പാചകവാതക വില വർധനവ്; നാളെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഫുഡും ഇല്ല

കൊച്ചി: പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മെയ് 6, ബുധനാഴ്ച) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിട്ടും ഓൺലൈൻ ഫുഡ് വിതരണം നിർത്തിവെച്ചും പ്രതിഷേധിക്കും.

19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.

എറണാകുളം പനമ്പിള്ളി നഗറിലുള്ള ഐ ഒ സി ഓഫീസിനു മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്യും. മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി, കേരള വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്റേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ അടക്കമുള്ള നിരവധി വ്യാപാര സംഘടനകൾ കടയടപ്പ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

പാചകവാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും. എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്ററൻ്റ്സ് അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍