വിസികെ പിന്തുണക്കത്ത് നല്‍കി, ടിവികെക്ക് കേവലഭൂരിപക്ഷമായി


ചെന്നൈ: തമിഴ്‌നാട്ടില്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ. പാര്‍ട്ടി അധ്യക്ഷന്‍ തോല്‍ തിരുമാവളവന്‍ പിന്തുണക്കത്ത് ടിവികെക്ക് കൈമാറി. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണകൂടിയായതോടെ വിജയ്‌യുടെ ടിവികെക്ക് കേവലഭൂരിപക്ഷമായി. ഇതോടെ വിജയ് മുഖ്യമന്ത്രി പദവിയിലെത്തുമെന്നും ഉറപ്പായി. സര്‍ക്കാര്‍ രൂപീകരണത്തില്‍ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാണ് ഇതോടെ അവസാനമായത്. ടിവികെ അധ്യക്ഷന്‍ വിജയ് ഉടന്‍ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസികെ പിന്തുണച്ചതിന് പിന്നാലെ മുസ്ലിം ലീഗും ടിവികെക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് കത്ത് കൈമാറി.

അതേസമയം, തങ്ങളുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കടുത്ത നിബന്ധനകളാണ് ടിവികെക്ക് മുന്നില്‍ വിസികെ വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി അധ്യക്ഷനും എംപിയുമായ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനമാണ് പ്രധാനപ്പെട്ട ആവശ്യം. ഒപ്പം ഒരു അധിക മന്ത്രിസ്ഥാനവും വേണം. ടിവികെ അധ്യക്ഷന്‍ വിജയ് രണ്ട് മണ്ഡലങ്ങളില്‍ (പെരമ്പൂര്‍, തിരുച്ചിറപ്പള്ളി ഈസ്റ്റ്) മത്സരിച്ച് വിജയിച്ചതിനാല്‍, അദ്ദേഹം ഒഴിയുന്ന ഒരു സീറ്റ് വിസികെക്ക് നല്‍കണം. ചിദംബരത്ത് നിന്നുള്ള എംപിയായ തിരുമാവളവന്‍ ആ സ്ഥാനം ഒഴിഞ്ഞാല്‍ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയം ടിവികെ ഉറപ്പാക്കണം. ജാതി-മത വിവേചനങ്ങള്‍ക്കെതിരെ പ്രത്യേക നിയമം കൊണ്ടുവരണം, ദുരഭിമാനക്കൊല ക്രിമിനല്‍ കുറ്റമാക്കുന്ന നിയമനിര്‍മ്മാണം നടത്തണം തുടങ്ങിയവയാണ് വിസികെ പ്രധാനമായും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആകെ 234 സീറ്റുകളുള്ള തമിഴ്‌നാട് നിയമസഭയില്‍ 118 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം. ടിവികെക്ക് 108 സീറ്റാണുള്ളത്. അധ്യക്ഷന്‍ വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2) എന്നിവര്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിസികെയുടെ രണ്ട് എംഎല്‍എമാരുടെ പിന്തുണകൂടിയായതോടെ കേവല ഭൂരിപക്ഷമായ 118 ടിവികെ നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍