നീറ്റ്-യുജി പുനഃപരീക്ഷ ഇന്ന്; പരീക്ഷ എഴുതുന്നത് 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയ നീറ്റ്-യുജി പുനഃപരീക്ഷ ഇന്ന്. 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് രാജ്യത്തുടനീളമായി പരീക്ഷ എഴുതുന്നത്. പരീക്ഷ കേന്ദ്രങ്ങലെ നിരീക്ഷണത്തിനായി രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

AI അധിഷ്ഠിത സിസിടിവി ക്യാമറകളും ജാമറുകളും ഉള്‍പ്പെടെ സജ്ജമാണ്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകീട്ട് 5:15 വരെയാണ് പരീക്ഷാസമയം. രാജ്യത്തെ 551 നഗരങ്ങളിലായി 5440 പരീക്ഷ കേന്ദ്രങ്ങളും വിദേശത്ത് 14 കേന്ദ്രങ്ങളുമാണ് ഉള്ളത്. പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശിക്കാനുള്ള സമയം ഉച്ചയ്ക്ക് ഒന്നരയോടെ അവസാനിക്കും.

കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണ എന്‍ടിഎ (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി) സജ്ജീകരിച്ചിരിക്കുന്നത്. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിരോധിച്ചിരുന്നു. നാളെ വരെയാണ് ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.