'ലീഗ് ഭവനപദ്ധതി കയറിത്താമസത്തിന് പ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പ്രവേശനമില്ല'

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നല്‍കിയ വീടുകളില്‍ ഉടമസ്ഥര്‍ കയറിത്താമസിക്കുന്ന ഏപ്രില്‍ 25 മുതല്‍ 30 വരെയുള്ള തിയ്യതികളില്‍ ഗുണഭോക്താക്കളുടെ സ്വകാര്യത മാനിച്ച് തൃക്കൈപ്പറ്റയിലെ പദ്ധതിപ്രദേശത്തേക്ക് പൊതുജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് പുനരധിവാസ പദ്ധതിക്കായി രൂപീകരിച്ച ഉപസമിതി അംഗവും മുസ്‌ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ടി മുഹമ്മദ് അറിയിച്ചു.

വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍, പൊതുതെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാല്‍ കേറിത്താമസിക്കാന്‍ ഈ സമയമാണ് അതിജീവിതര്‍ തെരഞ്ഞെടുത്തത്. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങിന്റെ സ്വകാര്യത പ്രധാനപ്പെട്ടത്. കേറിത്താമസിക്കല്‍ ചടങ്ങുകള്‍ നടക്കുന്ന സമയം അനിയന്ത്രിതമായുണ്ടായേക്കാവുന്ന ജനത്തിരക്ക് പരിപാടിയുടെ മാറ്റിനെ ദോഷകരമായി ബാധിക്കും. അതിനാല്‍ പ്രവര്‍ത്തകരും പൊതുജനങ്ങളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നല്‍കിയ വീടുകളിലെ കയറിത്താമസം ഏപ്രില്‍ 27ന് നടക്കും. ഫെബ്രുവരി 28ന് ആദ്യ ഘട്ടമായി നല്‍കിയ 51 വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നെങ്കിലും താമസം ആരംഭിച്ചിരുന്നില്ല. വിപുലമായ ചടങ്ങുകളോടെ 51 കുടുംബങ്ങളും ഒരുമിച്ച് വീടുകളില്‍ കയറിത്താമസിക്കാനാണ് തീരുമാനം.

മേപ്പാടി പഞ്ചായത്തിലെ മുട്ടില്‍-മേപ്പാടി സംസ്ഥാനപാതയോട് ചേര്‍ന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് പദ്ധതി പ്രദേശം. മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര വീടുകളാണ് നല്‍കിയത്. വീടുകള്‍ക്കൊപ്പം ഫര്‍ണീച്ചറും നല്‍കിയിരുന്നു.

കമ്യൂണിറ്റി ഹാള്‍,പാര്‍ക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. രണ്ടാം ഘട്ട വീടുകളുടെ പണി ആരംഭിച്ചിട്ട് ദിവസങ്ങളായി. 54 വീടുകളാണ് ഈ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. അമ്പത്തിയൊന്ന് വീടുകളുടെയും താക്കോല്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഫെബ്രുവരി 28ന് കൈമാറിയത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍