പടക്കനിര്‍മ്മാണ കേന്ദ്രത്തിലെ സ്‌ഫോടനം; കേസെടുത്തു

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരില്‍ വാടകവീട്ടില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മ്മാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ കേസെടുത്തു. വീട് വാടകയ്‌ക്കെടുത്ത വിഷ്ണുവിനെതിരെയാണ് മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കുന്ദമംഗലം പൊലീസ് കേസെടുത്തത്. വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അപകടസമയത്ത് അഞ്ചുപേരാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്നും പടക്കനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിക്കാന്‍ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നുവെന്നും ചോദ്യം ചെയ്യലില്‍ വിഷ്ണു പൊലീസിനോട് പറഞ്ഞു. വിഷ്ണുവും ഭാര്യ സിമിയുമാണ് വീട് വാടകയ്ക്ക് എടുത്തത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന സിമി ഒന്നരമാസം ഗര്‍ഭിണിയാണ്.

അനുമതിയില്ലാതെയാണ് പടക്കനിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു. വീടിനുള്ളില്‍ വെടിമരുന്ന് ശേഖരവും കണ്ടെത്തിയിരുന്നു. പടക്കനിര്‍മ്മാണത്തിന് അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു നിര്‍മ്മാണം നടന്നിരുന്നത്.

ഈസ്റ്റര്‍, വിഷു വിപണി മുന്നില്‍ക്കണ്ടായിരുന്നു പടക്കനിര്‍മ്മാണം. പടക്കങ്ങളും വെടിമരുന്നും വീടിന്റെ മുന്‍വശത്താണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ പടക്കനിര്‍മ്മാണത്തിനിടെ വീടിന്റെ പുറകുവശത്തായിരുന്നു സ്‌ഫോടനം നടന്നത്. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനമുണ്ടായത്.

രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരന്‍ രാഹുല്‍ (27) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍