൽ നുണകൾ പറയുന്നത്."
*🟨"ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലല്ല; യുഎസ് ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്ത്*
വാഷിങ്ടൺ: രണ്ടാഴ്ചയോളമായി തുടരുന്ന അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങൾക്കും ഇറാന്റെ ഭരണസംവിധാനത്തെ തകർക്കാനായിട്ടില്ലെന്ന് യുഎസ് ഇൻ്റലിജൻസ് ഏജൻസി. ഇറാൻ ഭരണകൂടം ഏത് നിമിഷവും തകരാവുന്ന അവസ്ഥയിലാണെന്ന ട്രംപിന്റെ വാദങ്ങളെ തള്ളുന്നതാണ് പുതിയ റിപ്പോർട്ട്.
യുദ്ധം കടുത്തിട്ടും രാജ്യം ശക്തമായ ഐക്യം നിലനിർത്തുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടെങ്കിലും ഭരണസ്ഥിരത നിലനിർത്താൻ ഇറാന് സാധിച്ചുവെന്ന് ഇൻ്റലിജൻസ് ഏജൻസി നിരീക്ഷിക്കുന്നു.
ഖമനേയിക്ക് പകരം മകൻ മൊജ്തബ ഖമനേയി പരമോന്നത നേതാവായി നിയമിതനായിട്ടുണ്ട്. നേതൃമാറ്റം സുഗമമായി നടന്നതും ഭരണകൂടത്തിന് തിരിച്ചടിയുണ്ടായിട്ടില്ലെന്നതിന്റെ തെളിവാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുദ്ധം കാരണം ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
ഇതേത്തുടർന്ന് സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്ക ആലോചിക്കുന്നതായി സൂചനയുണ്ട്. എന്നാൽ, ഇറാൻ തങ്ങളുടെ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിൽ യുദ്ധം ഉടൻ അവസാനിക്കാനുള്ള സാധ്യത കുറവാണെന്ന് വാർത്താ സ്രോതസ്സുകൾ വ്യക്തമാക്കുന്നു. നിലവിൽ ഇറാന്റെ സൈനിക-ഭരണ പ്രവർത്തനങ്ങളെ യുദ്ധം കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് അമേരിക്കൻ ഏജൻസികളുടെ വിലയിരുത്തൽ."
*🟨"ദാരുണം; തൃശൂരിൽ കിടപ്പുരോഗിയെ തെരുവുനായ വീട്ടിൽകയറി കടിച്ചുകൊന്നു*
തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ കിടപ്പുരോഗിയായ വയോധികയ്ക്ക് ദാരുണാന്ത്യം. വെള്ളറക്കാട് കൊല്ലൻപടി കിഴക്കേപുരയ്ക്കൽ കാർത്ത്യായനി (84)യെയാണ് വീടിനകത്ത് കയറി നായ ക്രൂരമായി കടിച്ചുകൊന്നത്. ഇവരുടെ മാനസികാസ്വസ്ഥ്യമുള്ള മകൻ ദേവദാസി(60)നേയും നായ കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.
വ്യാഴം വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കട്ടിലിൽ കിടക്കുകയായിരുന്ന കാർത്ത്യായനിയെ വീടിനകത്ത് കയറി നായ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖവും ശരീരമാസകലവും നായ കടിച്ച് മുറിച്ചിട്ടുണ്ട്. മുഖം വികൃതമായ അവസ്ഥയിലാണ്.
ഇരുവരെയും ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കാർത്യായനി മരിച്ചിരുന്നു. മകൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്."
*🟨"അമേരിക്കൻ വിമാനവാഹിനിക്കപ്പലിന് തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അവകാശവാദം*
വാഷിങ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡില്‍ തീപിടിത്തം. അപകടത്തിൽ രണ്ട് നാവികർക്കു പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും അവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
തീപിടിത്തത്തിന്റെ കാരണം യുദ്ധവുമായി ബന്ധപ്പെട്ടതല്ലെന്നും ശത്രുക്കളുടെ ആക്രമണമല്ലെന്നും കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീ പടർന്നതെന്നും യുഎസ് നേവൽ ഫോഴ്സസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. തീപിടിത്തം കപ്പലിന്റെ പ്രവർത്തനശേഷിയെ ബാധിച്ചിട്ടില്ലെന്നും തീ പൂർണമായും നിയന്ത്രണവിധേയമാണെന്നും കപ്പൽ ദൗത്യം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
യുദ്ധ വിമാനങ്ങൾ വിക്ഷേപിക്കുന്നതിനുള്ള കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റിനു കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. ഇറാനെതിരെയുള്ള യുദ്ധത്തിന്‍റെ ഭാഗമായി ചെങ്കടലിൽ തുടരുന്ന കപ്പലിന്റെ എൻജിൻ വിഭാഗത്തിനോ മറ്റ് പ്രധാന ഭാഗങ്ങൾക്കോ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും കപ്പൽ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും അമേരിക്കൻ നാവികസേന അറിയിച്ചു. അമേരിക്കയിലെ ഏറ്റവും പുതിയ വിമാനവാഹിനിക്കപ്പലും ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലുമാണ് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്."
*🟨പാചകവാതക പ്രതിസന്ധി: അടിയന്തര നടപടികൾ കൈക്കൊള്ളാൻ തീരുമാനം*
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാർഹികേതര ആവശ്യങ്ങൾക്കുള്ള പാചക വാതക സിലണ്ടറുകളുടെ ക്ഷാമം നേരിടാൻ അടിയന്തിര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാൻ മുൻഗണന ക്രമം നിശ്ചയിക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാൻ എൻഫോഴ്സ്മെൻ്റ് സംഘം രൂപീകരിക്കാനും ഉന്നതതലയോഗം തീരുമാനിച്ചു.
വ്യാവസായിക - ഗാർഹിക ഉപയോഗങ്ങൾക്ക് ആവശ്യമായ പാചക വാതക സിലണ്ടറുകളുടെ ദിനം പ്രതിയുള്ള ഉപഭോഗം, വിതരണം എന്നിവ നിരീക്ഷിക്കാൻ സംസ്ഥാന അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കും. ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതല മോണിറ്ററിംഗ് കമ്മറ്റിയും ഇതിനോട് അനുബന്ധമായി രൂപീകരിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഡാഷ് ബോർഡ് ഉപയോഗിച്ചാവും നിരീക്ഷണം നടത്തുക.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ പാചക വാതക കമ്പനി പ്രതിനിധികളുമായി സംസ്ഥാന സർക്കാർ നടത്തിയ ചർച്ചയിലാണ് പാചക വാതക പ്രതിസന്ധി നേരിടാൻ അടിയന്തിര നടപടികൾ കൈകൊള്ളാൻ തീരുമാനിച്ചത്.
വ്യവസായിക ഗ്യാസ് സിലണ്ടറുകൾ ലഭിക്കാത്തത് മൂലം പ്രതിസന്ധി രൂപപ്പെടുമ്പോൾ ഏതൊക്കെ വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഗ്യാസ് സിലണ്ടർ നൽകണം എന്നും യോഗം അവലോകനം ചെയ്തു. ആശുപതികൾ , വൃദ്ധ സദനങ്ങൾ , അനാഥാലയങ്ങൾ , സ്കൂളുകൾ , ജനകീയ അടുക്കളകൾ , ഐ ടി പാർക്കിലെ ക്യാൻ്റീനുകൾ , ഫാക്ടറികളിലെ ക്യാൻ്റീനുകൾ അടക്കമുള്ളവർക്ക് മുൻഗണന നിശ്ചയിക്കും. ഇതിന് വേണ്ടി ഒരു മാർഗ്ഗരേഖ പുറപ്പെടുവിക്കാം എന്ന് വിവിധ പാചക വാതക കമ്പനി പ്രതിനിധികൾ ഉറപ്പ് നൽകി."
"ഇവരെ കൂടാതെ മുൻഗണനാ ക്രമത്തിലേക്ക് മറ്റ് ഏതെല്ലാം വിഭാഗങ്ങളെ ഉൾക്കൊള്ളിക്കണമെന്ന് സംസ്ഥാന സർക്കാർ ചർച്ച ചെയ്ത ശേഷം പാചക വാതക കമ്പനികൾക്ക് പട്ടിക കൈമാറും. ക്ഷാമം മൂലം ശ്മശാനങ്ങളുടെ പ്രവർത്തനം തടസപ്പെടുന്ന യാതൊരു സാഹചര്യവും ഉണ്ടാവാൻ പാടില്ല എന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
മണ്ണെണ്ണ വിതരണം കൂട്ടാൻ ഉള്ള നടപടികൾ കാര്യക്ഷമമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി എടുക്കും. ഗാർഹിക സിലണ്ടറുകൾ വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാൻ റവന്യു , സിവിൽ സപ്ലൈസ് , പോലീസ് , പാചക വാതക കമ്പനി പ്രതിനിധികൾ ഉൾപ്പെട്ട എൻഫോഴ്സ്മെൻ്റ് സംഘം പരിശോധന ശക്തമാക്കും.
നിലവിൽ സംസ്ഥാനത്തിന് അനുവദിച്ച ഗാർഹികേതര ഗ്യാസ് സിലണ്ടറുകളുടെ പരിധി 20% ആണ്. അതിഥി തൊഴിലാളികൾ അടക്കമുള്ളവർ കൂടുതലായുള്ള സാഹചര്യം പരിഗണിച്ച് സിലണ്ടറുകളുടെ പരിധി ഉയർത്താൻ കേന്ദ്ര സർക്കാരിനോട് കേരളം ആവശ്യപ്പെടും. പാചക വാതക പ്രതിസന്ധി സംബന്ധിച്ച് വ്യാജ വാർത്തകളെ നേരിടാനുള്ള നടപടി സിവിൽ സപ്ലൈസ് വകുപ്പ് സ്വീകരിക്കും
സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ , ധനമന്ത്രി കെ എൻ ബാലഗോപാൽ , തദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് , ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഐ.ഓ.സി.എൽ ചീഫ് ജനറൽ മാനേജർ ഗീതിക വർമ്മ , ബി പി സി എൽ LPG സംസ്ഥാന മേധാവി തര്യൻ പീറ്റർ , എച്ച് പി സി എൽ റീജ്യണൽ മാനേജർ അംസൂർ റഹ്മാൻ അടക്കമുള്ള പൊതുമേഖലാ എണ്ണ കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു"
*🟨"നഷ്ടമായത് 120 കോടിയുടെ കരാറോ? 'ജനനായകന്‍റെ' ഒടിടി കരാറില്‍ നിന്ന് ആമസോണ്‍ പിന്‍മാറിയതായി സൂചന*
തിരുവനന്തപുരം: വിജയ് ചിത്രം 'ജനനായകന്' വീണ്ടും തിരിച്ചടി. ചിത്രത്തിന്‍റെ ഒടിടി സ്ട്രീമിങ്ങ് കരാറില്‍ നിന്ന് ആമസോണ്‍ പ്രൈം വീഡിയോസ് പിന്‍മാറിയതായി സൂചന.120 കോടിയുടെ കരാറില്‍ നിന്നാണ് ആമസോണ്‍ പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രതിസന്ധികള്‍ കാരണം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലായതാണ് തീരുമാനത്തിന് കാരണം.
ഈ വര്‍ഷം പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് ജനനായകന്‍. നിലവില്‍ ചിത്രം സെന്‍സര്‍ ബോര്‍ഡ് റിവൈസിങ്ങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 9 ന് കമ്മിറ്റി സിനിമ കണ്ടശേഷം, വിലയിരുത്തല്‍ അറിയിക്കണമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, കമ്മിറ്റിയിലെ ഒരംഗത്തിന് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് സ്ക്രീനിങ്ങ് റദ്ദാക്കുകയായിരുന്നു. സ്ക്രീനിങ്ങ് മുടങ്ങിയതോടെ സിനിമയുടെ റിലീസ് ഇനിയും നീളാനാണ് സാധ്യത.
കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഒരു മാസം മുന്‍പ് സെന്‍സര്‍ ബോര്‍ഡിനെതിരായ ഹര്‍ജി പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ചിത്രം റിവൈസിങ്ങ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിക്കുകയായിരുന്നു. നിയമപോരാട്ടം തുടര്‍ന്നാല്‍ ഇനിയും ചിത്രത്തിന്‍റെ റിലീസ് നീളുമെന്നതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്."
*🟨എത്യോപ്യയിൽ ഉരുൾപൊട്ടൽ; 50 മരണം, 125 പേരെ കാണാതായി*
അഡിസ് അബാബ: തെക്കൻ എത്യോപ്യയിലുണ്ടായ ഉരുൾപൊട്ടലിൽ 50 പേർ കൊല്ലപ്പെട്ടു. 125-ഓളം പേരെ കാണാതായതായാണ് വിവരം. ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെത്തുടർന്നാണ് ഗാമോ മേഖലയിലെ വിവിധ ഗ്രാമങ്ങളിൽ ഉരുൾപൊട്ടലുണ്ടായത്.
ഗാമോ സോണിലെ ഗാച്ചോ ബാബ, കംബ, ബോങ്കെ എന്നീ ജില്ലകളിലാണ് ദുരന്തം വിതച്ച് ഉരുൾപൊട്ടൽ ഉണ്ടായതെന്ന് ദുരന്തനിവാരണ വിഭാഗം മേധാവി മെസ്ഫിൻ മാനുക അറിയിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഒരാളെ ചെളിക്കടിയിൽ നിന്നും ജീവനോടെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും ചെളിക്കടിയിൽ പെട്ടാണ് മരിച്ചത്. എത്ര കുടുംബങ്ങളെ ദുരന്തം ബാധിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ദുരന്തബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ലോകമെങ്ങും ഇന്ധന പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, വിദേശ രാജ്യങ്ങളിലെ ഇത്തരം പ്രകൃതിക്ഷോഭങ്ങൾ രക്ഷാപ്രവർത്തനത്തെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ഭരണകൂടം ആരംഭിച്ചു."
'ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍