സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂൾ തുറക്കും.

തിരുവനന്തപുരം : വേനലവധിക്കു ശേഷം സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും. വിപുലമായ പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കും. ഒന്നാം ക്ലാസ്സ് അഡ്മിഷൻ മെയ് 22 മുതൽ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒന്നു മുതൽ എട്ട് വരെ യൂണിഫാം, പാഠപുസ്തകം എന്നിവ സൗജന്യമാണ്. ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാൻ പാടില്ല. രണ്ടായിരത്തി ഒമ്പതിലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 13 പ്രകാരം അൺ എയിഡഡ് സ്കൂളിനും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് മന്ത്രി അറിയിച്ചു.

പത്തുവർഷമായി തുടരുന്ന പതിവ്‌ തെറ്റിക്കാതെ സ്‌കൂളുകൾ തുറക്കും മുമ്പ്‌ പാഠപുസ്‌തകങ്ങൾ കുട്ടികളുടെ കൈകളിലെത്തും. സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള അടുത്ത അധ്യയന വർഷത്തെ പുസ്തകങ്ങൾ ഫെബ്രുവരി ആദ്യം ജില്ലാ ഹബ്ബുകളിൽ എത്തിത്തുടങ്ങി. പുതിയ അധ്യയന വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ രണ്ട് വാല്യങ്ങളിലായി 27 ലക്ഷത്തോളം പുസ്തകങ്ങൾ ആവശ്യമായി വരുമെന്നാണ് കരുതുന്നത്‌. അച്ചടി പൂർത്തിയാകുന്നതനുസരിച്ച്‌ മുഴുവൻ പുസ്‌തകങ്ങളുമെത്തും. പത്ത് ലക്ഷത്തോളം പുസ്തകങ്ങളിലേക്ക് എത്തുന്ന ഘട്ടത്തിൽ സൊസൈറ്റികളിലേക്കുള്ള വിതരണം ആരംഭിക്കും.

പത്താം ക്ലാസ് പാഠ്യപദ്ധതിയിൽ റോബോട്ടിക്സ് പഠനം ഉൾപ്പെടുത്തിയതിനാൽ കൈറ്റ്സ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വഴി ഹൈസ്കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണംചെയ്യും. കൈറ്റ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ മുൻ വർഷങ്ങളിൽ റോബോട്ടിക് കിറ്റുകൾ നൽകിയിരുന്നു. കൂടുതൽ മെച്ചപ്പെടുത്തിയ അഡ്വാൻസ്ഡ് കിറ്റാണ് ഇത്തവണ നൽകുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്ക്സ് (ഐഒടി) ആണ് ഉപകരണ നിർമാണത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുക.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍