തിരിച്ചടിച്ച് വീണ്ടും ഇറാന്‍, ഇനിയും അക്രമിച്ചാല്‍ യുദ്ധമെന്ന് മുന്നറിയിപ്പ്; ഇസ്‌റാഈലില്‍ ജാഗ്രത, സ്‌കൂളുകള്‍ അടച്ചു, ആശുപത്രികള്‍ ഭൂഗര്‍ഭ അറകളിലേക്ക്
തെല്‍ അവീവ്: ഇസ്‌റാഈലിന് നേരെ വീണ്ടും മിസൈലുകളയച്ച് ഇസ്‌റാഈല്‍. ബൈറുത്തിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് മിസൈല്‍ വര്‍ഷം. ഇനിയും ആക്രമണമുണ്ടായാല്‍ മേഖലയില്‍ വലിയൊരു യുദ്ധത്തിന് വഴി തുറക്കലാകുമെന്ന് ഇസ്‌റാഈലിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇസ്‌റാഈലില്‍ എങ്ങും സൈറന്‍ മുഴങ്ങി. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണത്തെതുടര്‍ന്ന് ഇസ്‌റാഈലില്‍ അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഹോം ഫ്രണ്ട് കമാന്‍ഡ് രാജ്യമൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എല്ലാത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
രാജ്യത്തെ പ്രധാന ആശുപത്രികളിലെ പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായ ഭൂഗര്‍ഭ സമുച്ചയങ്ങളിലേക്ക് അടിയന്തരമായി മാറ്റാനും മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ ആശുപത്രികള്‍ക്കാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ള, വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കുന്ന അവസ്ഥയിലുള്ള രോഗികളെ എത്രയും വേഗം ഡിസ്ചാര്‍ജ് ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആളുകള്‍ ഒത്തുകൂടുന്നതിനും വിലക്കുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ 200 പേരില്‍ കൂടുതല്‍ ആളുകള്‍ കൂടാന്‍ പാടില്ല. ഹാളുകള്‍ക്കുള്ളില്‍ 500 പേരില്‍ കൂടുതല്‍ പേരും ഒത്തുചേരരുത്. മാത്രമല്ല പൊതുജനങ്ങള്‍ തങ്ങളുടെ വീടുകളിലെ സുരക്ഷിത മുറികളും അഭയകേന്ദ്രങ്ങളും സജ്ജമാണെന്ന് ഉറപ്പുവരുത്തണമെന്നും സൈന്യം പുറത്തു വിട്ട നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. സൈന്യത്തിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് വക്താവ് അറിയിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍