800 ലധികം ബസുകള്‍ ജൂലെെ 1 മുതൽ നിരത്തിലിറങ്ങില്ല.


തിരുവനന്തപുരം: തൃശൂർ, എറണാകുളം, കാസർകോട്‌, കോഴിക്കോട്‌, പത്തനംതിട്ട, വയനാട്‌ ജില്ലകളിൽ 800ലധികം ബസുകൾ ജൂലൈ ഒന്നുമുതൽ നിരത്തിലിറങ്ങില്ല. നികുതി അടയ്‌ക്കാനാവാത്തതിനാലാണിത്‌. റീജണൽ ട്രാൻസ്‌പോർട്ട്‌ ഓഫീസർമാർക്ക്‌ ബസുടമകൾ ജി ഫോം (നിശ്‌ചിത കാലയളവിൽ ബസുകൾ നിരത്തിലിറക്കില്ലെന്ന്‌ മോട്ടോർ വാഹനവകുപ്പിനെ മുൻകൂട്ടി അറിയിക്കൽ) നൽകി.

മൂന്നുമാസത്തെ നികുതി അടയ്‌ക്കാനുള്ള കാലാവധി 30ന്‌ അവസാനിക്കും. നികുതി അടച്ചില്ലെങ്കിൽ ജൂലൈ ഒന്നുമുതൽ ബസുകൾ നിരത്തിലിറക്കുന്നതിൽ നിയമ തടസ്സമുണ്ട്‌. അത്‌ മറികടക്കാനാണ്‌ ജി ഫോം നൽകിയത്‌. 30നകം നികുതി അടയ്‌ക്കുകയോ അധികമായി അനുവദിക്കുന്ന 45 ദിവസത്തിനകം അടയ്‌ക്കുമെന്ന്‌ സർക്കാരിനെ അറിയിക്കുകയോ വേണം. കാലാവധി കഴിഞ്ഞാൽ 10 ശതമാനം പിഴയൊടുക്കണം.

കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ ‘പ്രിയദർശിനി' സൗജന്യയാത്ര തുടങ്ങിയതോടെ സ്വകാര്യബസുകളുടെ വരുമാനം പകുതിയിലധികം കുറഞ്ഞെന്ന് ബസ്സുടമകൾ പറയുന്നു. ഇന്ധനച്ചെലവിനും തൊഴിലാളികളുടെ വേതനത്തിനും പണം കണ്ടെത്താനാകാത്ത സ്ഥിതിയാണ്. കെഎസ്‌ആർടിസി അധികമുള്ള ജില്ലകളിലാണ്‌ സ്ഥിതി രൂക്ഷം. വരുമാനത്തില്‍ ദിവസവും 1000 മുതൽ 6000 രൂപയുടെവരെ കുറവുണ്ടെന്ന് ബസുടമകൾ പറഞ്ഞു.

ഡീസൽ വില കൂട്ടിയതോടെ ട്രിപ്പുകൾ ചുരുക്കിയും ജീവനക്കാരുടെ ശമ്പളം കുറച്ചുമാണ്‌ പിടിച്ചുനിന്നത്‌. 1500 രൂപ വേതനം ലഭിച്ചവർക്ക്‌ 500 –700 രൂപ വരെയേ നൽകുന്നുള്ളൂ. 40,000ലേറെപേർ നേരിട്ടും അതിലിരട്ടിയാളുകള്‍ പരോക്ഷമായും തൊഴിലെടുക്കുന്ന മേഖലയാണിത്‌. തിങ്കളാഴ്‌ച സ്വകാര്യ ബസ്‌ ഓപ്പറേറ്റർമാരും തൊഴിലാളി സംഘടനകളും വയനാട്‌ ജില്ലയിൽ സൂചനാ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.