റേഷൻ വിതരണത്തിൽ മാറ്റം: രണ്ടുമാസത്തെ വിഹിതം ഒരുമിച്ച് നൽകുന്നത് സർക്കാർ അവസാനിപ്പിച്ചു; നീലക്കാർഡിന് ഇനി 4 കിലോ അരി മാത്രം

തിരുവനന്തപുരം: രണ്ടുമാസത്തെ റേഷൻ ഒരുമിച്ചുനൽകുന്നത് സർക്കാർ അവസാനിപ്പിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിലെ റേഷൻ ഒരുമിച്ച് നൽകിയത് പല താലൂക്കുകളിലെയും വിതരണത്തെ ബാധിച്ചിരുന്നു. തുടർന്നാണ് ജൂൺ മുതൽ മുൻകാലങ്ങളിലെപ്പോലെ ഒരുമാസത്തെ വിഹിതം മാത്രം നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുമാസത്തെ റേഷൻ ഒരുമിച്ച് നൽകാനായിരുന്നു കേന്ദ്ര സർക്കാരിന്റെ നിർദേശം. റേഷൻ കടകളുടെ സംഭരണശേഷി കുറവാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിത് രണ്ടായി കുറയ്ക്കുകയായിരുന്നു. ചിലയിടങ്ങളിൽ രണ്ടുമാസത്തെ റേഷൻ നൽകാനുള്ള അരിയെത്തിക്കുന്നതിലും വീഴ്ചയുണ്ടായി.

ഇതിനു പുറമേ നീലക്കാർഡിന് നൽകിയിരുന്ന അധിക വിഹിതവും അവസാനിപ്പിച്ചു. പതിവ് വിഹിതത്തിനു പുറമെ ഏപ്രിലിൽ രണ്ടുകിലോയും മേയിൽ മൂന്നുകിലോയും അധിക വിഹിതം അരി നീലക്കാർഡുടമകൾക്ക് നൽകിയിരുന്നു. ഇനിമുതൽ പതിവ് വിഹിതം മാത്രമേ ലഭിക്കുകയുള്ളൂ. നീലക്കാർഡിന് നാലുകിലോ അരിയായിരിക്കും ഇനി മുതൽ ലഭിക്കുക. ആട്ട നൽകുന്നത് തുടരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍