പ്രഭാത വാർത്തകൾ

2026  ജൂണ്‍ 30 , ചൊവ്വ 
1201  മിഥുനം 16, പൂരാടം
1448  മുഹർറം 14

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.എസ് പ്രശാന്തിനേയും ഭരണസമിതിയേയും പ്രതികളാക്കി. 2025 ലെ സ്വര്‍ണക്കൊള്ളയിലാണ് പ്രതി ചേര്‍ത്തത്. തന്ത്രി കണ്ഠര് രാജീവര്, ഉണ്ണികൃഷ്ണന്‍ പോറ്റി, സ്വര്‍ണവ്യാപാരി പങ്കജ് ഭണ്ഡാരി എന്നിവരും പ്രതികളാണ്. 2019 ലെ ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് 2025 ലേത്. വിജയ് മല്യ സ്വര്‍ണ്ണം പൊതിയാന്‍ നല്‍കിയ സ്വര്‍ണ്ണപ്പാളികളില്‍ നിന്ന് കിലോക്കണക്കിന് സ്വര്‍ണ്ണം സ്ട്രിപ്പിങ് സൊല്യൂഷന്‍ ഉപയോഗിച്ച് വേര്‍തിരിച്ചെടുത്ത് കടത്തിയെന്നാണു കണ്ടെത്തല്‍.

◾  തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി- യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കാപ്പാ കേസില്‍ ജയിലിലുള്ള ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തിനിടെ അജണ്ടകള്‍ പാസാക്കിയെന്നു മേയര്‍ വി.വി. രാജേഷ് വിളിച്ചുപറഞ്ഞ് കൗണ്‍സില്‍ യോഗം പിരിഞ്ഞു. ഇതിനു പിറകേ, യുഡിഎഫ് അംഗങ്ങള്‍ ഒപ്പുവയ്ക്കുന്നതിനിടെ ഹാജര്‍ പുസ്തകം ബിജെപി അംഗങ്ങള്‍ ബലമായി പിടിച്ചുപറിച്ചു. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കോണ്‍ഗ്രസ് വനിതാ അംഗത്തെ ബിജെപി അംഗം ചെമ്പഴന്തി ഉദയന്‍ കൈയേറ്റം ചെയ്തു.

◾  സംസ്ഥാനത്ത് നികുതിഘടന പുനസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. നികുതിച്ചോര്‍ച്ച തടയും. ആരും എന്തും കൊണ്ടുവന്ന് വില്‍ക്കാന്‍ അനുവദിക്കില്ല. നികുതി തട്ടിപ്പ് നടത്തുന്ന കള്ള കച്ചവടക്കാരോട് ക്ഷമിക്കില്ലെന്നും ടാക്സ് ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


◾  ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. ലോഡ് ഷെഡ്ഡിങ് വിവരം ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണം. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ മണ്‍സൂണ്‍ ശക്തിപ്പെടുമ്പോള്‍ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷന്‍ ആവശ്യപ്പെട്ടു.

◾  സഹകരണ മേഖലയില്‍ വിമാന കമ്പനി തുടങ്ങാന്‍ കോ കേരള. പുതിയ വിമാന സര്‍വീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അറിയിച്ചു. ആദ്യം വാടകയ്ക്കെടുത്ത വിമാനവുമായി രണ്ട് സര്‍വീസുകളാണ് തുടങ്ങുക. 200 സംഘങ്ങള്‍ രണ്ടു കോടി രൂപ വീതം മുടക്കും. സര്‍ക്കാറിന് ചെലവില്ല. മുഖ്യമന്ത്രി ചെയര്‍മാനും സഹകരണ മന്ത്രി വൈസ് ചെയര്‍മാനുമാകുമെന്നും സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

◾  തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം വിശദമായ വാദം കേള്‍ക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. ജാമ്യം കിട്ടിയ ഒന്‍പതാം പ്രതി ഹരീഷ് കുമാറിന് കോടതി നോട്ടീസ് അയച്ചു. 27 ദിവസം കസ്റ്റഡിയിലുണ്ടായിട്ടും ഒന്‍പതാം പ്രതിയെ എന്തുകൊണ്ട് കസ്റ്റഡിയില്‍ ചോദിച്ചില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

◾  ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സെല്‍ഫ് എന്യുമറേഷന്‍ നടപടികള്‍ക്ക് ഇന്നു കൂടി അവസരം. മൊബൈല്‍ ഫോണിലൂടെ സെന്‍സസ് വെബ്സൈറ്റിലൂടെ വിവരങ്ങള്‍ നല്‍കാം. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്തശേഷം ലഭിക്കുന്ന നമ്പര്‍ പിന്നീടു സെന്‍സസിനായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കു നല്‍കണം.

◾  ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന പാര്‍ലറുകള്‍ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിയുടെ വേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഇന്നലെ വരെ 4146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ ലഹരിക്കേസുകളിലായി 4471 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

◾  ആലപ്പുഴ തീരദേശത്തെ കരിമണല്‍ ഖനനമോ സ്വകാര്യവല്‍ക്കരണമോ സംസ്ഥാന സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ നീക്കമുണ്ടായെങ്കിലും, യുഡിഎഫ് സര്‍ക്കാര്‍ അത്തരം പദ്ധതികളുമായി മുന്നോട്ടുപോകില്ല. ബജറ്റിലെ 'റെയര്‍ എര്‍ത്ത് ആന്‍ഡ് ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍' നിര്‍ദ്ദേശം സ്വകാര്യവത്കരണമല്ലെന്നും വ്യവസായ വകുപ്പ് മന്ത്രി വിശദീകരിച്ചു.

◾  സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരത്തില്‍ ഒരാഴ്ചക്കകം നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. നഴ്സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണം. മിനിമം വേതനം നിയമം നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കെട്ടിടങ്ങള്‍ ഉണ്ടെങ്കിലും സൗകര്യം കുറവാണെന്നും പല കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് പോലും ഇല്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

◾  യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി  സാധാരണക്കാരായ സ്ത്രീകളുടെ കുടുംബ ബജറ്റിനെ സഹായിച്ചെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കെഎസ്ആര്‍ടിസിയില്‍ സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. പ്രതിദിനം 10 ലക്ഷം സ്ത്രീകള്‍ യാത്ര ചെയ്തിരുന്ന സ്ഥാനത്ത്  15 ലക്ഷമായി ഉയര്‍ന്നു. അതേസമയം കെഎസ്ആര്‍ടിസിക്ക് ദിനംപ്രതി രണ്ടര കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.  

◾  സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ വീണ്ടും ശക്തമാകുന്നു. അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് മഴ കനക്കാന്‍ കാരണമെന്നും വരും ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾  തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ കയ്യാങ്കളിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസ്. ബിജെപി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയനാണ് കേസില്‍ ഒന്നാംപ്രതി. ഗിരി, പാപ്പനംകോട് സജി, വയല്‍ക്കര രതീഷ് എന്നിവരും പ്രതികളാണ്. യുഡിഎഫിലെ വനിതാ കൗണ്‍സിലര്‍മാരായ ഷെര്‍ലി, അനിത അലക്സ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

◾  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭയാണു തീരുമാനിച്ചതെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെഎം ഷാജി. എന്‍ ശേഷാദ്രിനാഥന്‍ മുന്‍ എസ്എഫ്ഐക്കാരനും നിലവില്‍ സംഘപരിവാര്‍ ബന്ധുവുമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.

◾  വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മൂന്നു തൊഴിലാളികളെ കടലില്‍ കാണാതായി. വെട്ടുകാട് സ്വദേശികളായ റോബിന്‍സണ്‍ (55, ജോര്‍ജ്ജ് വില്യം), സനു(45), വലിയവേളി സ്വദേശി ബാബു(40) എന്നിവരെയാണ് കാണാതായത്. ലിബിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തില്‍ 28ന് വൈകിട്ട് 3ഓടെ കടലില്‍ പോയ ഇവര്‍ ഇന്നലെ രാവിലെ ആറോടെ തിരികെ എത്തേണ്ടതായിരുന്നു.

◾  സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് കണ്ണൂരില്‍ രണ്ടു പേര്‍ മരിച്ചു. ഒമ്പതു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല ബാധിച്ചു. കോഴിക്കോട് നാല് പേര്‍ക്കും മലപ്പുറത്ത് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

◾  സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് സംഘര്‍ഷമുണ്ടാക്കിയെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍ അറസ്റ്റില്‍. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നു മടങ്ങുന്നതിനിടെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്.

◾  നടിക്കെതിരായ ലൈംഗികാധിക്ഷേപത്തില്‍ ബോബി ചെമ്മണ്ണൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയ കുറിപ്പിലൂടെ മാപ്പു പറഞ്ഞു. മനപൂര്‍വം ആരേയും വേദനിപ്പിക്കാനോ മോശമായി ചിത്രീകരിക്കാനോ ശ്രമിച്ചിട്ടില്ല. തന്റെ വാക്കുകള്‍ നടിയേയും കുടുംബത്തേയും വേദനപ്പിച്ചതില്‍ ഖേദം അറിയിക്കുന്നു. മാപ്പ് പരിഗണിച്ച് കേസ് പിന്‍വലിക്കുമെന്ന് കരുതുന്നുവെന്നും വ്യവസായി ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. കേസെടുത്ത് ഒന്നരവര്‍ഷത്തിനു ശേഷമാണ് ഖേദപ്രകടനം.

◾  ചമ്പക്കുളം ജലമേളയില്‍ അരോമ ചുണ്ടനു കിരീടം. നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനവും നടുവിലെ പറമ്പന്‍ മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് കൂടുതല്‍ മികച്ച രീതിയില്‍ നടത്തുമെന്ന് ജലമേളയുടെ വേദിയില്‍ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് പ്രഖ്യാപിച്ചു.

◾  അനില്‍ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കും. ഇന്നു രാജി സമര്‍പ്പിക്കും. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജി.

◾  കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. ജാമ്യഹര്‍ജി ജൂലൈ മൂന്നിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.

◾  ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതി ചേര്‍ത്തത് ഗൂഢാലോചനയാണെന്ന് ദേവസ്വം  മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ഉണ്ണികൃഷ്ണന്‍ പോറ്റി കള്ളം പറഞ്ഞതില്‍ ഗൂഢാലോചനയുണ്ട്. തന്നെ പ്രതിയാക്കിയതില്‍ രാഷ്ട്രീയപരമായ ഇടപെടലുണ്ടെന്നും കെ മുരളീധരന്‍ കത്തു കൊടുത്തത് അതിനു തെളിവാണെന്നും പ്രശാന്ത് ആരോപിച്ചു.

◾  പത്തനംതിട്ട ചിറ്റാറിലെ സന്ദീപിനെ അടുപ്പമുണ്ടായിരുന്ന വിവാഹിതയായ യുവതിയുടെ അച്ഛനും കൂട്ടുകാരനും ചേര്‍ന്നു കൊലപ്പെടുത്തിയതാണെന്നു പോലീസ്. അട്ടത്തോട് സ്വദേശി കൃഷ്ണന്‍കുട്ടി, സുഹൃത്ത് ഗോപി എന്നിവരാണ് പ്രതികള്‍. ഇരുവരും കസ്റ്റഡിയിലാണ്. മര്‍ദ്ദനമേറ്റാണു മരിച്ചതെന്ന് പോസ്റ്റുമോട്ടത്തില്‍ കണ്ടെത്തിയിരുന്നു.

◾  ക്രിക്കറ്റ് പരിശീലനത്തിനു വന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് പരിശീലകനായ പ്രതി വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനു (40) നാലാമത്തെ കേസിലും കുറ്റക്കാരന്‍. 28 വര്‍ഷം കഠിനതടവും 54,000 രൂപ  പിഴയ്ക്കുമാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ഫലത്തില്‍ ഏഴ് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. മൂന്ന് കേസിലെയും ശിക്ഷ കാലാവധിക്ക് ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കൂ.

◾  പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ക്കു കള്ള് വിറ്റ കള്ളുഷാപ്പ് ജീവനക്കാരനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു.  കോക്കൂരിലെ കള്ളുഷാപ്പ് ജീവനക്കാരനായ കടവല്ലൂര്‍ സ്വദേശി കുന്നത്ത് ഞാലില്‍ സജീവിനെ (60) ആണ് അറസ്റ്റു ചെയ്തത്.

◾  കോഴിക്കോട് പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ബാലുശ്ശേരി നടുവണ്ണൂര്‍ സ്വദേശിയായ അദ്നാനെ താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു.

◾  അയോധ്യ രാമക്ഷേത്രത്തിലെ തട്ടിപ്പിനെക്കുറിച്ച് മൂന്നു മാസം മുന്‍പ് ട്രസ്റ്റിനെ വിവരം അറിയിച്ചിരുന്നെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജീവനക്കാരെ മാറ്റണമെന്നു നിര്‍ദേശിച്ചു. ഭണ്ഡാരപ്പെട്ടിയിലെ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സ്വകാര്യ ഏജന്‍സി വഴി പുറത്തുനിന്നുള്ളവരെയും നിയോഗിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയും അനില്‍ മിശ്രയും ഇടപെട്ടതിനാല്‍ ജീവനക്കാരെ മാറ്റിയല്ലെന്നു ബാങ്ക് അധികൃതര്‍ പൊലീസിനു മൊഴി നല്‍കി.

◾  അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കക്കൊള്ളയില്‍ പ്രതികളായവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് ഫൈസാബാദ് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരില്‍നിന്ന് അഞ്ചുലക്ഷം രൂപ പിഴ ഈടാക്കാനാണ് ബാര്‍ അസോസിയേഷന്റെ ജനറല്‍ബോഡി തീരുമാനിച്ചത്.

◾  സിബിഎസ്ഇ ത്രിഭാഷാ നയത്തില്‍ ഇളവു വരുത്തി. പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ക്കു മൂന്നു ഭാഷാനയം പിന്തുടരേണ്ടതില്ല. 7, 8, 9 ക്ലാസുകളില്‍ പഠിക്കുന്നവര്‍ പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ മൂന്നാമത്തെ ഭാഷയ്ക്കു പരീക്ഷ എഴുതേണ്ടതില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

◾  പെട്രോള്‍-ഡീസല്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഇന്ന് അര്‍ധരാത്രിയോടെ പിന്‍വലിക്കും. ഒരു വാഹനത്തിനോ ഉപഭോക്താവിനോ പ്രതിദിനം 200 ലിറ്റര്‍ ഡീസല്‍ മാത്രമേ നല്‍കാവൂവെന്ന നിയന്ത്രണവും റദ്ദാക്കി. വ്യവസായ, വാണിജ്യ, സ്ഥാപന ഉപഭോക്താക്കള്‍ നിശ്ചിത കണ്‍സ്യൂമര്‍ പമ്പുകളില്‍ നിന്ന് ഇന്ധനം വാങ്ങണമെന്ന നിര്‍ദേശവും പിന്‍വലിക്കും.

◾  ടെലഗ്രാഫ് മുന്‍ എഡിറ്ററും മലയാളിയുമായ ആര്‍. രാജഗോപാലിന്റെ പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ കേസ് വിദേശികളെ നാടുകടത്തുന്നതിനുള്ള സെക്യൂരിറ്റി കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ  പരിഗണനയ്ക്കു വിട്ടെന്ന് റിപ്പോര്‍ട്ട്. കൊല്‍ക്കത്ത പോലീസിന്റെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ഉദ്ധരിച്ച് ഓപ്പണ്‍ മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കണമെന്നും പാസ്പോര്‍ട്ട് പുതുക്കാന്‍ വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രിക്ക് കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ കത്തയച്ചു.  

◾  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രളയക്കെടുതി. അരുണാചല്‍ പ്രദേശില്‍ ഇന്നലെ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിച്ച ബോട്ട് കാണാതായി. ഇവരടക്കം ഒന്‍പത് പേരെയാണ് കാണാതായത്. ആസാമില്‍ ആറ് ജില്ലകളിലായി 22,000 ആളുകളെയാണ് പ്രളയം ബാധിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് സിമെന്‍ നദിയിലെ റെയില്‍വേ പാലത്തിന്റെ ഒരു തൂണ്‍ തകര്‍ന്നു. ഇതോടെ റെയില്‍ ഗതാഗതം തടസപ്പെട്ടു.

◾  തമിഴ്‌നാട്ടില്‍ മൂന്നു മുതല്‍ ആറു മാസത്തിനകം വിജയ് സര്‍ക്കാര്‍ വീഴുമെന്നും പൊതുതെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്നും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. ചെന്നൈയില്‍ മുന്‍ അണ്ണാ ഡിഎംകെ മന്ത്രി ബെഞ്ചമിന്റെ നേതൃത്വത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ ഡിഎംകെയില്‍ ചേര്‍ന്നതിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾  മഹാരാഷ്ട്രയില്‍ മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു വധശിക്ഷ. 65 കാരനായ ഭീംറാവു കാംബ്ലെയെയാണ് പുണെ കോടതി വധശിക്ഷയ്ക്കു വിധിച്ചത്.

◾  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ നികുതിയിളവുകളും സബ്‌സിഡികളും വാഗ്ദാനം ചെയ്ത് പുതിയ ഇവി പോളിസി. ഈ നയപ്രകാരം പെട്രോള്‍, ഡീസല്‍ ടൂവീലറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുകയും പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് ആകര്‍ഷകമായ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും.

◾  ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്ദ് അത്ത ഹസ്നയ്ന്‍, വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റ എന്നിവര്‍ പങ്കെടുക്കും. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരും അനുഗമിക്കും.

◾  അമേരിക്ക മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കളില്‍ 600 കോടി ഡോളര്‍ ആദ്യ ഘട്ടമായി ഖത്തര്‍ വഴി നല്‍കും. ഹോര്‍മൂസിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാനും അമേരിക്കയും വീണ്ടും ധാരണയിലെത്തി. ഇറാന്‍ - അമേരിക്ക ചര്‍ച്ചകള്‍ ഈയാഴ്ച്ച നടക്കുമെന്ന വാര്‍ത്ത ഇറാന്‍ നിഷേധിച്ചു. ഇതേസമയം, ഹോര്‍മൂസ് കൈകാര്യം ചെയ്യാനുള്ള ചര്‍ച്ചകള്‍ ഒമാനും ഇറാനും തമ്മില്‍ തുടങ്ങി.

◾  ഇറാഖ് രാഷ്ട്രീയത്തെ പിടിച്ചുലച്ച അഴിമതിക്കേസില്‍ ഏഴ് ഉന്നത രാഷ്ട്രീയ നേതാക്കളെ സൈന്യം അറസ്റ്റു ചെയ്തു. ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള പാര്‍ലമെന്റ് അംഗങ്ങളായ ഏഴു പേരയൊണ് പിടികൂടിയത്. ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണ്‍ വളഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തത്.

◾  മൂന്ന് കൊടുമുടികള്‍ 24 മണിക്കൂറിനുള്ളില്‍ കീഴടക്കി ബ്രിട്ടനിലെ കേറ്റ് രാജകുമാരി. രണ്ട് വര്‍ഷം മുന്‍പ് താന്‍ കാന്‍സര്‍ രോഗത്തിന് ചികിത്സ തേടിയ ആശുപത്രിയെ സഹായിക്കാനായിരുന്നു കഠിനമായ കൊടുമുടി ചലഞ്ച്.

◾  ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

◾  അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ പാകിസ്ഥാന്‍ കരയിലൂടെയും ആകാശത്തിലൂടെയും നടത്തിയ ആക്രമണങ്ങളില്‍ 40 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിയോട് ചേര്‍ന്ന അഫ്ഗാന്‍ പ്രവിശ്യകളില്‍ ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു.

◾  ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ജപ്പാനെ ഒന്നിനെതിരേ രണ്ടു ഗോളിനു തകര്‍ത്ത് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലെത്തി. 29-ാം മിനിറ്റില്‍ കെയ്ഷു സാനോയുടെ ഗോളിലൂടെ ജപ്പാന്‍ മുന്നിലെത്തിയിരുന്നു. തുടര്‍ന്ന് 56-ാം മിനിറ്റില്‍ കസെമിറോയുടെ ഹെഡ്ഡര്‍ ബ്രസീലിന് സമനില സമ്മാനിച്ചു. ഇഞ്ചുറി ടൈമില്‍ ഗബ്രിയല്‍ മാര്‍ട്ടിനെല്ലി നേടിയ ഗോളാണ് ബ്രസീലിന് ജയമൊരുക്കിയത്.

◾  ഫിഫ ലോകകപ്പില്‍ നിന്ന് ജര്‍മനി പുറത്ത്. റൗണ്ട് ഓഫ് 32 മത്സരത്തില്‍ പാരഗ്വായോട് ഷൂട്ടൗട്ടില്‍ തോറ്റാണ് ജര്‍മനി പുറത്തായത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിനു ശേഷവും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് ഷൂട്ടൗട്ട് അനിവാര്യമായത്. ഷൂട്ടൗട്ടില്‍ 4-3 ന് തോല്‍പിച്ചാണ് പരാഗ്വ ജര്‍മനിക്ക് ഷോക്ക് നല്‍കിയത്. നേരത്തെ കളിയുടെ 42-ാം മിനിറ്റില്‍ ജൂലിയോ എന്‍സീസോയാണ് ജര്‍മനിയെ ഞെട്ടിച്ച് പാരഗ്വായ്ക്ക് വേണ്ടി ആദ്യം ലീഡെടുത്തത്. എന്നാല്‍ കളിയുടെ 54-ാം മിനിറ്റില്‍ കായ് ഹവേര്‍ട്സിലൂടെ ജര്‍മനി സമനില പിടിക്കുകയായിരുന്നു.

◾  സ്വര്‍ണ വിലയില്‍ കനത്ത ഇടിവുണ്ടാകുമെന്ന ഭീതിയില്‍ കുടുംബങ്ങള്‍ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിക്കുന്നു. ബുള്ളിയന്‍ ആന്‍ഡ് ജുവല്ലേഴ്‌സ് അസോസിയേഷന്റെ കണക്കുപ്രകാരം 50,000 കിലോഗ്രാം (50 ടണ്‍) സ്വര്‍ണമാണ് ഏപ്രില്‍-ജൂണ്‍ പാദത്തില്‍ വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 43 ശതമാനം കൂടുതലാണിത്. സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡ് ഉയരമായ 1.20 ലക്ഷം നിലവാരത്തിലെത്തിയിരുന്നു. റെക്കോഡ് ഉയരത്തിലെത്തിയ ശേഷം താഴേക്ക് പോകുന്നത് വിറ്റഴിക്കല്‍ ട്രെന്റിന് വേഗത കൂട്ടി. പഴയ സ്വര്‍ണം കൂടുതലായി വിപണിയിലേക്ക് വരുന്നത് ഇറക്കുമതി ബാധ്യത കുറച്ചിട്ടുണ്ട്. രാജ്യത്തെ കുടുംബങ്ങളില്‍ 30,000 ടണ്ണിലേറെ സ്വര്‍ണമുണ്ടെന്നാണ് കണക്ക്. 2026 സാമ്പത്തികവര്‍ഷം 72.4 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. 2025ല്‍ 125-150 ടണ്‍ പഴയ സ്വര്‍ണമാണ് വിപണിയിലെത്തിയത്. ഇപ്പോഴത്തെ ട്രെന്റ് തുടര്‍ന്നാല്‍ 2026ല്‍ ഇത് 200-250 ടണ്ണായി ഉയരുമെന്നാണ് വിപണിയുടെ വിലയിരുത്തല്‍.

◾  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ബില്ലിംഗിലെ പിഴവുകള്‍ കാരണം ഏകദേശം 1.7 മില്യണ്‍ ഡോളര്‍ (ഏകദേശം 14 കോടി രൂപ) അധിക ബാധ്യത. ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ മുന്‍നിര കമ്പനികളുടെ എഐ മോഡലുകളും സേവനങ്ങളും ഉപയോഗിക്കുന്നവര്‍ക്കാണ് ഈ അധിക ചാര്‍ജ് നേരിടേണ്ടി വന്നത്. വോഡിറ്റ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ബില്ലിംഗ് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 60 കമ്പനികളില്‍ നിന്നുള്ള 34 മില്യണ്‍ ഡോളറിന്റെ എഐ ഇന്‍വോയ്‌സുകള്‍ പരിശോധിച്ചപ്പോഴാണ് ഈ വലിയ തുകയുടെ പിഴവ് കണ്ടെത്തിയത്. ഇതില്‍ പ്രധാനമായും ആന്ത്രോപിക്കിന്റെ 'ക്ലോഡ് കോഡ്' സംബന്ധിച്ച ബില്ലുകളിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ കണ്ടതെങ്കിലും ഓപ്പണ്‍എഐ ഇന്‍വോയ്‌സുകളിലും സമാനമായ പിഴവുകള്‍ ഉണ്ടായിരുന്നു. പാനസോണിക്, എച്ച്പി, ഹോണ്ട തുടങ്ങിയ വമ്പന്‍ കമ്പനികള്‍ വോഡിറ്റിന്റെ സേവനം ഉപയോഗിക്കുന്നവരാണ്.

◾  തിരു വീര്‍ - ഐശ്വര്യ രാജേഷ് ചിത്രം 'ഓ സുകുമാരി' യിലെ വെഡിങ് ആന്തം പുറത്ത്. യാദിയുടെ കല്യാണത്തില്‍ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജ് പെരിയാര്‍ വരികള്‍ രചിച്ച ഗാനം ആലപിച്ചത് യദുകൃഷ്ണന്‍ ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രം രചിച്ചുസംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദര്‍ശന്‍ ആണ്. തിരുവീര്‍ അവതരിപ്പിക്കുന്ന യാദഗിരി എന്ന നായകന്റെയും ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ദാമിനി എന്ന കഥാപാത്രത്തിന്റെയും കല്യാണവുമായി ബന്ധപ്പെട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മുരളിധര്‍ ഗൌഡ്, വിഷ്ണു ഓയി (മാഡ് ഫെയിം) ഝാന്‍സി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.

◾  വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോര്‍സ് ഡ്രാമ ചിത്രം 'ഗാട്ട കുസ്തി 2' ട്രെയ്‌ലര്‍ പുറത്ത്. ചിത്രം ജൂലൈ 3 ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. 'ഗാട്ട കുസ്തി 2' കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് ഇ4 എന്റര്‍ടെയിന്‍മെന്റ് ആണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്നലും വിഷ്ണു വിശാല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു വിശാല്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ അവതരിപ്പിക്കുന്ന വീരയുടെയും കീര്‍ത്തിയുടെയും ഒപ്പം, ഇത്തവണ അവരുടെ മകളുടെയും ഇടയില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്നും ട്രെയ്‌ലര്‍ കാണിച്ചു തരുന്നുണ്ട്. സ്പോര്‍ട്സ് ആക്ഷന്‍, കോമഡി, ഫാമിലി ഡ്രാമ, ഇമോഷന്‍ എന്നിവയെല്ലാം കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്.

◾  ടൊയോട്ടയുടെ ഇന്ത്യന്‍ പോര്‍ട്ട്‌ഫോളിയോയില്‍ അര്‍ബന്‍ ക്രൂയിസര്‍ എബെല്ല എന്ന ഒരു ഇലക്ട്രിക് കാര്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. മാരുതി സുസുക്കി ഇ-വിറ്റാരയുടെ പ്ലാറ്റ്‌ഫോമിലാണ് ഈ ഇലക്ട്രിക് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2026 മെയ് മാസത്തില്‍ 45 യൂണിറ്റുകളുടെ ഫാക്ടറി ഡിസ്പാച്ചോടെ കമ്പനി മൊത്ത വില്‍പ്പന ആരംഭിച്ചു. ഇത് 2026 മെയ് മാസത്തില്‍ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വിറ്റ 30,560 പാസഞ്ചര്‍ വാഹനങ്ങളുടെ 0.14% വിഹിതം (വര്‍ഷം തോറും 4.55% വര്‍ധന) എബെല്ലയ്ക്ക് നല്‍കുന്നു. ഇ1, ഇ2, ഇ3 എന്നീ മൂന്ന് വേരിയന്റുകളിലാണ് എബെല്ല വില്‍ക്കുന്നത്. നിലവില്‍, ഇ3 വേരിയന്റിന് (61 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉള്ളത്) 23.60 ലക്ഷം വില കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്ന് 49 കിലോവാട്ട്അവര്‍ പായ്ക്കാണ്, ഇത് ഏകദേശം 142 ബിഎച്പി പവര്‍ ഉത്പാദിപ്പിക്കും, മറ്റൊന്ന് 171.5 ബിഎച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന വലിയ 61 കിലോവാട്ട്അവര്‍ യൂണിറ്റാണ്. വലിയ ബാറ്ററി ഒറ്റ ചാര്‍ജില്‍ 543 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

◾  കാണാതായ മകനെ കാത്തിരിക്കുന്ന ഒരമ്മയുടെ ഉള്ളുലയ്ക്കുന്ന അനുഭവങ്ങളുടെ പുസ്തകമാണിത്. കര്‍ണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവാലി നദിയില്‍ കാണാതായ അര്‍ജുന്‍ എന്ന യുവാവിന് വേണ്ടി അമ്മയും കുടുംബവും കാത്തിരുന്നത് 72 ദിവസങ്ങള്‍.. കണ്ണാടിക്കല്‍ എന്ന ഗ്രാമവും കേരളവും കര്‍ണ്ണാടകവും ആ യുവാവിനെ കണ്ടെത്താന്‍ കൈകോര്‍ത്ത്, ഒന്നിച്ച് പരിശ്രമിക്കുന്നു. എല്ലാറ്റിനേയും അതിജീവിക്കാന്‍ ഉറച്ച മനസ്സോടെ പ്രാര്‍ത്ഥിച്ചും പൊരുതിയും ആ അമ്മ നിലപാട് എടുത്തു. അതോടെ പ്രതിബന്ധങ്ങള്‍ വഴിമാറുന്നു. ആ അനുഭവം പറയുന്നു ഈ പുസ്തകം. അര്‍ജുന്‍ എന്ന മകനെ അവന്റെ അമ്മയുടെ വാക്കുകളിലുടെ ഇനിയും ജീവിപ്പിക്കുന്ന ഗ്രന്ഥം. 'അര്‍ജുന്‍ എന്റെ മകന്‍'. ഷീല കുറുവച്ചാലില്‍. കേരളവിഷന്‍ പബ്ളിക്കേഷന്‍സ്. വില 285 രൂപ.

◾  'ഫിറ്റോതെറാപ്പി' ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കക്കിരിക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടാകുന്നത് അപൂര്‍വമായി ഛര്‍ദ്ദിക്കും ഓക്കാനത്തിനും കാരണമായേക്കാം. കൂടാതെ, കാട്ടു വെള്ളരികളില്‍ 'കുക്കര്‍ബിറ്റാസിന്‍' എന്ന വിഷാംശമുള്ള സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇവയ്ക്ക് കടുത്ത കയ്പ്പ് നല്‍കുകയും വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട്  കയ്പുള്ള കക്കിരിക്കകള്‍ കഴിക്കാതെ കളയണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. മറ്റ് പച്ചക്കറികളെപ്പോലെ തന്നെ കക്കിരിക്കയും ശരിയായി കഴുകി വൃത്തിയാക്കിയില്ലെങ്കിലോ, ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കിലോ ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമാകാം. സാല്‍മൊണല്ല, ഇ. കോളി തുടങ്ങിയ ഹാനികരമായ ബാക്ടീരിയകള്‍ ഇവയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം വെള്ളരിക്കകള്‍ കഴിച്ചാല്‍ ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ ഇടയാക്കും. കഴിക്കുന്നതിന് മുന്‍പ് കക്കിരിക്കകള്‍ നന്നായി കഴുകുന്നത് അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കും. വളരെ അപൂര്‍വമായി ചിലരില്‍ കക്കിരിക്ക അലര്‍ജിക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ച് പൂമ്പൊടി അലര്‍ജിയുള്ളവരിലാണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. വായയിലോ തൊണ്ടയിലോ ചൊറിച്ചില്‍, ചുണ്ടുകളിലോ നാവിലോ ഉണ്ടാകുന്ന വീക്കം, തൊണ്ടവേദന അല്ലെങ്കില്‍ തൊണ്ടയിലെ അസ്വസ്ഥത, ചര്‍മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ദഹനപ്രശ്നങ്ങളുള്ളവര്‍ കക്കിരിക്കയുടെ തൊലി കളഞ്ഞ് കഴിക്കുന്നതാണ് ഉചിതം.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ദേഷ്യത്തോടെ കാക്കകൂട്ടിലേക്ക് കല്ലെറിഞ്ഞെങ്കിലും അത് കൂട്ടില്‍ എത്തിയില്ല. അതിനുശേഷം പിന്നീട് കണ്ടപ്പോഴൊക്കെ കാക്ക അയാളെ കൊത്തിഓടിക്കാന്‍ തുടങ്ങി.  കാക്കയുടെ ശല്യം സഹിക്കാതെ അയാള്‍ സ്ഥലം മാറിപോയി.  മറ്റ് പക്ഷികളെല്ലാം ശീതകാലത്തേക്ക് ഭക്ഷണം ശേഖരിക്കാന്‍ തുടങ്ങി. പക്ഷേ കാക്ക മാത്രം അയാളെ കാത്തിരുന്നു,  അധികം താമസിയാതെ വിശന്ന് ക്ഷീണിച്ച് അവശനായി കാക്ക തളര്‍ന്നുവീണു.  ഒന്നും ആവശ്യത്തിലധികം അയവിറക്കാതിരിക്കുന്നതാണ് നല്ലത്. എന്തെങ്കിലുമൊക്കെ അനുഭവങ്ങള്‍ ദിവസവും ഉണ്ടാകും.  ഓരോന്നിനും അവയര്‍ഹിക്കുന്ന പ്രാധാന്യം മാത്രം നല്‍കി മുന്നോട്ട് പോയാല്‍ ഓരോ ദിനവും സന്തോഷകരമാകും..  അസുഖകരമായവയെക്കുറിച്ചുള്ള അമിത ആലോചനയാണ് ആത്മനാശത്തിന് കാരണം.  ആനന്ദം നല്‍കുന്ന ഓര്‍മ്മകളെ അധികകാലം ആരും ഓര്‍ത്തുവെക്കില്ല.   പക്ഷേ, ഉണ്ടായ മുറിവുകള്‍ വീണ്ടും വീണ്ടും കുത്തി മുറിവേല്‍പ്പിച്ച് സ്വയം വേദനിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് അധികവും.  ഇത്തരം ആനന്ദം വളര്‍ച്ചയെ മുരടിപ്പിക്കുകയേ ഉള്ളൂ. തുടര്‍ന്നു മുന്നോട്ടുള്ള യാത്രയെ പ്രതിരോധിക്കാനും ഇത് ഇടയാക്കും. സ്വീകരിക്കേണ്ടവയെ മാത്രം സ്വീകരിക്കാനും അല്ലാത്തവയെ അകറ്റിനിര്‍ത്താനും പഠിച്ചാല്‍ സ്വന്തമായ ജീവിതമുണ്ടാകും.. ഇല്ലെങ്കില്‍ മറ്റാരുടെയെങ്കിലും ട്രാക്കിലൂടെ ഈ ജീവിതം സഞ്ചരിച്ച് തീര്‍ക്കേണ്ടി വരും.. - ശുഭദിനം.