നികുതി കുടിശ്ശിക അടക്കാൻ ചെന്നു; പഞ്ചായത്ത് രേഖയിൽ വീട് നിലവിലില്ല, സംഭവം താമരശ്ശേരിയിൽ
താമരശ്ശേരി • വീടിന്റെ നികുതി കുടിശ്ശിക അടക്കാൻ ചെന്ന ഉടമയുടെ പേരിൽ പഞ്ചായത്തിൽ നിലവിൽ വീടില്ല. അതുകൊണ്ട് തന്നെ വീട്ടു നമ്പറുമില്ല.
കാർഷികനായ താമരശ്ശേരി പുത്തൻ തെരുവിൽ ചാൽമലയിൽ സി.എം. അബ്ദുൽ അസീസാണ് വർഷങ്ങളായി കുടുംബവുമായി താമസിച്ചു വരുന്ന വീടിന്റെ നികുതി അടക്കാൻ പഞ്ചായത്ത് ഓഫീസിന്റെ പടിവാതിൽ കയറിയിറങ്ങുന്നത്.
കഴിഞ്ഞ 5 വർഷമായി കുടിശ്ശിക വന്ന നികുതി അടക്കാൻ ചെന്നപ്പോഴാണ് ഈ പേരും വീട്ടുനമ്പറും രേഖയിൽ ഇല്ലാത്തത്. 2016 ഡിസംബർ 26ന് നികുതിയായി 100 രൂപ അടച്ചതിന്റെ രസീത് കൈവശമുണ്ട്. 2021 നവംബർ 25ന് ഇതേ വീട്ടുനമ്പറിൽ 100 രൂപ നികുതി അടച്ചെങ്കിലും കെ.പി. അബ്ദുൽ അസീസ് മലയിൽ എന്നാണ് രസീതിലുള്ള അഡ്രസ്സ്. കമ്പ്യൂട്ടർ രസീതിലെ പിഴവ് ശ്രദ്ധിച്ചിരുന്നില്ലെന്നും താൻ തന്നെയാണ് അന്ന് നികുതി അടച്ചതെന്നും അബ്ദുൽ അസീസ് പറഞ്ഞു.
ഇതിനിടയിൽ ടിപി 2-457 എന്ന നമ്പർ ലഭിക്കുകയും അത് വീടിന്റെ മുൻവശത്ത് പതിക്കുകയും ചെയ്തെങ്കിലും ഇപ്പോൾ അത് കെ.പി. അബ്ദുൽ അസീസ് എന്ന ആളുടെ പേരിലാണുള്ളതെന്നും 2019 ഒക്ടോബർ 31ന് ഈ നമ്പർ പി.കെ. അബ്ദുൽ അസീസിന് നൽകിയെന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നുണ്ടെന്നും അബ്ദുൽ അസീസ് ചാൽമലയിൽ പറയുന്നു.
എന്നാൽ 10 വർഷമായി അബ്ദുൽ അസീസ് ചാൽമലയിൽ എന്ന പേരിൽ നികുതി അടച്ചിട്ടില്ലെന്നും പരാതി സംബന്ധിച്ചു പരിശോധിച്ചു വരികയാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. പുതിയ വീട്ടുനമ്പർ അനുവദിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍