പ്രഭാത വാർത്തകൾ

2026  ഏപ്രില്‍ 17, വെള്ളി
1201  മേടം 4, രേവതി
1447  ശവ്വാൽ 29

◾ വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനര്‍നിര്‍ണയത്തില്‍ നിലവിലുള്ള അനുപാതം പാലിക്കുമെന്ന്  ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ ഗ്യാരന്റി നല്‍കാം. ഒരു സംസ്ഥാനത്തോടും പക്ഷപാതമില്ല. വടക്കേ ഇന്ത്യയായും തെക്കേ ഇന്ത്യയായും രാജ്യത്തെ വിഘടിച്ചു കാണുന്നത് അനുവദിക്കില്ല. വനിതാ സംവരണ ബില്ല് ഈ കാലത്തിന്റെ അനിവാര്യതയാണ്. ബില്ല് ഇന്നു പാസാക്കിയാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു നല്‍കാം. തനിക്കു ക്രെഡിറ്റു വേണ്ടെന്നും മോദി പറഞ്ഞു.

◾ എല്ലാ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം സീറ്റ് വര്‍ദ്ധന ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. മണ്ഡല പുനര്‍നിര്‍ണയ നിയമമനുസരിച്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ എം പിമാരുടെ എണ്ണം 129 ല്‍ നിന്ന് 195 ആയി ഉയരും. കേരളത്തിലെ എം പിമാരുടെ എണ്ണം ഇരുപതില്‍ നിന്ന് മുപ്പതാകും. തമിഴ്നാട്ടിലേത് 39 ല്‍ നിന്ന് 59 ആകും. കര്‍ണാടകയുടെ സീറ്റ് 28 ല്‍ നിന്ന് 42 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി.

◾  ഇറാന്‍ ഇനി ഒരിക്കലും അണ്വായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്നും ഭൂമിക്കടിയില്‍ സൂക്ഷിച്ചിരിക്കുന്നവ കൈമാറാനും ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു മാസം മുന്‍പ് വരെ വിസമ്മതിച്ചിരുന്ന പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറായി. ഇറാനുമായുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന് സാധ്യത തെളിഞ്ഞതായും വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇറാന്‍ പ്രതികരിച്ചിട്ടില്ല.
◾  ഹയര്‍സെക്കണ്ടറി പരീക്ഷാഫലം മെയ് 25 നും എസ്എസ്എല്‍സി ഫലം മെയ് മൂന്നാംവാരത്തിലും പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇന്നലെ ആരംഭിച്ച എസ്എസ്എല്‍സി മൂല്യനിര്‍ണയം മെയ് രണ്ടു വരെ തുടരും. ഇലക്ഷനും മറ്റ് അവധികളും മൂലമാണ് മൂല്യനിര്‍ണയം വൈകിയത്. 4,17,417 വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തു. യുദ്ധംമൂലം ഗള്‍ഫില്‍ പരീക്ഷ നടത്താനായില്ല.

◾  സിബിസിഇ പത്താം ക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ അഞ്ഞൂറ് മാര്‍ക്കും നേടി അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനത്തെത്തി ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ ഡാനിയേല്‍ ജേക്കബ് ബാസ്റ്റിന്‍. നല്ല മാര്‍ക്ക് നേടണമെന്നേ ആഗ്രഹിച്ചിരുന്നുള്ളുവെന്നും ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചില്ലെന്നും ഡാനിയേല്‍ പ്രതികരിച്ചു.

◾  നിയമസഭാ തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരമൊരുക്കിയില്ലെന്ന് ആരോപിച്ച് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കൃത്യസമയത്ത് ഫോം 12 സമര്‍പ്പിച്ചിട്ടും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നിന്ന് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കാത്തതിനാല്‍ വോട്ടവകാശം നഷ്ടപ്പെട്ടെന്നാണ് ഉദ്യോഗസ്ഥര്‍ ഹര്‍ജിയില്‍ പറയുന്നത്.

◾  പതിനെട്ടു വയസായി വിവാഹിതയായ തനിക്കു മധ്യപ്രദേശ് പോലീസിന്റെ ഭീഷണിയില്‍നിന്നു സംരക്ഷണം ആവശ്യപ്പെട്ട് കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കു പരാതി നല്‍കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസില്‍ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താന്‍ കൊച്ചിയിലെത്തിയതിനു പിറകേയാണ് പെണ്‍കുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടിയത്. കേസിലെ പ്രതിയുടെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്.

◾  സസ്യാധിഷ്ഠിതമാണെന്ന് അവകാശപ്പെടുന്ന കുപ്പികള്‍ ശബരിമലയില്‍ വില്ക്കാന്‍ അനുമതി തേടിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചോളം, കരിമ്പ്, മരച്ചീനി എന്നിവ ഉപയോഗിച്ച് നിര്‍മിച്ചതും പുനരുപയോഗിക്കാവുന്നതും മണ്ണില്‍ ലയിക്കുന്നതുമായ കുപ്പികള്‍ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചതിനെതിരെയായിരുന്നു ഹര്‍ജി. 100 ശതമാനം സസ്യാധിഷ്ഠിതമാണെന്ന അവകാശവാദം ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.

◾  ഇടുക്കി വട്ടവടയിലെ ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണ നടപടികള്‍ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. എതിര്‍കക്ഷികള്‍ക്ക് അടക്കം നോട്ടീസും അയച്ചു. വട്ടവടയിലെ ചിലന്തിയാര്‍ ചെക്ക് ഡാം നിര്‍മാണത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇടപെടുന്നതിനെതിരേ കേരളം ഇക്കഴിഞ്ഞ മാര്‍ച്ച് 25 നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

◾  കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്ന  പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. യുഡിഎഫ് പ്രവര്‍ത്തകരെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾  കാഞ്ഞങ്ങാട് മുന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണെതിരെ വ്യാജവാര്‍ത്ത നല്‍കിയ കേസില്‍ കാസര്‍കോട്ടെ 'ലേറ്റസ്റ്റ്' സായാഹ്ന പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ അരവിന്ദന്‍ മാണിക്കോത്തിനു ഹൈക്കോടതി വിധിച്ച ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. 2013 ഇല്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ ആയിരുന്ന മുസ്ലീം ലീഗ് അംഗം ഹസീന താജുദീനെതിരെ വാര്‍ത്ത നല്‍കിയെന്ന കേസില്‍ 2019 ല്‍ ഹോസ്ദുര്‍ഗ് കോടതി അരവിന്ദന് തടവുശിക്ഷയും പിഴയും വിധിച്ചിരുന്നു.

◾  പത്തനംതിട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു മര്‍ദ്ദനം. റാന്നി വെച്ചൂച്ചിറ പരുവയില്‍ യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജെറിനും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു മര്‍ദിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

◾  കാഞ്ഞങ്ങാട് 13 കാരനായ വിദ്യാര്‍ത്ഥിക്ക് സൂര്യാഘാതമേറ്റു. അജാനൂരിലെ അബ്ദുള്‍ റഹ്‌മാന്‍ പാണത്തൂരിന്റെ മകന്‍ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾  വിഴിഞ്ഞത്ത് ബാറിന് മുന്നില്‍ തല്ലിക്കൊന്ന യുവാവിന്റെ വാരിയെല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട വിഴിഞ്ഞം സ്വദേശി സുമന് ആന്തരികമായി നിരവധി പരിക്കുകളുള്ളതായും നെഞ്ചില്‍ രക്തസ്രാവമുണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

◾  ബംഗളൂരു എക്സ്പ്രസില്‍ കോച്ചില്‍ പൂജ നടത്തി രണ്ടു പേര്‍. കെ. സന്തോഷ് കുമാര്‍ എന്ന യാത്രക്കാരനാണ് വീഡിയോ സഹിതം ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. പൂജ നിര്‍ത്താന്‍ ടി.ടി.ഇ മൂന്നു തവണ പറഞ്ഞിട്ടും അവര്‍ പൂജ തുടര്‍ന്നു. ഒടുവില്‍ ആര്‍.പി.എഫിനെ വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് പൂജ അവസാനിപ്പിച്ചതെന്നും കുറിപ്പില്‍ പറയുന്നു.

◾  കൊല്ലം അഞ്ചലില്‍ കരാട്ടെ  പരിശീലനത്തിനിടെ 11 കാരി മരിച്ചു. വാളകം പുത്തന്‍വിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ  പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അഹന്നയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾  ജോലിക്കിടെ കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സന്തോഷിനെ ഉടന്‍ തന്നെ പാറശ്ശാലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

◾  കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ 16 കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തി. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണും ജീവനൊടുക്കിയ അദ്നാന്റെ ഒരു ഫോണുമാണ് കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

◾  പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി സംസാരിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തുവെന്ന് മോദി എക്സില്‍ കുറിച്ചു.  

◾  ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വിമാനത്താവളത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് അവിടെ നിര്‍ത്തിയിട്ടിരുന്ന അകാശ എയര്‍ വിമാനത്തില്‍ തട്ടിയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

◾  ഹരിയാനയില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്ത അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി. ഷെല്ലി ചൗധരി, രേണു ബാല, മുഹമ്മദ് ഇല്ല്യാസ്, മുഹമ്മദ് ഇസ്രായേല്‍ , ജര്‍നൈല്‍ സിംഗ് എന്നിവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്പെന്റ് ചെയ്തു.

◾  സ്ത്രീകളുടെ ചാമ്പ്യനാകാനാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമമെന്നു പ്രിയങ്ക ഗാന്ധി എംപി. രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു പിറകേ, സ്ത്രീകള്‍ക്ക് വോട്ടുറപ്പാക്കിയതും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സംവരണം നടപ്പാക്കിയതും കോണ്‍ഗ്രസാണെന്ന്  മണ്ഡല പുനര്‍നിര്‍ണയ നിയമ ചര്‍ച്ചയ്ക്കിടെ പ്രിയങ്ക ഗാന്ധി പറഞ്ഞു.

◾  വനിതാ സംവരണ ബില്ലിലും മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിലും പിന്നാക്ക വിഭാഗങ്ങള്‍ക്കും മുസ്ലിം സ്ത്രീകള്‍ക്കും പ്രത്യേക സംവരണം വേണമെന്ന് ലോക്സഭയില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എന്നാല്‍ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് അമിത് ഷാ മറുപടി നല്‍കി.

◾  വനിതാ സംവരണ ബില്ലില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ബിജെപിക്ക് എത്ര സംസ്ഥാനങ്ങളില്‍ വനിതാ മുഖ്യമന്ത്രിമാര്‍ ഉണ്ടെന്ന് അഖിലേഷ് യാദവ്. ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് വനിതാ ബില്ലിനെ ഉപയോഗിക്കുന്നതെന്നും വിമര്‍ശിച്ചു. സമാജ് വാദി പാര്‍ട്ടി സ്ത്രീകള്‍ക്ക് സംഘടനാപരമായ സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾  വിജയ് നായകനായ ജനനായകന്‍ സിനിമ ചോര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയില്‍. ഫ്രീലാന്‍സ് എഡിറ്ററായ യുവാവ് ആണ് കേസിലെ മുഖ്യപ്രതി. ചെന്നൈ പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേസില്‍ ഒന്‍പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

◾  ശ്രീനഗറില്‍ നടന്ന ഒരു പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ, ദേശീയ പതാകയുടെ നിറങ്ങളുള്ള റിബണ്‍ മുറിക്കാന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിസമ്മതിച്ചു. ദേശീയ പതാകയോടുള്ള ആദരസൂചകമായി റിബണ്‍ അഴിച്ചുമാറ്റി സൂക്ഷിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

◾  പെണ്‍കുട്ടികള്‍ ഷോര്‍ട്സ് ധരിക്കരുതെന്ന വിവാദ നിര്‍ദേശവുമായി തിരുച്ചിറപ്പള്ളി തമിഴ്നാട് ദേശീയ നിയമ സര്‍വകലാശാല വൈസ് ചാന്‍സലര്‍. അനുചിതമായ വസ്ത്രധാരണം ലൈംഗിക അതിക്രമത്തിന് വഴിവയ്ക്കും. അധ്യാപകരുടെ ശ്രദ്ധ മാറുന്നതിന് കാരണമാകുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

◾  ഇസ്രായേലും ലെബനനും പത്തു ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറുണ്ടാക്കിയത്. അതിര്‍ത്തിയില്‍ ആഴ്ചകളായി തുടരുന്ന ഏറ്റുമുട്ടലുകള്‍ ഇതോടെ അവസാനിച്ചു.

◾  ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇറാന്‍. ചര്‍ച്ചയ്ക്കായി  അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് മുന്നില്‍ ഇറാന്‍ ഇതടക്കമുള്ള രണ്ട് ഉപാധികള്‍ വച്ചെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചയില്‍ തീരുമാനമെടുക്കാന്‍ അമേരിക്കന്‍ സംഘത്തിന് അധികാരം നല്‍കണമെന്നതാണ് രണ്ടാമത്തെ ഉപാധി.

◾  ഇറാനെതിരെയുള്ള യുദ്ധം അമേരിക്ക സാമ്പത്തിക യുദ്ധമാക്കി മാറ്റി. അതിര്‍ത്തികളില്‍ ബോംബുകള്‍ വര്‍ഷിക്കുന്നതിന് പകരം ഇറാന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പൂര്‍ണ്ണമായും കൊട്ടിയടച്ച് രാജ്യത്തെ ശ്വാസം മുട്ടിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. 'സാമ്പത്തിക യുദ്ധം' ആരംഭിക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി.

◾  അമേരിക്കന്‍ ടോര്‍പിഡോ ആക്രമണത്തെത്തുടര്‍ന്ന് തകര്‍ന്ന ഇറാന്‍ പടക്കപ്പലില്‍നിന്ന് രക്ഷപ്പെട്ട 238 ലേറെ നാവികര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഇറാന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ അമേരിക്ക നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ഒരു മാസമായി ശ്രീലങ്കയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ഇവര്‍.

◾  ഓര്‍ത്തഡോക്സ് ഈസ്റ്ററിനോടനുബന്ധിച്ചുള്ള വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ യുക്രൈനില്‍ റഷ്യയുടെ  മിസൈല്‍ - ഡ്രോണ്‍ ആക്രമണം. 700 ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു.

◾  യമന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതികളെ നേരിടാന്‍ സൗദിയില്‍ പാകിസ്ഥാന്‍ ആര്‍മിയുടെ 25-ാമത് മെക്കനൈസ്ഡ് ഡിവിഷന്‍ ആരംഭിച്ചു. രണ്ട് ബ്രിഗേഡുകളുടെ സേനയും മറ്റു സംവിധാനങ്ങളുമടക്കം ഏകദേശം പതിനായിരം സൈനികരും ടാങ്കുകളും വിന്യസിക്കപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.

◾  ഉറുമ്പുകളെ ഒളിപ്പിച്ച ലഗേജുമായെത്തിയ ചൈനീസ് പൗരന്‍ കെനിയന്‍ വിമാനത്താവളത്തില്‍ പിടിയിലായി. ഇയാളുടെ പെട്ടിയില്‍നിന്ന് 2200 ഗാര്‍ഡന്‍ ഉറുമ്പുകളെ പിടിച്ചെടുത്തു. കേസ് പരിഗണിച്ച കെനിയന്‍ കോടതി ഇയാള്‍ക്ക് ഒരു വര്‍ഷം തടവു ശിക്ഷയും 7,746 ഡോളര്‍ പിഴയും വിധിച്ചു.

◾  യുകെയില്‍ അഭയാര്‍ഥി പദവി ലഭിക്കാന്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്മാരെ ലക്ഷ്യമിട്ട് വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് പൗണ്ട് ഈടാക്കിയാണ് ഈ സംഘം വ്യാജ രേഖകള്‍ നല്‍കി പാകിസ്ഥാന്‍, ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ഥി പട്ടം നല്‍കുന്നത്.

◾  ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് മുംബൈ തോറ്റത്. വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് നേടിയത്. ക്വിന്റണ്‍ ഡി കോക്ക് 60 പന്തില്‍ പുറത്താവാതെ 112 റണ്‍സുമായി സെഞ്ചുറി നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 39 പന്തില്‍ പുറത്താവാതെ 80 റണ്‍സ് നേടിയ പ്രഭ്‌സിമ്രാന്‍ സിംഗും 35 പന്തില്‍ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും ചേര്‍ന്നാണ് പഞ്ചാബിനെ അനായാസം വിജയത്തിലേക്ക് നയിച്ചത്. ഇതുവരെ തോല്‍വിയറിയാത്ത പഞ്ചാബ് 9 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.

◾  പശ്ചിമേഷ്യന്‍ യുദ്ധം ഇന്ത്യയുടെ ടൂറിസം, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍ മേഖലകളില്‍ 18,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ജിഡിപിയുടെ എട്ടുശതമാനത്തോളം ഈ മേഖലയുടെ സംഭാവനയാണ്. ഇന്ത്യയിലേക്ക് എത്തുന്ന യൂറോപ്യന്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളം ഗള്‍ഫ് ആയിരുന്നു. യുദ്ധംമൂലം വിമാന സര്‍വീസുകള്‍ താളംതെറ്റിയതോടെ വിദേശ സഞ്ചാരികളുടെ വരവ് കുറഞ്ഞു. വിമാന ഇന്ധനത്തിന്റെ വില കുത്തനെ ഉയര്‍ന്നതോടെ ടിക്കറ്റ് നിരക്കുകളും കുതിച്ചു. വിമാനക്കമ്പനികളുടെ ചെലവില്‍ 5-40 ശതമാനം വര്‍ധനയാണ് യുദ്ധത്തിനുശേഷം ഉണ്ടായിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ വരവിലാണ് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ വരുമാനം ലഭിച്ചിരുന്നത്. ടൂറിസം അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 10 ശതമാനത്തോളം റെസ്റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയെന്നാണ് റിപ്പോര്‍ട്ട്. കോവിഡിനുശേഷം 2025ല്‍ ഇന്ത്യയില്‍ വലിയ രീതിയില്‍ വളര്‍ന്ന ടൂറിസം, ഏവിയേഷന്‍ രംഗത്ത് ഏകദേശം 40 മില്യണ്‍ പേരാണ് തൊഴിലെടുക്കുന്നത്.

◾  വാട്‌സാപ്പില്‍ യൂസര്‍ നെയിം ഫീച്ചര്‍ വരുന്നു. ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പര്‍ മറ്റുള്ളവര്‍ക്ക് കൈമാറാതെ യൂസര്‍ നെയിം നല്‍കാന്‍ ഇതിലൂടെ സാധിക്കും. ഈ ഫീച്ചര്‍ ഇപ്പോള്‍ ലഭിക്കുമോ എന്നറിയാന്‍ വാട്‌സാപ്പിന്റെ സെറ്റിങ്‌സ് മെന്യു തുറക്കുക. ലഭ്യമാണെങ്കില്‍ യൂസര്‍ നെയിം എന്നൊരു സെക്ഷന്‍ കാണാന്‍ സാധിക്കും. നിലവില്‍ പരീക്ഷണാര്‍ത്ഥം ചില ആളുകള്‍ക്ക് മാത്രമാണ് ഇത് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്വകാര്യമാക്കി വയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം യുസര്‍നെയിം ഫീച്ചര്‍ ഒരു അനുഗ്രഹമായിരിക്കും. വാട്‌സാപ്പില്‍ യൂസര്‍നെയിം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. 'www.' വച്ച് തുടങ്ങാന്‍ അനുവദിക്കില്ല. '.com,'  '.net' തുടങ്ങിയ എക്സ്റ്റന്‍ഷന്‍ വച്ച് അവസാനിപ്പിക്കാനും അനുവദിക്കില്ല. യൂസര്‍നെയിമില്‍ ഒരു അക്ഷരം എങ്കിലും ഉണ്ടായിരിക്കണം (a-z). കുറഞ്ഞത് മൂന്ന് ക്യാരക്ടര്‍ വേണം. പരമാവധി 30.

◾  അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റര്‍ടൈനറായ 'മധുവിധു' ട്രെയിലര്‍ പുറത്ത്. ചിത്രം ഏപ്രില്‍ 23 ന് ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തും. ഷറഫുദീന്‍ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. പൊട്ടിച്ചിരിയും പ്രണയവും എല്ലാം ഉള്‍പ്പെടുത്തി ഒരുക്കിയ ഒരു പക്കാ ഫണ്‍ ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആണ് ചിത്രം. അഞ്ച് ആണുങ്ങള്‍ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. നായികാ വേഷം ചെയ്യുന്നത് പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആണ്. കല്യാണി പണിക്കര്‍ ബിഗ് സ്‌ക്രീനില്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍ , ശ്രീജയ , അമല്‍ ജോസ് , സഞ്ജു മധു, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

◾  തമിഴ് ദയാലന്‍ സംവിധാനം ചെയ്ത 'ഗെവി' എന്ന ചിത്രത്തിന്റെ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയ 'സെറ്റ് മി ഫ്രീ' എന്ന ഗ്ലോബല്‍ ഫീച്ചര്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ അഭിപ്രായം നേടി മുന്നേറുന്നു. നിലവില്‍ നെറ്റ്ഫ്ളിക്സില്‍ ലഭ്യമായ ചിത്രം വരും ദിനങ്ങളിലായി ആമസോണ്‍ പ്രൈമില്‍ കൂടി റിലീസ് ചെയ്യും. വെള്ള ഗെവ എന്ന ഗ്രാമത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറയുന്നത്. സെറ്റ് മി ഫ്രീ ഗാനത്തെ ആഗോളതലത്തില്‍ എത്തിക്കാന്‍, മൂന്ന് തവണ ഗ്രാമിഅവാര്‍ഡ് നേടിയ സംഗീതജ്ഞനായ റിക്കി കെജ് ഗെവി സിനിമയിലേക്കു ഭാഗമായി മാറി. വാനില്‍ വെയ്ഗാസാണ് മ്യൂസിക് കോ പ്രൊഡ്യൂസര്‍. ശിവരാജ് നടരാജ്, ലോറ ഡിക്കിന്‍സണ്‍, ടബിത റോസ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും ആധുനിക ഗ്ലോബല്‍ ശബ്ദങ്ങളും ചേര്‍ന്നാണ് ഈ സംഗീതം ഒരുക്കിയിരിക്കുന്നത് എന്നതാണ് ഒരു വലിയ പ്രത്യേകത.

◾  പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അവരുടെ മോഡലായ ഇഗ്നിസ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്. ദീര്‍ഘനാളായുള്ള കുറഞ്ഞ വില്‍പനയും ഡിമാന്‍ഡിലെ ഇടിവുമാണ് ഇതിന് കാരണം. ഇഗ്നിസിന്റെ ഉല്‍പ്പാദനം ഒരു മാസത്തിലേറെയായി നിര്‍ത്തിവെച്ചിരിക്കുകയാണ്. കൂടാതെ ബുക്കിങ്ങും അവസാനിപ്പിച്ചിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഈ പ്രീമിയം അര്‍ബന്‍ കോംപാക്റ്റ് ഹാച്ച്ബാക്കിന് 4.59 ലക്ഷം രൂപ മുതല്‍ 7.80 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) വില. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഓട്ടോമാറ്റിക് ഗിയര്‍ ഷിഫ്റ്റ് സാങ്കേതികവിദ്യയും ഇതിനുണ്ട്. നേരത്തെ ഇതിന് ഡീസല്‍ പതിപ്പും ലഭ്യമായിരുന്നു. ജിഎസ്ടി പരിഷ്‌കരണത്തെത്തുടര്‍ന്ന് വിലയില്‍ 71,000 രൂപ വരെ കുറവ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 3,780 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് ഈ വര്‍ഷം ഫെബ്രുവരിയില്‍ വില്‍പന 1,902 യൂണിറ്റുകളായി കുറഞ്ഞു (ഏകദേശം 50 ശതമാനം ഇടിവ്).

◾  ഹര്‍ഷചക്രവര്‍ത്തി, ബാണവര്‍മ്മപ്പെരുമാള്‍, സോക്രട്ടീസ്, സാമൂതിരിപ്പാട്, ഹിറ്റ്‌ലര്‍, ഹുമയൂണ്‍, ജനറല്‍ ടോജോ, ഝാന്‍സിറാണി, സര്‍ നിക്കോലസ് ചക്രവര്‍ത്തി, കുഞ്ഞാലിമരക്കാര്‍ എന്നിങ്ങനെ ലോകചരിത്രത്തിലെ മഹാവ്യക്തിത്വങ്ങള്‍ കഥാപാത്രങ്ങളാകുന്ന കഥകള്‍. അവരുടെ ജീവിതവും ബന്ധപ്പെട്ട വിശേഷസംഭവങ്ങളും അക്കാലത്തെ പരിതഃസ്ഥിതികളും ഈ കഥകളില്‍ സ്വതന്ത്രമായി വിവരിച്ചിരിക്കുന്നു. കെ.പി. കേശവമേനോന്‍ രചിച്ച ചരിത്രകഥകളുടെ പുതിയ പതിപ്പ്. 'ദാനഭൂമി'. മാതൃഭൂമി. വില 195 രൂപ.

◾  വേനല്‍ക്കാലത്ത് മൈഗ്രെയിന്‍ കേസുകള്‍ സാധാരണയില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. അന്തരീക്ഷ താപനില ഉയരുമ്പോള്‍, ചൂട് ഇല്ലാതാക്കുന്നതിനായി തലച്ചോറ് രക്തക്കുഴലുകള്‍ വികസിക്കാന്‍ സിഗ്നല്‍ നല്‍കുന്നു. മൈഗ്രെയിന്‍ സാധ്യതയുള്ളവരില്‍ ഇത് തലച്ചോറിലെ സെന്‍സിറ്റീവ് നാഡി അറ്റങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം രണ്ട് ശതമാനം കുറവ് പോലും തലച്ചോറിലെ ടിഷ്യു ചുരുങ്ങാന്‍ കാരണമാകും. മറ്റൊരു ഘടകം 11 മണിക്കും നാലു മണിക്കുമിടയിലുള്ള കഠിനമായ സൂര്യപ്രകാശമാണ്. രാത്രില്‍ ചൂടു കാരണമുള്ള മോശം ഉറക്കത്തിന് പുറമേ, ഇതുകൂടിയാകുമ്പോള്‍ മൈഗ്രെയിന്റെ തീവ്രത കൂടുന്നു. ചൂടു കൂടുമ്പോഴുണ്ടാകുന്ന മൈഗ്രെയിന്‍ സാധാരണയായി 12 മുതല്‍ 24 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്നതാണ്. ഇത് ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, കഴുത്തിന് കാഠിന്യം അല്ലെങ്കില്‍ ഭക്ഷണത്തോടുള്ള ആസക്തി എന്നിവ ഉണ്ടാക്കും. തല അനങ്ങിയാല്‍ പോലും വേദന വഷളാകും. ഓക്കാനം, പ്രകാശ സംവേദനക്ഷമതയില്ലായ്മ എന്നിവയും ഉണ്ടാകാം. രോഗിയെ ആദ്യം, തണുപ്പുള്ളതും ഇരുണ്ടതും ശാന്തവുമായ ഒരു മുറിയില്‍ കിടത്തണം. തുടര്‍ന്ന് വെള്ളമോ ഇലക്ട്രോലൈറ്റുകളോ ഉപയോഗിച്ച് ഓറല്‍ റീഹൈഡ്രേഷന്‍ ചെയ്യണം. റിപ്റ്റാനുകള്‍ നേരത്തെ കഴിക്കുന്നത് ഫലപ്രദമാണ്. ദിവസേന 2.5 മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കുക. ഭക്ഷണം ഒഴിവാക്കാതിരിക്കുക. ലഘുവായ ഭക്ഷണം കഴിക്കുക. തണ്ണിമത്തന്‍ പോലുള്ള ജലാംശം നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക. യുവി സംരക്ഷിത വസ്ത്രം ധരിക്കുക. സ്ഥിരമായ ഉറക്ക ദിനചര്യ നിലനിര്‍ത്തുക.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജാവ് പ്രജകള്‍ക്ക് നല്‍കിയ സല്‍ക്കാരത്തില്‍ എങ്ങിനെയോ വിഷം കലര്‍ന്നു. ധാരാളം ആളുകള്‍ കൊല്ലപ്പെട്ടു.  ജനങ്ങളില്‍ പലരും രാജാവിനെതിരെ തിരിയുകയും കുറ്റവാളിയെന്ന് മുദ്രകുത്തുകയും ചെയ്തു.  കുറ്റബോധത്താല്‍ രാജാവ് നാട് വിട്ടു.  ഗ്രാമാതിര്‍ത്തിയില്‍ എത്തിയ രാജാവിന് അവിടെ ഒരു വീട്ടുകാര്‍ അഭയം നല്‍കി.  രാവിലെ ഉണര്‍ന്ന രാജാവ് അവിടെ ധ്യാനത്തിലിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടു.  അവര്‍ ധ്യാനം ഉണര്‍ന്നപ്പോള്‍ തന്റെ പിതാവിനോട് ഇങ്ങിനെ പറഞ്ഞു:  എനിക്കൊരു ദര്‍ശനമുണ്ടായി.  ഒരു രാജാവ് ജനങ്ങള്‍ക്കൊരുക്കിയ വിരുന്നില്‍ വിഷപാമ്പ് ചാടി.  അങ്ങിനെ ഒട്ടേറെപ്പേര്‍ മരിച്ചു.  ജനങ്ങള്‍ രാജാവിനെതിരെ അപവാദങ്ങള്‍ പറഞ്ഞു.  രാജാവിനെയാണോ, പാമ്പിനെയാണോ, വിളമ്പിയവരെയാണോ ശിക്ഷിക്കേണ്ടതെന്ന് ദൈവത്തിന് സംശയമായി.  ഇതെല്ലാം കേട്ട രാജാവ് പെണ്‍കുട്ടിയോട് ചോദിച്ചു:  ദൈവം ആരെയാണ് കുറ്റക്കാരനായി കണ്ടത്?  അപ്പോള്‍ അവള്‍ പറഞ്ഞു:  പരദൂഷണം പറഞ്ഞു നടക്കുന്ന ജനങ്ങളെ.. രാജാവിന്റെ മുഖത്ത് അപ്പോള്‍ ഒരു ആശ്വാസപുഞ്ചിരി വിരിഞ്ഞു. ശിക്ഷാനിയമത്തിന്റെ പരിധിയില്‍ നില്‍ക്കുന്നതുകൊണ്ടുമാത്രമല്ല ഒരു കുറ്റം കുറ്റകൃത്യമാകുന്നത്,  അത് മറ്റുളളവരില്‍ ഏല്‍പ്പിക്കുന്ന മുറിവുകൊണ്ടുകൂടിയാണ്.  എല്ലാ ശാരീരിക മുറിവുകളും അതിവിദഗ്ദമായ ചികിത്സയിലൂടെ പാടുകള്‍പോലും അവശേഷിക്കാതെ ചിലപ്പോള്‍ സുഖപ്പെടുത്താന്‍ സാധിക്കും.  പക്ഷേ, മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ ചിലപ്പോള്‍ കാലത്തിനുപോലും പൂരിപൂര്‍ണമായി മാറ്റാന്‍ സാധിച്ചെന്ന് വരില്ല.  അപവാദപ്രചരണം സമാനതകളിലില്ലാത്ത ക്രൂരതയായി മാറുന്നത് അതുകൊണ്ടാണ്.  മുന്നില്‍ നിന്നും ആലിംഗനം ചെയ്യുന്നവരാണ് പിന്നില്‍ നിന്ന് അപമാനിക്കുന്നത് എന്നതാണ് അപവാദപ്രചാരണങ്ങളിലെ നിത്യസത്യം.  - ശുഭദിനം .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍