സ്ത്രീകളുടെ സൗജന്യ യാത്ര; നേട്ടം തിരുവനന്തപുരത്തിന്, കോട്ടം മലപ്പുറത്തിന്; ഓർഡിനറി ബസുകളുടെ ജില്ലതിരിച്ചുള്ള കണക്കുകൾ ഇങ്ങനെ


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കും എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രിയദർശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുകയെന്നും ഓർഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുകയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ പരീക്ഷണ ഓട്ടം നടത്തി വിശദമായ പഠനത്തിന് ശേഷം മറ്റു ബസുകളിലെ സൗജന്യ യാത്രയില്‍ തീരുമാനമെടുക്കാനാണ് സർക്കാർ നീക്കം.

പദ്ധതി നടപ്പിലാക്കുമ്പോൾ അതിൻ്റെ ​ഗുണം കൂടുതൽ ലഭിക്കുക ഏത് ജില്ലക്കാർക്ക് എന്ന കാര്യത്തിൽ നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. അതിനിടെയാണ്, ഓർഡിനറി ബസുകളുടെ ജില്ല തിരിച്ചുള്ള കെഎസ്ആർടിസിയുടെ തന്നെ കണക്ക് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് പ്രകാരം തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഓർഡിനറി ബസ് സർവീസ് ഉള്ളത്. വടക്കൻ ജില്ലകളിൽ ഉള്ളത് വളരെ കുറച്ച് ബസുകൾ മാത്രമാണ്.

ആകെയുള്ള 3125 ഓർഡിനറി ബസുകളിൽ 687 ബസുകളും തിരുവനന്തപുരം ജില്ലയിലാണ് സർവീസ് നടത്തുന്നത്. 415 ബസുകൾ കൊല്ലം ജില്ലയിലും എറണാകുളത്ത് 325 ബസുകളും സർവീസ് നടത്തുന്നു. യുഡിഎഫിന് ഏറ്റവും കൂടുതൽ എംഎൽഎമാരെ സംഭാവന ചെയ്ത ജില്ലയായിരുന്നിട്ടും, യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതികളിൽ നിന്ന് മലപ്പുറത്തിന് ലഭിച്ചത് ഏറ്റവും കുറഞ്ഞ പരിഗണന മാത്രമാണ്. വെറും ഓർഡിനറി 98 ബസുകൾ മാത്രം ഓടുന്ന മലപ്പുറം ജില്ലയാണ് പട്ടികയിൽ അവസാന സ്ഥാനത്ത്. പാലക്കാട്- 122, ഇടുക്കി- 125 എന്നിങ്ങനെയാണ് ഓർഡിനറി ബസുകളുടെ സർവീസ് കുറഞ്ഞ മറ്റ് ജില്ലകൾ. പത്തനംതിട്ട- 150, ആലപ്പുഴ- 227, കോട്ടയം- 162, തൃശൂർ- 153, കോഴിക്കോട്- 156, വയനാട്- 172, കണ്ണൂർ- 205, കാസർഗോഡ്- 128 എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ ഓർഡിനറി ബസുകളുടെ കണക്ക്.