പ്രഭാത വാർത്തകൾ
2026 ഏപ്രില്‍ 21, ചൊവ്വ
1201 മേടം8, മകീര്യം
1447 ദുൽഖഅ്ദ 03
◾ ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇന്നു വൈകുന്നേരം അവസാനിക്കുമെന്നും ഇന്നു സമാധാന കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ഇറാനില്‍ ബോംബുകള്‍ പൊട്ടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ അണ്വായുധങ്ങള്‍ കൈവശംവയ്ക്കരുതെന്നാണ് യുഎസിന്റെ പ്രധാന ആവശ്യമെന്ന് ട്രംപ് ആവര്‍ത്തിച്ചു. എന്നാല്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്ത അമേരിക്കയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് അരാഗ്ച്ചി. കരാര്‍ ലംഘിച്ച് അമേരിക്ക തങ്ങളുടെ കപ്പലുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും ഇറാന്‍.
◾ പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം തുറന്നതു നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താനാണെന്ന് യുഡിഎഫ്. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ മുറി തുറന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന്‍, ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പറഞ്ഞു. അതേസമയം, സ്ട്രോങ്ങ് റൂമിനു സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തെഹ്ലിയ പറഞ്ഞു.
◾ സ്ട്രംഗ് റൂമല്ല, മെറ്റീരിയല്‍ റൂമാണു തുറന്നതെന്നും എല്ലാ കക്ഷികളുടേയും ഏജന്റുമാരുടെ സാന്നിധ്യത്തിലാണു തുറന്നതെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍. ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ല. ഏപ്രില്‍ 20 ന് രാവിലെ 11.15ന് തുറന്നത് സീല്‍ ചെയ്യാത്ത മുറിയാണെന്നും കളക്ടര്‍ അറിയിച്ചു.
◾ മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കുടുംബ സമേതം എത്തിയ അദ്ദേഹം വഴിപാടുകളും നടത്തി. ദര്‍ശനം നടത്തുന്നതിന്റെ ചിത്രം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരോടു ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നു ദേവസ്വം ജീവനക്കാര്‍ ആവശ്യപ്പെട്ടതു തര്‍ക്കത്തിനിടയാക്കി.
◾ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പോലീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രി ചര്‍ച്ചയിലൂടെ 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ച് കെപിസിസി പ്രസിഡന്റിന്റെ അനുമതിയോടെയാണ് ദീപ്തിയുടെ പരാതി.
◾ ലോണ്‍ ആപ്പിന്റെ ഭീഷണിമൂലം ഒളിവില്‍ കഴിഞ്ഞ് ഇന്നലെ കോഴിക്കോട്ട് എത്തിയ വിഷ്ണു വായ്പയെടുത്ത എംപോക്കറ്റ് എന്ന ലോണ്‍ ആപ്പിനെതിരേ അന്വേഷണം. ആപ്പിനു പിറകില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് പൊലീസ്. 22000 രൂപ തിരിച്ചടച്ചിട്ടും ഭീഷണിയായിരുന്നെന്നു വിഷ്ണു പറഞ്ഞു. വിഷ്ണുവിന്റെ ഫോണ്‍ നഷ്ടപ്പെട്ടതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായില്ല.
◾ പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതോടെ വിഴിഞ്ഞം തുറമുഖത്തു നങ്കൂരമിടാന്‍ ചരക്കു കപ്പലുകള്‍. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാള്‍ അധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ളതിനാല്‍ അപേക്ഷകള്‍ നിരസിക്കുകയാണ്.
◾ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം നടത്തിയ യുവാവ് പിടിയില്‍. തിരുവല്ല കണ്ടനാട്ടുചിറയില്‍ വീട്ടില്‍ മനീഷ് (27) ആണ് പിടിയിലായത്. ഏറനാട് എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്തതിലുള്ള വിരോധത്തെത്തുടര്‍ന്ന് ഇയാള്‍ ടിടിഇയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്.
◾ സിപിഎമ്മിലേയും സിപിഐയിലേയും ഏതാനും നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അവകാശപ്പെട്ട് പി വി അന്‍വര്‍ മമത ബാനര്‍ജിക്കു രണ്ടു വര്‍ഷം മുമ്പു നല്‍കിയ കത്ത് ചോര്‍ന്നു. യുഡിഎഫ് നേതാക്കളും തൃണമൂലില്‍ ചേരുമെന്ന് അവകാശപ്പെട്ട് 2024 നവംബര്‍ 26 ന് അന്‍വര്‍ മമതയ്ക്ക് അയച്ച കത്താണ് പുറത്തുവന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചിരിക്കേയാണ് കത്തു പുറത്തായത്.
◾ പാര്‍ട്ടി വിട്ട പി വി അന്‍വറിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അന്‍വറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസന്‍ വിമര്‍ശിച്ചു. അന്‍വറിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചെന്നും ശിവദാസന്‍ പറഞ്ഞു. അന്‍വര്‍ പോയാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നുമില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമാണെന്നും ശിവദാസന്‍ പറഞ്ഞു
◾ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി ജീവനക്കാരന്റെ തലയടിച്ച് പൊട്ടിച്ചു. നഴ്‌സിംഗ് അസിസ്റ്റന്റായ സുരേഷിനെയാണ് 65 കാരന്‍ ആക്രമിച്ചത്. ഐസിയുവില്‍ രോഗികളെ പരിചരിക്കാന്‍ എത്തിയ സുരേഷിനെ വയോധികന്‍ പിന്നിലൂടെ എത്തി അടിക്കുകയായിരുന്നു.
◾ പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് പിടിയിലായി. പീഡനത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കിളിമാനൂര്‍ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അമ്മ ഒളിവിലാണ്.
◾ വാഹനാപകട സമയത്ത് യുവതിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കി. ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം. തന്റെ മൊഴി പോലീസ് കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും പരാതിയില്‍ പറയുന്നു.
◾ ഭൂട്ടാന്‍ വഴി 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ കള്ളക്കടകത്തായി ഇന്ത്യയിലേക്കു കൊണ്ടുവന്നിട്ടുണ്ടെന്നു കസ്റ്റംസ്. കോടികളുടെ നികുതിവെട്ടിച്ചാണ് സൂപ്പര്‍ കാറുകളും, ബൈക്കുകളും കടത്തിയത്. ഭൂട്ടാനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മൂന്നാറില്‍ സംയുക്ത യോഗം ചേര്‍ന്നാണു കള്ളക്കടത്തു കേസുകള്‍ പരിശോധിച്ചത്.
◾ കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ വിദേശത്തേക്കു കടത്തുകയും തട്ടിപ്പു നടത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം ശക്തികുളങ്ങര നന്മ നഗര്‍ ജബനീല്‍ വീട്ടില്‍ ലിയോണ്‍ ജേക്കബിനെയാണ് കൈനടി പൊലീസ് അറസ്റ്റ് ചെയ്തത്. വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ വഞ്ചിച്ചതിനു പുറമെ, നാട്ടിലേക്ക് മടങ്ങാന്‍ യുവതികളില്‍നിന്ന് ഇയാള്‍ പണം ഈടാക്കുകയും ചെയ്തിരുന്നു.
◾ കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതി കാര്‍ത്തിക ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നിഖിലിനെതിരേ കാര്‍ത്തികയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
◾ നാല്‍പതു ഗ്രാം എംഡിഎംഎ കടത്തിയ യുവാവിനെ വയനാട് പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പൂനൂര്‍ വേണാടിയില്‍ വീട്ടില്‍ വി റാസിഖ് (38)ആണ് പിടിയിലായത്.
◾ മദ്യനയക്കേസില്‍ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്‍മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വര്‍ണ്ണ കാന്ത ശര്‍മ്മ തള്ളി. തന്റെ മക്കള്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകരാണെന്നതോ സോളിസിറ്റര്‍ ജനറല്‍ അവര്‍ക്ക് കൂടുതല്‍ കേസ് നല്‍കുന്നുവെന്നതോ പക്ഷപാതമാകില്ല. സംഘപരിവാര്‍ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത് നിയമപരിപാടി എന്ന നിലയിലാണ്. ജഡ്ജി കളങ്കിതയാണെന്നു ആരോപിച്ച് കോടതിയുടെ വിശ്വാസ്യത ഇടിക്കാന്‍ അനുവദിക്കില്ലെന്നും ജഡ്ജി പറഞ്ഞു. കെജ്രിവാളിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലാണ് ഹൈക്കോടതിയിലുള്ളത്.
◾ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നതായി വ്യാജ പ്രചാരണം. ലാപ്‌ടോപ്പുകള്‍ ലഭിക്കാന്‍ അപേക്ഷിക്കേണ്ട ഒരു ലിങ്ക് സഹിതമാണ് വ്യാജ പ്രചാരണം. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പണവും സ്വകാര്യ വിവരങ്ങളും നഷ്ടമാകുമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ.
◾ ഇന്ത്യയുടെ സെമികണ്ടക്ടര്‍ രംഗത്ത് നിര്‍ണായക മുന്നേറ്റമായി ആദ്യത്തെ അത്യാധുനിക ത്രീ ഡി ചിപ്പ് പാക്കേജിംഗ് പ്ലാന്റിന് ഒഡിഷയിലെ ഭുവനേശ്വറില്‍ തറക്കല്ലിട്ടു. അമേരിക്ക ആസ്ഥാനമായ ത്രി ഡി ഗ്ലാസ് സൊലൂഷന്‍സ് ആണ് ഈ പദ്ധതി നടപ്പാക്കുന്നത്. കമ്പനിയുടെ ഇന്ത്യന്‍ ഘടകമായ ഹെറ്ററോജീനിയസ് ഇന്റഗ്രേഷന്‍ പാക്കേജിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് മുഖേനയാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്.
◾ ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ വിമാനം തകര്‍ന്നുവീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ജസ്പുര്‍ മേഖലയിലെ വനമേഖലയിലാണു സ്വകാര്യ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നത്. തകരാര്‍മൂലം താഴ്ന്നു പറന്ന വിമാനം കുന്നിന്‍മുകളിലെ മരത്തിലിടിച്ചു തകരുകയായിരുന്നു.
◾ മധ്യപ്രദേശിലെ സത്ന ജില്ലാ ആശുപത്രിയില്‍ തലാസീമിയ രോഗികളായ അഞ്ച് കുട്ടികള്‍ക്ക് എച്ച്ഐവി ബാധിച്ചത് ആശുപത്രിയുടെ ഗുരുതരമായ പിഴവുകള്‍ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാലഹരണപ്പെട്ട രീതികളിലൂടേയും ശരിയായി പരിശോധിക്കാതേയും രക്തം നല്‍കിയതും രേഖകളില്‍ കൃത്രിമം കാണിച്ചതുമാണ് കാരണമെന്നാണു റിപ്പോര്‍ട്ടിലുള്ളത്.
◾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേ അവകാശമാണെന്നാണു ഭരണഘടന പറയുന്നതെന്നും എന്നാല്‍, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി. കന്യാകുമാരി കൊളച്ചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തമിഴ് ഭാഷക്കും സംസ്‌കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുല്‍ പറഞ്ഞു.തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്റെ പദ്ധതികളെയും രാഹുല്‍ പ്രസംഗത്തില്‍ പുകഴ്ത്തി.
◾ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രങ്ങള്‍ മെനയുന്ന കമ്പനിയായ ഐ പാക് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. നിയമപരമായ ചില തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 20 ദിവസത്തേക്ക് ഗ്രൗണ്ട് ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചത്.
◾ ഭാരതത്തിന്റെ മിലാന്‍ നാവിക അഭ്യാസത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഇറാന്റെ ഐആര്‍ഐഎസ് ദേന എന്ന യുദ്ധക്കപ്പലിന് നേരെ മാര്‍ച്ച് നാലിന് ശ്രീലങ്കന്‍ തീരത്തു നടന്ന അമേരിക്കന്‍ ആക്രമണം കൂട്ടക്കുരുതിക്കുവേണ്ടി മാത്രമാണെന്നു വെളിപെടുത്തല്‍. അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്ന് തൊടുത്ത ടോര്‍പ്പിഡോയാണു കപ്പലിനെ തകര്‍ത്തത്. കപ്പലില്‍ ഉണ്ടായിരുന്ന നാവികന്‍ ഹമീദ് മൊമേനയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. 104 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ 87 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ഹമീദ് ഉള്‍പ്പെടെ 32 നാവികരെയാണ് രക്ഷപ്പെടുത്തിയത്.
◾ രാജസ്ഥാനിലെ ഉദയപൂരിലെ സ്‌കൂളില്‍ ഹാന്‍ഡ് ബോള്‍ പോസ്റ്റ് തലയില്‍ വീണ് എട്ട് വയസ്സുകാരന്‍ മരിച്ചു. കളിക്കുന്നതിനിടെ ഹാന്‍ഡ് ബോള്‍ പോസ്റ്റില്‍ തൂങ്ങിയാടിയ കുട്ടിയുടെ ദേഹത്തേക്ക് പോസ്റ്റ് കടപുഴകി വീഴുകയായിരുന്നു.
◾ ജപ്പാനില്‍ അതിശക്തമായ ഭൂചലനം. സുനാമി മുന്നറിയിപ്പ്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നാണ് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കിയത്. ജപ്പാന്റെ വടക്കുകിഴക്കന്‍ തീരമായ ഇവാത്തെ പ്രവിശ്യയുടെ തീരക്കടലിലാണു ഭൂകമ്പം ഉണ്ടായത്.
◾ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര-സുരക്ഷാ ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും ആഗോള ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ചര്‍ച്ചകളാണ് നടന്നത്.
◾ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏതെങ്കിലും പ്രധാന പ്രഖ്യാപനം നടത്തുന്നതിനു മുമ്പ്, ഓഹരി വിപണികളില്‍ ഭീമമായ തുകയ്ക്ക് വ്യാപാരം നടക്കുന്നുണ്ടെന്നു ബിബിസി. ഇത് നിയമവിരുദ്ധമായ ഇന്‍സൈഡര്‍ ട്രേഡിംഗ് ആണെന്നാണ് റിപ്പോര്‍ട്ട്.
◾ റഷ്യ - യുക്രൈന്‍ യുദ്ധത്തിനിടെ യുക്രെയിന്‍ റഷ്യക്കെതിരേ റോബോട്ടുകളെ രംഗത്തിറക്കി. റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനും ആക്രമണം നടത്താനും റോബോട്ടുകളെ മാത്രമല്ല, കരയില്‍ സഞ്ചരിക്കുന്ന ഡ്രോണുകളെയും യുക്രൈന്‍ ഉപയോഗിക്കുന്നുണ്ട്.
◾ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് രണ്ടാം ജയം ആഘോഷിച്ചു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ തിലക് വര്‍മയുടെ സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 15.5 ഓവറില്‍ 100 റണ്‍സിന് എല്ലാവരും പുറത്തായി.
◾ ഗെയിമിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് വരുമാനത്തെ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ഐപിഎല്‍ ഈ സീസണിലെ ടീമുകളുടെ സ്‌പോണ്‍സര്‍ഷിപ്പ് വരുമാനം ചരിത്രത്തില്‍ ആദ്യമായി 1,000 കോടി പിന്നിട്ടു. ഓണ്‍ലൈന്‍ ഫാന്റസി കമ്പനികള്‍ പിന്മാറിയ സ്ഥാനത്തേക്ക് ഫിന്‍ടെക്, റിന്യൂവബിള്‍ എനര്‍ജി, ടെക്‌നോളജി കമ്പനികള്‍ എത്തിയതാണ് വരുമാനം വര്‍ധിപ്പിച്ചത്. സഞ്ജു സാംസണ്‍ കളിക്കുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ എത്തിഹാദ് എയര്‍വെയ്‌സ് ആണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന സ്‌പോണ്‍സര്‍ നത്തിംഗ് മൊബൈല്‍ ആണ്. വിഡ ഇവി, ഹീറോ മോട്ടോര്‍കോര്‍പ്, ഡിപി വേള്‍ഡ്, പ്യൂമ, ഖത്തര്‍ എയര്‍വെയ്‌സ്, ഐഡിഎഫ്‌സി ബാങ്ക്, അശോക് ലെയ്‌ലാന്‍ഡ്, ഗള്‍ഫ് ഓയില്‍ തുടങ്ങി കോര്‍പറേറ്റ് ലോകത്തെ വമ്പന്‍ കമ്പനികളെല്ലാം സ്‌പോണ്‍സര്‍ഷിപ്പുമായി കളത്തിലുണ്ട്. സ്റ്റാര്‍സ്‌പോര്‍ട്‌സ്, ജിയോഹോട്ട്സ്റ്റാര്‍ അടുത്ത അഞ്ചുവര്‍ഷത്തെ മീഡിയ റൈറ്റ്‌സ് സ്വന്തമാക്കിയത് 48,000 കോടി രൂപയ്ക്കാണ്. ടിക്കറ്റ് വില്പനയിലൂടെ മാത്രം 5-40 കോടി രൂപ വരെ ലഭിക്കുന്നു.
◾ ആന്‍ഡ്രോയിഡ് ഫോണുകളിലെ ഫെയ്‌സ് ലോക്ക് പൂര്‍ണമായും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ് സ്‌കാനിങ് സംവിധാനം ഒരു സാധാരണ 2ഡി ചിത്രം ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്നു എന്നാണ് കണ്ടെത്തല്‍. സാംസങിന്റെ കഴിഞ്ഞ വര്‍ഷത്തെ ഗാലക്‌സി എസ് 25 സീരീസിലെ മുഴുവന്‍ ഫോണുകളും ഈ പരിശോധനയില്‍ പരാജയപ്പെട്ടു. മോട്ടറോള റേസര്‍ 50 അള്‍ട്രാ, മോട്ടോ ജി 75 5ജി, എഡ്ജ് 60 പ്രോ, എഡ്ജ് 60 ഫ്യൂഷന്‍, മോട്ടോ ജി56 5ജി, ജി86, എഡ്ജ് 40 നിയോ, മോട്ടോ ജി35, മോട്ടോ ജി55, എഡ്ജ് 50 അള്‍ട്രാ, എഡ്ജ് 50 പ്രോ, മോട്ടോ ജി73 എന്നിവയും സുരക്ഷിതമല്ല. ഓപ്പോ ഫൈന്‍ഡ് എക്‌സ് 9 പ്രോ, ഫൈന്‍ഡ് എക്‌സ്9, റെനോ 13 എഫ്, റെനോ 13 പ്രോ, റെനോ 11 എഫ് 5ജി. വണ്‍പ്ലസ് 13 ആര്‍, 13, നോര്‍ഡ് 5, നോര്‍ഡ് സിഇ5, 15, നോര്‍ഡ് 3 5ജി. നതിങ് ഫോണ്‍ (2എ) പ്ലസ്, ഫോണ്‍ (3എ), ഫോണ്‍ (3എ) പ്രോ, ഫോണ്‍ (3), ഫോണ്‍ (2എ). ഫെയര്‍ഫോണ്‍ ഫെയര്‍ഫോണ്‍ 6. ഹോണര്‍ മാജിക്6 ലൈറ്റ് 5ജി എന്നിവയാണ് പട്ടികയിലുള്ള പ്രധാന ഹാന്‍ഡ് സെറ്റുകള്‍. അതേസമയം, ആപ്പിള്‍ ഐഫോണുകള്‍, ഗൂഗിളിന്റെ പുതിയ പിക്‌സല്‍ മോഡലുകളായ പിക്‌സല്‍ 8, 9, 10, സാംസങ് ഗാലക്‌സി എസ്26 സീരീസ് എന്നീ ഫോണുകള്‍ സുരക്ഷാപരിശോധനയില്‍ വിജയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
◾ തമിഴകവും മലയാളവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'ജയിലര്‍ 2'വിന്റെ ഒടിടി റൈറ്റ്സ് വിറ്റുപോയത് വന്‍ തുകയ്ക്ക്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസിനു മുന്നേ ഏകദേശം 160 കോടിക്കാണ് ആമസോണ്‍ പ്രൈം വീഡിയോ ജയിലര്‍ 2വിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. തമിഴകത്തെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഒടിടി ഡീലാണ് ഇത്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം. കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. മലയാളത്തിന്റെ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ രജനികാന്തിനൊപ്പം നിര്‍ണായക വേഷത്തില്‍ ഉണ്ട്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലും ഉണ്ടാകും.
◾ കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം 'അച്യുത അവതാര'ത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറില്‍ രമേശ് സി, രുദ്രമൂര്‍ത്തി, രാജേഷ്. ആര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ ജി.നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ഛായാഗ്രാഹകന്‍ ആനന്ദ് മീനാക്ഷിയാണ് ക്യാമറ. മെയ് മാസത്തോടെ പാന്‍ ഇന്ത്യന്‍ ചിത്രമായി തിയേറ്ററുകളില്‍ എത്തും. ഹരീഷ് മോഹനന്റെ വരികള്‍ക്ക് പ്രസന്ന കുമാര്‍ എം.എസ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.
◾ കിയയുടെ 2026 മോഡല്‍ സിറോസ് വിപണിയില്‍. ഇതിന്റെ പ്രാരംഭ വില 8.40 ലക്ഷം രൂപയാണ്. എന്‍ട്രി ലെവല്‍ വേരിയന്റിന്റെ വിലയാണ് 8.40 ലക്ഷം രൂപയില്‍ ആരംഭിക്കുന്നത്. പരിഷ്‌കരിച്ച മുന്‍-പിന്‍ ബമ്പറുകള്‍, ബോഡി കളര്‍ എയറോ ഇന്‍സെര്‍ട്ടുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍ക്കും മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും ഗ്ലോസി ബ്ലാക്ക് ഫിനിഷ് എന്നിവയാണ് ഡിസൈന്‍ രംഗത്തെ മാറ്റങ്ങള്‍. എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, പിന്‍ഭാഗത്ത് എല്‍ഇഡി സ്റ്റോപ്പ് ലാമ്പ്, വശങ്ങളില്‍ ബോഡി കളര്‍ ഗാര്‍ണിഷ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്ന മറ്റു ഫീച്ചറുകള്‍. നിയോണ്‍ ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ഐവറി സില്‍വര്‍ മാറ്റ്, ഐവറി സില്‍വര്‍ ഗ്ലോസ്, മാഗ്മ റെഡ് എന്നി പുതിയ നിറങ്ങളിലും വാഹനം ലഭ്യമാകും. കിയ പുതുതായി നാല് വേരിയന്റുകളാണ് അവതരിപ്പിച്ചത്. കൂടാതെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ ഇപ്പോള്‍ കുറഞ്ഞ വിലയിലുള്ള വേരിയന്റുകളിലും ലഭ്യമാണ്.
◾ കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരമാണ് ഗ്രേറ്റ. കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കിയ ആദ്യ കഥ എന്ന നിലക്ക് മലയാളം യുണിവേഴ്സിറ്റി സിലബസ്സില്‍ ഉള്‍പ്പെടുത്തിയ 'ഗ്രേറ്റ' ഈ സമാഹാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കോവിഡ് കാലത്തെ അനുഭവ പശ്ചാത്തലം ഈ സമാഹാരത്തിലെ കഥകളെ കൂടുതല്‍ കാലിക പ്രസക്തമാക്കുന്നു. മലയാളത്തില്‍ ആദ്യമായി ഗ്രേറ്റ ട്യൂണ്‍ബഗിനെ ഒരു കഥയിലൂടെ അവതരിപ്പിക്കുന്നത് കെ പി രാമനുണ്ണിയാണ്. ആ അര്‍ത്ഥത്തില്‍ ഈ സമാഹാരം കൂടുതല്‍ ശ്രദ്ധേയമാകുന്നു. 'ഗ്രേറ്റ'. കെ പി രാമനുണ്ണി. ഡിസി ബുക്സ്. വില 180 രൂപ.
◾ ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ പുകവലി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്ന് പഠനം. പുകവലിക്കാര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 37 ശതമാനം കൂടുതലാണെന്നാണ് 2026-ല്‍ ജേണല്‍ ഓഫ് ഡയബറ്റിസില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള പുകവലിക്കാരെ അപേക്ഷിച്ച് നേരത്തെ പുകവലി ഉപേക്ഷിച്ചവരില്‍ മരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളും കുറവാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രമേഹ ബാധിതര്‍ പുകവലി പൂര്‍ണമായും ഒഴിവാക്കുക എന്നത് വളരെ പ്രധാനമാണ്. ടൈപ് 2 പ്രമേഹമുള്ളവര്‍ പുകവലി ശീലമാക്കുമ്പോള്‍ ഇത് ഹൃദയാഘാതത്തിനും കൈകാലുകള്‍ മുറിച്ചുമാറ്റുന്ന അവസ്ഥയിലേക്ക് നയിക്കുന്നതിനുമുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. 2023ലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-ഇന്ത്യയുടെ പഠനമനുസരിച്ച്, 2021-ല്‍ ഇന്ത്യയില്‍ ഏകദേശം 101 ദശലക്ഷം പ്രമേഹ രോഗികളും 136 ദശലക്ഷം പ്രീ ഡയബറ്റിക് ബാധിതരും 315 ദശലക്ഷം രക്താതിമര്‍ദ്ദമുള്ളവരുമുണ്ട്. ലോകമെമ്പാടും ഏകദേശം 1.3 ബില്യണ്‍ ആളുകള്‍ പുകയില ഉപയോഗിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. കൂടാതെ പുകയില ഓരോ വര്‍ഷവും 7 ദശലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നു, അവരില്‍ ഭൂരിഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ്. ഇതിന് സമാന്തരമായാണ് ടൈപ് 2 പ്രമേഹ രോഗികളുടെ വളര്‍ച്ച.
*ശുഭദിനം*
*കവിത കണ്ണന്‍*
നിരാശയോടെയാണ് അയാള്‍ തന്റെ ഗുരുവിന്റെ അടുത്തെത്തിയത്. അവന്‍ ഗുരുവിനോട് പറഞ്ഞു: ഞാന്‍ എല്ലാവരേയും കേള്‍ക്കും, പറ്റുന്ന വിധത്തിലെല്ലാം മറ്റുളളവരെ സഹായിക്കും. ആരെന്ത് ചോദിച്ചാലും നല്‍കും. പക്ഷേ, ആളുകളുടെ പരാതി തീരുന്നില്ല. അവര്‍ എന്നോട് അകാരണമായി ദേഷ്യപ്പെടും. എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഗുരു തൊട്ടടുത്ത കിണര്‍ ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു: ഈ കിണറില്‍ നിന്നാണ് എല്ലാവരും വെള്ളമെടുക്കുന്നത്. ഇത് വറ്റാറില്ല. അതുകൊണ്ട് ജനങ്ങളും സന്തുഷ്ടരാണ്. ഒരിക്കല്‍ ഇതിലെ വെള്ളം തീര്‍ന്നാല്‍ എന്ത് സംഭവിക്കും ഗുരു ചോദിച്ചു. ആളുകള്‍ക്ക് ദേഷ്യം വരും. അപ്പോള്‍ ഗുരു പറഞ്ഞു: നിനക്ക് സംഭവിച്ചതും ഇതുതന്നെയാണ്. എല്ലാവര്‍ക്കും എപ്പോഴും സമീപസ്ഥനായി നീ നിന്റെ വില കളഞ്ഞു. സുലഭമായതിനെയും സൗജന്യമായതിനെയും ആളുകള്‍ നിസ്സാരവത്കരിക്കും. നിരന്തരമായി ലഭിക്കുന്നതെല്ലാം തങ്ങളുടെ അവകാശമായി തെറ്റിദ്ധരിക്കും. എല്ലാം സ്വീകരിക്കുകയും ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്നവരുടെ ഇടയില്‍ ആര്‍ക്കും അധികം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല. ചോറൂട്ടുന്നവരുടെ വിശപ്പ് ഇല്ലാതാകുന്നുണ്ടോ എന്ന വയറുനിറഞ്ഞതിന് ശേഷമെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കാം - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍