കൊയിലാണ്ടി ദേശീയപാത ബൈപ്പാസിൽ ആശുപത്രി മാലിന്യം തള്ളാൻ ശ്രമം; രണ്ട് പേർ പിടിയിൽ
കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാത ബൈപ്പാസിൽ പന്തലായനി ഭാഗത്ത് ആശുപത്രി മാലിന്യം അനധികൃതമായി തള്ളാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേരെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 3.15 ഓടെയായിരുന്നു സംഭവം.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് മാലിന്യവുമായി പോയ വാഹനം കുറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചെത്തിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് സംശയം തോന്നുകയും ഉടൻ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്ത് മാലിന്യം തള്ളുമ്പോഴാണ് പിടിക്കപ്പെട്ടത്. ഇത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യമാണെന്ന് പ്രതികൾ പറഞ്ഞു.
തുടർന്നുള്ള അന്വേഷണത്തിൽ മാലിന്യവാഹനത്തിന് മുന്നിൽ എസ്കോർട്ടായി സഞ്ചരിച്ചിരുന്ന വാനിന്റെ രജിസ്ട്രേഷൻ നമ്പർ പരിശോധിച്ചപ്പോൾ അത് വ്യാജ ബുള്ളറ്റ് നമ്പറാണെന്ന് പോലീസ് കണ്ടെത്തി.
ഗ്രേഡ് എസ്.ഐ ബിന്ദു, ഡ്രൈവർ ഗംഗേഷ്, ഹോംഗാർഡ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹനം തടഞ്ഞ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
