പ്രഭാത വാർത്തകൾ

2026  ഏപ്രില്‍ 25, ശനി
1201  മേടം12, ആയില്യം
1447  ദുൽഖഅ്ദ 07

◾  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇംപീച്ചു ചെയ്തു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ നേതൃത്വത്തില്‍ 73 പ്രതിപക്ഷ എം പിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിനു കൈമാറി. 2026 മാര്‍ച്ച് 15 ന് ശേഷം ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഒമ്പതു വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

◾  രാജ്യസഭയിലെ ആം ആദ്മി പാര്‍ട്ടി എം.പിമാരെ ബിജെപിയില്‍ ലയിപ്പിച്ച് രാഘവ് ഛദ്ദ. ഏഴ് എംപിമാര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മിയിലെ സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭാംഗങ്ങള്‍ ബിജെപിയിലെത്തി. അശോക മിത്തല്‍, സന്ദീപ് പഥക്ക്, സ്വാതി മാലിവാള്‍, ഹര്‍ഭജന്‍ സിങ്, രാജീന്ദര്‍ ഗുപ്ത, വിക്രം സാഹ്നി എന്നിവരാണു ബിജെപിയില്‍ ചേര്‍ന്നതെന്ന് രാഘവ് ഛദ്ദ അവകാശപ്പെട്ടു. കൂറുമാറിയ രാഘവ് ഛദ്ദ ഉള്‍പ്പെടെ മൂന്ന് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ ചെയര്‍മാനു കത്തു നല്‍കി.

◾  രണ്ടാംഘട്ട ഇറാന്‍-യുഎസ് സമാധാന ചര്‍ച്ചകള്‍ നാളെ പാകിസ്ഥാനില്‍. ഇരുരാജ്യങ്ങളുടെയും ഉന്നതതല നയതന്ത്ര പ്രതിനിധി സംഘങ്ങള്‍ ഇന്ന് ഇസ്ലാമാബാദിലെത്തും. അമേരിക്കയുടെ മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നര്‍ എന്നിവര്‍ നയിക്കുന്ന യുഎസ് സംഘവും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചര്‍ച്ചകളില്‍ പങ്കെടുക്കുക. ഇതേസമയം, അമേരിക്ക മൂന്ന് യുഎസ് വിമാനവാഹിനിക്കപ്പലുകളെ ഇറാന് അരികില്‍ എത്തിച്ചിട്ടുണ്ട്.



◾  മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ചികിത്സയിലായിരുന്ന വെടിക്കെട്ടു കരാറുകാരന്‍ സതീശന്‍ മുണ്ടത്തിക്കോട് മരിച്ചു. 46 വയസായിരുന്നു. 13 വര്‍ഷമായി തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടു കരാറുകാരനായിരുന്നു. പിതാവ് മണിപാപ്പനെ സഹായിച്ചുകൊണ്ടാണ് സതീഷ് വെടിക്കെട്ടു രംഗത്തേയ്ക്കു വന്നത്. ദുരന്തമുണ്ടായ പ്രദേശത്തുനിന്ന് ഒരു തലയോട്ടിയുടെ ഭാഗവും കൈപ്പത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

◾  നാദാപുരം, വടകര മണ്ഡലങ്ങളില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഡീല്‍ നടന്നത്. ബിജെപിയിലുണ്ടായ അച്ചടക്ക നടപടികള്‍ ഇതിന്റെ ഭാഗമാണെന്നും ഗോവിന്ദന്‍.  യുഡിഎഫ് ഭരണത്തിലെത്തില്ലെന്നും യുഡിഎഫിലെ മുഖ്യമന്ത്രി തര്‍ക്കങ്ങള്‍ മെയ് നാലോടെ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

◾  വെടിക്കെട്ടും ആര്‍ഭാടങ്ങളും ഇല്ലാതെ നാളെ തൃശൂര്‍ പൂരം. കുടമാറ്റം 15 മിനിറ്റായി ചുരുക്കും. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍. ഇതേസമയം, ചമയപ്രദര്‍ശനം അടക്കമുള്ള പൂരച്ചടങ്ങുകള്‍ ആരംഭിച്ചു.

◾  തലശ്ശേരിയില്‍ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ക്യാമറയുടെ സ്റ്റോറേജ് തീര്‍ന്നതോടെ ഹാര്‍ഡ് ഡിസ്‌ക് മാറ്റി സ്ഥാപിച്ചു. തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലെ സ്ട്രോങ് റൂം നിരീക്ഷിക്കുന്ന സിസിടിവി ഫുട്ടേജുകള്‍ ശേഖരിക്കുന്ന ഹാര്‍ഡ് ഡിസ്‌കാണ് മാറ്റിയത്.

◾  കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പരാതി. അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവര്‍ക്കെതിരെയാണ് കോളേജ് പ്രിന്‍സിപ്പലിനും പി.ജി ഗ്രീവന്‍സ് സെല്ലിനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.

◾  കേരള ഹൈക്കോടതിയില്‍ അഡിഷനല്‍ ജഡ്ജിയായി ഹൈക്കോടതി അഭിഭാഷക എ.കെ.പ്രീതയെ നിയമിച്ചു. ഇടുക്കി പീരുമേട് സ്വദേശിയാണ്. അതേസമയം സുപ്രീം കോടതി സീനിയര്‍ അഭിഭാഷക ലിസ് മാത്യുവിന്റെ നിയമന കാര്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

◾  എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയാണെന്ന് അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടു. ആര്‍ക്കും എഡിറ്റ് ചെയ്യാവുന്ന വിക്കിപീഡിയയില്‍ ആരോ വരുത്തിയ മാറ്റം വിവാദമായതോടെ അതു പേജില്‍നിന്ന് നീക്കം ചെയ്തു.

◾  സര്‍വീസിലുള്ളപ്പോഴും തെറ്റു ചെയ്ത പോലീസുകാരെ 'പോടാ പുല്ലേ' എന്നു വിളിച്ചിട്ടുണ്ടെന്ന് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ശ്രീലേഖ. അന്നൊന്നും ഒരു അസോസിയേഷന്‍ നേതാവും തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

◾  കസ്റ്റഡി മര്‍ദനത്തില്‍ വിവാദത്തിലായ ഡിവൈഎസ്പി മധു ബാബുവിനു സ്ഥാനക്കയറ്റ ശുപാര്‍ശ. എസ്പി ആയി സ്ഥാനക്കയറ്റം നല്‍കാന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ പ്രമോഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതു വിവാദമായി.

◾  തിരുവനന്തപുരത്തു യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വെങ്ങാനൂര്‍ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകന്‍ (54) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം  വെങ്ങാനൂര്‍ റോഡിലെ കല്ലുവെട്ടാന്‍കുഴിയില്‍ ബസ് കാത്തുനിന്ന യുവതിയെ ഷെയര്‍ ടാക്സിയാണെന്നു വിശ്വസിപ്പിച്ച് വിളിച്ചുകയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. കാറിന്റെ വേഗത കുറഞ്ഞപ്പോള്‍ പുറത്തേക്കു ചാടി രക്ഷപ്പെടുകയായിരുന്നു.

◾  സംസ്ഥാനത്തു ചൂടു വര്‍ദ്ധിക്കവേ, ഉഷ്ണതരംഗ പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. ഇന്നു 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

◾  പാമ്പുകള്‍ തണുപ്പ് തേടി വീടുകളിലേക്കും ജനവാസ മേഖലകളിലേക്കും എത്താന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. മൂന്നുപേര്‍ പാമ്പുകടിയേറ്റ് മരിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.

◾  പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. പാമ്പുകടിയേറ്റ് വരുന്നവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

◾  മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണെന്നും മന്ത്രി വി. ശിവന്‍കുട്ടിയല്ലെന്നും തിരുവനന്തപുരം മേയര്‍ വി.വി രാജേഷ്.  ബംഗാളിലും ത്രിപുരയിലും ചിലര്‍ക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു. യോഗ ചെയ്താല്‍ ഈ പ്രശ്നം മാറും. 2030ല്‍ കാവിലെ പാട്ട് മത്സരത്തില്‍ ഇനി കാണാം, തത്കാലം ശിവന്‍കുട്ടി ജനവിധി മാനിക്കണമെന്നും  രാജേഷ് കൂട്ടിച്ചേര്‍ത്തു.

◾  തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ച് കൊല്ലം - തൃശ്ശൂര്‍ റൂട്ടില്‍ പ്രത്യേക മെമു ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. നാളെയാണ് ഈ സര്‍വീസുകള്‍.

◾  ശബരിമല സന്നിധാനത്തിനു മുകളിലൂടെ അനുമതി ഇല്ലാതെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ സുരക്ഷാ പ്രശ്‌നമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍. കോപ്റ്റര്‍ പറന്നപ്പോള്‍ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാര്‍ഡ് വിളിച്ചറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

◾  സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്ന പരിശീലനങ്ങള്‍ രാവിലെ 10.30 ന് അവസാനിപ്പിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കനത്ത ചൂട് കണക്കിലെടുത്ത് കുട്ടികള്‍ക്ക് സ്‌കൂള്‍ യൂണിഫോം ധരിക്കുന്നതില്‍ താല്ക്കാലിക ഇളവ് നല്‍കി സൗകര്യപ്രദമായ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

◾  വേനല്‍ക്കാലത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ്. ശുദ്ധമല്ലാത്ത വെള്ളത്തിലൂടെ പകരുന്ന ഈ രോഗം വന്നാല്‍ മരണസാധ്യതയുള്ളതിനാല്‍ ഉടന്‍ ചികിത്സ തേടണമെന്നു നിര്‍ദേശം.

◾  കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിള്‍ പാര്‍ക്കില്‍ അഞ്ച് വയസ്സുകാരനായ മുഹമ്മദ് ആദം മുങ്ങിമരിച്ച സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി ടി അജിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി. ലൈസന്‍സ് ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതെന്ന് ഭരണ സമിതി ആരോപിച്ചു.

◾  കൈകൊട്ടികളിയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി തമിഴ്നാട്ടില്‍ പിടിയിലായി. മണിയാര്‍ എരിച്ചിക്കല്‍ സ്വദേശി ചിക്കുരാജാണ് പുനലൂര്‍ പോലീസിന്റെ പിടിയിലായത്. പ്രതിയുടെ അമ്മയും കേസില്‍ പ്രതിയാണ്.

◾  550 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയിലായ കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷനില്‍ ഹിജാസ് (ബബ് ലു 29) മട്ടാഞ്ചേരി ലോബോ ജംഗ്ഷനില്‍ ഷമീര്‍ (36) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ കുന്നുംപുറം കാരയില്‍ മുഹ്സിന്‍ (മൂസിന്‍ 28), തുരുത്തി മുഹമ്മദ് സഹില്‍ (25) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

◾  വരാപ്പുഴ പുത്തന്‍പള്ളിയില്‍ 14.05 ഗ്രാം രാസലഹരിയുമായി യുവാക്കള്‍ പൊലീസ് പിടിയിയിലായി. കോട്ടുവള്ളി കൂനമ്മാവ് ചന്ദനപറമ്പില്‍ വീട്ടില്‍ ബിപിന്‍ (26), കൂനമ്മാവ് ആലപ്പാട്ട് വീട്ടില്‍ റിഗില്‍ ജോസ് (26 ) എന്നിവരേയാണ് വരാപ്പുഴ പൊലീസ് പിടികൂടിയത്.

◾  കണ്ണൂര്‍ കേളകത്ത് അമ്മയെ ലഹരി മരുന്നിന് അടിമയായ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കണിച്ചാര്‍ കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. മകന്‍ ക്രിസ്റ്റി കേളകം പൊലീസില്‍ കീഴടങ്ങി.

◾  കുട്ടനാട്ടില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടില്‍ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്.  വീടിനോടു ചേര്‍ന്നുള്ള ശുചിമുറിക്കരികിലാണു മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്.

◾  കോഴിക്കോട് പെരുമണ്ണ പയ്യടി മേത്തല്‍ ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി സ്റ്റേജില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. പാലാഴി വാഴയില്‍ എം.എന്‍. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്.

◾  ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോളിംഗ് ശതമാനം വര്‍ധിച്ചത് വിജയത്തിന്റെ സൂചനയാണെന്നും അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റു പോലും കിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾  പശ്ചിമ ബംഗാളിലെ പ്രചാരണത്തിനിടെ ഹൂഗ്ലി നദിയില്‍ തോണി സവാരി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രങ്ങള്‍ പകര്‍ത്തിയ മോദി അവിടെ പ്രഭാത നടത്താനെത്തിയവരോടും തോണിക്കാരോടും സംസാരിച്ചു. കഴിഞ്ഞ ദിവസം ഹൗറയില്‍നിന്നു കൊല്‍ക്കത്തയിലേക്ക് റോഡ് ഷോ നടത്തിയ മോദി ബേലൂരിലെ ശ്രീരാമകൃഷ്ണ മഠം സന്ദര്‍ശിച്ചിരുന്നു.

◾  റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുക്രെയിനെതിരേ യുദ്ധം ചെയ്ത പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. റഷ്യയിലേക്ക് പോയ തങ്ങളുടെ ബന്ധുക്കളെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഏജന്റുമാര്‍ കബളിപ്പിച്ച് റഷ്യന്‍ സേനയില്‍ എത്തിയവരുമുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.

◾  പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാനാണ് ആര്‍ബിഐ ഉത്തരവ്.

◾  രാഘവ് ഛദ്ദയടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത് 'ഓപ്പറേഷന്‍ ലോട്ടസ്' ആണെന്നും പഞ്ചാബിലെ ജനങ്ങളെ ബിജെപി ചതിച്ചെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കളായ അരവിന്ദ് കെജ്രിവാളും സഞ്ജയ് സിങ്ങും ആരോപിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കൂറുമാറ്റം എഎപിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

◾  തെരഞ്ഞെടുപ്പു കമ്മീഷന്‍ ബിജെപിയുടെ ഡിപ്പാര്‍ട്ട്മെന്റായി മാറിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചു. പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും കോണ്‍ഗ്രസ് അധ്യക്ഷന് നോട്ടീസ് അയക്കുകയും ചെയ്ത കമ്മീഷന്റെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  ആവശ്യപ്പെട്ട പണം തരാത്തതിനാലാണു കൊന്നതെന്ന് ഡല്‍ഹിയില്‍ ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും വീട്ടുജോലിക്കാരനുമായ രാഹുല്‍ എന്ന പത്തൊമ്പതുകാരന്‍.  തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കൈലാഷിലാണ് വീട്ടില്‍ 22 കാരിയായ എഞ്ചിനീയറിംഗ് ബിരുദധാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്.

◾  ഇറാനില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയന്‍ കമ്പനിക്കു കൈമാറുന്നു. ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധം ട്രംപ് ഭരണകൂടം കഴിഞ്ഞവര്‍ഷം ചബഹാര്‍ തുറമുഖത്തിനും ബാധകമാക്കി. ഇന്ത്യയുടെ ആവശ്യപ്രകാരം അമേരിക്ക അനുവദിച്ച ഉപരോധ ഇളവ് നാളത്തോടെ അവസാനിക്കും.

◾  കുവൈറ്റിന്റെ വടക്കന്‍ കര അതിര്‍ത്തി കേന്ദ്രങ്ങളിലെ രണ്ടിടങ്ങളില്‍ ഡ്രോണ്‍ ആക്രമണം. ഇറാഖില്‍ നിന്നാണ് ഫൈബര്‍-ഓപ്റ്റിക് വയര്‍ നിയന്ത്രിത സ്ഫോടക ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

◾  കുവൈറ്റില്‍ വിദേശത്തുള്ളവര്‍ക്കു നല്‍കിയ എന്‍ട്രി വിസകളുടെ കാലാവധി നീട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. സ്വകാര്യ തൊഴില്‍, ഗൃഹതൊഴില്‍, കുടുംബ വിസകള്‍ ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള എന്‍ട്രി വിസകള്‍ക്കും ഈ തീരുമാനം ബാധകമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

◾  കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം ടെര്‍മിനല്‍ വഴി കേരളം ഉള്‍പെടെ 17 നഗരങ്ങളിലേക്ക് നാളെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.

◾  ഇന്ത്യയുമായി പുതിയ രാഷ്ട്രീയ-നയതന്ത്ര സൗഹൃദം സ്ഥാപിക്കാന്‍ ബംഗ്ലാദേശിലെ ഭരണകക്ഷിയായ ബിഎന്‍പി. ഒന്നിച്ചു പോകണമെന്ന അഭ്യര്‍ത്ഥനയുമായി ബിഎന്‍പി ചെയര്‍മാനും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ താരിഖ് റഹ്‌മാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന് കത്തയച്ചു.

◾  പ്രോസ്റ്റേറ്റ് ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെന്നും സുഖം പ്രാപിച്ചെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധത്തിനിടയില്‍ ഇറാന്റെ വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കാനാണ് തന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് രഹസ്യമാക്കിയതെന്നും നെതന്യാഹു വ്യക്തമാക്കി.

◾  ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് അഞ്ചു വിക്കറ്റ് ജയം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. സായ് സുദര്‍ശന്റെ 58 പന്തില്‍ നിന്നുള്ള സെഞ്ചുറിയാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ആര്‍സിബി 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 81 റണ്‍സെടുത്ത വിരാട് കോഹ്ലിയും 27 പന്തില്‍ 55 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലുമാണ് ബാംഗ്ലൂരിന്റെ വിജയം അനായസമാക്കിയത്.

◾  എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കൂടുതല്‍ തവണ യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് ലഭ്യമാകുന്ന രീതിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടാറ്റ ന്യൂപാസ് ലോയല്‍റ്റി പദ്ധതി വിപുലീകരിക്കുന്നു. നിലവില്‍ ആഭ്യന്തര ടിക്കറ്റുകളില്‍ മാത്രം ലഭിച്ചിരുന്ന ലോയല്‍റ്റി ഡിസ്‌കൗണ്ട് ഇനിമുതല്‍ രാജ്യാന്തര യാത്രകളിലും ലഭിക്കും. നാല് വിഭാഗങ്ങളായി തിരിച്ചാണ് ഈ ലോയല്‍റ്റി പദ്ധതി. ടാറ്റ ന്യൂപാസ് അംഗങ്ങള്‍ക്ക് ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ നാല് ശതമാനം വരെയും സീറ്റ്, ഭക്ഷണം, അധിക ബാഗേജ് എന്നിവയ്ക്ക് 30 ശതമാനം വരെ ഡിസ്‌കൗണ്ടും മുന്‍ഗണനാ സേവനങ്ങളും ലഭിക്കും. കൂടാതെ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുന്നവര്‍ക്ക് 500 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭിക്കും. അര്‍ഹരായ ഓരോ ലോയല്‍റ്റി അംഗത്തിനും എയര്‍ ഇന്ത്യ എക്സ്പ്രസിലെ അഞ്ചാമത്തെ വിമാന യാത്ര മുതല്‍ 2,500 രൂപയുടേയും പത്താമത്തെ വിമാന യാത്രയ്ക്ക് ശേഷം 5,000 രൂപയുടേയും വിമാനയാത്രാ വൗച്ചറുകളും ലഭിക്കും.

◾  എഐ അധിഷ്ഠിത ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക 'എഐ സ്റ്റോര്‍' ആരംഭിച്ച് ആമസോണ്‍ ഇന്ത്യ. മുന്‍വര്‍ഷത്തേക്കാള്‍ എഐ ഉപകരണങ്ങള്‍ക്കായുള്ള അന്വേഷണങ്ങളില്‍ 60 ശതമാനം വളര്‍ച്ചയാണ് ആമസോണ്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഷോപ്പിങ് അനുഭവം കൂടുതല്‍ മികച്ചതാക്കാന്‍ റൂഫസ് എന്ന എഐ ഷോപ്പിങ് അസിസ്റ്റന്റ്, ചിത്രങ്ങളിലൂടെ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലെന്‍സ് എഐ, വീടിനുള്ളില്‍ ഉപകരണങ്ങള്‍ എങ്ങനെയിരിക്കുമെന്ന് കാണിച്ചുതരുന്ന 'വ്യൂ ഇന്‍ യുവര്‍ റൂം', ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുന്ന എഐ റിവ്യൂ സമ്മറികള്‍ എന്നീ നൂതന സംവിധാനങ്ങളും ആമസോണ്‍ ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ആമസോണ്‍ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴി 5% ക്യാഷ്ബാക്ക് അടക്കമുള്ള മികച്ച ഓഫറുകളും ലഭ്യമാണ്.

◾  ഇന്ത്യ നെറ്റ് കളക്ഷനില്‍ ഏറ്റവും മുന്നിലുള്ള മലയാള ചിത്രങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി  'വാഴ 2'. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയ നെറ്റ് കളക്ഷന്‍ 113.97 കോടി രൂപയാണ്. ഗ്രോസ് ആവട്ടെ 131.78 കോടിയും. എമ്പുരാനെ മറികടന്നാണ് ചിത്രം നാലാമത് എത്തിയിരിക്കുന്നത്. 106.77 കോടിയാണ് എമ്പുരാന്റെ ലൈഫ് ടൈം ഇന്ത്യ നെറ്റ്. വാഴ 2 ന് ലിസ്റ്റില്‍ ഇനി മറികടക്കാനുള്ളത് മോഹന്‍ലാലിന്റെ തന്നെ തുടരും ആണ്. 122 കോടിയാണ് തുടരും ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍. അതേസമയം ലിസ്റ്റിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ യഥാക്രമം ലോകയും മഞ്ഞുമ്മല്‍ ബോയ്സുമാണ്. ലോകയുടെ ഇന്ത്യ നെറ്റ് കളക്ഷന്‍ 157.01 കോടിയും മഞ്ഞുമ്മല്‍ ബോയ്സിന്റേത് 142.08 കോടിയുമാണ്. വാഴ 2 കേരളത്തില്‍ നിന്ന് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടി ക്ലബ്ബിലും ഇടംപിടിച്ചിട്ടുണ്ട്.

◾  പ്രദീപ് രംഗനാഥന്‍ നായകനായ ചിത്രമാണ് 'ലവ് ഇന്‍ഷുറന്‍സ് കമ്പനി'. ചിത്രത്തിന് 9.93 കോടി രൂപയാണ് ആദ്യ ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍. നിലവില്‍ ആഗോള ബോക്സ് ഓഫീസില്‍ 50 കോടി രൂപയിലധികം ലൈക്ക് നേടിയെന്നാണ് റിപ്പോര്‍ട്ട്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇപ്പോഴിതാ ലവ് ഇന്‍ഷുറന്‍സ് കമ്പനി ഒടിടി റിലീസിന്റെ റിപ്പോര്‍ട്ടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക. സ്ട്രീമിംഗ് മെയ് 15 മുതലായിരിക്കും. എസ്.ജെ. സൂര്യ, മിഷ്‌കിന്‍, സുനില്‍ റെഡ്ഡി,സീമന്‍, യോഗി ബാബു, ഗൗരി കിഷന്‍ എന്നിവരാണ് ലവ് ഇന്‍ഷുറന്‍സ് കമ്പനിയിലെ മറ്റ് പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

◾  ഇന്ത്യയിലെ ബൈക്ക് പ്രേമികള്‍ക്കായി യെസ്ഡി പുതിയതും ശക്തവുമായ ഒരു മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. പുതിയ 2026 യെസ്ഡി സ്‌ക്രാംബ്ലര്‍ ആണ് യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 1.99 ലക്ഷം പ്രാരംഭ എക്സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയ ഈ മോട്ടോര്‍സൈക്കിള്‍, നഗരത്തില്‍ സുഖകരമായ യാത്ര ആഗ്രഹിക്കുന്നവര്‍ക്കും നേരിയ ഓഫ്-റോഡിംഗ് ആസ്വദിക്കുന്നവര്‍ക്കും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കമ്പനിയുടെ ചരിത്ര പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന 69 എന്ന നമ്പര്‍ കൊത്തിവച്ചിരിക്കുന്ന വേറിട്ട ഇന്ധന ടാങ്ക് ഡിസൈന്‍ ബൈക്കിലുണ്ട്. യെസ്ഡി സ്‌ക്രാംബ്ലറില്‍ മുന്നില്‍ ടെലിസ്‌കോപ്പിക് സസ്പെന്‍ഷനും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമുണ്ട്. 1,403 എംഎം ആണ് വീല്‍ബേസ്. ഇത് സ്ഥിരത നല്‍കുന്നു. സീറ്റ് ഉയരം 813 എംഎം ആണ്, ബൈക്കിന്റെ ഭാരം 174 കിലോഗ്രാം ആണ്, ഇത് മിക്ക റൈഡര്‍മാര്‍ക്കും സുഖകരമാണ്. 12.5 ലിറ്റര്‍ ഇന്ധന ടാങ്ക് ദീര്‍ഘദൂര യാത്രകള്‍ക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ്.

◾  കാന്തളൂര്‍ശാലയുടെ ചരിത്രം പറയുന്ന നോവലാണ് കലമറുപ്പ്. റിഹാന്‍ റാഷിദിന്റെ പരീക്ഷണാത്മക നോവലായ കലമറുപ്പിനെ ഒരു ചരിത്രനോവല്‍ എന്ന് വിശേഷിപ്പിക്കാം. ടൈംട്രാവല്‍ വിഭാഗത്തില്‍ വരുന്ന കലമറുപ്പില്‍ ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും പശ്ചാത്തലം ഒരു നൂലില്‍ മുത്തെന്നപോലെ എഴുത്തുകാരന്‍ ഭംഗിയിലും അതീവ സൂക്ഷ്മതയിലും കൊരുത്തെടുക്കുന്നു. ആയ്-ചോള രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളെല്ലാം വാക്കുകള്‍കൊണ്ട് വായനക്കാര്‍ക്ക് ദൃശ്യമാകുംവിധം വരച്ചുചേര്‍ക്കുന്നു. 'കലമറുപ്പ്'. റിഹാന്‍ റാഷിദ്. ഡിസി ബുക്സ്. വില 306 രൂപ.

◾  നുണ പറയുമ്പോള്‍ ചില ശരീരഭാഗങ്ങള്‍ ചൂടാകുമെന്ന് പുതിയ പഠനം. ഇത് ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കാരണം നുണ പറച്ചിലിനെ ശരീരം ഒരു സ്ട്രെസ് സിറ്റുവേഷനായി കണക്കാക്കുന്നു. കള്ളം പറയുമ്പോള്‍ മൂക്കിന്റെ ഭാഗങ്ങളില്‍ നേരിയ ചൂടും ചൊറിച്ചിലും അനുഭവപ്പെടാം. നുണ പറയുമ്പോള്‍ സ്വാഭാവികമായും ഉത്കണ്ഠ ഉണ്ടാകും. ഉത്കണ്ഠ മൂലമുണ്ടാകുന്ന പിരിമുറുക്കം കഴുത്തിലേക്കും നെഞ്ചിലേക്കും രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഈ ഭാഗങ്ങളില്‍ ചൂട് തോന്നാം. നുണ പറയുന്നതു മൂലം ശരീരത്തിലെ ഓട്ടോണമിക് നാഡീവ്യൂഹം കൈപ്പത്തികള്‍ കൂടുതല്‍ വിയര്‍ക്കാനിടയാക്കുന്നു. കൈപ്പത്തിയിലെ വിയര്‍പ്പിനൊപ്പം കൈകളില്‍ ചൂടും അനുഭവപ്പെടാറുണ്ട്. നുണ പറയുമ്പോള്‍ വയറിനുള്ളിലൊരു അസ്വസ്ഥത അനുഭവപ്പെടാം. ദഹനനാളത്തില്‍ നിന്ന് രക്തത്തെ വഴിതിരിച്ച് വിടുകയും ശരീരത്തിന്റെ സമ്മര്‍ദ പ്രതികരണം മൂലം സംവേദനം വികസിക്കാന്‍ ഇടയുണ്ട്. ഇത് വയറ്റില്‍ ചൂട് അല്ലെങ്കില്‍ അസുഖകരമായ ഒരു തോന്നല്‍ അനുഭവപ്പെടുന്നതായി തോന്നാം. കള്ളം പറയുന്നത് വലിയൊരു മാനസിക അധ്വാനമാണ്. ഈ മാനസിക അധ്വാനത്തിന്റെ അളവ് ശരീര താപനിലയില്‍ മൊത്തത്തിലുള്ള വര്‍ധനവിന് കാരണമായേക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
അടച്ചുപൂട്ടിയ മുറിക്കുളളില്‍ കുറെ കുരങ്ങന്മാരുണ്ടായിരുന്നു.  മുറിയുടെ മുകളില്‍ ഒരു കുല പഴവും കെട്ടിത്തൂക്കിയിരുന്നു.  അതിനടുത്തുവച്ചിരിക്കുന്ന ഗോവണിയിലൂടെ മുകളിലേക്ക് കയറി പഴം എടുക്കാന്‍ ശ്രമിച്ചവരുടെയൊക്കെ മേലെ ചൂടുവെള്ളം വീണു.  പിന്നെ പേടിച്ചാരും പഴമെടുക്കാന്‍ ശ്രമിക്കാതായി. അങ്ങനെ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ പഴയ കുറച്ച് കുരങ്ങന്മാരെ മാറ്റി പുതിയ കുറച്ച് കുരങ്ങന്മാരെ മുറിക്കുള്ളിലേക്ക് ഇട്ടു.  അതിലൊരാള്‍ പഴമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പഴയ ഗ്രൂപ്പിലുളളവര്‍ അവനെ ബലമായി പിടിച്ചുവെച്ചു.  ഈ പഴമെടുത്താല്‍ നമ്മളെല്ലാം ശിക്ഷിക്കപ്പെടും,.  അവര്‍ അവനെ ഉപദേശിച്ചു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞു.  പഴയവരെയെല്ലാം മാറ്റി.  പുതിയവര്‍ വന്നു.  പണ്ട് ചൂടുവെള്ളം വീണ കുരങ്ങന്മാര്‍ ആരും പുതിയ ബാച്ചില്‍ ഉണ്ടായിരുന്നില്ല.   എങ്കിലും ഒരു കുരങ്ങും മുകളില്‍ കയറി പഴമെടുക്കാന്‍ ധൈര്യപ്പെട്ടില്ല.   അകാരണമായ ഭയമാണ് അര്‍ഹതയുളളവയെപ്പോലും നമ്മില്‍ നിന്നും അകറ്റുന്നത്.   ഒരാളെ നിര്‍ജ്ജീവമാക്കാനുളള എളുപ്പവഴി അയാളെ ഭയപ്പെടുത്തുക എന്നതാണ്.   ഭയക്കാന്‍ ശീലിച്ചാല്‍ പിന്നെ സ്വയം പ്രതിരോധശക്തിപോലും നഷ്ടപ്പെടും.  ഭയം തെറ്റല്ല, ഭയക്കേണ്ടാത്തവയെ ഭയക്കുകയും, ഭയക്കേണ്ടവയെ ഭയക്കാതിരിക്കലുമാണ് തെറ്റ്.  - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍