പ്രഭാത വാർത്തകൾ

2026 | ജൂണ്‍ 16 , ചൊവ്വ 
1201 | മിഥുനം 2, തിരുവാതിര
1447  ദുൽഹിജ്ജ 29
◾  യുഎസും ഇറാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കരാര്‍ വെള്ളിയാഴ്ച. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് എന്നിവര്‍ ഡിജിറ്റലായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ജനീവയില്‍ വച്ച് ഔദ്യോഗികമായി കരാറില്‍ ഒപ്പുവയ്ക്കും. അതിനുശേഷമായിരിക്കും കരാര്‍ നിലവില്‍ വരിക. അതേസമയം ഇറാന്‍-യുഎസ് കരാര്‍ ധാരണയായെങ്കിലും ഇസ്രയേലിന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

◾  ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ദുര്‍ബലമായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പുതിയ കണക്കുകള്‍ പ്രകാരം, ജൂണ്‍ നാലിനും ജൂണ്‍ 15-നും ഇടയില്‍ സാധാരണ ലഭിക്കേണ്ട 53.7 മില്ലീമീറ്റര്‍ മഴയുടെ സ്ഥാനത്ത് ലഭിച്ചത് 19.2 മില്ലീമീറ്റര്‍ മഴ മാത്രമാണ്. രാജ്യത്തുടനീളം 64 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.

◾  എറണാകുളം മലയിടംതുരുത്തിലെ 60 വര്‍ഷത്തോളം നീണ്ടുനിന്ന ഭൂമി തര്‍ക്കത്തിന് ഒടുവില്‍ രമ്യമായ പരിഹാരം. ഇതുസംബന്ധിച്ച ഔദ്യോഗിക ഒത്തുതീര്‍പ്പ് കരാറില്‍ ബന്ധപ്പെട്ട കക്ഷികള്‍ ഒപ്പുവെച്ചു. ഹൈക്കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ദളിത് കുടുംബങ്ങളും ഭൂവുടമകളും സര്‍ക്കാരും തമ്മില്‍ ഈ നിര്‍ണായകമായ ധാരണയിലെത്തിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും, കുന്നത്തുനാട് എം എല്‍ എ വി.പി.സജീന്ദ്രനുമാണ് ധാരണയ്ക്ക് സാക്ഷികളായത്.


◾  യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി ബസുകള്‍ക്ക് മാത്രമാണെന്നും സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ക്ക് ഈ ആനുകൂല്യമില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍, പദ്ധതിയില്‍ ഉള്‍പ്പെട്ടതും ഉള്‍പ്പെടാത്തതുമായ ബസുകളില്‍ യാത്രക്കാര്‍ക്കായി വ്യക്തമായ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

◾  കേരളത്തിലെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനെ അഭിനന്ദിച്ച് എഎപി നേതാവ് അരവിന്ദ് കെജരിവാള്‍. ദില്ലി, പഞ്ചാബ് മാതൃകകള്‍ മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുന്നതില്‍ സന്തോഷമെന്ന് അദ്ദേഹം കുറിച്ചു.

◾  പുരുഷന്മാര്‍ക്ക് സൗജന്യം കൊടുത്താല്‍ പൈസ വീട്ടില്‍ എത്തില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ ബിനീഷ് കോടിയേരി. പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന പ്രസ്താവനകള്‍ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കോടിയേരി പ്രതികരിച്ചു.

◾  കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ഭാഗികമായി നടപ്പാക്കിയത് വലിയ വാഗ്ദാന ലംഘനമാണെന്ന് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പദ്ധതിയുടെ ഉദ്ഘാടനത്തിലെ ചട്ടലംഘനങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു. പദ്ധതി തുടങ്ങുന്നതിന് മുന്നോടിയായി പല ഓര്‍ഡിനറി ബസുകളും സിറ്റി ഫാസ്റ്റുകളാക്കി മാറ്റിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

◾  ഷിഗെല്ല വ്യാപനം തുടരുന്നതിനിടെ തൃശ്ശൂര്‍ മാപ്രാണം സ്വദേശി ഷിഗല്ല രോഗബാധയെ തുടര്‍ന്ന് മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചത്. കൊടകരയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേ ആണ് മരണം സംഭവിച്ചത്. ഇതോടെ ഈ വര്‍ഷം സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 5 ആയി. സംസ്ഥാനത്ത് ഇതുവരെ 135 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോട് ജില്ലയിലാണ്. ഇതിനിടെ കണ്ണൂര്‍ പാനൂരില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മൊകേരി പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാര്‍ഡുകളിലെ 2 കുട്ടികള്‍ക്കാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്.

◾  തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഷന്‍ കാലാവധി വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന ആരോപണം ഉയര്‍ന്ന ഘട്ടത്തിലൊക്കെ നടപടിക്ക് മടിച്ച സി.പി.എം ഒടുവില്‍ ഒടുവില്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടപടിക്ക് തയ്യാറാവുകയായിരുന്നു.

◾  യുഡിഎഫ് സര്‍ക്കാരിന്റെ നിയമനങ്ങളില്‍ ആര്‍എസ്എസ് ബന്ധം ആരോപിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. കഞ്ചാവ് കേസ് പ്രതിയുടെ സഹോദരനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പ്രസ് മീറ്റുകളില്‍ പൂക്കി ടൈപ്പ് വര്‍ത്തമാനങ്ങള്‍ മാത്രമാണുള്ളതെന്നും, നിയമനങ്ങളില്‍ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്ന 'എമ്പോക്കിത്തര'മാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾  കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ച വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടരാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഹനീഷ് നേരിട്ട് ഹാജരായി കോടതിയലക്ഷ്യ നടപടികള്‍ നേരിടണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു.

◾  കാപ്പ കേസില്‍ ജയിലിലായ തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചു. ഒരാഴ്ചക്കകം നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു

◾  ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കിലായതിനാല്‍ മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വരെ സന്ദര്‍ശകരെ കാണാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

◾  ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ. റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തിരുത്ത് വരുത്തിയത്. പുതിയ ഡി എച്ച് എസിന്റെ നിയമന നടപടികള്‍ നടക്കുന്നതിനാല്‍ മാറ്റം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

◾  പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാരിനെതിരെ പരസ്യ പ്രതികരണവുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതി മതേതര വിശ്വാസികള്‍ക്ക് വലിയ രീതിയില്‍ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു.

◾  സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ മുടക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 16 ലക്ഷത്തിലധികം വീട്ടമ്മമാര്‍ക്ക് ലഭിക്കേണ്ട ഏപ്രില്‍, മേയ് മാസങ്ങളിലെ പെന്‍ഷന്‍ ധനവകുപ്പ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇത് പദ്ധതിയെ തകര്‍ക്കാനുള്ള നീക്കമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

◾  വയനാട് വൈപ്പടിയിലെ 85 വയസുകാരി ഫാത്തിമയെ കൊലപ്പെടുത്തിയ 17 വയസുകാരനായ പ്രതി പിടിയില്‍. പണം ചോദിച്ചിട്ട് നല്‍കാത്തതിലുള്ള വിരോധത്തില്‍ ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍ വെച്ച് കഴുത്തില്‍ വള്ളി ചുറ്റി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് 22 ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാന്‍ ആയത്.

◾  രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഡിഎംകെയുടെ ഔദ്യോഗിക മുഖപത്രമായ 'മുരശൊലി'. സംസ്ഥാനങ്ങളില്‍ സഖ്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും സഖ്യകക്ഷികളെ ഐക്യത്തെക്കുറിച്ച് പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യത ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും പത്രം ആരോപിച്ചു.

◾  തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യപ്രഭാത ഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെ വിപുലീകരിക്കാന്‍ തീരുമാനം. സെപ്റ്റംബര്‍ 17ന് പദ്ധതി ഉദ്ഘാടനം എന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു.

◾  നിയമപരമായി പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന് കത്തെഴുതി കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖര്‍ഗെ. രാജ്യത്തെ മറ്റ് സംഘടനകള്‍ക്കെന്ന പോലെ രാഷ്ട്രീയ സ്വയംസേവക് സംഘിനും രജിസ്ട്രേഷന്‍ അനിവാര്യമാണെന്നും സംഘടന നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

◾  കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്കേയ്ക്ക് നേരെ ആക്രമണം. ജയ്പൂരിലെ പ്രതിഷേധത്തിനിടെ ചിലര്‍ അഭിജീതിനെ മര്‍ദിച്ചു. ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്കെ വ്യക്തമാക്കി. എക്സിലാണ് ദീപ്കേ പ്രതികരണമറിയിച്ചിരിക്കുന്നത്.

◾  മൈസൂരുവിലെ പബ്ബിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. 7 പേര്‍ക്ക് പരിക്കേറ്റു. ആര്‍ടി നഗര്‍ ദത്തഗള്ളിയിലെ പ്രശസ്തമായ ഫോക്സ് ഡെന്‍ ലിഖര്‍ ഗാരേജ് എന്ന പബ്ബിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം. അപകടത്തില്‍ ഡാര്‍ജിലിംഗ് സ്വദേശി സഹീന്‍, നേപ്പാള്‍ സ്വദേശി പ്രകാശ് എന്നിവരാണ് മരിച്ചത്. പബ്ബിലെ ജീവനക്കാരാണ് ഇരുവരും.

◾  ദില്ലിയില്‍ മണിക്കൂറില്‍ 92 കിലോമീറ്റര്‍ വേഗതയില്‍ പൊടിക്കാറ്റ് ആഞ്ഞടിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥ വിമാന സര്‍വ്വീസുകളെയും ബാധിച്ചിട്ടുണ്ട്.

◾  തൃണമൂല്‍ കോണ്‍ഗ്രസിലെ 20 വിമത ലോക്സഭാ എംപിമാര്‍ 'നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ' എന്ന പാര്‍ട്ടിയില്‍ ലയിച്ചതായുള്ള പ്രഖ്യാപനത്തിന് പിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന് കോണ്‍ഗ്രസ്. ഇത് നിയമവിരുദ്ധമായ കൂറുമാറ്റമാണെന്നും അമിത് ഷായാണ് ഇതിന്റെ സൂത്രധാരനെന്നും അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി പദവിക്ക് തികഞ്ഞ അപമാനമാണെന്നും ലജ്ജയില്ലാത്ത രീതിയില്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പുതിയ താഴ്ചകളിലേക്ക് അമിത് ഷാ എത്തിച്ചിരിക്കുയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി.

◾  സ്ലൊവാക്യന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. എഐ, സൈബര്‍ രംഗങ്ങളിലടക്കം സഹകരണം ഉറപ്പാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. സ്ലൊവാക്യയിലെ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച മോദി, ഇതുവഴി ഇരുരാജ്യങ്ങളുടെ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

◾  സമാധാന ഉടമ്പടി ഔദ്യോഗികമായി ഒപ്പിടുന്നതുവരെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്ന് യുഎസ് സൈന്യം. ഔദ്യോഗിക ചടങ്ങ് കഴിയുന്നതുവരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമെന്നും അനുമതിയില്ലാതെ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കരുതെന്നും യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.

◾  അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണ് 8 കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനമാണ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്സ് വ്യോമസേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്.

◾  ത്രിരാഷ്ട്ര പരമ്പരയില്‍ ശ്രീലങ്ക എക്കെതിരെ ഇന്ത്യ എക്ക് 7 റണ്‍സിന്റെ നാടകീയ തോല്‍വി. ഇരു ടീമുകളും 265 റണ്‍സ് വീതമെടുത്ത് ടൈ ആയ മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ശ്രീലങ്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.2 ഓവറില്‍ 265 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ശ്രീലങ്കയും 265 റണ്‍സിന് ഓള്‍ ഔട്ടായി. സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക 16 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 9 റണ്‍സ്മാത്രമെടുക്കാനേ സാധിച്ചുള്ളൂ. അത്യന്തം വാശിയേറിയ മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശിയും ശ്രീലങ്കന്‍ താരവും തമ്മില്‍ കയ്യാങ്കളിയിലേക്ക് എത്തുന്നതടക്കമുള്ള നാടകീയതകളും അരങ്ങേറി.

◾  ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എച്ചില്‍ നടന്ന മത്സരത്തില്‍ ശക്തരായ സ്‌പെയിനിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടി ആദ്യമായി ലോകകപ്പിനെത്തിയ കേപ് വെര്‍ദെ. സ്പാനിഷ് നിരയെ പ്രതിരോധക്കോട്ട കെട്ടി തടഞ്ഞ കേപ് വെര്‍ദെ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയന്റും സ്വന്തമാക്കി.

◾  ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ സമനിലയില്‍ പിടിച്ച് ഈജിപ്ത്. ഓരോ ഗോള്‍ വീതമടിച്ച മത്സരത്തിന്റെ  20-ാം മിനിറ്റില്‍ ഈമാം അഷൂറിന്റെ കിടിലന്‍ ഗോളില്‍ മുന്നിലെത്തിയ ഈജിപ്തിനെതിരേ 66-ാം മിനിറ്റില്‍ ഈജിപ്ത് താരം മുഹമ്മദ് ഹാനിയിലൂടെ ലഭിച്ച സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം സമനില പിടിച്ച് രക്ഷപ്പെട്ടത്.

◾  2026 മെയ് മാസത്തില്‍ മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ ഇക്വിറ്റി നിക്ഷേപത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സജീവമായി കൈകാര്യം ചെയ്യപ്പെടുന്ന ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള നിക്ഷേപം ഏപ്രിലിലെ 38,440.20 കോടി രൂപയില്‍ നിന്ന് 40.4 ശതമാനം ഇടിഞ്ഞ് 22,907.77 കോടി രൂപയിലെത്തി. ഇത് 2026-ലെ ഏറ്റവും കുറഞ്ഞ പ്രതിമാസ നിക്ഷേപമാണ്. എല്ലാ വിഭാഗങ്ങളിലും ഈ തളര്‍ച്ച പ്രകടമാണ്. ലാര്‍ജ്-ക്യാപ് ഫണ്ടുകളില്‍ 36.9 ശതമാനവും മിഡ്-ക്യാപ് ഫണ്ടുകളില്‍ 33.1 ശതമാനവും സ്മോള്‍-ക്യാപ് ഫണ്ടുകളില്‍ 28.2 ശതമാനവും നിക്ഷേപം കുറഞ്ഞു. ഫ്ലെക്സി-ക്യാപ് ഫണ്ടുകളില്‍ 49 ശതമാനവും സെക്ടറല്‍/തീമാറ്റിക് ഫണ്ടുകളില്‍ 66.8 ശതമാനവും വലിയ ഇടിവാണുണ്ടായത്. 2024 സെപ്റ്റംബറിലെ പീക്കിന് ശേഷം വിപണിയില്‍ വലിയൊരു മുന്നേറ്റം ഇല്ലാത്തത് വ്യക്തിഗത നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാമെങ്കിലും, ക്ഷമയോടെയുള്ള കാത്തിരിപ്പാണ് വേണ്ടത്.

◾  ഇന്റര്‍നെറ്റ് വേഗം കൂട്ടാന്‍ ക്രോമിലെ മറഞ്ഞിരിക്കുന്ന ഈ സവിശേഷത ഓണാക്കിയാല്‍ മതി. ബ്രൗസിങ് വേഗം കൂട്ടുന്ന എല്ലാ ഫീച്ചറുകളെയും അപേക്ഷിച്ച് സെറ്റിങ്സില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഒന്നാണ് പ്രീലോഡ് പേജുകള്‍. ഈ ഫീച്ചറിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ഒരു വെബ്സൈറ്റ് തുറക്കുമ്പോള്‍, അടുത്തതായി ഏത് വെബ് പേജുകളിലേക്കാണ് പോകാന്‍ സാധ്യതയുള്ളതെന്ന് ക്രോം മുന്‍കൂട്ടി കണക്കാക്കുകയും അവ ബാക്ക്ഗ്രൗണ്ടില്‍ പ്രീലോഡ് ചെയ്ത് വെക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനരീതി. എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് പ്രയോജനപ്പെടുത്താനായി ക്രോം തുറന്ന് സെറ്റിങ്സിലേക്ക് പോയി പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി ക്ലിക്ക് ചെയ്യുക. പ്രീലോഡ് പേജുകള്‍ തെരഞ്ഞെടുക്കുക. അതിനുശേഷം എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

◾  രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭാസ്‌കരഭരണം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'റെയ്സ് ഓഫ് നാഗ' എന്ന പേരിലാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. പുള്ളുവന്‍ പാട്ടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍ കെ നാരായണ്‍, ആലപിച്ചത് ഫൗസിയ വില്ലോ എന്നിവരാണ്. ഗോഡ്വിന്‍ തോമസ് ആണ് ഗാനത്തിന് ഈണം പകര്‍ന്നത്. ചിത്രം ജൂണ്‍ 26 ന് ആഗോള റിലീസായി എത്തും. സ്ഫടികം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പക്കാലം അഭിനയിച്ച രൂപേഷ് പീതാംബരന്‍, തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഭാസ്‌കരഭരണം. ഒരു ഡാര്‍ക്ക് കോമഡി ത്രില്ലര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. സോണിക മീനാക്ഷി, അജയ് പവിത്രന്‍, മിഥുന്‍ എം ദാസ്, പാര്‍വ്വതി കളരിക്കല്‍, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രന്‍, ശരത് വിജയ്, ജിഷ്ണു മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

◾  അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രമായ 'നാഗബന്ധം' 2026, ജൂലൈ 3 ന് ആഗോള റിലീസായി എത്തും. വിരാട് കര്‍ണ്ണ നായകനായി എത്തുന്ന ചിത്രത്തില്‍ നഭാ നടേഷ്, ഐശ്വര്യ മേനോന്‍, ദക്ഷ നാഗര്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശര്‍മ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ പ്രമോഷണല്‍ കാമ്പെയ്‌നിന്റെ ഭാഗമായി നാഗബന്ധം ടീം ഹൈദരാബാദില്‍ അനന്ത പത്മനാഭ സ്വാമി രഥയാത്ര ആരംഭിച്ചു. ബ്രഹ്‌മാണ്ഡ നിര്‍മ്മാണ സ്‌കെയിലും ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാന്‍-ഇന്ത്യന്‍ കാഴ്ചയായി ആണ് ചിത്രം എത്തുക. പുരാതന രഹസ്യങ്ങള്‍, മറഞ്ഞിരിക്കുന്ന നിധികള്‍, ദിവ്യശക്തികള്‍, മറന്നുപോയ ഇതിഹാസങ്ങള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ആണ് ചിത്രം കഥ പറയുന്നത്. ചിത്രത്തിന്റെ വിദേശ റിലീസ് സ്വന്തമാക്കിയത് സീ സ്റ്റുഡിയോസ് ആണ്.

◾  നാലാം തലമുറ ഹ്യുണ്ടായി ഐ20 എത്തി. ആറ് വകഭേദങ്ങളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ക്രോസ്ഓവറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ ശൈലിയാണ് ഹാച്ച്ബാക്കില്‍ ഇപ്പോള്‍ ഉള്ളത്. ബ്രസീല്‍-സ്പെക്ക് ഐ20 1.0ലി എംപിഐ നാച്ചുറലി ആസ്പിറേറ്റഡ് ഫ്ലെക്സ് പെട്രോള്‍ എഞ്ചിനാണ് നല്‍കുന്നത്, ഇത് 115 ബിഎച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍, പുതിയ ഐ20 നിലവിലുള്ള 1.2ലി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0ലി ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാന്‍ഡിന്റെ പുതിയ കെ3 പ്ലാറ്റ്‌ഫോം ഹൈബ്രിഡ് പവര്‍ട്രെയിനുകളെ പിന്തുണയ്ക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, ഇത് ഭാവിയിലേക്കുള്ള സാധ്യത തുറന്നിടുന്നു. നിരവധി നൂതന സുരക്ഷാ സവിശേഷതകളാണ് പുതിയ ഐ20യില്‍ ഹ്യുണ്ടായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

◾  കുമ്മിണി എന്ന പെണ്‍കിടാവിലൂടെ ഒരു ഗ്രാമത്തിന്റെ സ്വച്ഛസുഭഗമായ കഥ പറയുകയാണ് ഈ നോവലിലൂടെ നിവേദിത. പ്രഭാതത്തില്‍ ഒരു വയല്‍വരമ്പിലൂടെ നടക്കുന്ന അനുഭവം. കാലില്‍, മഞ്ഞില്‍ നനഞ്ഞ പുല്ലോലകളുടെ തലോടല്‍. ഇളംകാറ്റ് വീശുന്നു, കിളികള്‍ പാടുന്നു. ഇത് കേരളമാണ് എന്ന തോന്നലുണ്ടാക്കുന്നു. മുത്തശ്ശിയിലൂടെ ഒരു പെണ്‍കുട്ടിയുടെ ഒടുങ്ങാത്ത ആകാംക്ഷകളുടെ ചുരുളഴിയുന്നു. കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന ഹൃദ്യമായ നോവല്‍. പുതുതലമുറക്കാര്‍ക്ക് അന്യമായ ഗ്രാമീണ ജീവിതത്തിലേക്ക് വിരല്‍ പിടിച്ചു നടത്തുന്ന, അടിതെളിഞ്ഞ ഭാഷയില്‍, അതീവ സുന്ദരമായ ശൈലിയില്‍ എഴുതപ്പെട്ട ഒരു കൊച്ചുനോവല്‍. 'കുമ്മിണിക്കാലം'. നിവേദിത അരുണ്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 170 രൂപ.

◾  ദിവസേന കുറച്ചു മുടി കൊഴിയുന്നത് സ്വാഭാവികമാണെങ്കിലും വിട്ടുമാറാത്ത മുടി കൊഴിച്ചില്‍ മുടിയുടെ ഉള്ളും കട്ടിയും കുറയ്ക്കും. അമിതമായ സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, രാസവസ്തുക്കള്‍ അടങ്ങിയ ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍, ഉറക്കമില്ലായ്മ എന്നിവയെല്ലാം മുടി കനംകുറയാന്‍ കാരണമാകുന്നു. ഭക്ഷണത്തില്‍ പ്രോട്ടീന്‍, അയണ്‍, സിങ്ക്, വിറ്റാമിന്‍ ഡി, ഫോളിക് ആസിഡ് എന്നിവയുടെ കുറവുണ്ടായാല്‍ അത് മുടിയുടെ വേരുകളെ ഇല്ലാതാക്കും. അതിനാല്‍ മുട്ട, പരിപ്പ് വര്‍ഗ്ഗങ്ങള്‍, ചീര, ക്യാരറ്റ്, പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിലപ്പോള്‍ ഭക്ഷണത്തിലൂടെ മാത്രം മുടിക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ബയോട്ടിന്‍, കൊളാജന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, സി സപ്ലിമെന്റുകള്‍ എന്നിവ കഴിക്കുന്നത് മുടി വളര്‍ച്ചയെ സഹായിക്കും. അമിതമായ മാനസിക സമ്മര്‍ദ്ദം മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയും മുടി കൊഴിയലിന് കാരണമാവുകയും ചെയ്യും. പതിവായി ഹെഡ് മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടിയുടെ വേരുകളിലേക്ക് ഓക്സിജനും പോഷകങ്ങളും കൃത്യമായി എത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് അനുയോജ്യമായ എണ്ണകള്‍ തിരഞ്ഞെടുക്കണം. വീര്യം കൂടിയ ഷാംപൂകള്‍, അടിക്കടിയുള്ള ഹെയര്‍ കളറിംഗ്, സ്മൂത്തനിംഗ്, ബോടോക്സ് ട്രീറ്റ്മെന്റുകള്‍, അമിതമായ ഹീറ്റ് സ്റ്റൈലിംഗ് എന്നിവ ഒഴിവാക്കുക. ഇവ മുടിയുടെ സ്വാഭാവിക പ്രോട്ടീന്‍ ഘടനയെ നശിപ്പിക്കുകയും മുടി പെട്ടെന്ന് പൊട്ടിപ്പോകുന്നതിനും ഉള്ളു കുറയുന്നതിനും കാരണമാവുകയും ചെയ്യും.

*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിടത്ത് ഒരു കര്‍ഷകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പാടത്ത് വിളവെടുക്കാറായപ്പോള്‍ കിളികളുടെ ശല്യം വര്‍ദ്ധിച്ചു. കെണിയൊരുക്കി കിളികളെ പിടിക്കാന്‍ കര്‍ഷകന്‍ തീരുമാനിച്ചു. അദ്ദേഹം  പാടത്ത് അങ്ങിങ്ങായി വല വിരിച്ചു. അടുത്ത ദിവസം രാവിലെ പാടത്തു വന്നു നോക്കിയപ്പോള്‍ വലയില്‍ ധാരാളം കിളികള്‍ പെട്ടിരിക്കുന്നതായി കണ്ടു. കൂട്ടത്തില്‍ ഒരു കൊക്കും. കര്‍ഷകനെ കണ്ടയുടനെ കൊക്ക്  പറഞ്ഞു : 'എന്നെ രക്ഷിക്കണേ! ഞാന്‍ അബദ്ധത്തില്‍ വന്നുപെട്ടതാണ്. അങ്ങയുടെ ഒരു ധാന്യമണി പോലും ഞാന്‍ കഴിക്കാറില്ല. ഞാന്‍ മീന്‍ പിടിക്കാന്‍ വന്നതായിരുന്നു. കിളികളോട് ചങ്ങാത്തം കൂടി ഞാന്‍ ഈ വലയില്‍ പെട്ടുപോയതാണ്.' അപ്പോള്‍ കര്‍ഷകന്‍ കൊക്കിനോട് പറഞ്ഞു : 'കിളികള്‍ പിടിക്കപ്പെട്ടത് ധാന്യക്കതിര്‍ കഴിച്ചതിന്റെ പേരിലാണെങ്കില്‍ നീ പിടിക്കപ്പെട്ടത് ഈ കിളികളോട് ചങ്ങാത്തം കൂടിയതിന്റെ പേരിലാണ്.' നമ്മോട് അടുത്തിടപഴകുന്നവരുടെ ചിന്തകളും പ്രവര്‍ത്തികളും നമ്മില്‍ സ്വാധീനം ചെലുത്തും.  സുഹൃത്തുക്കളുടെ ഇഷ്ടങ്ങള്‍ക്കും ശീലങ്ങള്‍ക്കുമൊപ്പം നീങ്ങിയില്ലെങ്കില്‍ അവര്‍ നമ്മെ പുറത്താക്കിയേക്കാം. ഈയൊരു ഭയമാണ് നമ്മുടെ ആത്മാഭിമാനം പോലും നഷ്ടപ്പെടുത്തി അത്തരം ബന്ധങ്ങള്‍ തുടരാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. പരീക്ഷിച്ചറിഞ്ഞേ ഒരു സുഹൃത്തിനെ സ്വീകരിക്കാവൂ. നല്ലൊരു സുഹൃത്ത് എന്നും നമുക്കൊരു വഴികാട്ടിയായിരിക്കും. നിങ്ങള്‍ ഒരു പരുന്താകാന്‍ ആണ് ആഗ്രഹിക്കുന്നതെങ്കില്‍ കോഴിക്കുഞ്ഞുങ്ങള്‍ക്കൊപ്പം കറങ്ങി നടക്കരുത്. കാരണം എത്ര തന്നെ ഉയരത്തില്‍ പറക്കാന്‍ നിങ്ങള്‍ ആഗ്രഹിച്ചാലും അവര്‍ നിങ്ങളെ പിടിച്ചുവലിച്ചു കൊണ്ടേയിരിക്കും. അകപ്പെട്ടുപോകുന്ന ചില ചങ്ങാത്തങ്ങളാണ് നമ്മെ നാശത്തിലേക്ക് നയിക്കുന്നത്.ശുഭദിനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍