കട്ടിപ്പാറ നസ്രത്ത് യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി
കട്ടിപ്പാറ : നസ്‌റത്ത് യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. പരിപാടികൾ 11 മണിയോടുകൂടി ആരംഭിച്ചു. പ്രസ്തുത പരിപാടിയിൽ ഹെഡ്മിസ്ട്രസ് ലിസ സാലസ് സ്വാഗത പ്രഭാഷണം നടത്തുകയും , സ്‌കൂൾ മാനേജർ റവ: ഫാദർ പ്രിയേഷ് തേവടിയിൽ അധ്യക്ഷ സ്ഥാനം വഹിച്ച് സംസാരിക്കുകയും മനോഹരമായ ഒരു ഗാനം ആലപിക്കുകയും ചെയ്തു. റിട്ടയേർഡ് ഉപജില്ലഓഫീസറും നാടക നടനും നാടക രചയിതാവുമായ വിനോദ് പി പരിപാടി ഉദ്ഘാടനം ചെയ്യുകയും അഭിനയത്തിന്റെ വിവിധ തലങ്ങളിലേക്ക് കുട്ടികളെ എത്തിക്കുകയും ചെയ്തു. ചിരിയുടെ വിവിധ ഭാവങ്ങൾ അവതരിപ്പിച്ചുകൊണ്ട് കുട്ടികളുടെ കയ്യടി ഏറ്റു വാങ്ങി.തുടർന്ന് ചടങ്ങിൽ എസ് ആർ ജി കൺവീനർ ഡയാന ടീച്ചറും വിദ്യാരംഗം വിദ്യാർത്ഥി കൺവീനർ ആൻമിയയും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കവിത ആവിഷ്കാരനൃത്തം, നാടൻപാട്ട് ,വിവിധഭാഷ കവിതാലാപനം എന്നീ കലാപരിപാടികളും അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർമാരെ ഹാരമണിയിച്ച് പ്രത്യേകം സ്ഥാനാരോഹണം നടത്തി. വായനദിനപരിപാടികളുടെ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.വിദ്യാരംഗം സ്കൂൾ കോർഡിനേറ്റർ സുനിത പി.പരിപാടിക്ക് ഔദ്യോഗികമായി നന്ദി പറഞ്ഞു.
