സ്കൂളിന് സമീപത്തെ അനധികൃത പാർക്കിംഗ് വിദ്യാർത്ഥികളുടെ കാൽനടയാത്ര ദുരിതത്തിലാക്കുന്നു; അപകടസാധ്യതയേറുന്നു.
താമരശ്ശേരി: കോരങ്ങാട് ഗവ. ഹൈസ്കൂളിന് സമീപം റോഡരികിലെ നിയമം ലംഘിച്ചുള്ള ലോറികളുടെ പാർക്കിംഗ് വിദ്യാർത്ഥികളുടെ ജീവന് ഭീഷണിയാകുന്നു. റോഡരികിൽ ലോറികൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് മൂലം കുട്ടികൾക്ക് പ്രധാന റോഡിലൂടെ നടക്കേണ്ടി വരികയാണ്. ഇത് വലിയ രീതിയിലുള്ള വാഹന അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാരും രക്ഷിതാക്കളും ആശങ്കപ്പെടുന്നു.
ഇതിനുപുറമേ, സ്കൂൾ കോമ്പൗണ്ടിലെ വെള്ളം ഗ്രൗണ്ട് വഴി നടപ്പാതയിലേക്ക് ഒഴുകിയെത്തുന്നതിനാൽ നിലവിലുള്ള നടപ്പാതയും മഴക്കാലത്ത് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.
മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ തിരക്കേറിയ പ്രധാന റോഡിലൂടെയുള്ള ഇവരുടെ യാത്ര അതീവ അപകടകരമാണ്. സ്കൂൾ അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി ഇടപെട്ട് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നും, വിദ്യാർത്ഥികളുടെ കാൽനടയാത്ര സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
