പ്രഭാത വാർത്തകൾ

2026  മേയ് 4, തിങ്കള്‍
1201  മേടം 21, അനിഴം
1447  ദുൽഖഅ്ദ 16

◾ വിജയപ്രതീക്ഷയില്‍ യുഡിഎഫ്, തുടര്‍ഭരണമെന്ന് എല്‍ഡിഎഫ്, മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി. ജനവിധിക്കിനി കാത്തിരിക്കേണ്ട. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ എട്ടു മുതല്‍. പോസ്റ്റല്‍ ബാലറ്റ് വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടരയ്ക്ക് ശേഷം വോട്ടുയന്ത്രങ്ങളിലെ വോട്ട് എണ്ണിത്തുടങ്ങും. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. വൈകുന്നേരം അഞ്ചോടെ മാത്രമേ ഫലം പ്രഖ്യാപിക്കൂവെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. 15,465 ഉദ്യോഗസ്ഥരാണു വോട്ടെണ്ണുക. സുരക്ഷക്ക് 32,301 പൊലീസ് ഉദ്യോഗസ്ഥരുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. കേരളത്തില്‍ 79.70 ശതമാനമാണു പോളിംഗ്. 20,028 സര്‍വീസ് വോട്ടുകള്‍ ലഭിച്ചു.

◾ വിജയപ്രതീക്ഷയില്‍ യുഡിഎഫ്. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് പന്തലൊരുക്കിയും ലഡുവിനും പാല്‍പ്പായസത്തിനും ഓര്‍ഡര്‍ നല്‍കിയും കോണ്‍ഗ്രസ് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. എക്സിറ്റ് പോള്‍ ഫലങ്ങളും താഴെത്തട്ടിലെ റിപ്പോര്‍ട്ടുകളും അനുകൂലമായതിനാല്‍, ഭരണം പിടിക്കുമെന്ന ഉച്ചറ വിശ്വാസത്തിലാണ് യുഡിഎഫ്.

◾ ഇടതുമുന്നണി തുടര്‍ഭരണം നേടുമെന്നും തങ്ങള്‍ക്കൊരാശങ്കയുമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് മൂന്നാം തവണയും തുടര്‍ ഭരണം നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഭരണ വിരുദ്ധവികാരമില്ലെന്നും മുഖ്യമന്ത്രിയാകാന്‍ പിണറായി വിജയനാണ് യോഗ്യനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അപ്രതീക്ഷിത സീറ്റുകളില്‍ അട്ടിമറി വിജയം നേടുമെന്നും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പാണെന്നും, ഇടതു-വലതു മുന്നണികളില്‍ മടുത്ത ജനം മാറ്റത്തിനായി ബിജെപിക്ക് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾  യുഡിഎഫിന് ഫലം അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡിന്റെ നിരീക്ഷകര്‍ ഇന്നുതന്നെ കേരളത്തിലെത്തും. കോണ്‍ഗ്രസിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്റാണ് എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

◾  വിവിധ ജില്ലകളില്‍ ഇന്നു പടക്കം വില്‍പനയും പടക്കം പൊട്ടിക്കലും നിരോധിച്ചുകൊണ്ട് കളക്ടര്‍മാര്‍ ഉത്തരവു പുറപ്പെടുവിച്ചു. വിജയാഹ്ലാദ പ്രകടനങ്ങള്‍ അക്രമാസക്തമാകാതിരിക്കാനാണ് കരുതല്‍ നടപടി.

◾  വാണിജ്യാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വില വര്‍ധിപ്പിച്ചതു ഹോട്ടല്‍ വ്യവസായത്തെ തകര്‍ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിലവര്‍ദ്ധനയുടെ ഭാരം സാധാരണ ജനങ്ങളുടെ തലയില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിപ്പിച്ച വില പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

◾  എന്‍ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിനെതിരെ സംസാരിച്ചതിനാണ് എട്ടാം തവണത്തെ സസ്പെന്‍ഷന്‍. ഒന്നര വര്‍ഷമായി പ്രശാന്ത് വിവിധ ചട്ടലംഘനങ്ങള്‍ക്ക് സസ്പെന്‍ഷനിലാണ്.

◾  കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതനമാണു  സംഭവിക്കുകയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കേരളത്തില്‍ 1977 ആവര്‍ത്തിക്കും. 111 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും. ബിജെപി ഒരു സീറ്റിനപ്പുറം പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

◾  നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കണമെന്നാണ് ആഗ്രഹവും പ്രതീക്ഷയുമെന്ന് വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫ് ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദേഹം പറഞ്ഞു.

◾  കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. അറുപതും എഴുപതും വയസ്സുള്ള രണ്ടു സ്ത്രീകള്‍ക്കാണ് രോഗം. ഒരാള്‍ സുഖം പ്രാപിച്ച് വീട്ടില്‍ വിശ്രമിക്കുകയാണ്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

◾  ഇറാനില്‍ കപ്പലില്‍ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിന്‍ നാട്ടില്‍ തിരിച്ചെത്തി. ഇറാനിയന്‍ കപ്പലില്‍ എഞ്ചിന്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിന്‍. ജെറിന്‍ ഉള്‍പ്പെടെ 12 മലയാളികള്‍ കപ്പലില്‍ കുടുങ്ങിയിരുന്നു. ഇന്ത്യന്‍ എംബസിയും കെ സി വേണുഗോപാലുമാണ് സഹായിച്ചതെന്ന് ജെറിന്‍ പറഞ്ഞു.

◾  കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ രണ്ടു മരണം. മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്.

◾  മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുന്ന സ്ഥലങ്ങളില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന് ഇന്റലിജന്‍സ്. വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് മേധാവി ഡിഐജിമാര്‍ക്കും എസ് പിമാര്‍ക്കും റിപ്പോര്‍ട്ട് നല്‍കി.

◾  റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ റീഡറുകള്‍ക്ക് എളുപ്പത്തില്‍ സ്‌കാന്‍ ചെയ്യാവുന്ന വിധത്തില്‍ വാഹനത്തിന്റെ വിന്‍ഡ്ഷീല്‍ഡില്‍ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി. ചില ഉപയോക്താക്കള്‍ ഫാസ്റ്റാഗ് കൈയില്‍ പിടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

◾  നിരവധി കേസുകളില്‍ പ്രതിയായ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കി (29) അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകൃത്യം ആസൂത്രണം ചെയ്യാന്‍ സംഘടിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ക്വട്ടേഷന്‍ ആസൂത്രണം ചെയ്യാനാണ് പ്രതികള്‍ ഒത്തുകൂടിയതെന്ന് പൊലീസ് പറയുന്നു.

◾  കേരളത്തില്‍ അടുത്ത നാലു ദിവസം വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.

◾  കോഴിക്കോട്ട് റോഡ് കൈയ്യേറിയും യാത്രക്ക് തടസ്സമുണ്ടാക്കിയും കച്ചവടം ചെയ്ത സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി അധികൃതര്‍. കോഴിക്കോട് കോര്‍പറേഷനും ട്രാഫിക് പൊലീസും സംയുക്തമായാണ് കഴിഞ്ഞ ദിവസം നടപടിയുമായി രംഗത്തിറങ്ങിയത്.

◾  വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് ആണ്‍സുഹൃത്തിനൊപ്പം കടന്നുകളഞ്ഞ കമിതാക്കള്‍ പിടിയില്‍. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ മണപ്പാടം സ്വദേശി ശ്രുതി (26), ആണ്‍ സുഹൃത്ത് കിഴക്കഞ്ചേരി ലിന്റോ കുര്യാക്കോസ് (28) എന്നിവരാണ് കന്യാകുമാരിയില്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.

◾  തിരുവനന്തപുരം വെള്ളായണി ശിവോദയം റോഡിന് സമീപം മാംഗ്ലിക്കരിയിലെ വിശാലമായ പാടശേഖരത്തില്‍ തീപിടിത്തം. വിവിധ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 150 ഏക്കര്‍ പാടശേഖരത്തിലെ അടിക്കാടിനാണ് തീപിടിച്ചത്.

◾  കോഴിക്കോട് വെള്ളയില്‍ ജോസഫ് റോഡില്‍ സ്വകാര്യ പ്രസിന് തീപിടിച്ച് വന്‍ നാശനഷ്ടം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ' റെഡ് സ്റ്റാര്‍' പ്രസിനാണ് തീപ്പിടിച്ചത്.

◾  കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരാനിരിക്കെ യുഎസില്‍ വാതുവയ്പു മാര്‍ക്കറ്റുകള്‍ സജീവമായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് മാര്‍ക്കറ്റില്‍ 26 ദശലക്ഷം ഡോളറിന്റെ വാതുവയ്പ് ഇതിനോടകം നടന്നെന്നാണ് വിവരം.

◾  കിഴക്കന്‍ ഡല്‍ഹിയിലെ വിവേക് വിഹാറില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. കെട്ടിടത്തിന്റെ ബാല്‍ക്കണി ഗ്രില്ലുവച്ച് അടച്ചിരുന്നതും സ്റ്റെയര്‍കേസില്‍ പുക നിറഞ്ഞതുംമൂലം രക്ഷപ്പെടാന്‍ തടസ്സമായി. ഒന്നര മണിക്കൂറോളം കെട്ടിടത്തില്‍ കുടുങ്ങിയ താമസക്കാരെ ഫയര്‍ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

◾  പഞ്ചാബ് പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സന്ദീപ് പഥക്. അധികാരം ദുരുപയോഗം ചെയ്ത് കേസെടുത്തിട്ടുണ്ടെങ്കില്‍ അത്ഭുതമില്ലെന്നും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സന്ദീപ് പഥക്കിന്റെ ഡല്‍ഹിയിലെ വസതിക്കുമുന്നില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചും ബാരിക്കേഡുകള്‍ സ്ഥാപിച്ചും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

◾  രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള മൂന്ന് എം പിമാരുടെ സംഘം നാളെ രാവിലെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. പഞ്ചാബിലെ ആംആദ്മി സര്‍ക്കാര്‍ ഭരണസംവിധാനങ്ങളെ ദുരുപയോഗിക്കുന്നെന്നും  രാഷ്ട്രീയ പകപോക്കലിനായി കള്ളക്കേസുകളെടുത്ത് വേട്ടയാടുന്നുവെന്നും പരാതിപ്പെടാനാണ് സന്ദര്‍ശനം.

◾  ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗികാതിക്രമ കേസില്‍ വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ ആറു വനിതാ താരങ്ങളില്‍ ഒരാള്‍ താനാണെന്ന് വിനേഷ് ആദ്യമായി പരസ്യമായി വെളിപ്പെടുത്തി.

◾  ചെന്നൈ വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിനു പിറകേ എമര്‍ജന്‍സി എക്സിറ്റ് തുറന്ന് യാത്രക്കാരന്‍ പുറത്തേക്കു ചാടി. ഇതുമൂലം വിമാനത്താവളത്തിന്റെ പ്രധാന റണ്‍വേ താല്‍ക്കാലികമായി അടച്ചതിനാല്‍ ഒന്നിലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പുതുക്കോട്ട സ്വദേശിയായ 34 കാരനാണ് വിമാനത്തില്‍നിന്ന് ചാടിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യംചെയ്തു.

◾  റീല്‍സ് ചിത്രീകരിക്കാന്‍ കൂറ്റന്‍ വാട്ടര്‍ടാങ്കിനു മുകളില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ 16 മണിക്കൂറിനുശേഷം ഇന്ത്യന്‍ വ്യോമസേന ഹെലികോപ്റ്റര്‍ എത്തിച്ചു രക്ഷിച്ചു. ഉത്തര്‍ പ്രദശിലെ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലുള്ള ഗോരഖ്പുരിലാണ് സംഭവം. ഒരു രാത്രി മുഴുവന്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ കുട്ടികളെ ഞായറാഴ്ച പുലര്‍ച്ചെയാണു രക്ഷപ്പെടുത്തിയത്.

◾  2,672 കോടി രൂപയുടെ തട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളില്‍പ്പെട്ട് രാജ്യം വിട്ട രണ്ടു കുപ്രസിദ്ധ കുറ്റവാളികളെ യുഎഇ അധികൃതര്‍ ഇന്ത്യക്കു കൈമാറി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ശ്രീഗണേഷ് ജ്വല്ലറി ഹൗസിന്റെ പ്രമോട്ടര്‍ കമലേഷ് പരേഖ്, പാസ്‌പോര്‍ട്ട് തട്ടിപ്പ് സംഘത്തലവന്‍ ആലോക് കുമാര്‍ എന്നിവരെയാണ് സിബിഐയുടെയും ഹരിയാന പൊലീസിന്റേയും നേതൃത്വത്തില്‍ ഇന്ത്യയിലെത്തിച്ചത്. കമലേഷ് പരേഖ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 25 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെയാണ് 2,672 കോടി രൂപ കബളിപ്പിച്ചത്.

◾  കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ വിനയ് കുല്‍ക്കര്‍ണിയെ അയോഗ്യനാക്കി. 2016-ല്‍ ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡര്‍ കൊല്ലപ്പെട്ട കേസില്‍ വിനയ് കുല്‍ക്കര്‍ണിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്.

◾  ജബല്‍പുര്‍ ക്രൂയിസ് ബോട്ട് അപകടത്തില്‍ ആകെ മരണസംഖ്യ 13 ആയി. അപകടത്തില്‍ കാണാതായ അവസാനത്തെ രണ്ട് പേരുടെ മൃതദേഹം ലഭിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. വിനോദ സഞ്ചാരികളും ജീവനക്കാരും അടക്കം 41 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

◾  കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ഈ മാസം 20 ന് അനിശ്ചകാല സമരം ആരംഭിക്കും. 25 ശതമാനം വേതനവര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളിയതിനെത്തുടര്‍ന്നാണ് സമരം.

◾  സാംസംഗ് ഇന്ത്യയിലെ മൊബൈല്‍ ബിസിനസ് തലവനായിരുന്ന സീനിയര്‍ വൈസ് പ്രസിഡന്റ് രാജു ആന്റണി രാജിവച്ചു. നാലു വര്‍ഷം ഈ പദവിയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കമ്പനില്‍ 18 വര്‍ഷമുണ്ടായിരുന്നു.

◾  ഇറാന്‍ മുന്നോട്ടുവെച്ച 14 ഇന നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ വീണ്ടും സൈനിക നടപടികള്‍ ആരംഭിക്കുമെന്ന ഭീഷണിയും ആവര്‍ത്തിച്ചു.

◾  തെക്കന്‍ ലെബനനിലെ വിവിധ ഗ്രാമങ്ങളില്‍ ആക്രമണം നടത്തുമെന്നും വീടുകളിലുള്ളവര്‍ ഒഴിഞ്ഞു പോകണമെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പു നല്‍കി. ഭീകര പ്രസ്ഥാനമായ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കെതിരെ സൈനിക നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്.

◾  ജര്‍മന്‍ ബേബി ഫുഡ് ബ്രാന്‍ഡായ'ഹിപ്പ്'കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍ എലിവിഷം  കണ്ടെത്തിയതിനെ തുടര്‍ന്ന് 39 കാരന്‍ ഓസ്ട്രിയയില്‍ പിടിയില്‍. എലിവിഷം കലര്‍ത്തി കമ്പനിയെ ഭീഷണിപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

◾  യമന്റെ തെക്കന്‍ തീരപ്രദേശത്ത് സായുധരായ ഒരു സംഘം എണ്ണക്കപ്പല്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. എം.ടി യുറീക്ക എന്ന കപ്പലാണ് സൊമാലിയയില്‍ നിന്നുള്ള കടല്‍ക്കൊള്ളക്കാര്‍ എന്ന് സംശയിക്കുന്ന സംഘം കൈക്കലാക്കിയത്.  

◾  അമേരിക്കയില്‍നിന്ന് അത്യാധുനിക സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കോടികളുടെ പ്രതിരോധ കരാറിന് ഇസ്രയേല്‍ അംഗീകാരം നല്‍കി. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

◾  ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഹൈദരാബാദിനെ 165 റണ്‍സിന് ഓള്‍ഔട്ടാക്കിയ കൊല്‍ക്കത്ത 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അര്‍ധസെഞ്ചുറി തികച്ച ആംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

◾  ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 4 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.

◾  ഐ.പി.എല്‍. ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി വ്യവസായി ലക്ഷ്മി എന്‍. മിത്തലും മകന്‍ ആദിത്യ മിത്തലും അദാര്‍ പൂനാവാലയും. ഏകദേശം 15,600 കോടി രൂപയ്ക്കാണ് ടീമിനെ ഇവര്‍ ഏറ്റെടുത്തത്. പുതിയ കരാര്‍ പ്രകാരം മിത്തല്‍ കുടുംബത്തിന് രാജസ്ഥാന്‍ റോയല്‍സില്‍ ഏകദേശം 75 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. അദാര്‍ പൂനാവാലയ്ക്ക് 18 ശതമാനം ഓഹരികളും ലഭിക്കും.

◾  വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കൂടുതല്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ച് കേന്ദ്രസര്‍ക്കാര്‍. യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ സൂക്ഷിച്ചിരുന്ന 104.23 ടണ്‍ സ്വര്‍ണമാണ് രഹസ്യമായി ഇന്ത്യയിലെത്തിച്ചത്. ഇതോടെ കൈവശമുള്ള സ്വര്‍ണത്തിന്റെ 51 ശതമാനവും ഇന്ത്യയിലെത്തിക്കാനായി. യുക്രെയ്‌നെതിരായ യുദ്ധത്തിനുശേഷം റഷ്യയുടെ വിദേശരാജ്യങ്ങളിലെ ആസ്തികള്‍ വന്‍തോതില്‍ മരവിപ്പിച്ചിരുന്നു. ഇതാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളെ മനംമാറ്റത്തിന് പ്രേരിപ്പിച്ചത്. വിദേശ രാജ്യങ്ങളില്‍ സ്വര്‍ണം സൂക്ഷിക്കാനുള്ള ചെലവ് കൂടുതലാണ്. ഇന്ത്യയിലെത്തിച്ച സ്വര്‍ണം മുംബൈയിലെയും നാഗ്പൂരിലെയും സുരക്ഷയേറിയ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്. 2024 മാര്‍ച്ചിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് 822.1 ടണ്‍ സ്വര്‍ണശേഖരമാണുള്ളത്. ഇതില്‍ 408 ടണ്ണാണ് ഇന്ത്യയിലുള്ളത്. 2023ന് ശേഷം ഇന്ത്യ 280 മെട്രിക് ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ എത്തിച്ചിരുന്നു. ഫ്രാന്‍സ്, ജര്‍മനി, പോളണ്ട്, തുടങ്ങിയ രാജ്യങ്ങളും അടുത്തകാലത്ത് വിദേശത്തുള്ള സ്വര്‍ണം തിരികെ എത്തിച്ചിരുന്നു.

◾  ഫ്ലിപ്കാര്‍ട്ട് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം എഐ ഫീച്ചറുകള്‍, ദീര്‍ഘകാല മൂല്യം എന്നിവ നോക്കിയാണ് ഏകദേശം 89 ശതമാനം ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണ്‍ തിരഞ്ഞെടുക്കുന്നത്. കണ്ടന്റ് ക്രിയേഷന്‍, തിരച്ചില്‍, ദൈനംദിന സഹായം എന്നിവയ്ക്കായി എഐ വ്യാപകമായി ഉപയോഗിക്കുന്നു. യുവ ഉപയോക്താക്കള്‍ വിനോദ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍, മറ്റുള്ളവര്‍ ഉല്‍പ്പാദനക്ഷമതയ്ക്കും പദ്ധതി രൂപീകരണത്തിനുമായി എഐ ഉപയോഗിക്കുന്നു. സംഭാഷണാത്മക ഇന്റര്‍ഫേസുകള്‍, ടെക്സ്റ്റ്, വോയിസ്, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയുടെ പിന്തുണ കൂടാതെ ഉപകരണത്തിനുള്ളില്‍ തന്നെ മെച്ചപ്പെട്ട പ്രോസസിംഗ് ശേഷിയാണ് പുതിയ പ്രവണത. പെര്‍ഫോമന്‍സ്, ക്യാമറ ഗുണമേന്മ, ബാറ്ററി ആയുസ്സ് എന്നിവ ഇപ്പോള്‍ അടിസ്ഥാന പ്രതീക്ഷകള്‍ മാത്രം. ഏകദേശം 45 ശതമാനം പേര്‍ മികച്ച പ്രകടനത്തിനായി കൂടുതല്‍ വില നല്‍കാന്‍ തയ്യാറാണ്. 57 ശതമാനം പേര്‍ ക്യാമറക്ക് മുന്‍ഗണന നല്‍കുന്നു.

◾  പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഖലീഫ' ഓണം റിലീസായി ഓഗസ്റ്റ് 20ന് എത്തും. മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹന്‍ലാല്‍ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയില്‍ ഉണ്ടാകും. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ കൊച്ചു മകനായ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന മാമ്പറയ്ക്കല്‍ ആമിര്‍ അലി. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീല്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.

◾  'പ്രേമലു'വിനു ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റ്' ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയും മമിത ബൈജുവുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചാലക്കുടി , പൊള്ളാച്ചി , ഗോവ , ഹൈദ്രബാദ് , കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. 2026 ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

◾  ചൈനയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ ബെസ്റ്റ്യൂണ്‍ മൈക്രോ-ഇലക്ട്രിക് കാറായ ഷാവോമ പുറത്തിറക്കി. ഈ കാറിന്റെ ഏറ്റവും വലിയ ശക്തി അതിന്റെ റേഞ്ചാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന്റെ സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് ഏകദേശം 800 കിലോമീറ്ററാണ്. എങ്കിലും റേഞ്ച് എക്സ്റ്റെന്‍ഡര്‍ സിസ്റ്റം ഉപയോഗിച്ച്, ഒറ്റ ഫുള്‍ ചാര്‍ജില്‍ 1200 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. അതായത്, ഒറ്റ ചാര്‍ജില്‍ ആഴ്ചകളോളം നഗരത്തിനുള്ളില്‍ സഞ്ചരിക്കാം. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത്രയും ദീര്‍ഘദൂര റേഞ്ച് നിലവില്‍ മറ്റൊരു കാറും വാഗ്ദാനം ചെയ്യുന്നില്ല. ചൈനയില്‍ ഇതിന്റെ പ്രാരംഭ വില വെറും 30,000 യുവാന്‍ (ഏകദേശം 3.47 ലക്ഷം രൂപ) ആണ്. അതേസമയം ഏറ്റവും പ്രീമിയം മോഡലിന് 50,000 യുവാന്‍ (ഏകദേശം 5.78 ലക്ഷം രൂപ) വിലയ്ക്ക് ലഭ്യമാണ്. ഈ മൈക്രോ ഇവിക്ക് കരുത്ത് പകരുന്നത് 20 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ്, ഇത് പിന്‍ ചക്രങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നു. ബാറ്ററിയില്‍ എല്‍എഫ്പി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

◾  നാടോടിക്കഥകള്‍, റഷ്യന്‍ കഥകള്‍ വിപരീതകഥകള്‍, ബുദ്ധകഥകള്‍, ഗുണപാഠകഥകള്‍, തിരക്കഥകള്‍. പഴങ്കഥകള്‍ പുതുകഥകള്‍, കവിതക്കഥകള്‍... അതിശയകരമായ ആഖ്യാനവൈവിധ്യങ്ങള്‍ കൊണ്ടു സമ്പന്നമാണ് 51 ചെറു കഥകളുടെ ഈ ഉജ്ജ്വലസമാഹാരം. സൂക്ഷ്മരാഷ്ട്രീയത്തിന്റെയും അനുഭവ തീവ്രതയുടെയും കുറുകിയ ആഖ്യാനങ്ങള്‍, ഇതുവരെ നാം വായിച്ചിട്ടുള്ള കഥാസമാഹാരങ്ങളില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ചേതോഹരമായ ഭാഷാനുഭവങ്ങളുടെ വര്‍ണശബളമായോരു കഥകൂടി. 'മഹായാത്രികന്റെ വ്ളോഗുകള്‍'. ബിജു സി പി. ജിവി ബുക്സ്. വില 190 രൂപ.

◾  അതികഠിനമായ വെയിലില്‍ നിന്ന് പെട്ടെന്ന് എയര്‍ കണ്ടീഷന്‍ ചെയ്ത മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനം തകിടം മറിക്കാം. വിയര്‍പ്പ്, രക്തക്കുഴലുകളുടെ വികാസം തുടങ്ങിയ പ്രക്രിയകളിലൂടെ മനുഷ്യശരീരം സ്ഥിരമായി ആന്തരിക താപനില നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. വളരെ തണുത്ത വായുവിലേക്ക് പെട്ടെന്ന് എത്തുന്നത് ഈ സംവിധാനങ്ങളെ തകരാറിലാക്കാന്‍ സാധ്യതയുണ്ട്. ഇത് തലവേദന, തൊണ്ടയിലെ അസ്വസ്ഥത, മൂക്കടപ്പ്, ചില വ്യക്തികളില്‍ ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. എസിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മറ്റൊരിടത്ത് കുറച്ച് നേരം വിശ്രമിക്കുക. എസിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുക. ശരീരത്തിന് നേരെ നേരിട്ടുള്ള എയര്‍ ഫ്‌ലോ ഒഴിവാക്കുക. ദിവസവും നന്നായി ഹൈഡ്രേറ്റ് ചെയ്യുക. എസി ഫില്‍ട്ടറുകള്‍ പതിവായി വൃത്തിയാക്കുക. അമിതമായ തണുപ്പ് ഒഴിവാക്കാന്‍ രാത്രിയില്‍ സ്ലീപ്പ് മോഡ് ഉപയോഗിക്കുക. പ്രധാനമായി, പനി, ക്ഷീണം, അല്ലെങ്കില്‍ വിട്ടുമാറാത്ത മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍, അവ അണുബാധയുടെ സൂചനയായിരിക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ബേക്കറിയില്‍ റൊട്ടിയുണ്ടാക്കുന്ന ജോലിയായിരുന്നു അയാള്‍ക്ക്.  അദ്ദേഹമുണ്ടാക്കുന്ന റൊട്ടികള്‍ അതീവരുചിയുളളതായിരുന്നു.  ഒരുദിവസം ഉടമ അയാളെ വിളിച്ചു പറഞ്ഞു:  ഞാന്‍ റൊട്ടിയുണ്ടാക്കുന്ന മെഷീന്‍ വാങ്ങി.  നിങ്ങള്‍ ഒരു ദിവസം ഉണ്ടാക്കുന്ന റൊട്ടികളേക്കാള്‍ കൂടുതല്‍ എണ്ണം റൊട്ടികള്‍ എനിക്ക് മെഷീനില്‍ ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും.  അതിനാല്‍ നാളെ മുതല്‍ താങ്കള്‍ വരണമെന്നില്ല.  അയാള്‍ സങ്കടത്തോടെ തന്റെ വീട്ടിലേക്ക് പോയി.  ഒരാഴ്ചകഴിഞ്ഞപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങി.  ബേക്കറിയിലെ റൊട്ടിക്ക് രുചിയില്ല.  താങ്കള്‍ ഉണ്ടാക്കിതരണം.  അവരുടെ ആവശ്യപ്രകാരം അയാള്‍ വീട്ടില്‍ റൊട്ടി ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി.  പഴയ ബേക്കറി ഉടമയും റൊട്ടിവാങ്ങാനെത്തി. അയാള്‍ പറഞ്ഞു:  എന്റെ റൊട്ടി ആര്‍ക്കും വേണ്ടാതായി.  നിങ്ങള്‍ തിരികെ വരണം.. ഞാന്‍ മൂന്നിരട്ടി ശമ്പളം തരാം.  അപ്പോള്‍ അയാള്‍ പറഞ്ഞു:  എന്റെ റൊട്ടി, പ്രയത്നത്തെ വിലമതിക്കുന്നുളളവര്‍ക്കാണ്.  ഇത് കേട്ട് ഉടമ തലതാഴ്ത്തിതിരികെ പോയി.  അംഗീകരിക്കുന്നവര്‍ക്കൊപ്പമേ ആയുസ്സ് ചിലവഴിക്കാവൂ.. അല്ലാത്തവര്‍ നമ്മെ അവഗണിക്കും, അവഹേളിക്കും.. തന്‍ കാര്യം നോക്കുന്ന ഏതൊരാള്‍ക്കും കൂടെയുളളവര്‍ വിലപ്പെട്ടവരല്ല.  തനിക്ക് നേട്ടങ്ങള്‍ ലഭിക്കുന്നതിനുളള ഉപകരണങ്ങള്‍ മാത്രമാണ്. എന്തിന്റേയും ഉപയോഗക്ഷമത നോക്കിയാണ് അവര്‍ വില കല്‍പിക്കുന്നത്.  മററുളളവരെ ഉപയോഗിച്ചുമാത്രം ശീലമുളളവരില്‍ നിന്ന് ഒരു കയ്യകലം പാലിക്കുന്നതാണ് നല്ലത്.  അല്ലെങ്കില്‍ അവര്‍ നമ്മെ ചൂഷണം ചെയ്ത് വലിച്ചെറിയും. മറ്റുളളവരുടെ അന്തസ്സിനേയും അഭിമാനത്തേയും മുഖവിലയ്ക്കെടുക്കുന്നവര്‍ക്ക് മാത്രമേ ആളുകളെ ആദരവോടെ കാണാന്‍ സാധിക്കൂ..  അവര്‍ മാത്രമേ, വ്യക്തിത്വത്തെ ബഹുമാനിക്കൂ...അവരോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ  ആത്മാഭിമാനത്തോടെ നിലനില്‍ക്കാനാകൂ - ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍