ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസം ഉണ്ടാകില്ല; സ്ത്രീസുരക്ഷാ പെൻഷനിൽ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കും. 3000 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കും. 1,600 നിന്ന് 2000 രൂപയാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നാലേമുക്കാല്‍ കൊല്ലത്തെ കാലതാമസം ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അനര്‍ഹരായ ചിലര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞ് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം സഭയില്‍ പറഞ്ഞത്.

'മുടങ്ങാതെ പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 24ാം തീയതി മുതല്‍ വിതരണം ചെയ്യും', വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍ പെന്‍ഷന്‍ സംബന്ധിച്ച് ലോസ്ഏഞ്ചലസില്‍ ഉള്ളയാള്‍ വിളിച്ച് പരാതി പറഞ്ഞെന്ന പ്രസ്താവന പ്രതിപക്ഷം ചോദ്യം ചെയ്തു. ലോസ്ഏഞ്ചലസില്‍ പോയയാള്‍ പെന്‍ഷന്‍ വാങ്ങുന്ന അമ്മയുടെ മകനായിരിക്കും. അമ്മ മകന്റെ സംരക്ഷണത്തിലായിരിക്കില്ല. മകന്‍ അവിടെ കഴിയുന്നതിനാല്‍ അവിടെ പോയതാകും. അതൊരു അയോഗ്യതയായി കണക്കാക്കുന്നത് ശരിയാകുമോയെന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍ നല്ല വരുമാനം ഉള്ള കുടുംബത്തിലെയാള്‍ക്ക് പെന്‍ഷന്‍ കിട്ടുമ്പോള്‍ തീരെ വരുമാനം ഇല്ലാത്ത കുടുംബത്തിലെയാള്‍ക്ക് കിട്ടാതെ പോകുന്നുവെന്നും ഇത് ഗൗരവമായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പെന്‍ഷന്‍ നിശ്ചയിച്ച സമയത്ത് അവര്‍ പെന്‍ഷന് അര്‍ഹരായിരിക്കും. പിന്നീട് അവരുടെ സാമ്പത്തിക നിലയില്‍ മാറ്റം വരികയും വീടിന് വരുമാനം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. എ സിവെക്കുന്നതുകൊണ്ട് മാത്രം പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ആരെയും ഒഴിവാക്കാനില്ല. അര്‍ഹരായ ആളുകളെ അകത്തുകയറ്റണം. പറഞ്ഞതിനെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീസുരക്ഷാ പെന്‍ഷന്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഫെബ്രുവരിയില്‍ കൊടുത്തുതുടങ്ങിയതാണ് സ്ത്രീസുരക്ഷാ പെന്‍ഷന്‍. അത് സംബന്ധിച്ച് ഈ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ല. എടുത്തിട്ട് അറിയിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.