കാസര്‍കോട് ശൈശവ വിവാഹം; പിതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: കാസര്‍കോട് എടച്ചാക്കൈ അഴീക്കല്‍ ജുമാമസ്ജിദില്‍ ശൈശവ വിവാഹം നടത്തിയെന്ന് പരാതി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു. ജുമാമസ്ജിദില്‍ ഏപ്രില്‍ 13നാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ട്.
എടച്ചാക്കൈ ബദര്‍ നഗറിലെ ഷാബിര്‍ ഷെയ്ഖ് എന്ന 28കാരന്‍, പെണ്‍കുട്ടിയുടെ പിതാവ്, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും എടച്ചാക്കൈ അഴീക്കാല്‍ ജുമാമസ്ജിദ് സെക്രട്ടറിയുമായ പി കെ താജുദ്ദീന്‍, ജുമാമസ്ജിദ് ഉസ്താദ് റഹ്‌മത്തുള്ള എന്നിവരുടെ പേരില്‍ ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശ പ്രകാരം ചന്തേര പൊലീസാണ് കേസെടുത്തത്.
പ്രവാസിയായ 28കാരന്‍ 16കാരിയെ വിവാഹം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തില്‍ അന്വേഷണം നടത്തിയതിന്റെ വിശദമായ റിപ്പോര്‍ട്ട് ശൈശവ വിവാഹ നിരോധന ഓഫീസര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്. മറ്റൊരു റിപ്പോര്‍ട്ട് ജില്ലാ ചൈല്‍ഡ് ലൈനും കൈമാറി. ശൈശവ വിവാഹം നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുണ്ട്. ശൈശവ വിവാഹത്തിന് പള്ളിക്കമ്മിറ്റി സെക്രട്ടറി ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് കാസര്‍കോട് ചൈല്‍ഡ് ലൈനില്‍ നാട്ടുകാര്‍ പരാതി നല്‍കിയതെന്നാണ് വിവരം. തുടര്‍ന്നാണ് അന്വേഷണം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍