ചോദിക്കുന്ന സീറ്റ് കൊടുക്കും; അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടത് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം, കൂടിക്കാഴ്ച നടത്തി


മലപ്പുറം: സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തി അറിയിച്ച മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതുപാളയത്തിൽ എത്തിക്കാൻ നീക്കം. അബ്ദുറഹിമാൻ രണ്ടത്താണിയെ ഇടതു സ്ഥാനാർത്ഥിയാക്കാനാണ് എൽഡിഎഫ് നീക്കം നടത്തുന്നത് . ഇടത് നേതാക്കൾ അബ്ദുറഹിമാൻ രണ്ടത്താണിയുമായി ചർച്ച നടത്തി. തിരൂരങ്ങാടിയിലോ താനൂരിലോ അദ്ദേഹത്തെ മത്സരിപ്പിക്കാനും ഈ മണ്ഡലങ്ങളിൽ താല്പര്യമില്ലെങ്കിൽ ഏത് സീറ്റാണോ ചോദിക്കുന്നത് ആ സീറ്റ് അദ്ദേഹത്തിന് നൽകാനുമാണ് സിപിഐഎമ്മിന്‍റെ നീക്കം.

2006ലും 2011ലും അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു താനൂരിലെ എംഎൽഎ. താനൂരിൽ മന്ത്രി വി അബ്ദുറഹിമാനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തിരൂരിൽ മത്സരിക്കാനാണ് വി അബ്ദുറഹിമാൻ ആഗ്രഹം പ്രകടിപ്പിച്ചത്. സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നിട്ടും മണ്ഡലത്തിൽ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. സ്ഥാനാർത്ഥി പട്ടികയിൽ താനൂരിൽ മാറ്റം വന്നേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ലീഗുമായി ഇടഞ്ഞ അബ്ദുറഹിമാൻ രണ്ടത്താണിക്ക് സീറ്റ് വാഗ്ദാനം നൽകുന്നത്.

മുസ്‌ലിം ലീഗിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തുവന്നിരുന്നു. ചിലരുടെ താല്പര്യത്തിനായി അർഹതപ്പെട്ടവരെ തഴഞ്ഞ് സമീപകാലത്ത് പ്രത്യക്ഷപ്പെട്ടയാളെ സ്ഥാനാർത്ഥിയാക്കി എന്നായിരുന്നു തിരൂരങ്ങാടിയിലെ പിഎംഎ സമീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരായ അബ്ദുറഹിമാൻ രണ്ടത്താണിയുടെ വിമർശനം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍