ഗർഭിണി കാറിനുള്ളിൽ മരിച്ച സംഭവത്തിൽ ദൂരൂഹത


പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെള്ളിയാഴ്ച രാത്രി ഓടിക്കൊണ്ടിരിക്കുന്ന കാർകത്തി ഗർഭിണി മരിച്ച സംഭവത്തിൽ ഫൊറൻസിക് സംഘവും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് കോഴിക്കോട് ജില്ലാ ഫൊറൻസിക് യൂണിറ്റിൽനിന്നുള്ള സയന്റിഫിക് സംഘം കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചത്.

ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാലിൽ രജിൻലാലിന്റെ ഭാര്യ സോനയാണ് തീപ്പിടിത്തത്തിൽ മരിച്ചത്. കാർ ഓടിച്ച ഭർത്താവ് രജിൻലാലിന് തീപ്പിടിത്തമുണ്ടായ ഉടനെ കാറിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങാൻ കഴിഞ്ഞെങ്കിലും പിൻസീറ്റിൽ കിടക്കുകയായിരുന്ന സോന വാതിൽ ലോക്കായതിനാൽ ഉള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. കാറിന്റെ വാതിൽ കമ്പിപ്പാരകൊണ്ട് കുത്തിത്തുറന്നാണ് പരിശോധന നടത്തിയത്.

കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ, ബോണറ്റിനുള്ളിലേക്ക് തീപടർന്നിട്ടില്ല. അതിനാൽ തീപ്പിടിത്തം എങ്ങനെയുണ്ടായെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പോലീസ് പറഞ്ഞു.

കാർ കത്തിത്തുടങ്ങുന്ന സമയത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നുണ്ട്. ഇതെങ്ങനെയുണ്ടായതാണെന്നതും വ്യക്തമല്ല. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി കൊണ്ടുപോയി.

മേപ്പയ്യൂർ ഇൻസ്പെക്ടർ എ. അജീഷ്, എസ്.ഐ. എൻ.എം. റസാഖ്, എ.എസ്.ഐ. ടി.കെ. അനൂപ് എന്നിവരും പരിശോധനയ്ക്കു നേതൃത്വംനൽകി. മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരും പരിശോധന നടത്തി. എം.എം.വി.ഐ.മാരായ കെ.വി. നിജു, ജി. അരുൺ, എ.ആർ. ജിഷ്ണു, കെ.സി. അനുലേഖ് എന്നിവർ നേതൃത്വംനൽകി.

വെള്ളിയാഴ്ച രാത്രി ഒൻപതോടെയാണ് ഭർത്താവ് രജിൻലാലിനൊപ്പമുള്ള യാത്രയ്ക്കിടെ കാർ കത്തി സോന മരിച്ചത്. രജിൻലാൽ 65 ശതമാനത്തോളം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. അതിനാൽ, സോനയ്ക്ക് യാത്രാമൊഴി നൽകാൻ ഭർത്താവുണ്ടായിരുന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍