'ആവശ്യത്തിന് മാത്രം വാങ്ങുക' രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്ന് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവക്ക് ക്ഷാമമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അറിയിപ്പ്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് അറിയിപ്പുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവരാണ് അറിയിപ്പ് പുറത്തു വിട്ടത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനികള്‍ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ഇന്ധന വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും എല്ലാ പെട്രോള്‍ പമ്പുകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണെന്നും കമ്പനികള്‍ അറിയിച്ചു.
വ്യാജവാര്‍ത്തകള്‍ കണ്ട് ഇന്ധന ലഭ്യതയില്‍ കുറവുണ്ടാകുമെന്ന ഭീതിയില്‍ ജനങ്ങള്‍ കൂട്ടത്തോടെ പമ്പുകളിലെത്തി അമിതമായി ഇന്ധനം ശേഖരിക്കരുതെന്നും കമ്പനികള്‍ അഭ്യര്‍ത്ഥിക്കുന്നു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. ആധികാരികമായ വിവരങ്ങള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുക- എണ്ണക്കമ്പനികള്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാന്‍ കമ്പനികള്‍ പ്രതിജ്ഞാബദ്ധമാണെന്നും വ്യാജപ്രചാരണങ്ങള്‍ തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും അറിയിപ്പില്‍ പ്രത്യേകം സൂചിപ്പിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍