എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കും; സഭയിൽ മന്ത്രി സി പി ജോണ്‍
തിരുവനന്തപുരം: എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. സഭയില്‍ തോമസ് ഉണ്ണിയാടന്‍ എംഎല്‍എയുടെ ശ്രദ്ധ ക്ഷണിക്കലിനാണ് മന്ത്രിയുടെ മറുപടി. വിഷയത്തില്‍ പരിഹാരമുണ്ടാക്കുമെന്നും സി പി ജോണ്‍ പറഞ്ഞു.
കേന്ദ്ര നിയമമാണ് നിലവിലുള്ളതെങ്കില്‍ പോലും മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 138(1)a പ്രകാരം സംസ്ഥാന സര്‍ക്കാരിനുള്ള ചട്ടനിര്‍മാണ അവകാശം ഉപയോഗിച്ച് ഈ വിഷയത്തില്‍ പരിഹാരനടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'മോട്ടോര്‍ വാഹന വകുപ്പിലെ സെക്ഷന്‍ 129 പ്രകാരം ഇലക്ട്രിക് വാഹനമുള്‍പ്പടെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്. പക്ഷെ, 250 വാട്ട്‌സിന് താഴെ പവറും 25 കിലോമീറ്റര്‍ താഴെ വേഗതയുമുള്ള വാഹനങ്ങളെ നോണ്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിലാണ് പെടുത്തിട്ടുള്ളത്. ഇത്തരം വാഹനങ്ങളെന്ന് പറഞ്ഞ് പലതും ഇറങ്ങുന്നുണ്ട്. അവയും അപകടത്തില്‍പ്പെടുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സും ബാധകമല്ല. സംസ്ഥാനങ്ങള്‍ക്കുള്ള ചട്ട നിര്‍മാണം ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും', മന്ത്രി സഭയിൽ വ്യക്തമാക്കി.
