കളിക്കിടെ രണ്ടുവയസുകാരിയുടെ തലയിൽ പാത്രം കുടുങ്ങി; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
വീട്ടിലെ അടുക്കളയിൽ ഉണ്ടായിരുന്ന അലൂമിനിയം പാത്രം എടുത്ത് കളിക്കുന്നതിനിടെ കുട്ടിയുടെ തല പാത്രത്തിനുള്ളിൽ പൂർണമായും കുടുങ്ങുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ പാത്രം നീക്കാൻ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കുട്ടിയെ നാദാപുരം ഫയർ സ്റ്റേഷനിലെത്തിച്ചത്.
അഗ്നിരക്ഷാസേനാംഗങ്ങൾ അതീവ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും കട്ടറും സ്പ്രെഡറും ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റി കുട്ടിയെ യാതൊരു പരിക്കുമില്ലാതെ രക്ഷപ്പെടുത്തി. കരഞ്ഞുകൊണ്ട് സ്റ്റേഷനിലെത്തിയ ആലിയ രക്ഷാപ്രവർത്തനം പൂർത്തിയായ ശേഷം ചിരിച്ചുകൊണ്ടാണ് അഗ്നിരക്ഷാസേനാംഗങ്ങളോട് യാത്ര പറഞ്ഞത്.
സ്റ്റേഷൻ ഓഫീസർ വരുൺ എസ്, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ മധുപ്രസാദ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനീജ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
കളിപ്പാട്ടങ്ങൾക്ക് പകരം വീട്ടുപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾ കളിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കാമെന്നും ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അഗ്നിരക്ഷാസേന അധികൃതർ ഓർമ്മിപ്പിച്ചു.
