പ്രഭാത വാർത്തകൾ
2026 ഏപ്രില്‍ 12 ഞായര്‍
1201 മീനം 29 തിരുവോണം
1447 ശവ്വാൽ 24
◾ ഇസ്ലമാബാദില്‍ ഇറാന്‍ - അമേരിക്ക സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെങ്കിലും തീരുമാനങ്ങളായില്ല. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര മൈനുകള്‍ അമേരിക്കന്‍ നാവികസേന നീക്കം ചെയ്തു. രണ്ട് അത്യാധുനിക പടക്കപ്പലുകളുടെ സംരക്ഷണത്തിലാണ് മൈനുകള്‍ നീക്കം ചെയ്തത്. കടലിടുക്കിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ ഇറാന്‍ നിക്ഷേപിച്ച മൈനുകള്‍ നീക്കം ചെയ്യാനാകുന്നില്ലെന്ന് ഇറാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
◾ സമാധാന ചര്‍ച്ചയില്‍ തീരുമാനങ്ങളോ കരാറോ ഉണ്ടായാലും ഇല്ലെങ്കിലും തങ്ങള്‍ വിജയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ നാവിക, വ്യോമ സേനകളേയും റഡാര്‍ സംവിധാനങ്ങളേയും തങ്ങള്‍ തകര്‍ത്തു. ഹോര്‍മുസ് കടലിടുക്ക് എല്ലാ രാജ്യങ്ങള്‍ക്കുമായി സ്വതന്ത്രമാക്കി. ട്രംപ് അവകാശപ്പെട്ടു.
◾ അമേരിക്ക മരവിപ്പിച്ച 12,000 കോടി ഡോളറിന്റെ സ്വത്തുവകകള്‍ ഉടനേ വിട്ടുതരണമെന്നും അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. ആക്രമണം ഉടനേ നിര്‍ത്തണമെന്നും ഹോര്‍മൂസ് കടലിടുക്കിന്റെ നിയന്ത്രണാവകാശം തങ്ങള്‍ക്കു വേണമെന്നുമാണ് ഇറാന്റെ ഇതര ആവശ്യങ്ങള്‍.
◾ സമാധാന ചര്‍ച്ചയ്ക്ക് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫുമാണ് നേതൃത്വം നല്‍കിയത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ഈ ചര്‍ച്ച. അമേരിക്കന്‍ പ്രതിനിധി സംഘത്തില്‍ വാന്‍സിനൊപ്പം സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നര്‍ എന്നിവരും, ഇറാന്‍ ഭാഗത്ത് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുത്തു. 1979 ലെ ഇറാനിലെ ഇസ്ലാമിക് വിപ്ലവത്തിനു ശേഷം ആദ്യമായാണ് അമേരിക്കയും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ച നടക്കുന്നത്.
◾ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പോരാട്ടം അവസാനിച്ചിട്ടില്ല. അവര്‍ നമ്മെ ശ്വാസം മുട്ടിക്കാന്‍ ആഗ്രഹിച്ചു, ഇപ്പോള്‍ നമ്മള്‍ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. നെതന്യാഹു പറഞ്ഞു.
◾ രാജ്യത്ത് എല്‍പിജി ക്ഷാമംമൂലം ഹോസ്റ്റലുകളും ഹോട്ടലുകളും അടച്ചതോടെ ഭക്ഷണം കിട്ടാതെ വന്‍ നഗരങ്ങളില്‍നിന്നു തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്കു കൂട്ടപ്പലായനം ചെയ്യുന്നു. ഒഡീഷ, ബംഗാള്‍, യുപി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് മുംബൈ, അഹമ്മദാബാദ്, സൂററ്റ് അടക്കമുള്ള നഗരങ്ങളില്‍നിന്ന് പലായനം ചെയ്യുന്നത്.
◾ സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത കീം പ്രവേശന പരീക്ഷ 17 മുതല്‍ 22 വരെ. 152 കേന്ദ്രങ്ങളിലായി 1,46,146 പേരാണു പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
◾ കോഴിക്കോട് നാദാപുരത്തെ പുളിയാവ് പുഴയില്‍ മൂന്നു പേര്‍ മുങ്ങി മരിച്ചു. അരീക്കുണ്ട് സ്വദേശികളായ അന്‍സാര്‍, ഭാര്യ സുഹാദ, സഹോദരന്റെ മകള്‍ ഇസ മറിയം എന്നിവരാണ് മരിച്ചത്. തുണി അലക്കുന്നതിനിടെ കയത്തില്‍പെട്ട കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് അന്‍സാറും ഭാര്യയും മുങ്ങിയത്.
◾ പാലക്കാട് വോട്ടിനു പണം കൊടുത്ത സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് ബിന്ദു വിയകുമാര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. പണമെത്തിച്ചത് ബിന്ദുവാണെന്നും കരണം അടിച്ചു പൊളിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറയുന്നു. ഭീഷണി ഫോണ്‍ കോളിന്റെ ഓഡിയോ റെക്കോര്‍ഡ് ബിന്ദു പുറത്തു വിട്ടിട്ടുണ്ട്.
◾ പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ ഭീഷണി ഓഡിയോ സന്ദേശം പുറത്തുവിട്ട് പരാതി നല്‍കിയ ബിന്ദു വിനയകുമാറിനെ ബിജെപി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ നോര്‍ത്ത് ജില്ലാ കമ്മിറ്റിയംഗമായ ബിന്ദുവിനെതിരെ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തത്.
◾ സംസ്ഥാനത്ത് എല്‍ഡിഎഫിന് നേരിയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണ സാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി. 15 മണ്ഡലങ്ങളില്‍ സിപിഐക്കു ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. തൃശൂര്‍ മണ്ഡലത്തില്‍ തിരിച്ചടിക്ക് സാധ്യത. മത്സരിച്ച 25 സീറ്റുകളില്‍ 15 ല്‍ ജയിക്കാനാകും. സി പി ഐയുടെ നാലു മന്ത്രിമാരും വിജയിച്ചു വരുമെന്നും പാര്‍ട്ടി വിലയിരുത്തി.
◾ കേരളത്തിലെ ക്രൈസ്തവര്‍ ബിജെപിയുടെ കരുണയിലാണ് ജീവിക്കുന്നതെന്ന വാദം പി സി ജോര്‍ജ് കൈയില്‍ വച്ചാല്‍ മതിയെന്ന് ഹൈബി ഈഡന്‍ എംപി. അച്ഛനും മകനും ചേര്‍ന്ന് ഒരു വിഭാഗം ആളുകളെ ആക്രമിക്കുന്നു. ബിജെപി ഇന്ത്യയിലുടനീളം നടത്തുന്നത് ന്യുനപക്ഷ വേട്ടയാണ്. ചര്‍ച്ച് ബില്ലിനു സമാനമാണ് എഫ്സിആര്‍എ ഭേദഗതി ബില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ മലപ്പുറത്ത് വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂം തുറക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയെന്ന ആരോപണവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ പി അബ്ദുല്‍ മജീദ് പറഞ്ഞു.
◾ പെരിന്തല്‍മണ്ണ കാദര്‍മൊല്ല എഎംഎല്‍പി സ്‌കൂളിലെ പോളിങ് കേന്ദ്രത്തില്‍ വോട്ടെടുപ്പിനിടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ച് ബൂത്ത് ലെവല്‍ ഓഫീസര്‍ എം അനൂപിനെതിരെ പൊലീസ് കേസെടുത്തു. അഞ്ചു ബൂത്തുകളില്‍ വോട്ടര്‍മാരെ സഹായിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതല നല്‍കിയ ബിഎല്‍ഒമാര്‍ കൂട്ടംകൂടി നിന്നെന്ന് ആരോപിച്ച് പോലീസ് തള്ളിമാറ്റിയതിനെതിരേ അനൂപ് തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിരുന്നു.
◾ കാക്കനാട് വനിതാ ജയിലില്‍ തടവുകാരികള്‍ തമ്മില്‍ കൈയാങ്കളി. ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ റിമാന്‍ഡ് തടവുകാരിയെ മര്‍ദിച്ച സഹ തടവുകാരിയായ കെനിയന്‍ സ്വദേശിനിക്കെതിരെ ഇന്‍ഫോപാര്‍ക് പൊലീസ് കേസെടുത്തു. കെനിയ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് നടപടി. മര്‍ദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ വൈക്കത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ സുരക്ഷാ സേനാംഗങ്ങള്‍ തോക്കു ചൂണ്ടിയെന്ന പ്രചാരണം ശരിയല്ലെന്നു കോട്ടയം ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ. സ്ട്രോംഗ് റൂമിന്റെ താക്കോല്‍ സൂക്ഷിക്കുന്നതു സംബന്ധിച്ചു ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെന്നും താന്‍ സ്ഥലത്തെത്തി പരിഹരിച്ചെന്നും കളക്ടര്‍.
◾ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. കോഴിക്കോട് കൊയിലാണ്ടിയില്‍ പോലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വടകര മടപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മലപ്പുറത്തേക്കു മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
◾ പാലക്കാട് ജില്ലയില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന താപനിലയായ 40 ഡിഗ്രി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് വര്‍ധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പാലക്കാട് ഉള്‍പ്പെടെ സംസ്ഥാനത്തെ 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
◾ കുംഭമേളയിലെ വൈറല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിപിഎം നേതാക്കളെ ന്യായീകരിച്ച് എംഎ ബേബി. മിശ്രവിവാഹങ്ങളെ പിന്തുണക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. അപ്പോള്‍ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ലെന്ന് എംഎ ബേബി പ്രതികരിച്ചു.
◾ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന് മുകളില്‍ ലീഗ് നേടുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്.
◾ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മൂന്നു മാസത്തിനു ശേഷം മുംബൈയില്‍ പിടിയില്‍. ശുചിമുറിയുടെ ചുമര്‍ തുരന്നാണു വിനീഷ് രക്ഷപ്പെട്ടത്.
◾ കാമുകന്റേയും കാമുകിയുടേയും വീട്ടുകാര്‍ തമ്മില്‍ താമരശ്ശേരി കോടതിക്കു മുന്നില്‍ കൂട്ടത്തല്ല്. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ പെണ്‍കുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കോടതിയില്‍ ഹാജരാക്കിയ ഇവരെ ഒന്നിച്ചു പോകാന്‍ കോടതി അനുവദിച്ചു. കോടതിയ്ക്കു പുറത്ത് എത്തിയപ്പോഴാണു തര്‍ക്കവും കൂട്ടത്തലുമുണ്ടായത്.
◾ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയരായ അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
◾ വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന വയോധികയുടെ കാലില്‍ കെഎസ്ആര്‍ടിസി ബസ് കയറി ഗുരുതര പരിക്കേല്‍ക്കുകയും കാല്‍മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തു. ഡ്രൈവര്‍ അടക്കം ബസ് ജീവനക്കാര്‍ വരുത്തിയ ഗുരുതര വീഴ്ചമൂലമാണെന്ന് അപകടത്തിന് ഇരയായ വയനാട് വൈത്തിരി സ്വദേശിയായ 65 കാരി ജാനുവുവിന്റെ കുടുംബം ആരോപിച്ചു.
◾ രണ്ടു വയസിനുതാഴെയുള്ള കുട്ടികള്‍ക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പ് നല്‍കുന്നത് നിയന്ത്രിച്ചേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയും ഇതു സംബന്ധിച്ച ഉത്തരവു പുറപ്പെടുവിക്കുമെന്നു റിപ്പോര്‍ട്ട്.
◾ കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് പ്രധാനമന്ത്രി മോദി. കേരളത്തിലും ആസ്സാമിലും പുതുച്ചേരിയിലും പോളിംഗ് ശതമാനം ഉയര്‍ന്നു. കേരളത്തില്‍ വന്‍ തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി. സ്ത്രീ വോട്ടര്‍മാരുടെ എണ്ണം ഉയര്‍ന്നിടത്തെല്ലാം ബിജെപി വന്‍ വിജയം നേടിയിട്ടുണ്ടെന്നും മോദി പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവേ പറഞ്ഞു.
◾ പാര്‍ലമെന്റ് പരിസരത്തു തന്റെ കാറില്‍ നിന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കുറച്ചുനേരം സംസാരിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു. കൗതുകകരമായ കമന്റുകളും ചിത്രത്തിനൊപ്പമുണ്ട്.
◾ വനിതാ ഐഎഎസ് ഓഫീസര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ഒഡീഷ സംസ്ഥാന ആഭ്യന്തര വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായ ആരാധന ദാസിനെതിരെയാണ് 95 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നത്. കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റി പ്രദേശത്ത് ഭൂമി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനായ കമല്‍ കുമാര്‍ ഭാവ്‌സിങ്കയില്‍ നിന്ന് പണം തട്ടിയെന്നാണ് ആരോപണം.
◾ കേരളം, പുതുച്ചേരി, ആസാം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ലോകശ്രദ്ധ ലഭിച്ചതായി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. 22 രാജ്യങ്ങളില്‍ നിന്നുള്ള 38 പ്രതിനിധികള്‍ ഇലക്ഷന്‍ കമ്മീഷന്റെ ഇന്റര്‍നാഷണല്‍ ഇലക്ഷന്‍ വിസിറ്റേഴ്സ് പ്രോഗ്രാമിന്റെ 2026-ലെ പതിപ്പിന്റെ ഭാഗമായി ഇന്ത്യയിലെത്തി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് 'ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ഉത്സവം' ആണെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.
◾ മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയിലുള്ള കുനോ നാഷണല്‍ പാര്‍ക്കില്‍, ഇന്ത്യയില്‍ ജനിച്ച ഒരു പെണ്‍ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. 25 മാസം പ്രായമുള്ള ഗാമിനി എന്ന ഈ ചീറ്റ ഒരു വര്‍ഷത്തിലേറെയായി കാട്ടിലാണ് ജീവിക്കുന്നത്.
◾ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ ജെഹാനാബാദിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ ഇറാന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമനെയിക്ക് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. പിതാവായ അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ആക്രമണത്തിലാണ് മുജ്തബ ഖമനെയിക്കും പരിക്കേറ്റത്. അദ്ദേഹത്തിന്റെ ഒരു കാല്‍ നഷ്ടപ്പെട്ടെന്നു സംശയിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ യുഎഇയ്ക്കും മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ നടത്തിയ പ്രകോപനപരമായ മിസൈല്‍ ആക്രമണങ്ങള്‍ക്കു പിറകേ, വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫോണില്‍ ചര്‍ച്ച നടത്തി.
◾ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചര്‍ച്ച നടത്തി. ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ ശാശ്വതമായ സമാധാനം ഉറപ്പാക്കണമെന്ന് മാക്രോണ്‍ ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷയും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ ചരിത്രദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ആര്‍ട്ടെമിസ് 2 സംഘത്തിന് ഹ്യൂസ്റ്റണിലെ നാസയുടെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ വരവേല്‍പ്. നാല് യാത്രികരും പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് സ്പേസ് സെന്റര്‍ വിശദമാക്കി. ആശങ്കകളൊന്നുമില്ലാത്ത ദൗത്യമായിരുന്നുവെന്ന് യാത്രികര്‍ പ്രതികരിച്ചു.
◾ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് തിരികെ നല്‍കാനുള്ള നിയമനിര്‍മ്മാണം താല്‍ക്കാലികമായി ബ്രിട്ടന്‍ നിര്‍ത്തിവച്ചു. കരാര്‍ നടപ്പാക്കുന്നതിനുള്ള പിന്തുണ അമേരിക്ക പിന്‍വലിച്ചതാണ് കാരണം.
◾ നൈജീരിയയില്‍ തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധത്തെത്തുടര്‍ന്ന് നടന്ന കൂട്ട വിചാരണകളില്‍ നാനൂറോളം പേര്‍ക്ക് ശിക്ഷ വിധിച്ചു. ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കുറ്റവാളികള്‍ക്കാണ് അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചത്.
◾ ഇറാഖ് പ്രസിഡന്റായി കുര്‍ദ് നേതാവായ നിസാര്‍ അമിദിയെ (58) പാര്‍ലമെന്റ് തിരഞ്ഞെടുത്തു. പ്രധാനമന്ത്രിസ്ഥാനം ഷിയാ വിഭാഗത്തിനും സ്പീക്കര്‍ സുന്നിവിഭാഗത്തിനും പ്രസിഡന്റ് പദവി കുര്‍ദുകള്‍ക്കുമാണ്. ഭരണാധികാരമുള്ള പ്രധാനമന്ത്രിയെ പ്രസിഡന്റ് നിയോഗിക്കും. ഇറാന്‍ പിന്തുണയുള്ള മുന്‍പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയെ നിയോഗിക്കരുതെന്നാണു യുഎസ് നിലപാട്.
◾ വെടിനിറുത്തല്‍ നിലവിലിരിക്കേ, റഷ്യയും യുക്രെയ്നും തടവുകാരെ കൈമാറി. ഇരുഭാഗത്തുനിന്നും 175 പേരെ വീതമാണ് വിട്ടയച്ചത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ തടവുകാരുടെ കൈമാറ്റമാണിത്. യുഎഇയുടെ മധ്യസ്ഥതയിലാണു യുദ്ധത്തടവുകാരെ കൈമാറിയത്.
◾ യുകെയില്‍ ഇന്ത്യന്‍ വംശജയായ നഴ്സിനെ 'ആന്റി' എന്ന് വിളിച്ചതിനെതിരെ നല്‍കിയ പരാതിയില്‍ 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടു. വെസ്റ്റ് ലണ്ടന്‍ എന്‍എച്ച്എസ് ട്രസ്റ്റിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ഇല്‍ഡ എസ്റ്റെവ്സിന്‍(64) സ്റ്റാഫ് നഴ്സായ ചാള്‍സ് ഒപ്പോംഗിനെതിരേ നല്‍കിയ പരാതിയിലാണ് ശിക്ഷ.
◾ കുവൈറ്റില്‍ ഹിസ്ബുള്ള സംഘടനയ്ക്കു സാമ്പത്തിക സഹായം നല്‍കുകയും സംഘത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തെന്ന കേസില്‍ രണ്ടു പൗരന്മാര്‍ക്കും പൗരത്വം റദ്ദാക്കപ്പെട്ട മറ്റൊരാള്‍ക്കും ക്രിമിനല്‍ കോടതി പത്തു വര്‍ഷം കഠിനതടവ് വിധിച്ചു. പ്രതികള്‍ ഓരോരുത്തരും 10,000 ദിനാര്‍ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.
◾ യുദ്ധവിമാനങ്ങളുമായി പാക്കിസ്ഥാന്‍ സൈന്യം സൗദി അറേബ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഇതെന്ന് സൗദി.
◾ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 23 റണ്‍സിന്റെ വിജയം. ചെന്നൈ, ചെപ്പോക്കില്‍ 56 പന്തില്‍ പുറത്താവാതെ 115 റണ്‍സ് നേടിയ സഞ്ജു സാംസന്റെ കരുത്തിലാണ് ഈ നേട്ടം. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹി 20 ഓവറില്‍ 189ന് എല്ലാവരും പുറത്തായി.
◾ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണു ബ്ലാസ്റ്റേഴ്‌സ് കീഴടക്കിയത്.
◾ പാന്‍ കാര്‍ഡ് അപേക്ഷയ്ക്ക് നാല് പുതിയ പ്രത്യേക ഫോമുകള്‍ അവതരിപ്പിച്ച് ആദായനികുതി വകുപ്പ്. പുതിയ ഫോമുകള്‍ ഇവയാണ്: ഫോം 93: ഇന്ത്യയിലെ താമസക്കാരായ വ്യക്തികള്‍ക്ക്. ഫോം 94: ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും. ഫോം 95: വിദേശ വ്യക്തികള്‍ക്ക്. ഫോം 96: വിദേശത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും. പേരിലെ ചുരുക്കെഴുത്തുകള്‍, കെവൈസി സംബന്ധമായ ചില വിവരങ്ങള്‍ എന്നിവ ഇനി നല്‍കേണ്ടതില്ല. പകരം, അപേക്ഷകന്റെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധമാക്കി. വലിയ ഫോട്ടോകളും ആവശ്യമാണ്. പൂര്‍ണരൂപത്തിലുള്ള പേര് തന്നെ നല്‍കണം. അമ്മയുടെ പേര് ഇനി മുതല്‍ അപേക്ഷയില്‍ നിര്‍ബന്ധമാണ്. പ്രവാസികള്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പറും നല്‍കേണ്ടതുണ്ട്. പാന്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്കായി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വെവ്വേറെ ലളിതമായ ഫോമുകളും ആദായനികുതി വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.
◾ കര്‍ശന നിയന്ത്രണങ്ങളുമായി പരിഷ്‌കരിച്ച ടീന്‍ അക്കൗണ്ട്‌സ് ഫീച്ചര്‍ ഇന്ത്യയില്‍ വിപുലപ്പെടുത്തി ഇന്‍സ്റ്റഗ്രാം. പുതിയ അപ്‌ഡേറ്റ് പ്രകാരം, 18 വയസ്സില്‍ താഴെയുള്ള എല്ലാ ഉപയോക്താക്കളെയും പുതുക്കിയ 13+ കണ്ടന്റ് സെറ്റിങ്ങിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റും. കൗമാരക്കാര്‍ക്ക് ഈ സെറ്റിങ് സ്വന്തമായി മാറ്റാന്‍ കഴിയില്ല. ഇതില്‍നിന്ന് മാറുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഫില്‍റ്റര്‍ ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലഹരിപാനീയങ്ങള്‍, കഞ്ചാവ് തുടങ്ങിയ പദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്കും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അനുചിതമായ ഉള്ളടക്കങ്ങള്‍ നിരന്തരം പങ്കുവെക്കുന്ന അക്കൗണ്ടുകളെ ഫോളോ ചെയ്യാനോ അവയുമായി ഇടപഴകാനോ കൗമാരക്കാരായ ഉപയോക്താക്കള്‍ക്ക് ഇനി സാധിക്കില്ല. ഇത്തരം അക്കൗണ്ടുകള്‍ക്ക് കൗമാരക്കാരുമായി ബന്ധപ്പെടുന്നതിനും ഇടപഴകുന്നതിനും നിയന്ത്രണമുണ്ടാകും.
◾ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' മെയ് മാസം തിയേറ്ററുകളില്‍. സിനിമയുടെ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആനക്കൊമ്പുകള്‍ക്കും ആയുധ കൂമ്പാരങ്ങള്‍ക്കും നടുവില്‍ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റേയും കഥ പറയുന്ന ഒരു ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് കാട്ടാളന്‍ എന്നാണ് പോസ്റ്റര്‍ സൂചന തന്നിരിക്കുന്നത്. ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ്, റാപ്പര്‍ ബേബി ജീന്‍, ഹനാന്‍ ഷാ, പാര്‍ത്ഥ് തീവാരി, ഷിബിന്‍ എസ്. രാഘവ്, ഹിപ്സ്റ്റര്‍ പ്രണവ് രാജ്, കോള്‍ മീ വെനം തുടങ്ങിയവരും ചിത്രത്തിലുണ്ട്.
◾ നടന്‍ കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് 'യൂത്ത്'. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ഏപ്രില്‍ 16 മുതല്‍ സിനിമ ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാകും. ഇതുവരെ 68 കോടിയാണ് സിനിമ ആഗോള തലത്തില്‍ നേടിയത്. കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ അതീവ രസകരമായ സിനിമാനുഭവമാക്കി മാറ്റുന്നത്. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഈ വര്‍ഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് ആണ്.
◾ 2026 മാര്‍ച്ചില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി ചരിത്രപരമായ വില്‍പ്പന രേഖപ്പെടുത്തി. മൊത്തം 198,224 യൂണിറ്റ് ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. 84 ശതമാനം വാര്‍ഷിക വളര്‍ച്ച. മൊത്തം 4.7 ദശലക്ഷം പിവി വില്‍പ്പനയില്‍ 4.3 ശതമാനവും ഇവികളുടെ സംഭാവനയായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2.7 ശതമാനമായിരുന്നു. 77,658 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി 39.2 ശതമാനം വിപണി വിഹിതം നേടിയ ടാറ്റ മോട്ടോഴ്‌സ് വിപണിയില്‍ ആധിപത്യം തുടര്‍ന്നു. എങ്കിലും, 2025 ലെ 53.4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ വിഹിതം കുറഞ്ഞു. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ 52,408 യൂണിറ്റ് ഇവി വില്‍പ്പന രജിസ്റ്റര്‍ ചെയ്തു. വാര്‍ഷികാടിസ്ഥാനത്തില്‍ 74 ശതമാനം വളര്‍ച്ച. വിന്‍ഡ്‌സര്‍ ഇവി ബ്രാന്‍ഡിന്റെ വില്‍പ്പന കൂട്ടുന്ന മോഡലായി. ഏറ്റവും വേഗത്തില്‍ വളരുന്ന ഇവി ബ്രാന്‍ഡായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉയര്‍ന്നു. കമ്പനി 2026 സാമ്പത്തിക വര്‍ഷത്തില്‍ 42,006 ഇവികള്‍ വിറ്റഴിച്ചു, ഇത് വിപണി വിഹിതം 7.8 ശതമാനത്തില്‍ നിന്ന് 21.2 ശതമാനമായി വര്‍ദ്ധിപ്പിച്ചു.
◾ ജീവിത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലയിടത്തും വെച്ച് തളരാനും ഉള്ളം ചോര്‍ന്നു പോകാനും സാധ്യതയുണ്ട്. ആഴത്തില്‍ അനുഭവങ്ങളുള്ള മനശാസ്ത്ര വിദഗ്ധയായ ഷാലിമ നഷ്ടപ്പെട്ട ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കാനും ഉള്ളം ചോര്‍ന്നു പോകാതെ ധൈര്യം പകരാനുമുള്ള വഴികള്‍ വിശദമാക്കുന്ന കൃതി. സ്വന്തം ജീവിതത്തെ പുനര്‍ നവീകിരണം ചെയ്യാന്‍ ഉപകരിക്കുന്ന കൃതി. മുറിവേറ്റ മനസ്സുകളിലൂടെയുള്ള ഒരു മാനസിക യാത്ര...'ഉള്ളം ചോരുമ്പോള്‍'. ഷാലിമ. ഗ്രീന്‍ ബുക്സ്. വില 320 രൂപ.
◾ പലരും കൊളസ്ട്രോള്‍ പേടിച്ച് മുട്ടയുടെ മഞ്ഞ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്നു. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൊഴുപ്പ് പുറന്തള്ളാനും ഇത് അത്യാവശ്യമാണ്. വണ്ണം കുറയ്ക്കാന്‍ ലോ-ഫാറ്റ് ഉല്‍പ്പന്നങ്ങളാണ് നല്ലതെന്ന് കരുതാറുണ്ടെങ്കിലും, കൊഴുപ്പുള്ള തൈരും പാലും കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുന്നു. ഇതിലെ കോണ്‍ജുഗേറ്റഡ് ലിനോലെയിക് ആസിഡ് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കാറുള്ള ഉരുളക്കിഴങ്ങ് സത്യത്തില്‍ ഒരു സൂപ്പര്‍ ഫുഡ് ആണ്. ഇത് പുഴുങ്ങി തണുപ്പിച്ചു കഴിക്കുമ്പോള്‍ അതില്‍ റെസിസ്റ്റന്റ് സ്റ്റാര്‍ച്ച് രൂപപ്പെടുന്നു. ഇത് ദഹനം സാവധാനത്തിലാക്കുകയും കൊഴുപ്പ് കത്തുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. നട്‌സില്‍ കാലറി കൂടുതലാണെങ്കിലും, ഇതിലെ പ്രോട്ടീനും നാരുകളും ആരോഗ്യകരമായ കൊഴുപ്പും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. പ്രത്യേകിച്ച് വാള്‍നട്ട്, ബദാം എന്നിവ വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ വളരെ നല്ലതാണ്. മധുരപലഹാരങ്ങള്‍ ഒഴിവാക്കണമെങ്കിലും 70% എങ്കിലും കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് മിതമായ അളവില്‍ കഴിക്കുന്നത് നല്ലതാണ്. ഇതിലെ ഫ്ലേവനോയിഡുകള്‍ വീക്കം കുറയ്ക്കുകയും വയറിലെ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
നദിക്കരയിലാണ് ഗുരുവിന്റെ താമസം. എന്നും അര്‍ദ്ധരാത്രിയാകുമ്പോള്‍ അദ്ദേഹം നദിക്കരയില്‍ ഒറ്റക്ക് കുറെ നേരം ചിലവഴിക്കും. ശാന്തമായ നദിയിലേക്കും അതിലെ തന്റെ പ്രതിബിംബത്തിലേക്കും നോക്കി അദ്ദേഹമിരിക്കും. ഇത് അടുത്തുളള ഒരു ബംഗ്ലാവിലെ വാച്ചര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ വാച്ചര്‍ ഗുരുവിനോട് ചോദിച്ചു: അങ്ങേക്ക് രാത്രിയില്‍ നദിക്കരിയില്‍ എന്താണ് പരിപാടി? അപ്പോള്‍ ഗുരു തിരിച്ചുചോദിച്ചു: താങ്കള്‍ക്കവിടെ രാത്രിയില്‍ എന്താണ് പരിപാടി? ഞാനവിടത്തെ വാച്ചറാണ്. അയാള്‍ പറഞ്ഞു. ഞാനും അതുതന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ മറ്റുളളവരെ നിരീക്ഷിക്കുന്നു. ഞാന്‍ എന്നെ തന്നെ നിരീക്ഷിക്കുന്നു. ആരെകുറിച്ചും എന്തിനെകുറിച്ചും നിരീക്ഷിക്കാനും പഠിക്കാനും ഫലനിര്‍ണ്ണയം നടത്താനും എല്ലാവരും തയ്യാറാകും. അത് എളുപ്പമാണ്. മാത്രല്ല, അത്തരം ഗവേഷണങ്ങളുടെ ഫലമായി ബിരുദങ്ങളോ അവാര്‍ഡുകളോ കിട്ടാനും സാധ്യതയുണ്ട്. എന്നാല്‍ അവനവനെ തന്നെ നിരീക്ഷണം നടത്താനും രൂപാന്തരം വരുത്താനും അല്പം പ്രയാസമാണ്. സ്വന്തം നിരീക്ഷണം സ്വയം നടത്തിയാല്‍, സ്വന്തം പോരായ്മ കൃത്യമായി കണ്ടെത്താം, മറ്റുളളവര്‍ ശ്രദ്ധിക്കുന്നതിന് മുമ്പേ അവ തിരുത്താം, സ്വന്തം മേന്മകള്‍ തിരിച്ചറിഞ്ഞ് പ്രായോഗിക തലത്തില്‍ എത്തിക്കാം, സ്വന്തം പ്രവര്‍ത്തികള്‍ വിലയിരുത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയുമാവാം, വൈകാരിക നിയന്ത്രണം കൈവരിക്കാം, സമ്പര്‍ക്കങ്ങളില്‍ സുതാര്യത കൈവരുത്താം, ആത്മവിശ്വാസത്തിനുളള മരുന്ന് സ്വയം നല്‍കാം.. അങ്ങിനെ അവനവനെ നിരീക്ഷിക്കാനും രൂപാന്തരം വരുത്തുവാനും കഴിയുന്നവര്‍ക്കാണ് പരിണാമവും വളര്‍ച്ചയും ഉണ്ടാവുക.. അതിനാല്‍ നമുക്ക് ഉളളിലേക്കുകൂടി നോക്കാന്‍ പഠിക്കാം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍