പ്രഭാത വാർത്തകൾ
2026 മേയ് 30, ശനി
1201 ഇടവം 16 , വിശാഖം
1447 ദുൽഹിജ്ജ 12
◾ അഞ്ച് ഇന്ദിരാ ഗ്യാരന്റികള്‍ അടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളം പുതുയുഗത്തിലേക്ക് ചുവടുവയ്ക്കും. കേരളത്തെ തുറമുഖ നഗരമാക്കും. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷന്‍ ഹബ്ബാക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്‍ മാറ്റമുണ്ടാക്കും. മയക്കുമരുന്ന് ശൃംഖലയെ തുടച്ചുമാറ്റും. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ലാന്റ് ബാങ്ക് സജ്ജമാക്കും. പിണറായി സര്‍ക്കാരിന്റെ നയമല്ല നടപ്പാക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
◾ സംസ്ഥാനത്ത് അതിവേഗ റെയില്‍പാത സജ്ജമാക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും മെട്രോമാന്‍ ഇ. ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇ ശ്രീധരന്‍ തയാറാക്കിയ ബദല്‍ പാതയുടെ കരടുരേഖ മുഖ്യമന്ത്രിക്കു കൈമാറി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള 430 കിലോമീറ്റര്‍ മൂന്നു മണിക്കൂര്‍ 15 മിനിറ്റുകൊണ്ട് എത്തുന്ന പദ്ധതിയാണിത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത. നിലവിലുള്ള റെയില്‍ പാതകളുമായി കൂട്ടിയോജിപ്പിക്കാം. പിണറായി സര്‍ക്കാരിനും ശ്രീധരന്‍ ഈ പദ്ധതി രേഖ നല്‍കിയിരുന്നു.
◾ തിരുവനന്തപുരത്തു ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച 18 സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. ഇന്നലെ ഏഴു പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ കൗണ്‍സിലറുമായ ഐപി ബിനു ഉള്‍പ്പെടെ 11 പേരെയാണ് ഇന്ന് റിമാന്‍ഡ് ചെയ്തതത്. പ്രതികള്‍ കല്ലുകൊണ്ടും ആയുധം ഉപയോഗിച്ചും ഇഡി ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്നും പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലിസ് കോടതിയെ അറിയിച്ചു.
◾ ബജറ്റില്‍ ജീവനക്കാര്‍ക്കായി ചില വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക് തീര്‍ക്കുമെന്നല്ല. ജീവനക്കാരില്‍ വലിയ ഒരു വിഭാഗം യുഡിഎഫിനാണ് വോട്ടു ചെയ്തത്. കഴിഞ്ഞ പത്തു വര്‍ഷം യുഡിഎഫ് അനുകൂല ജീവനക്കാര്‍ അനുവദിച്ച യാതനകള്‍ മറിക്കില്ലെന്നും എന്‍ജിഒ അസോസേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
◾ വ്യക്തമായ നയവും നിലപാടും ഇല്ലാത്ത സര്‍ക്കാരാണ് യുഡിഎഫിന്റേതെന്ന് തെളിയിക്കുന്ന നയപ്രഖ്യാപനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. ബി ജെ പിയേയും കേന്ദ്ര സര്‍ക്കാരിനെയും വാക്കുകൊണ്ട് പോലും വിമര്‍ശിക്കാത്ത നയമാണ് സംസ്ഥാന സര്‍ക്കാരിനെന്ന് സി പി എം പ്രസ്താവനയിലൂടെ വിമര്‍ശിച്ചു.
◾ എന്‍സിപി കേരള ഘടകം പിളര്‍ന്നു. എന്‍ഡിഎയുമായി സഹകരിക്കുന്ന ശരദ് പവാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണു പിളര്‍പ്പ്. എന്‍സിപി കേന്ദ്ര നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനും കുട്ടനാട് മുന്‍ എംഎല്‍എ തോമസ് കെ. തോമസും കൊച്ചിയില്‍ നടന്ന യോഗത്തിനു ശേഷം വ്യക്തമാക്കി.
◾ മാസപ്പടി പരിശോധനയ്ക്കു പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ആറു പ്രതികളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. ആറ്റുകാല്‍ ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നീ സിപിഎം പ്രവര്‍ത്തകരെയാണ് പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.
◾ മുന്‍മന്ത്രി ടി യു കുരുവിള അന്തരിച്ചു. 89 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഏറെ നാളായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയര്‍മാനാണ്. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള.
◾ എപ്പോള്‍ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് തരണമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ചോദ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്ന ആളല്ല താന്‍. മോദിയെ കണ്ടതിനു പിറകേയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം കേട്ട് ചിരിക്കണോ കരയണോയെന്നു നിങ്ങള്‍തന്നെ തീരുമാനിച്ചോളൂ. കേന്ദ്ര ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസാണിതെന്നും അദ്ദേഹം പറഞ്ഞു.
◾ കേരള നിയമസഭയില്‍ വന്ദേമാതരം മുഴുവന്‍ ഈരടികളും അവതരിപ്പിക്കാത്ത സര്‍ക്കാര്‍ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ് എംഎല്‍എ. സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി ആലപിച്ചത് വിവാദമായിരുന്നു. എല്‍ഡിഎഫ് ചൂണ്ടിക്കാട്ടിയതനുസരിച്ചു തിരുത്തിയെന്നും റിയാസ്.
◾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗഷിഗനെ നിയമിച്ചു. 2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുന്‍ സിഇഒ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ഐഎഎസ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതോടെയാണ് പുതിയ നിയമനം.
◾ ശബരിമലയില്‍ കഴിഞ്ഞ 10 വര്‍ഷത്തെ അഷ്ടാഭിഷേകങ്ങള്‍ ഓഡിറ്റ് ചെയ്ത് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോര്‍ട്ട് നല്‍കാന്‍ സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിനാണ് നിര്‍ദേശം നല്‍കിയത്. മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫണ്ട് വകമാറ്റിയെന്ന ആരോപണത്തിലാണ് നടപടി.
◾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് വസ്തുക്കള്‍ നഷ്ടപ്പെട്ടെന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണെന്ന് ക്ഷേത്ര ഭരണസമിതി. വൈര നാമവും വിളക്കും ഉള്‍പ്പെടെയുള്ളവ ക്ഷേത്രത്തില്‍ ഭദ്രമാണെന്നും, തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.
◾ ഇന്നു മുതല്‍ നാലു ദിവസത്തേക്കു മഴ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരേ അമ്മയുടെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. താനുമായി അപകീര്‍ത്തികരമായ ബന്ധമുണ്ടെന്നു പറയാന്‍ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരന്‍ നിര്‍ബന്ധിച്ചെന്നാണ് അതുല്യയുടെ പരാതി.
◾ പൊലീസിനും ലക്ഷ്മി പ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതി മുഖ്യമന്ത്രി പൊലീസ് മേധാവിക്ക് കൈമാറി. അന്‍സിബയുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അന്‍സിബയെ അറിയിച്ചിട്ടുമുണ്ട്.
◾ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ 1.83 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. ഹിമാചല്‍ പ്രദേശിലെ ബാബാനഗര്‍ സ്വദേശി സൂര്യകാന്ത് ആണ് കൊല്ലം പൊലീസിന്റെ പിടിയിലായത്. വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് വഴി പുത്തൂര്‍ സ്വദേശിയില്‍ നിന്നും 1.83 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
◾ നെന്‍മാറ ഇരട്ടക്കൊലക്കേസില്‍ സാക്ഷിമൊഴികള്‍ നിഷേധിച്ച് പ്രതി ചെന്താമര. 46 പേരുടെ മൊഴികളാണ് ചെന്താമരയെ വായിച്ചു കേള്‍പ്പിച്ചത്. 2025 ജനുവരി 27 ന് നടന്ന നെന്‍മാറ ഇരട്ടക്കൊല കേസിലെ അന്തിമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ആകെ 81 സാക്ഷികളാണ് കേസിലുള്ളത്.
◾ നിക്ഷേപ തുക തിരിച്ചു കിട്ടാത്തതിന് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ വയോധികന്‍ മരിച്ചു. കോഴിക്കോട് വടകരയിലെ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം കുട്ടിയാണ് മരിച്ചത്. കോണ്‍ഗ്രസ് നേതാവായ ലേബര്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ സുധീറിന്റെ വീട്ടിലെത്തിയാണ് തീ കൊളുത്തിയത്.
◾ എറണാകുളം ജില്ലയിലെ കുന്നത്തുനാട് വാഴക്കുളത്ത് പെയിന്റ് കമ്പനിയില്‍ വന്‍ തീപിടുത്തം. ഇന്നലെ രാത്രി ഏഴരയോടെയാണ് വാഴക്കുളം വില്ലേജ് ഓഫീസിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന 'കളര്‍ ഇന്ത്യ' എന്ന പെയിന്റ് കമ്പനിക്ക് തീപിടിച്ചത്.
◾ മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനു സസ്‌പെന്‍ഷന്‍. ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജവാദ് സുബൈറിനെതിരെയാണ് നടപടി.
◾ പതിനെട്ടുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സൈക്യാട്രിക് കൗണ്‍സിലര്‍ അറസ്റ്റില്‍. കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്.
◾ ആലുവയില്‍ അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ ക്രിസ്റ്റല്‍ രാജിന് ഇരട്ട ജീവപര്യന്തം. പെരുമ്പാവൂര്‍ അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ക്രിസ്റ്റല്‍ രാജിനെതിരെ കാപ്പയും ചുമത്തിയിട്ടുണ്ട്.
◾ സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ ഒന്നു വരെ സ്വീകരിക്കും. ഈ മാസം 26 മുതല്‍ 29 വരെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷ നല്‍കാമെന്നായിരുന്നു സി ബി എസ് ഇ ആദ്യം വ്യക്തമാക്കിയിരുന്നത്.
◾ കര്‍ണാടകത്തില്‍ ഇന്ന് കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം. രാജിവച്ച സിദ്ദരാമയ്യക്കു പകരം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകും. ജൂണ്‍ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും.
◾ കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് ആറുപേരെ വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തി. ഗോവിന്ദപുര്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ നിരാലെ, ഗോളഗി കുടുംബങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി നിലനിന്നിരുന്ന ഭൂമിതര്‍ക്കമാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്.
◾ ഡല്‍ഹിയിലെ ബംഗാളി മാര്‍ക്കറ്റ് മേഖലയിലെ തോടര്‍മല്‍ പാര്‍ക്കില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുമായി സംവദിച്ചും അവര്‍ക്കൊപ്പം നിലത്തിരുന്ന് ഉച്ചഭക്ഷണം കഴിച്ചും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ വീടിനു സമീപത്താണ് അപ്രതീക്ഷിതമായി രാഹുല്‍ ഡ്രൈവര്‍മാരെ കാണാനെത്തിയത്. ഓട്ടോ ഡ്രൈവര്‍മാരുടെ കാക്കി യൂണിഫോം ധരിച്ചാണ് അദ്ദേഹം എത്തിയത്.
◾ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ വൈ.എസ്. ശര്‍മിള രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ സോണിയ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ശര്‍മിളയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുമെന്ന് അഭ്യുഹങ്ങളുണ്ട്. ആന്ധ്രാപ്രദേശിലെ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് വൈ.എസ്. ശര്‍മിള
◾ പശ്ചിമ ബംഗാളില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന 'ഡിറ്റക്ട്, ഡിലീറ്റ്, ഡീപോര്‍ട്ട്' നയത്തിന്റെ ഭാഗമായി ഇതുവരെ 335 അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. നാടുകടത്തുന്നതിന് മുന്നോടിയായി ഇവരെ പുതിയതായി സജ്ജീകരിച്ച 11 ഹോള്‍ഡിങ് സെന്ററുകളിലേക്ക് മാറ്റി.
◾ തമിഴ്നാടിന്റെ പുതിയ പൊലീസ് മേധാവിയായി മഹേഷ് കുമാര്‍ അഗര്‍വാളിനെ നിയമിച്ചു. 1994 ഐപിഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. നിലവില്‍ ദില്ലിയില്‍ ബിഎസ്എഫ് ഡിജിപിയാണ് മഹേഷ് കുമാര്‍.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച എങ്ങനെ സംഭവിച്ചെന്ന് സുപ്രീം കോടതി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് നടത്തുന്ന നീറ്റ് യുജി പുനപരീക്ഷയില്‍ വീഴ്ചകളൊന്നും ഉണ്ടാകാതിരിക്കാന്‍ പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
◾ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 220 സീറ്റുകളുമായി വന്‍ വിജയം കരസ്ഥമാക്കി. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് 90 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍, ബിജെപിക്കും ശിരോമണി അകാലിദളിനും കാര്യമായ മുന്നേറ്റം നടത്താനായില്ല.
◾ ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉന്നതതല യോഗം വിളിച്ചു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറക്കണമെന്നും ടോള്‍ ഈടാക്കരുതെന്നുമാണ് അമേരിക്കയുടെ നിര്‍ദേശം. ഇറാന്‍ അണ്വായുധങ്ങള്‍ നിര്‍മ്മിക്കരുതെന്ന നിര്‍ദ്ദേശവുമുണ്ട്.
◾ സമാധാന കരാറില്‍ അണ്വായുധ നിയന്ത്രണ നിര്‍ദേശങ്ങള്‍ ഇല്ലെന്ന് ഇറാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ വെറും നുണയാണെന്ന് ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ യുഎസ് ഭീഷണിപ്പെടുത്തിയ ഒമാന് പിന്തുണയുമായി ഇറാന്‍. ഇരു രാജ്യത്തെയും വിദേശകാര്യ മന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചു.
◾ വിമാന ഇന്ധനവില 121 ശതമാനത്തിലധികം വര്‍ധിച്ചെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്‍. വിമാന യാത്രാനിരക്ക് ഇനിയും വര്‍ധിപ്പിക്കേണ്ടി വരുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. യുദ്ധത്തെത്തുടര്‍ന്നാണ് വിമാന ഇന്ധനവില കുതിച്ചുയര്‍ന്നത്.
◾ ഗുസ്തിതാരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസിന്റെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാമെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. വിനേഷ് ഫോഗട്ട് രാജ്യത്തിന് അഭിമാനമാണെന്ന് പറഞ്ഞുകൊണ്ടാണ് സുപ്രീം കോടതി ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അപ്പീല്‍ തള്ളിയത്.
◾ ഐപിഎലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഫൈനലില്‍. രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴു വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഫൈനലിലെത്തിയത്. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും ഗുജറാത്തും തമ്മിലാണു മല്‍സരം. 47 പന്തില്‍ 96 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയുടെ മികവില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 215 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും സായ് സുദര്‍ശന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ ഗുജറാത്ത് അനായാസം മറികടന്നു. 47 പന്തില്‍ സെഞ്ചുറി തികച്ച ഗില്‍ 53 പന്തില്‍ 104 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ 32 പന്തില്‍ 58 റണ്‍സെടുത്ത സായ് സുദര്‍ശന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റായി പുറത്തായി. സ്‌കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 214-6, ഗുജറാത്ത് ടൈറ്റന്‍സ് 18.3 ഓവറില്‍ 219-3.
◾ രാജ്യത്തെ കറന്‍സി നിര്‍മാണത്തില്‍ പേപ്പറിന് പകരം പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ റിസര്‍വ് ബാങ്ക് ആലോചന. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറന്‍സി അഥവാ പോളിമര്‍ കറന്‍സിയായി പുറത്തിറക്കുക. കോട്ടണ്‍ അധിഷ്ഠിതമായ പേപ്പര്‍ ഉപയോഗിച്ചാണ് നിലവില്‍ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകള്‍ ശരാശരി 3-4 വര്‍ഷം കഴിയുമ്പോള്‍ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകള്‍ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തില്‍ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാല്‍, പോളിമര്‍ നോട്ടുകള്‍ക്ക് ഈ പ്രശ്‌നമില്ലെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുമെന്നതും നേട്ടമാണ്. 2024-25ല്‍ ഏതാണ്ട് 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടര്‍ന്ന് പൊതുവിപണിയില്‍ നിന്ന് റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. പോളിമര്‍ നോട്ടുകളുടെ വ്യാജന്‍ ഉണ്ടാക്കാന്‍ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉള്‍ക്കൊള്ളിക്കാം. അറുപതോളം രാജ്യങ്ങള്‍ നിലവില്‍ പോളിമര്‍ നോട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്.
◾ യുട്യൂബ് പ്രീമിയം വരിക്കാരായ പോഡ്കാസ്റ്റ് ആസ്വാദകര്‍ക്കായി കമ്പനി പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. ഓണ്‍-ദി-ഗോ മോഡ്, ഓട്ടോ സ്പീഡ്, ആസ്‌ക് മ്യൂസിക് എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ മൂന്ന് ഫീച്ചറുകള്‍. യാത്രകളില്‍ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന 'ലിസണര്‍ ഫ്രണ്ട്ലി' നിയന്ത്രണങ്ങളാണ് ഓണ്‍-ദി-ഗോ മോഡ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയിഡിലും വൈകാതെ ഐ.ഒ.എസിലും ലഭ്യമാകുന്ന ഈ ഫീച്ചര്‍, ഉപഭോക്താവ് ചലിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാനാകും വിധം ക്രമീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ പേജാണ്. സംഭാഷണവേഗത കുറഞ്ഞ ഭാഗങ്ങളിലോ ഒരുപാട് കാര്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങളിലോ പ്ലേബാക്ക് വേഗത ബുദ്ധിപരമായി ക്രമീകരിക്കാന്‍ പുതിയ ഓട്ടോ സ്പീഡ് ഫീച്ചറിന് കഴിയും. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള പുതിയ പോഡ്കാസ്റ്റുകള്‍ കണ്ടെത്തി നല്‍കുന്ന ഫീച്ചറാണ് 'ആസ്‌ക് മ്യൂസിക്'.
◾ നസ്ലെന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'മോളിവുഡ് ടൈംസി'ലെ പ്രൊമോ സോംഗ് റിലീസ് ചെയ്തു. ഗോട്ട് സോംഗ് എന്ന ടൈറ്റിലില്‍ വരുന്ന ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഡൗണ്‍ ട്രോഡന്‍ ആണ്. ഗാനം ആലപിച്ചിരിക്കുന്നത് ജയ്ക്സ് ബിജോയ്, അദ്രി ജോ, ട്രൈബ് മാമാ മേരികാളി എന്നിവര്‍ ചേര്‍ന്നാണ്. വരികള്‍ അദ്രി ജോയും എഴുതിയിരിക്കുന്നു. നസ്ലെനൊപ്പം സംഗീത സംവിധായകനായ ജേക്സ് ബിജോയും അദ്രി ജോയും ഗാനത്തിന്റെ വീഡിയോ പതിപ്പില്‍ ഉണ്ട്. വിനീത് മാധവന്‍ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. നസ്ലിന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്.
◾ സൂപ്പര്‍ ഹിറ്റ് താരജോഡികളായ ജയറാം- ഉര്‍വശി ടീം ഒന്നിക്കുന്ന തമിഴ് ചിത്രം 'പരിമള ആന്‍ഡ് കോ'യുടെ ട്രെയിലര്‍ പുറത്ത്. ചിരിയും സസ്പെന്‍സും ത്രില്ലും കുടുംബ നിമിഷങ്ങളും ഇമോഷനും എല്ലാം ഉള്‍പ്പെടുത്തിയ ഒരു പക്കാ ക്രൈം കോമഡി ഫാമിലി ഡ്രാമയാണ് ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ജൂണ്‍ 5ന് ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. മിഷ്‌കിന്‍, യോഗി ബാബു, സാന്‍ഡി, സഞ്ജന കൃഷ്ണമൂര്‍ത്തി, അനന്തിക സനില്‍കുമാര്‍, സന്തോഷ് ശോഭന്‍ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. സംവിധായകന്‍ പാണ്ഡിരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവയും രചിച്ചിരിക്കുന്നത്.
◾ ടെസ്ല ഇന്ത്യന്‍ വിപണിയില്‍ മോഡല്‍ വൈയുടെ പ്രീമിയം റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റ് പുറത്തിറക്കി. 50.89 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ ഇലക്ട്രിക് കാര്‍ വേരിയന്റ് 500 കിലോമീറ്റര്‍ ഡബ്ളിയുഎല്‍ടിപി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 67.80 ലക്ഷം വിലയുണ്ടായിരുന്ന മോഡല്‍ വൈയുടെ ലോംഗ് റേഞ്ച് പ്രീമിയം ആര്‍ഡബ്ളിയുഡി വേരിയന്റിന് പകരമാണിത്. ടെസ്ല നിലവില്‍ ഇന്ത്യയില്‍ രണ്ട് വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ആര്‍ഡബ്ളിയുഡി, എല്‍പ്രീമിയം എബ്ളിയുഡി. പുതിയ വേരിയന്റിന്റെ ഡെലിവറികള്‍ 2026 ജൂലൈയില്‍ ആരംഭിക്കും. മോഡല്‍ വൈയില്‍ 64 കിലോവാട്ട്അവര്‍ ബാറ്ററിയുള്ള റിയര്‍-മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. ഈ മോട്ടോര്‍ 299 എച്പി ഉത്പാദിപ്പിക്കുന്നു. ഈ പ്രീമിയം ഇലക്ട്രിക് കാറിന് വെറും 5.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, കൂടാതെ മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.
◾ മലയാളകവിത, ഇന്ത്യന്‍ കവിത, ലോകകവിത, ചെറുകഥ, നോവല്‍, എഴുത്തുകാര്‍, ഭാഷ... തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകെള വിശകലനം ചെയ്യുകയും, ഒപ്പം ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവുമായ വര്‍ത്തമാനാവസ്ഥയിലൂടെയും ചരിത്രത്തിലൂടെയും കടന്നുപോകുകയും ചെയ്യുന്ന പ്രഭാഷണങ്ങള്‍. എഴുത്തച്ഛന്‍, ബഷീര്‍, അക്കിത്തം, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍ രവിവര്‍മ്മ, ഒ.വി. വിജയന്‍, എം. സുകുമാരന്‍... തുടങ്ങി എഴുത്തുകാരെക്കുറിച്ചുുള്ള ഓര്‍മ്മകള്‍. 'ഇടങ്ങള്‍'. കെ.സച്ചിദാനന്ദന്‍. മാതൃഭൂമി. വില 176 രൂപ.
◾ വൈകുന്നേരം ഏഴ് മുതല്‍ 8.30 മുന്‍പായി അത്താഴം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതാണ് ആരോഗ്യത്തിന് മികച്ചത്. രാത്രി വൈകി അത്താഴം കഴിക്കുന്നത് ദഹനത്തെ ബാധിക്കും. കഴിക്കുന്ന ഭക്ഷണം പൂര്‍ണമായും ദഹിക്കാതെ കിടക്കുമ്പോള്‍ അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിവ ഉണ്ടാക്കും. അത്താഴം ലഘുവായിരിക്കാന്‍ ശ്രമിക്കുക. വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം ഉയരാനും ഉറക്കക്കുറവിനും കൊളസ്ട്രോള്‍ ഉയരുന്നതിലേക്കും നയിക്കുന്നു. ചിക്കന്‍ ഫ്രൈ, പൊറോട്ട, ബീഫ് ഫ്രൈ, ചിപ്സ് പോലുള്ള എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിക്കരുത്. ചോറ് പ്രശ്നക്കാരനല്ലെങ്കിലും വലിയ അളവില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ ഇടയാക്കും. അതുപോലെ വെള്ള അരിക്ക് പകരം ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ മില്ലറ്റ് ഉള്‍പ്പെടുത്തുക. കിടക്കുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം പൂര്‍ത്തിയാക്കണം. അത്താഴത്തിന് മുട്ട, പയറ്, മീന്‍, പനീര്‍ പോലുള്ളത് ചേര്‍ക്കാം. അത്താഴത്തിന് പിന്നാലെ പഴങ്ങള്‍ കഴിക്കുന്നത് ചിലര്‍ക്ക് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. ഭക്ഷണത്തിന് 30-45 മിനിറ്റ് മുന്‍പോ ശേഷമോ പഴങ്ങള്‍ കഴിക്കുന്നതാണ് അഭികാമ്യം. ശരീരഭാരം കുറയ്ക്കുന്നതിന് അത്താഴം മുടക്കുന്നത് ശരിയായ പ്രവണതയല്ല. ഇത് രാത്രി വിശപ്പു കൂടാനും അമിതമായി ഭക്ഷണം കഴിക്കാനും മെറ്റബോളിസ് കുറയാനും കാരണമാകും. രാത്രി കഴിക്കുന്ന ഭക്ഷണം വിശപ്പ് മാറ്റാന്‍ വേണ്ടി മാത്രമല്ല. അത് നമ്മുടെ ഉറക്കം, ദഹനം, ഹോര്‍മോണ്‍ ബാലന്‍സ്, ശരീരഭാരം, ദീര്‍ഘകാല ആരോഗ്യം എന്നിവയെല്ലാം സ്വാധീനിക്കുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഗ്രാമത്തിന്റെ അറ്റത്തുള്ള ചെറിയ ചായക്കട... എല്ലാദിവസവും രാവിലെ അവിടെ എത്തുന്ന ഒരു വയോധികന്‍ ഉണ്ടായിരുന്നു. മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി... ആരെയെങ്കിലും കണ്ടാല്‍ സ്‌നേഹത്തോടെ സംസാരിക്കും... ജീവിതത്തില്‍ ഒരു വിഷമവും ഇല്ലാത്തവനെപ്പോലെ. ഒരു ദിവസം അവിടെ സ്ഥിരമായി വരുന്ന ഒരു യുവാവ് അദ്ദേഹത്തോട് ചോദിച്ചു: ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ട്. പക്ഷേ നിങ്ങളെ ഞാന്‍ ഒരിക്കലും വിഷമിച്ചിരിക്കുന്നത് കണ്ടിട്ടില്ല... എങ്ങനെ ഇത്ര സന്തോഷത്തോടെ കഴിയുന്നു?'' വയോധികന്‍ ചിരിച്ചുകൊണ്ട് മുന്നിലുണ്ടായിരുന്ന ചായകപ്പ് കൈയിലെടുത്തു. ''ഈ ചായക്ക് രുചി വരാന്‍ എന്ത് വേണം?'' യുവാവ് പറഞ്ഞു: ''വെള്ളം തിളക്കണം...' അദ്ദേഹം പറഞ്ഞു: ''അതെ... വെള്ളം തിളക്കാതെ ചായക്ക് സ്വാദില്ല. ജീവിതവും അങ്ങനെ തന്നെയാണ്. കഷ്ടതകളും പരീക്ഷണങ്ങളും നമ്മളെ തളര്‍ത്താന്‍ അല്ല വരുന്നത്... നമ്മളെ പാകപ്പെടുത്താനാണ്. തീയില്‍ വെന്ത സ്വര്‍ണം കൂടുതല്‍ തിളങ്ങുന്നതുപോലെ... പ്രതിസന്ധികള്‍ കടന്നുപോകുന്ന മനുഷ്യന്‍ കൂടുതല്‍ ശക്തനാകും.'' അദ്ദേഹം ഒരു നിമിഷം മൗനമായി നിന്നു. പിന്നീട് ആകാശത്തേക്ക് നോക്കി പതിയെ പറഞ്ഞു: ''ഓരോ രാവിലെയും കണ്ണുതുറക്കുമ്പോള്‍ ഞാന്‍ ദൈവത്തോട് ഒരു വാക്ക് മാത്രമേ പറയാറുള്ളൂ... 'ഇന്നും ഒരു ദിവസം കൂടി തന്നതിന്. ആ വാക്കുകള്‍ യുവാവിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. അന്ന് മുതല്‍ അവന്‍ പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയില്ല... ഓരോ ദിവസത്തെയും ഒരു അവസരമായി കാണാന്‍ പഠിച്ചു. ജീവിതത്തെ ഭയക്കാതെ... സ്‌നേഹിക്കാന്‍ തുടങ്ങി. ഓര്‍ക്കൂ... ഓരോ പ്രഭാതവും ജീവിതം നമുക്ക് തരുന്ന പുതിയൊരു തുടക്കമാണ്. ചിരിയോടെ അതിനെ സ്വീകരിക്കൂ... പതിയെ ജീവിതവും മനോഹരമാകും... - ശുഭദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍